Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗജവീരനും കൊടിമരവും സാക്ഷിയാക്കി മാഞ്ചസ്റ്ററിൽ അയ്യപ്പ ഭക്തർ മകരവിളക്ക് ഉത്സവത്തിന്; മലയാളികൾക്കിടയിലെ ഏറ്റവും വലിയ അയ്യപ്പ പൂജ ശനിയാഴ്ച; മുഴുവൻ ഭക്തർക്കും അരവണയും അപ്പവും പ്രസാദമായി നൽകും; മാസങ്ങൾ നീണ്ട ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

ഗജവീരനും കൊടിമരവും സാക്ഷിയാക്കി മാഞ്ചസ്റ്ററിൽ അയ്യപ്പ ഭക്തർ മകരവിളക്ക് ഉത്സവത്തിന്; മലയാളികൾക്കിടയിലെ ഏറ്റവും വലിയ അയ്യപ്പ പൂജ ശനിയാഴ്ച; മുഴുവൻ ഭക്തർക്കും അരവണയും അപ്പവും പ്രസാദമായി നൽകും; മാസങ്ങൾ നീണ്ട ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കെ ആർ ഷൈജുമോൻ, ലണ്ടൻ

മാഞ്ചസ്റ്റർ: സാക്ഷാൽ കരിവീരൻ തോൽക്കുന്ന കരവിരുതിൽ തലയുയർത്തി നെറ്റിപ്പട്ടം കെട്ടി കൊമ്പു കുലുക്കി ഗജവീരൻ മണികണ്ഠൻ. ഇരുപതടിയിലേറെ ഉയരത്തിൽ സുവർണ ശോഭയിൽ ധ്വജയഷ്ടി. ദീപവിതാനങ്ങളാൽ അലങ്കരിച്ച ക്ഷേത്ര സമുച്ചയം. ഇതെല്ലം കേരളത്തിലല്ല, മാഞ്ചസ്റ്ററിൽ അടുത്ത ശനിയാഴ്ച വന്നാൽ കാണാൻ ലഭിക്കുന്ന കാഴ്ചകളാണ്. മൂന്നു മാസത്തെ അധ്വാന ഫലമായി മാഞ്ചസ്റ്റർ ഹിന്ദു സമാജം പ്രവർത്തകർ ഒരുക്കിയെടുത്ത കാഴ്ചകൾ.

അഞ്ചാം വർഷം അയ്യപ്പപൂജ മകരവിളക്ക് ഉത്സവമായി ആഘോഷിക്കുമ്പോൾ യുകെ മലയാളികളായ ഹൈന്ദവ സമൂഹത്തിൽ നടന്നതിൽ ഏറ്റവും സവിശേഷമായ അയ്യപ്പ പൂജയായിരിക്കണം മാഞ്ചസ്റ്ററിലേത് എന്നുറപ്പിച്ചാണ് ഈ ഒരുക്കങ്ങൾ മുന്നേറുന്നതെന്ന് ഹിന്ദു സമാജം പ്രസിഡന്റ് സിന്ധു ഉണ്ണി വ്യക്തമാക്കുന്നു. തീർന്നില്ല, ശബരിമലയിലെ പ്രത്യേക പ്രസാദങ്ങളായ അരവണയും അപ്പവും അടക്കം തയ്യാറാക്കിയാണ് ഇത്തവണ മകരവിളക്ക് ഉത്സവം നടത്തുന്നതെന്നും അവർ സൂചിപ്പിച്ചു.

യുകെയിലെ ഏറ്റവും ശക്തമായ ഹിന്ദു സമാജം ഘടകങ്ങളിൽ ഒന്നായ മാഞ്ചസ്റ്ററിൽ ശനിയാഴ്ച നൂറുകണക്കിന് ആളുകളുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം മുന്നൂറിലേറെ പേർക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. കൂടുതൽ ആളുകൾ എത്താൻ താൽപര്യപ്പെടുന്നുവെങ്കിൽ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഹിന്ദു സമാജം പ്രവർത്തകരെ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

ഹൈന്ദവ ആചാരങ്ങൾ പാരമ്പര്യ അനുഷ്ടാനങ്ങളോടെ നിലനിൽക്കണം എന്നാഗ്രഹിക്കുന്ന മാഞ്ചസ്റ്റർ ഹിന്ദു സമാജം രണ്ടാഴ്ച മുൻപ് നടത്തിയ തിരുവാതിര ആഘോഷം വൻ ശ്രദ്ധ നേടിയിരുന്നു. നൂറോളം പേരുടെ സംഘാടനത്തിൽ നടന്ന പരിപാടിയിൽ കേരളത്തിൽ നടന്നിരുന്ന സകല ആചാരങ്ങളും പാലിച്ചാണ് വനിതാ വിഭാഗം തിരുവാതിര ആഘോഷം ഏറ്റെടുത്തത്. ഇതിലൂടെ യുകെയിലെ നവതലമുറയ്ക്ക് ഹിന്ദു ആചാര സവിശേഷതകൾ പകരുകയായിരുന്നു ലക്ഷ്യമെന്നും ഭാരവാഹികളായ സിന്ധുവും ഹരികുമാറും കൂട്ടിച്ചേർക്കുന്നു.

സമാജത്തിലെ മുഴുവൻ പേരുടെയും കൂട്ടായ്മയാണ് ഇവരുടെ പ്രത്യേകത. ഇക്കഴിഞ്ഞ ഡിസംബർ ഒന്നിന് ഇരുമുടി നിറച്ചു ഏതാനും അയ്യപ്പ ഭക്തർ ബിർമിങാം ബാലാജി ക്ഷേത്രത്തിൽ എത്തിയതിനു പിന്നാലെയാണ് വിപുലമായ ഒരുക്കങ്ങളോടെ അയ്യപ്പ പൂജ നടക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ താലപ്പൊലിയും ചെണ്ടമേളവും സാക്ഷിയാക്കി കൊടിമര പൂജ നടത്തി കൊടിയേറ്റതോടെയാകും ചടങ്ങുകൾ ആരംഭിക്കുക. ഡെഡ്ലി ബാലാജി ക്ഷേത്രം മുൻ ശാന്തിക്കാരൻ കൂടിയായ പ്രസാദ് ഭട്ടിന്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.

പ്രധാന പൂജകൾക്ക് മുന്നോടിയായി കീ ബോർഡ് ആർടിസ്റ്റ് മുകേഷ് കണ്ണൻ, തബല വിദ്വാൻ സന്ദീപ് പ്രോംപ്റ്റർ, കലേഷ് ഭാസ്‌കർ എന്നിവർ നയിക്കുന്ന അയ്യപ്പ ഭക്തിഗാന ഭജനയും ക്രമീകരിച്ചിട്ടുണ്ട്. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം, വിളക്ക് പൂജ, പുഷ്പാഞ്ജലി, അർച്ചന, പടിപൂജ, ദീപാരാധന, മഹാപ്രസാദം എന്നിങ്ങനെയാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്വാമി ഭക്തരുടെ സാന്നിധ്യം ഇക്കുറി പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു. നൂറിലധികം കാറുകൾ പാർക്ക് ചെയ്യാൻ ആവശ്യമായ ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും അപ്പവും അരവണയും നൽകാൻ ഉള്ള ഒരുക്കങ്ങളും ഏറെക്കുറെ പൂർത്തിയായതായി സമാജം വക്താക്കൾ കൂട്ടിച്ചേർത്തു. ബ്രിട്ടനിൽ പലയിടത്തും പത്തു വർഷത്തിലേറെയായി അയ്യപ്പ പൂജകൾ നടക്കുന്നുണ്ടെങ്കിലും നൂറുകണക്കിന് ആളുകളുടെ സാന്നിധ്യം തന്നെയാണ് മാഞ്ചസ്റ്റർ അയ്യപ്പ പൂജയെ വേറിട്ടു നിർത്തുന്നത്.

ഇതിനൊപ്പം ഇത്തവണ വിപുലമായ ഒരുക്കങ്ങൾ കൂടിയായപ്പോൾ യുകെയിലെ അയ്യപ്പ പൂജകളിൽ ഒന്നാം സ്ഥാനം ഇതിനെന്നു തർക്കമില്ലാതെ പറയാൻ കഴിയുന്ന നിലയിലേക്ക് മാഞ്ചസ്റ്റർ മകരവിളക്ക് ഉത്സവം മാറുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട അംഗങ്ങളുടെ സജീവമായ പ്രവർത്തനം തന്നെയാണ് ഈ നേട്ടത്തിന് കാരണമായി മാറുന്നതും.

യുകെയിൽ ഈ വർഷത്തെ മണ്ഡലകാല, മകരവിളക്ക് കാലത്തെ അയ്യപ്പ പൂജകളിൽ അവസാനത്തേത് കൂടിയാണ് മാഞ്ചസ്റ്ററിൽ ശനിയാഴ്ച നടക്കുന്നത്. മാഞ്ചസ്റ്ററിനൊപ്പം അന്ന് തന്നെ കവൻട്രിയിലും മകരവിളക്ക് മഹോത്സവം നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP