Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിപ്രായ സ്വാതന്ത്ര്യത്തെ രാജീവ് ചന്ദ്രശേഖർ മാനിച്ചു; പ്രസ് ക്ലബ്ബിലെ മദ്യകച്ചവടം അവസാനിപ്പിച്ച വിനു വി ജോൺ ഏഷ്യാനെറ്റിൽ മടങ്ങിയെത്തി; സങ്കേതത്തിലെ ബാറു പൂട്ടിച്ച പിണറായിക്കും ഋഷിരാജ് സിംഗിനും ബിഗ് സല്യൂട്ടെന്ന് വാർത്താ അവതാരകന്റെ ട്വീറ്റ്

അഭിപ്രായ സ്വാതന്ത്ര്യത്തെ രാജീവ് ചന്ദ്രശേഖർ മാനിച്ചു; പ്രസ് ക്ലബ്ബിലെ മദ്യകച്ചവടം അവസാനിപ്പിച്ച വിനു വി ജോൺ ഏഷ്യാനെറ്റിൽ മടങ്ങിയെത്തി; സങ്കേതത്തിലെ ബാറു പൂട്ടിച്ച പിണറായിക്കും ഋഷിരാജ് സിംഗിനും ബിഗ് സല്യൂട്ടെന്ന് വാർത്താ അവതാരകന്റെ ട്വീറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റ് ഔട്ട് എഡിറ്റർ വിനു വി ജോണിന്റെ ട്വിറ്റർ അക്കൗണ്ട് സജീവമായി. തൊട്ടു പിറകെ താൻ ഓഫീസിലെത്തിയതായി വിനു ട്വീറ്റും ചെയ്തു. തന്റെ അഭിപ്രായ പ്രടകനത്തിനുള്ള സ്വാതന്ത്രത്തെ മാനേജ്‌മെന്റ് അംഗീകരിച്ചെന്നും ഏഷ്യാനെറ്റ് മാനേജ്‌മെന്റിന്റെ തീരുമാനം മാദ്ധ്യമ പ്രവർത്തകർക്കുള്ള വലിയ അംഗീകാരമാണെന്നും വിനു വി ജോൺ ട്വീറ്റ് ചെയ്തു. ഇതോടെ പ്രസ് ക്ലബ്ബിലെ മദ്യകച്ചവടത്തിനെതിരെ ട്വീറ്റ് ചെയ്തതിന് സമ്മർദ്ദത്തിലൂടെ വിനുവിനെ പുറത്താക്കാനുള്ള നീക്കവും പൊളിഞ്ഞു. ഏഷ്യാനെറ്റിലെ തന്നെ ഉന്നതനായിരുന്നു ഇതിന് പിന്നിൽ. ഇക്കാര്യവും വ്യക്തിയുടെ പേര് പറയാതെ വിനു വി ജോൺ ട്വീറ്റിലൂടെ സൂചന നൽകിയിരുന്നു. എന്നാൽ വിവാദമുണ്ടാക്കിയ പല ട്വീറ്റുകളും വിനു വി ജോണിന്റെ ഫെയ്‌സ് ബുക്ക് പേജിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. 

അതായത് രണ്ട് കൂട്ടർക്കും അംഗീകരിക്കാനാവുന്ന ഒത്തു തീർപ്പ് ഫോർമുല ഏഷ്യാനെറ്റ് തയ്യാറാക്കുകയായിരുന്നു. ചെയർമാൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശ പ്രകാരമായിരുന്നു അത്. പ്രസ് ക്ലബ്ബിലെ മദ്യ കച്ചവടത്തിൽ വിനു വി ജോണിന് അഭിപ്രായാം പറയാം. എന്നാൽ ഏഷ്യനെറ്റിൽ ഭിന്നതയുണ്ടെന്ന തരത്തിലെ ട്വീറ്റുകൾ ശരിയായില്ല. ചിത്രം വിചിത്രം ഫെയിം ഗോപീകൃഷ്ണൻ അയച്ച കാട്ടാളൻ എന്ന എസ്എംഎസ് പുറത്തു പറഞ്ഞത് ശരിയായില്ല. ഏഷ്യാനെറ്റിലെ മേലധികാരിക്ക് സത്യസന്ധരായ മാദ്ധ്യമ പ്രവർത്തകരെക്കാൾ മദ്യപിക്കുന്ന പട്ടിക്കുട്ടിയോടാണ് താൽപ്പര്യമെന്ന ട്വീറ്റും സ്ഥാപനത്തിന് പേരുദേഷമാണ്. ഇതും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് വിനു വി ജോണും അംഗീകരിച്ചു. ഇതോടെ ദീർഘകാല അവധി റദ്ദാക്കി വിനു ജോലിക്ക് എത്തുകയായിരുന്നു.

പ്രസ് ക്ലബ്ബ് വിഷയത്തിൽ സ്വതന്ത്രാഭിപ്രായം പറഞ്ഞതിനെ ഏഷ്യാനെറ്റിലെ ഉന്നതൻ എതിർത്തിരുന്നു. ഏഷ്യാനെറ്റിലെരുന്ന് ഇത് അനുവദിക്കില്ലെന്നായിരുന്നു നിലപാട്. ഇതോടെയാണ് വിനു അവധിയിൽ പ്രവേശിച്ചത്. മൊബൈൽ ഫോൺ പോലും സ്വിച്ച് ഓഫ് ചെയ്തിരുന്നു. എന്നാൽ ഏഷ്യാനെറ്റിലെ പ്രധാന വാർത്താ അവതാരകനോടുള്ള സ്ഥാപനത്തിലെ ചിലരുടെ അസൂയ മാനേജ്‌മെന്റ് തിരിച്ചറിഞ്ഞു. വിനു വി ജോണിനെ പോലൊരു അവതരാകൻ ചാനലിന് അനിവാര്യമാണെന്ന് രാജീവ് ചന്ദ്രശേഖർ തിരിച്ചറിഞ്ഞു. രാജ്യസഭാ എംപി കൂടിയായ രാജീവ് ചന്ദ്രശേഖർ ഇടപെട്ടതോടെ വിനു വി ജോണിനെ പുറത്താക്കാനുള്ള മറുവിഭാഗത്തിന്റെ നീക്കവും പൊളിഞ്ഞു. വിനുവിന് അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം പ്രവർത്തനത്തിനുള്ള സൗകര്യവും ഉറപ്പുവരുത്തും.

സങ്കേതത്തിനെതിരായ വിനുവിന്റെ ട്വീറ്റാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ചിത്ര വിചിത്രം ഫെയിം ഗോപീകൃഷ്ണൻ കാട്ടാളൻ എന്ന എസ്എംഎസ് അയച്ച വിവരം വിനു ട്വീറ്റ് ചെയ്തിരുന്നു. ഇത് ചാനലിലെ ജീവനക്കാരിലെ വിഭാഗീയത പുറം ലോകത്ത് എത്തിച്ചുവെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ സങ്കേതത്തിനെതിരെ മുമ്പ് നിലപാട് എടുത്തവർ പോലും വിനു വി ജോണിനെ പിന്തുണയ്ക്കാൻ തയ്യാറായില്ല. ഇതിനിടെയിൽ മറ്റ് ചില വിനുവിന്റെ മറ്റ് ചില ട്വീറ്റുകൾ കൂടി ചർച്ചയായി. വാക്‌സിനേഷന് പോലും സാധ്യതയില്ല ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. സത്യസന്ധതയിൽ വിട്ടുവീഴ്ച ചെയ്യാത്ത മാദ്ധ്യമ പ്രവർത്തകനെക്കാൾ കുടിയനായ പട്ടിക്കുട്ടിയാണ് കൂടുതൽ വിശ്വസ്തൻ! എന്ന ട്വീറ്റിനും അർത്ഥതലങ്ങൾ ഏറെയായിരുന്നു. അതിനിടെ വിനു വി ജോണിന്റെ ട്വിറ്റർ അക്കൗണ്ടും അപ്രത്യക്ഷമായി. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫോണും സ്വിച്ച് ഓഫായി.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ അനധികൃത മദ്യകച്ചവടമെന്ന വിനു വി ജോണിന്റെ ട്വീറ്റ് മറുനാടൻ വാർത്തയാക്കിയതോടെ വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലുമെത്തി. ഒരു കാരണവശാലും ഇത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പിണറായി വിജയനും നിലപാട് എടുത്തു. ദേശാഭിമാനിയിലെ പല മുതിർന്ന മാദ്ധ്യമ പ്രവർത്തകരും വളരെ നേരത്തെ തന്നെ ഈ ബാർ പൂട്ടണമെന്ന് പരസ്യമായി പ്രതികരിച്ചവരാണ്. മുഖ്യമന്ത്രിയുടെ കടുത്ത തീരുമാനത്തിന് ഇതും കാരണമായി. അനധികൃതമായി ഒന്നും അനുവദിക്കേണ്ടെന്ന് വിഷയത്തിൽ ഉപദേശം തേടിയ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന് നിർദ്ദേശവും കിട്ടി. ഇതോടെയാണ് ആദ്യ പടിയെന്ന നിലയിൽ സങ്കേതത്തിൽ മദ്യകച്ചവടം അനുവദിക്കാനാകില്ലെന്ന അനൗദ്യോഗിക സന്ദേശം ഋഷിരാജ് സിങ് നൽകിയത്. പ്രത്യേക ദൂതന്മാരെ ഇതിനായി നിയോഗിക്കുകയും ചെയ്തു. ഇതോടെ സങ്കേതത്തിന് പൂട്ടുവീണു. മറുനാടന് പിന്നാലെ മറ്റ് മാദ്ധ്യമങ്ങളും വാർത്ത നൽകിയതോടെ സങ്കേതത്തിനെ റിക്രിയേഷൻ ക്ലബ്ബാക്കി മാറ്റി വിശദീകരണവും എത്തി.

ഇതിന് കാരണക്കാരൻ വിനു വി ജോൺ മാത്രമാണെന്നാണ് പ്രസ്‌ക്ലബ്ബിലെ ഒരു വിഭാഗത്തിന്റെ നിലപാട്. പ്രസ് ക്ലബ്ബിൽ നിത്യേനയെത്തുന്ന ഏഷ്യാനെറ്റിലെ പ്രമുഖർ വിനു വി ജോണിനെതിരെ തിരിഞ്ഞു. അവതാരകനെന്ന നിലയിൽ വിനു വി ജോണായിരുന്നു ഏഷ്യാനെറ്റിലെ പ്രധാനി. ഇതിൽ അസൂയ പൂണ്ട ചിലരും പ്രശ്‌നം കത്തിച്ചു. ഇതോടെയാണ് ട്വിറ്ററും മറ്റും പൂട്ടി വിനു വി ജോൺ നിശബ്ദനായത്. എൽ ഡി എഫ് സർക്കാർ വന്ന ശേഷം എക്‌സൈസ് കമ്മീഷണറായി ചാർജെടുത്ത ഋഷിരാജ്‌സിങ് പ്രസ്സ് ക്ലബ്ബിനു സമീപത്തെ രണ്ടു കഌുകളിൽ പരിശോധന നടത്തിയിട്ടും പ്രസ്സ് ക്ലബ് ബാറിനെ വിട്ടു കളഞ്ഞതു വലിയ തോതിൽ വിമർശത്തിന് ഇടയാക്കി. ഇതേക്കുറിച്ചു വിനു വി ജോൺ ട്വിറ്ററിൽ എഴുതിയതാണ് ബാർ അടച്ചു പൂട്ടലിലേക്ക് നയിച്ചത്. ഷെയിം ഓൺ യു സിങ്കം , നിങ്ങൾ വിചാരിച്ചാലും പത്രക്കാരുടെ അനധികൃത മദ്യ വിൽപന നിർത്താൻ കഴിയില്ല എന്നായിരുന്നു വിനുവിന്റെ ട്വീറ്റ്. ഇതിനെ അനുകൂലിച്ചും എതിർത്തും മാദ്ധ്യമ പ്രവർത്തകർ രംഗത്തു വന്നു. ഈ സാഹചര്യത്തിലാണ് എക്‌സൈസ് കേസ് വരുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയത്. ബാർ ലൈസൻസ് ഇല്ലാതെയാണ് മദ്യപാനമെങ്കിൽ നിയമപരമായ നടപടി എടുക്കാം എന്നാണ് സർക്കാരിൽ നിന്നു നിർദ്ദേശം ലഭിച്ചത്.

ബാറിന്റെ പ്രവർത്തിസമയം ഉച്ചക്ക് രണ്ടു മണിക്കൂറും രാത്രി മൂന്നു മണിക്കൂറുമായി അടുത്തയിടെ പരിമിതപ്പെടുത്തിയിരുന്നു. യാതൊരു സമയ ക്രമവും ബാധകമല്ലാതെ മുൻ കാലങ്ങളിൽ പാതിരാത്രി കഴിഞ്ഞും പ്രവർത്തിച്ചിരുന്ന സങ്കേതം തലസ്ഥാനത്തു നിരവധി പത്രപ്രവർത്തകരെ മുഴുക്കുടിയന്മാരും രോഗികളുമാക്കി മാറ്റി. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ജോലി ആയതിനാൽ ജോലി കഴിഞ്ഞു നേരെ ബാറിൽ എന്നതു ചിലർ ശീലമാക്കി. കുറഞ്ഞ ചെലവിൽ മദ്യപിക്കാം എന്നതു വരുമാനം കുറഞ്ഞ മാദ്ധ്യമ പ്രവർത്തകർ അനുഗ്രഹമായി കണ്ടു. പുതു തലമുറയിലെ ജേർണലിസ്റ്റുകൾ അവിടേക്ക് കൂടുതൽ ആകർഷിക്കപ്പെട്ടു.എല്ലാ അനീതികളെയും ചോദ്യം ചെയ്യുന്ന മാദ്ധ്യമ സമൂഹം പച്ചയായ ഈ നിയമലംഘനം ഭരണഘടനാപരമായ അവകാശം പോലെയാണ് കണ്ടിരുന്നത്. അതിനെ ചോദ്യം ചെയ്യുന്നവരെ കൂട്ടത്തോടെ കടന്നാക്രമിച്ചു.

പ്രസ്സ് ക്ലബ്ബ് ബാറിനെതിരെ മുൻപ് എക്‌സൈസ് കമ്മീഷണർക്ക് പരാതി കൊടുത്ത ചാനൽ ലേഖികയെ സമ്മർദം ചെലുത്തി പരാതി പിൻവലിപ്പിച്ചു. ഇതിനെല്ലാമാണ് താൽക്കാലികമായി സങ്കേതത്തിലെ മദ്യകച്ചവടം അവസാനിപ്പിച്ച് വിനു വി ജോൺ വിരാമമിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP