Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലാക്കോട്ടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതു എത്രപേരെന്നോ എത്ര ഭീകരക്യാമ്പുകളെന്നോ വ്യക്തമാക്കാതെ കേന്ദ്രസർക്കാർ; അറിഞ്ഞേ മതിയാകൂ എന്നു മമത ബാനർജി; ആരെങ്കിലും കൊല്ലപ്പെട്ടതായി ഉറപ്പില്ലെന്ന് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ഓസ്‌ട്രേലിയ; കാടു നശിപ്പിച്ചതിന് ഇന്ത്യക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സമിതിക്ക് പരാതി നൽകുമെന്ന് പാക്കിസ്ഥാൻ; ഇന്ത്യയുടെ മിന്നലാക്രമണം ലോക മാധ്യമങ്ങളിൽ വൻ വിവാദമാകുമ്പോൾ

ബാലാക്കോട്ടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതു എത്രപേരെന്നോ എത്ര ഭീകരക്യാമ്പുകളെന്നോ വ്യക്തമാക്കാതെ കേന്ദ്രസർക്കാർ; അറിഞ്ഞേ മതിയാകൂ എന്നു മമത ബാനർജി; ആരെങ്കിലും കൊല്ലപ്പെട്ടതായി ഉറപ്പില്ലെന്ന് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ഓസ്‌ട്രേലിയ; കാടു നശിപ്പിച്ചതിന് ഇന്ത്യക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സമിതിക്ക് പരാതി നൽകുമെന്ന് പാക്കിസ്ഥാൻ; ഇന്ത്യയുടെ മിന്നലാക്രമണം ലോക മാധ്യമങ്ങളിൽ വൻ വിവാദമാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: പാക്കിസ്ഥാന് തിരിച്ചടി നൽകി ഇന്ത്യൻ വ്യോമസേന നടത്തിയ ബോംബ് ആക്രമണത്തിൽ എത്രപേർ കൊല്ലപ്പെട്ടു? എത്രനാശനഷ്ടം സംഭവിച്ചു? ഒരു വിഭാഗം ദേശീയ മാധ്യമങ്ങൾ നടത്തിയെ തെറ്റായ വിവരണത്തിന്റെ പേരിൽ ലോക മാധ്യമങ്ങൾ ഇന്ത്യൻ സേനയെ കുറ്റപ്പെടുത്തുന്ന അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ വ്യോമാക്രമണത്തിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഭീകരർ കൊല്ലപ്പെട്ടിട്ടില്ലെന്നുമാണ് പാക്കിസ്ഥാൻ ആവർത്തിക്കുന്നത്. ഇതിന് പിന്നാലെ ലോക മാധ്യമങ്ങളും ഇത് ശരിവെച്ചുകൊണ്ടുള്ള വാർത്തകൾ പുറത്തുവിട്ടു. ഇതോട രാഷ്ട്രീയ ചോദ്യങ്ങൾ മോദിക്കെതിരെയും ഉയർന്നുതുടങ്ങി.

ഇന്ത്യൻ വ്യോമസേന ബാലാക്കോട്ടിൽ നടത്തിയ ബോംബാക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നതായി പ്രതിരോധ രംഗത്തു പ്രവർത്തിക്കുന്ന ഓസ്‌ട്രേലിയൻ സ്ട്രാറ്റെജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (എഎസ്‌പിഐ) വ്യക്തമാക്കി രംഗത്തുവന്നു. ബാലാക്കോട്ടിലെ വൻ ഭീകരപരിശീലനകേന്ദ്രം തകർത്തുവെന്നാണ് ഇന്ത്യൻ നിലപാട്. എന്നാൽ സംഭവം നടന്ന സ്ഥലത്തുള്ള കെട്ടിടത്തിന് മാറ്റം സംഭവിച്ചിട്ടില്ലെന്നാണ് എഎസ്‌പിഐയുടെ റിപ്പോർട്ട്. ആക്രമണത്തിനു മുൻപും ശേഷവും എർത്ത് ഇമേജിങ് കമ്പനിയായ പ്ലാനെറ്റ് ലാബ്‌സിന്റെ ഉപഗ്രഹചിത്രങ്ങളാണ് പരിശോധിച്ചത്.

അറ്റ്‌ലാന്റിക് കൗൺസിലിന്റെ ഡിജിറ്റൽ ഫൊറൻസിക് ലാബും സമാനമായ റിപ്പോർട്ട് പുറത്തുവിട്ടു. സമീപത്ത് മരങ്ങൾ നിൽക്കുന്ന ഭാഗത്തു മാത്രമാണ് മാറ്റങ്ങളുള്ളതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വാഷിങ്ടൺ ആസ്ഥാനമായ വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രോജക്റ്റ് അസോഷ്യേറ്റായ രാജ ഭഗത്തും ഈ കണ്ടെത്തലിനെ പിന്തുണയ്ക്കുന്നു. കഴിഞ്ഞദിവസം, സൈനിക നടപടി മാധ്യമങ്ങളോടു വിശദീകരിച്ച ഇന്ത്യൻ എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂറിനോട് കൊല്ലപ്പെട്ട ഭീകരുടെ എണ്ണത്തെക്കുറിച്ചു ചോദ്യമുണ്ടായപ്പോൾ, തങ്ങൾ ലക്ഷ്യമിട്ടതെല്ലാം നേടിയെന്നും മറ്റു വിവരങ്ങളും തെളിവുകളും പുറത്തുവിടണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഉന്നതനേതൃത്വമാണെന്നും അദ്ദേഹം മറുപടി നൽകിയിരുന്നു.

അതേസമയം ബാലാക്കോട്ടിലെ മിന്നൽ ആക്രമണത്തിന്റെ വിശദാംശങ്ങൾ പ്രതിപക്ഷത്തെ അറിയിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ആവശ്യപ്പെട്ടു. പുൽവാമ ഭീകരാക്രമണത്തെ പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എല്ലാം അറിയാമായിരുന്നുവെന്നും എന്നാൽ രാഷ്ട്രീയം കളിക്കുന്നതിന് വേണ്ടി മോദി സൈനികരെ കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും മമത ബാനർജി നേരത്തെ ആരോപിച്ചിരുന്നു. കൊൽക്കത്തയിൽ സംഘടിപ്പിച്ച തൃണമൂൽ കോൺഗ്രസിന്റെ കോർ കമ്മിറ്റിയിലായിരുന്നു മമതാ ബാനർജി മോദിക്കെതിരെ ആരോപണമുന്നയിച്ചത്.

ബാലാകോട്ട് ആക്രമണത്തിൽ സൈനികർക്ക് മമതാ ബാനർജി അഭിവാദ്യമർപ്പിച്ചിരുന്നു. എന്നാൽ, പുൽവാമ ഭീകരാക്രമണത്തെ പറ്റി മോദി സർക്കാരിന് അറിവുണ്ടായിരുന്നെന്നും അവിടെ ഇന്റലിജൻസ് സേവനം ലഭ്യമായിട്ടും പിന്നെ എന്തുകൊണ്ട് സർക്കാർ സൈനികരെ രക്ഷിക്കുന്നതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തിയില്ലെന്നും മമതാ ബാനർജി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മിന്നലാക്രമണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി മമതാ ബാനർജി രംഗത്തെത്തിയിരിക്കുന്നത്.

അതിനിടെ ബാലാകോട്ട് വ്യോമാക്രമണത്തേത്തുടർന്ന് ഇന്ത്യയ്ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയിൽ പരിസ്ഥിതി ഭീകരതയ്ക്ക് കേസുകൊടുക്കാനൊരുങ്ങി പാക്കിസ്ഥാനെന്ന വാർത്തയും പുറത്തുവന്നു. വ്യോമാക്രമണത്തിൽ പൈന്മരക്കാട് നശിച്ചെന്നും പരിസ്ഥിതിക്ക് കോട്ടം സംഭവിച്ചെന്നും ആരോപിച്ചാണ് പാക്കിസ്ഥാന്റെ നടപടി. തങ്ങളുടെ സംരക്ഷിത വനമേഖലയിൽ ഇന്ത്യൻ ജെറ്റുകൾ ബോംബാക്രമണം നടത്തിയെന്ന് പാക് കാലാവസ്ഥാ വ്യതിയാനമന്ത്രി മാലിക് അമീൻ അസ്ലം പറഞ്ഞു. സർക്കാർ പാരിസ്ഥിതിക ആഘാതം വിലയിരുത്തുകയാണ്. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും ഐക്യരാഷ്ട്ര സംഘടനകളിലും മറ്റ് വേദികളിലും പരാതി നൽകുകയെന്നും പാക് മന്ത്രി ബ്രിട്ടീഷ് മാധ്യമമായ റോയിട്ടേഴ്സിനോട് പ്രതികരിച്ചു.

'സൈനീക ആവശ്യത്താൽ നീതീകരിക്കാനാകാത്ത രീതിയിലും, അതിക്രമപരമായും, പരിസ്ഥിതിയെ നശിപ്പിക്കുന്നത് നിലനിൽക്കുന്ന അന്താരാഷ്ട്രനിയമങ്ങൾക്ക് വിരുദ്ധമാണ്' എന്ന് ഐക്യരാഷ്ട്ര സംഘടന യുഎൻ അസംബ്ലി റെസലൂഷൻ 47/37ൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചൊവ്വാഴ്‌ച്ചയാണ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ കശ്മീരിലെ അതിർത്തിയിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള പാക് പട്ടണമായ ബാലാകോട്ടിന് സമീപത്തെ വനപ്രദേശത്ത് ബോംബാക്രമണം നടത്തിയത്. ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റെ ബന്ധു മൗലാന യൂസഫ് അസർ നടത്തിയിരുന്ന ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചെന്നും 350ലധികം ഭീകരരെ വധിച്ചെന്നുമായിരുന്നു ഇന്ത്യയുടെ വിശദീകരണം. എന്നാൽ ഇന്ത്യയുടെ അവകാശവാദങ്ങൾ തള്ളുന്ന വിധത്തിലാണ് ലോക മാധ്യങ്ങളുടെ റിപ്പോർട്ടുകൾ.

ഇന്ത്യ ബോംബാക്രമണം നടത്തിയ ഇടത്ത് നാല് വലിയ കുഴികൾ മാത്രമാണ് കണ്ടതെന്ന് സംഭവസ്ഥലത്തെത്തിയ രണ്ട് റോയിട്ടേഴ്സ് ലേഖകർ റിപ്പോർട്ട് ചെയ്തിരുന്നു. 15ഓളം പൈന്മരങ്ങൾ വരെ സ്ഫോടനങ്ങളിൽ വീണുപോയെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നൂറുകണക്കിന് ഭീകരവാദികൾ കൊല്ലപ്പെട്ടു എന്ന ഇന്ത്യയുടെ അവകാശവാദം ഗ്രാമവാസികൾ തള്ളുകയും ചെയ്തിരുന്നു. അതേസമയം ഭീകവാദികളുടെ ട്രെയിനിങ് ക്യാമ്പ് തകർത്തു എന്ന് വ്യക്തമായാൽ പാക്കിസ്ഥാന് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ഏറുമെന്നും അതുകൊണ്ട് മൃതദേഹങ്ങൾ അടക്കം നീക്കിയതാണന്ന വാദവും ഉയരുന്നുണ്ട്. ഈ വാദങ്ങൾ ശരിവെക്കണെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടേണ്ട സ്ഥിതിയാണ് ഉള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP