Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ അച്ഛൻ എല്ലാ പാർട്ടിക്കാരെയും ഒരുപോലെയല്ലേ കണ്ടിരുന്നത്? എന്നിട്ടുമെന്തിനാണ് മാമാ എന്റെ അച്ഛനെ നിങ്ങളുടെ കൂട്ടർ കൊന്നത്? മാഹിയിൽ കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ മകൾ അനാമിക പി.കെ.കൃഷ്ണദാസിന് അയച്ച നൊമ്പരമുണർത്തുന്ന കത്ത്

എന്റെ അച്ഛൻ എല്ലാ പാർട്ടിക്കാരെയും ഒരുപോലെയല്ലേ കണ്ടിരുന്നത്? എന്നിട്ടുമെന്തിനാണ് മാമാ എന്റെ അച്ഛനെ നിങ്ങളുടെ കൂട്ടർ കൊന്നത്? മാഹിയിൽ കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ മകൾ അനാമിക പി.കെ.കൃഷ്ണദാസിന് അയച്ച നൊമ്പരമുണർത്തുന്ന കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാഹിയിൽ കൊലപ്പെട്ട സിപിഎം നേതാവ് എംകെ ബാബുവിന്റെ മകൾ അനാമിക ബിജെപി നേതാവ് പികെ കൃഷ്ണദാസിന് അയച്ച നൊമ്പരമുണർത്തുന്ന കത്ത് ശ്രദ്ധേയമാകുന്നു. എന്റെ അച്ഛനെ എന്തിന് കൊന്നുകളഞ്ഞു എന്ന് ചോദിച്ചുകൊണ്ടാണ് അനാമിക കത്തെഴുതിയിരിക്കുന്നത്. അച്ഛൻ എല്ലാ പാർട്ടിക്കാരെയും ഒരുപോലെയാണ് കണ്ടിരുന്നതെന്നും പിന്നെന്തിനാണ് നിങ്ങളുടെ കൂട്ടർ അച്ഛനെ കൊന്നതെന്നും അനാമിക കത്തിൽ ചോദിക്കുന്നു.

പ്രിയപ്പെട്ട കൃഷ്ണദാസ് മാമന്,

ഇവിടെ ഒരു ചില്ലലമാരയുടെ മുന്നിലിരുന്നാണ് ഞാനീ കത്തെഴുതുന്നത്. ആ അലമാരിക്കകത്ത് അന്ന് മാമൻ തന്ന ഒരു സമ്മാനമുണ്ട്. മികച്ച പൊതുപ്രവർത്തകനുള്ള അംഗീകാരത്തിന് അച്ഛന് നൽകിയ സമ്മാനം. അതിന് ഇന്ന് അച്ഛന്റെ മണമില്ല. അതിന് ചോരയുടെ മണമാണ്. ഞാനിതുവരെ അനുഭവിച്ചിട്ടില്ലാത്ത മണം.

നന്ദൂട്ടന് (എന്റെ കുഞ്ഞനിയൻ) പുതിയ യൂണിഫോം തുണി വാങ്ങാൻ ഞങ്ങളൊരുമിച്ചാണ് പോയത്. തിരികെ ഞങ്ങളെ വീട്ടിലാക്കി ഇപ്പോ വരാംന്നു പറഞ്ഞ് പോയതാണ് അച്ഛൻ... രാത്രി വൈകുവോളം കാത്തിരുന്നിട്ടും വന്നില്ല. പിറ്റേന്ന് വൈകിട്ടാണ് ഞങ്ങളുടെ അച്ഛൻ വന്നത്. ചുവന്ന തുണിയിൽ പൊതിഞ്ഞ്. വീട്ടിലേക്കുള്ള വഴിയിൽ, ഒരു വിളിപ്പാടകലെ അച്ഛന്റെ പ്രാണൻ പിടയുമ്പോൾ ഞങ്ങൾ ഇവിടെ വീട്ടിൽ ഒന്നുമറിയാതെ, പുതിയ കുപ്പായത്തെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും പറഞ്ഞ് കളിച്ച് ചിരിച്ച്... എന്തിനായിരുന്നു ഞങ്ങളുടെ ഈ കൊച്ചു സന്തോഷം നിങ്ങൾ തല്ലിക്കെടുത്തിയത്.

മാമന് ഓർമയുണ്ടോ, ബാബുവിന്റെ നേതൃത്വത്തിൽ ബൈപാസ് ആക്ഷൻ കമ്മിറ്റി നടത്തുന്ന പ്രവർത്തനം മാതൃകാപരമാണെന്നല്ലേ അന്ന് ഞങ്ങളുടെ സ്‌കൂളിൽ നടന്ന ചടങ്ങിൽ മാമൻ പറഞ്ഞത്. അച്ഛനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും പറഞ്ഞില്ലേ? ഞാനും അമ്മയും അനിയത്തിയും അനിയനും അമ്മമ്മയുമെല്ലാം അന്ന് അവിടെ വന്നിരുന്നു. എത്ര സന്തോഷത്തോടെയാണ് ഞങ്ങൾ അന്നു മടങ്ങിയത്. എന്റെ അച്ഛൻ എല്ലാ പാർട്ടിക്കാരെയും ഒരുപോലെയല്ലേ കണ്ടിരുന്നത്. എന്നിട്ടുമെന്തിനാണ് മാമാ എന്റെ അച്ഛനെ നിങ്ങളുടെ കൂട്ടർ കൊന്നത്? അച്ഛൻ ഇനിയില്ലെന്ന് എനിക്കറിയാം. പക്ഷേ എന്റെ കുഞ്ഞനിയനോ..? അവന് അച്ഛൻ മരിച്ചെന്നോ, അച്ഛൻ ഇനിയൊരിക്കലും വരില്ലെന്നോ ഒന്നുമറിയില്ല. അതുകൊണ്ടാവണം അച്ഛൻ എപ്പോ വരുമെന്ന് അവൻ ഇടക്കിടെ ചോദിക്കുന്നത്.

മാമനെങ്കിലും പറയണം എന്തിനാണ് എന്റെ അച്ഛനെ കഴുത്തുറുത്തുകൊന്നതെന്ന്..? അച്ഛൻ എന്തു തെറ്റാ ചെയ്തതെന്ന്..?

സ്നേഹത്തോടെ,
അനാമിക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP