Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലു പതിറ്റാണ്ടിന്റെ മൗനം വെടിഞ്ഞു; നഷ്ടമായ ശബ്ദം തിരികെയെത്തിയപ്പോൾ ചോദ്യങ്ങൾക്കെല്ലാം ശരവേഗത്തിൽ മറുപടി നൽകി ബാബു; ആ ശബ്ദം ഒരുവട്ടം കേൾക്കാൻ ഒഴുകിയെത്തിയത് ഒരു നാടൊന്നാകെ; അത്ഭുതം വിട്ടുമാറാതെ ബന്ധുക്കളും സഹോദരങ്ങളും; നാലാം ക്ലാസിൽ പഠിക്കുമ്പോൾ നഷ്ടമായ സംസാരശേഷി എങ്ങനെ പോയെന്നോ എങ്ങനെ തിരിച്ചുവന്നെന്നോ അറിയാതെ അന്തംവിട്ട് ഡോക്ടർമാർ; ഇത് ഒരു നാടിന്റെയാകെ സന്തോഷം

നാലു പതിറ്റാണ്ടിന്റെ മൗനം വെടിഞ്ഞു; നഷ്ടമായ ശബ്ദം തിരികെയെത്തിയപ്പോൾ ചോദ്യങ്ങൾക്കെല്ലാം ശരവേഗത്തിൽ മറുപടി നൽകി ബാബു; ആ ശബ്ദം ഒരുവട്ടം കേൾക്കാൻ ഒഴുകിയെത്തിയത് ഒരു നാടൊന്നാകെ; അത്ഭുതം വിട്ടുമാറാതെ ബന്ധുക്കളും സഹോദരങ്ങളും; നാലാം ക്ലാസിൽ പഠിക്കുമ്പോൾ നഷ്ടമായ സംസാരശേഷി എങ്ങനെ പോയെന്നോ എങ്ങനെ തിരിച്ചുവന്നെന്നോ അറിയാതെ അന്തംവിട്ട്  ഡോക്ടർമാർ; ഇത് ഒരു നാടിന്റെയാകെ സന്തോഷം

കെ വി നിരഞ്ജൻ

കോഴിക്കോട്: ചെറുപ്പത്തിലേ സംസാര ശേഷി ഇല്ലാതായ ആൾ നാലു പതിറ്റാണ്ടിന് ശേഷം സംസാരിച്ചതിലുള്ള അദ്ഭുതത്തിലാണ് അരൂരുകാരെല്ലാം. അതുകൊണ്ട് തന്നെ അവരെല്ലാം തോലേരി ബാബുവിനെത്തേടി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്. ബാബുവിനെ കാണാൻ ഇന്നലെ വീട്ടിലെത്തിയ നാദാപുരം സ്വദേശിയും മാധ്യമ പ്രവർത്തകനുമായ രാധാകൃഷ്ണൻ തന്റെ അദ്ഭുതം പങ്കുവെക്കുന്നു: 'നാലാം ക്ലാസ് വരെ പഠിച്ച സ്‌കൂളിനെക്കുറിച്ചെല്ലാം ബാബു സംസാരിച്ചു. രാവിലെ പുട്ടും കടലയും കഴിച്ചു' എന്നും ബാബു തന്നോട് പറഞ്ഞുവെന്ന് രാധാകൃഷ്ണൻ പറയുന്നു.

അരൂരിലെ തോലേരി പരേതരായ കണാരൻ-കല്യാണി ദമ്പതികളുടെ മകൻ ബാബുവാണ് പെട്ടെന്നൊരു ദിവസം സംസാരിച്ചത്. കണ്ണംകുളം എൽ പി സ്‌കൂളിൽ നാലാം തരത്തിൽ പഠിക്കുന്നത് വരെ ബാബു സംസാരിച്ചിരുന്നു, പെട്ടെന്ന് ഒരു നാൾ സംസാരിക്കാൻ കഴിയാതായി. മാത്രമല്ല നേരത്തെ കാണിച്ച ചുറുചുറുക്കും ഇല്ലാതായി. ബാബുവിന് എല്ലാ കാര്യത്തിനും പരസഹായം നിർബന്ധമായി വന്നു. അതുകൊണ്ട് തന്നെ ബാബു സ്വന്തമായി വീടു വിട്ടിറങ്ങാതായി, വീട്ടുകാരുടെ പ്രത്യക പരിഗണനയിൽ കഴിയുകയായിരുന്നു. അതിനിടയിലാണ് ബുധനാഴ്ച വൈകീട്ട് പെട്ടന്ന് സംസാര ശേഷി തിരിച്ചുകിട്ടിയത്.

എല്ലാവരെയും അദ്ഭുതപ്പെടുത്തിയ സംഭവമായിരുന്നു അത്. വീട്ടിൽ നിന്ന് ബാബു പുറത്തേക്കിറങ്ങുന്നത് കണ്ട സഹോദരൻ രാജൻ എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചപ്പോഴാണ് പെട്ടന്ന് മറ്റൊരു സഹാദരൻ താമസിക്കുന്ന 'ചെത്തിലേക്കെ'ന്ന് പറഞ്ഞത്. ഇത് വീട്ടുകാർക്ക് വിശ്വസിക്കാനായില്ല. ബാബു തന്നെയോ പറയുന്നതെന്ന സംശയമായിരുന്നു വീട്ടുകാർക്ക്. ചെത്തിലെത്തിയപ്പോൾ സഹോദര ഭാര്യ സുജാത ഇതെന്തേ ഇങ്ങോട്ട് വന്നതെന്ന് ചോദിച്ചപ്പോഴും ഉത്തരം പെട്ടന്നായിരുന്നു. 'എന്നാൽ ഞാൻ പോകുകയാ'.

പറയുന്നത് ബാബു തന്നെയാണോ എന്ന് സംശയിച്ച സുജാത പിന്നിലാരെങ്കിലുമുണ്ടോ എന്നു പോലും ശ്രദ്ധിച്ചു. പിന്നെ ചോദിക്കുന്നതിനെല്ലാം ഉത്തരം പറയുന്നുണ്ടായിരുന്നു ബാബു. വിവരമറിഞ്ഞ് പരിസരവാസികളെല്ലാം തടിച്ചു കൂടി. അവർ ചോദിച്ചതിനെല്ലാം ബാബു കൃത്യമായി ഉത്തരം നൽകി. തുടർന്ന് തന്നെ കാണാനെത്തിയ മാധ്യമ പ്രവർത്തകരോട് ചായ കുടിച്ചിട്ടുപോകാമെന്ന് ബാബു കൃത്യമായാണ് പറഞ്ഞത്.
ഇന്നലെ വീട്ടിലെത്തിയപ്പോൾ ചോദിക്കുന്നതിന് മാത്രമെ ബാബു ഉത്തരം പറഞ്ഞുള്ളുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു. നിരവധി പേർ ബാബുവിനെ കാണാൻ വീട്ടിലെത്തുന്നുണ്ട്. കുറേക്കാലം അധിക നേരവും വീട്ടിൽ ഇരിക്കുക തന്നെയായിരുന്നു. ഇപ്പോൾ പുറത്തേക്കെല്ലാം ഇറങ്ങി നടക്കുന്നുണ്ട്. വിദേശത്ത് നിന്ന് വിളിക്കുന്ന ബന്ധുക്കളോടും ഫോണിൽ ബാബു കൃത്യമായി സംസാരിക്കുന്നുണ്ട്.

എന്ത് അത്ഭുതമാണ് ബാബുവിന്റെ കാര്യത്തിൽ സംഭവിച്ചതെന്ന സംശയത്തിലാണ് നാട്ടുകാരെല്ലാവരും. കുന്നുമ്മൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ സിന്ധുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ബാബുവിനെ പരിശോധിച്ചിരുന്നു. അവർക്കും കൃത്യമായി ഒന്നും മനസ്സിലായില്ല. നാലാം തരത്തിൽ പഠിക്കുമ്പോൾ വലിയൊരു പനി വന്നതിന് ശേഷം ബാബു ആകെ അവശനായിരുന്നു. പിന്നീടാണ് വീട്ടിൽ തന്നെ ഭൂരിഭാഗം സമയവും കഴിച്ചുകൂട്ടാൻ തുടങ്ങിയത്. അപ്പോൾ തന്നെയാണ് ഇദ്ദേഹം സംസാരിക്കാതായതും. അതുകൊണ്ട് തന്നെ ശക്തമായ പനിക്കൊപ്പം എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളും ഉണ്ടായോ എന്നാണ് ഒരു സംശയം. അല്ല വീട്ടിലൊതുങ്ങിയതിന്റെ നിരാശയിൽ മനഃപൂർവ്വം ബാബു സംസാരിക്കാതിരിന്നതാണോ എന്നും സംശയമുണ്ട്.

രോഗം കാരണം സംസാരശേഷി നഷ്ടപ്പെട്ടതാണെങ്കിൽ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ അത് തിരിച്ചുകിട്ടുമോ എന്നാണ് പലരും ചോദിക്കുന്നത്. അല്ല ചില സിനിമകളിലെല്ലാം കാണുന്നത് പോലെ സംസാര ശേഷി നഷ്ടപ്പെട്ടയാൾക്ക് എന്തോ പ്രത്യേക സാഹചര്യത്തിൽ അത് തിരിച്ചുകിട്ടിയതാവുമോ എന്നും സംസാരം ഉയരുന്നു. ഏതായാലും അരൂരിലും പരിസരപ്രദേശങ്ങളിലും സംസാരിക്കാത്ത ബാബു സംസാരിച്ചത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. അടുത്ത ദിവസം തന്നെ ബാബുവിനെ മെഡിക്കൽ കോളെജിൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ആ പരിശോധനയിലൂടെ അറിയാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

മെഡിക്കൽ സയൻസിൽ ഇത്തരം അത്ഭുതങ്ങൾ സംഭവിക്കാറുണ്ടെന്ന് ഡോക്ടർ പറഞ്ഞു. കാഴ്ചക്കുറവ് പരിഹരിക്കാനുള്ള ചികിത്സ നടത്താനാണ് വീട്ടുകാരുടെ തീരുമാനം.ബാബുവിന്റെ ചിത്രം എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനുള്ള തിരക്കും തുടങ്ങി. ബാബുവിനോട് വിശേഷങ്ങൾ ചോദിച്ചറിയുന്ന തിരക്കിലാണ് നാട്ടുകാർ. ചോദ്യങ്ങൾക്ക് എല്ലാം കൃത്യമായി ഉത്തരവും ബാബു നൽകുന്നുണ്ട്. വിവരമറിഞ്ഞെത്തിയവരോട് 'ചായ കഴിച്ചു പോകാ'മെന്ന് അക്ഷര സ്ഫുടതയോടെയാണ് ബാബു പറഞ്ഞത്. വിദേശത്തു നിന്നു വിളിക്കുന്ന ബന്ധുക്കളോടും ഫോണിൽ കൃത്യമായി മറുപടി നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP