Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലഭാസ്‌കറിന്റെ മരണവും മുത്തൂറ്റ് പോൾ വധവുമായി സാമ്യം ഏറെ; രണ്ടു സംഭവവും നടന്നത് സിപിഎം ഭരിക്കുമ്പോൾ; രണ്ടിന് പിന്നിലും പ്രവർത്തിച്ചത് ഒരേ കൈകളോ? വിദേശഷോകൾക്ക് താരങ്ങളെ കൊണ്ടു പോകുന്നത് രാഷ്ട്രീയക്കാരുടെ മക്കളുടെ ബിനാമികളോ? കലാഭവൻ സോബിന്റെ രംഗപ്രവേശം അന്വേഷണം വഴി തെറ്റിക്കാനോ? ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനമാകുമെന്ന് ആശങ്ക

ബാലഭാസ്‌കറിന്റെ മരണവും മുത്തൂറ്റ് പോൾ വധവുമായി സാമ്യം ഏറെ; രണ്ടു സംഭവവും നടന്നത് സിപിഎം ഭരിക്കുമ്പോൾ; രണ്ടിന് പിന്നിലും പ്രവർത്തിച്ചത് ഒരേ കൈകളോ? വിദേശഷോകൾക്ക് താരങ്ങളെ കൊണ്ടു പോകുന്നത് രാഷ്ട്രീയക്കാരുടെ മക്കളുടെ ബിനാമികളോ? കലാഭവൻ സോബിന്റെ രംഗപ്രവേശം അന്വേഷണം വഴി തെറ്റിക്കാനോ? ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനമാകുമെന്ന് ആശങ്ക

ആർ കനകൻ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതകൾ തുടരുമ്പോൾ 10 വർഷം മുൻപ് നടന്ന മുത്തൂറ്റ് പോൾ ജോർജ് വധവുമായി ഈ കേസിനെ കൂട്ടി വായിക്കാം. ഒരു പാട് സാമ്യം ഈ കേസുകൾ തമ്മിലുണ്ട്. അതു താരതമ്യം ചെയ്യുമ്പോൾ ബാലഭാസ്‌കറിന്റെ മരണത്തിന്റെ പിന്നിലുള്ള രാഷ്ട്രീയ ഇടപെടലും അന്വേഷിക്കേണ്ടി വരും. 2009 ഓഗസ്റ്റ് 21, 22 ദിവസങ്ങളിലായിട്ടാണ് പോൾ ജോർജ് മുത്തൂറ്റിന്റെ കൊലപാതകവും തുടർ സംഭവങ്ങളും ഉണ്ടായത്. ആലപ്പുഴ ചങ്ങനാശേരി റോഡിൽ നെടുമുടിക്ക് സമീപമാണ് തന്റെ എൻഡവർ കാറിൽ വരുമ്പോൾ പോൾ ജോർജ് കുത്തേറ്റ് മരിക്കുന്നത്.

ഗുണ്ടാ നേതാക്കളായ ഓം പ്രകാശ്, പുത്തൻപാലം രാജേഷ് എന്നിവരും മനു എന്നൊരാളും സംഭവം നടക്കുന്ന സമയത്ത് പോൾ ജോർജിനൊപ്പം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഓം പ്രകാശും പുത്തൻപാലം രാജേഷും ഒളിവിൽ പോയി. പിന്നീട് തമിഴ്‌നാട്ടിൽ നിന്നാണ് കേരളാ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ ഏറെ വിവാദങ്ങളുണ്ടാക്കിയ കേസ് പിന്നീട് നിരവധി ട്വിസ്റ്റുകളും വന്നു. ഒടുക്കം ജയചന്ദ്രൻ, കാരി സതീഷ് എന്നീ രണ്ടു ഗുണ്ടാനേതാക്കളിലും അവരുടെ സംഘങ്ങളിലും കൊലപാതകികളെ കണ്ടെത്തി പൊലീസ് തലയൂരി. പിന്നാലെ വന്ന സിബിഐയും പ്രതികൾ ഇവർ തന്നെ എന്നുറപ്പിച്ചതോടെ കേസിന് അന്ത്യമായി.

2015 സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരത്തെ സിബിഐ സ്പെഷൽ കോടതി ഒന്നു മുതൽ 13 വരെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ജയചന്ദ്രൻ, കാരി സതീഷ്, സത്താർ, സുജിത്ത്, ആകാശ് ശശിധരൻ, സതീഷ്‌കുമാർ, രാജീവ് കുമാർ, ഷിനോ പോൾ, ഫൈസൽ, അബി, റിയാസ്, സിദ്ദിഖ്, ഇസ്മയിൽ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 14-ാം പ്രതി ഇ അനീഷിനെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടു. ഗുണ്ടാത്തലവന്മാരായ ഓം പ്രകാശും പുത്തൻപാലം രാജേഷും മാപ്പു സാക്ഷികളായി. അടിമുടി ദുരൂഹത ഉണർത്തിയ ഈ കേസ് വിധി വന്നിട്ടും സാധാരണക്കാരുടെ മനസിൽ സംശയത്തിന്റെ നിഴലിലാണ്.

മദ്യലഹരിയിലായിരുന്ന പോൾ ജോർജ് ഓടിച്ചിരുന്ന ഫോർഡ് എൻഡവർ വാൻ കടപ്ര നിരണം സ്വദേശിയായ ബിജു പുഷ്‌കരൻ എന്നയാളെ ഇടിച്ചു വീഴ്‌ത്തിയ ശേഷം നിർത്താതെ പോയി. ഇതു കണ്ട് വന്ന ക്വട്ടേഷൻ സംഘം പോളിന്റെ വാഹനം പിന്തുടരുകയും വഴിയിലിട്ട് അത് പരിശോധിക്കുന്നത് കണ്ട് നിർത്തി അപകടത്തെ കുറിച്ച് ചോദിക്കുകയുമായിരുന്നു. വാക്കേറ്റമുണ്ടായതിനിടെ പ്രകോപിതനായ കാരി സതീഷ് എസ് ആകൃതിയിലുള്ള കത്തി കൊണ്ട് പോളിനെ കുത്തി. ഇതാണ് പൊലീസ് പറയുന്ന കഥ. ജയചന്ദ്രനും കാരി സതീഷും അടങ്ങുന്ന ക്വട്ടേഷൻ സംഘം മറ്റൊരു ക്വട്ടേഷന് വേണ്ടി പോവുകയായിരുന്നുവത്രേ. വണ്ടി തട്ടിയതിന്റെ പേരിൽ ഒരാളെ കുത്തിക്കൊല്ലുക.

അതും മരണം ഉറപ്പാക്കുന്ന തരത്തിൽ കഴുത്തിന് പിന്നിൽ. രണ്ടു ക്വട്ടേഷൻ തലവന്മാർ ഒപ്പമുള്ളപ്പോൾ മറ്റൊരു ഗ്യാങ് കൊലപാതകം നടത്തുന്നത് അവർ നോക്കി നിൽക്കുക, പിന്നീട് മാപ്പു സാക്ഷിയാവുക...അങ്ങനെ അരിയാഹാരം കഴിക്കുന്നവർക്ക് തോന്നുന്ന നിരവധി സംശയങ്ങൾക്ക് തൃപ്തികരമായ ഉത്തരം നൽകാൻ കഴിയാതെയാണ് പോൾ മുത്തൂറ്റ് വധക്കേസ് പൂട്ടിക്കെട്ടിയത്. വൻ വ്യവസായ ഗ്രൂപ്പായ മുത്തൂറ്റിനും അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ വലിയ താൽപര്യമില്ലായിരുന്നുവെന്നാണ് അന്ന് പുറത്തു വന്ന വാർത്തകൾ.

ഇനി ഇതും ബാലഭാസ്‌കറിന്റെ മരണവുമായി കൂട്ടി വായിക്കാവുന്ന കാര്യങ്ങൾ:

1. രണ്ടു സംഭവങ്ങളും നടക്കുമ്പോൾ അധികാരത്തിൽ സിപിഎം സർക്കാരാണ്. പോൾ വധിക്കപ്പെടുമ്പോൾ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ പിണറായി വിജയൻ. അന്വേഷണം നിഷ്പക്ഷമായി മുന്നോട്ടു പോകുമെന്ന് പറയുന്നതല്ലാതെ പോയില്ല. അന്ന് ഈ കേസിൽ ആരോപണ വിധേയനായിരുന്നു കോടിയേരിയുടെ മകൻ ബിനീഷ്.

2. രണ്ടിടത്തും ഓരോ ദൃക്സാക്ഷികൾ. നെടുമുടിയിൽ ബൈക്ക് യാത്രക്കാരൻ ബിജു പുഷ്‌കരൻ. ബാലഭാസ്‌കറിന്റെ മരണത്തിൽ കലാഭവൻ സോബി. സോബി പറഞ്ഞ കഥ യഥാർഥ പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണെന്ന സംശയം ഉയരുന്നു. സംഭവം നടന്ന് 10 മിനുട്ടിന് ശേഷം അതു വഴി വന്നുവെന്ന് പറയുന്ന സോബി രണ്ടു പുതിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇവരെ തിരക്കി നടന്ന് അന്വേഷണ സംഘം വലയാനാണ് സാധ്യത.

3. ബാലഭാസ്‌കറിനൊപ്പം കാറിലുണ്ടായിരുന്ന ലക്ഷ്മിയുടെ മൊഴി ആദ്യ ഘട്ടത്തിൽ ശരിയായ രീതിയിൽ എടുത്തിരുന്നില്ല. പോൾ വധക്കേസിൽ ഓം പ്രകാശും പുത്തൻപാലം രാജേഷും സംഭവം കഴിഞ്ഞയുടൻ മുങ്ങി. പ്രതികളായ കാരി സതീഷും ജയചന്ദ്രനും അറസ്റ്റിലായതിന് പിന്നാലെയാണ് തമിഴ്‌നാട്ടിൽ നിന്ന് ഓം പ്രകാശിനെയും പുത്തൻപാലം രാജേഷിനെയും പിടികൂടിയത്. ഇതിനോടകം പൊലീസിന്റെ തിരക്കഥ തയാറായിരുന്നു.

4. രണ്ടു കേസിലും പൊലീസിന്റെ അന്വേഷണം തിരക്കഥ തയാറാക്കിയതിന് ശേഷമായിരുന്നു. സാക്ഷികളെ അവഗണിക്കുന്ന നയമാണ് ബാലഭാസ്‌കറിന്റെ മരണത്തിൽ പൊലീസും സ്വീകരിച്ചിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ മരണത്തിൽ ഫോൺ കോളുകൾ പരിശോധിക്കാത്തത് ഒരു വീഴ്ചയാണ്. സ്വർണ കടത്ത് കേസിലെ പ്രധാന പ്രതി അഡ്വ ബിജു മോഹൻ തിരുവനന്തപുരം ലോ അക്കാഡമിയിലെ വിദ്യാർത്ഥിയായിരുന്നു. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളുമായി ഗുണ്ടാസംഘങ്ങൾക്കുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. ഈ ഗുണ്ടാ സംഘങ്ങൾക്ക് രാഷ്ട്രീയ നേതാക്കളും അവരുടെ മക്കളുമായി അടുത്ത ബന്ധവുമുണ്ട്. ഇവരെല്ലാം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ചങ്ങലകളാണ്.

വിദേശത്ത് നടത്തുന്ന ഷോകൾക്കെല്ലാം പിന്നിൽ ചില രാഷ്ട്രീയ നേതാക്കളുടെ മക്കൾക്ക് ബന്ധമുണ്ട്. ഇവരാണ് ഇടനില നിന്ന് ഷോ സംഘടിപ്പിക്കുന്നതും ആർട്ടിസ്റ്റുകളെ അയയ്ക്കുന്നതും. ഇങ്ങനെ പോകുന്നവരെ അവർ അറിഞ്ഞും അറിയാതെയും ക്യാരിയർമാരാക്കി മാറ്റുകയും ചെയ്യും. കലാഭവൻ സോബിന്റെ മൊഴിയിലൂടെ അന്വേഷണം പല വഴിക്ക് തിരിഞ്ഞു പോകാനാണ് സാധ്യത. ഈ സമയം കൊണ്ട് ശേഷിക്കുന്ന തെളിവും നശിപ്പിക്കാൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP