Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിൽ നിന്നെത്തുന്ന ലോഡിൽ വിഷം കണ്ടെത്തി; ബ്രിട്ടനിൽ കറിവേപ്പിലക്ക് നിരോധനം; വീട്ടുവളപ്പിൽ നട്ടുവളർത്തി മറുപടി പറഞ്ഞ് മലയാളികൾ

കേരളത്തിൽ നിന്നെത്തുന്ന ലോഡിൽ വിഷം കണ്ടെത്തി; ബ്രിട്ടനിൽ കറിവേപ്പിലക്ക് നിരോധനം; വീട്ടുവളപ്പിൽ നട്ടുവളർത്തി മറുപടി പറഞ്ഞ് മലയാളികൾ

കെ ആർ ഷൈജുമോൻ

കവൻട്രി: മായം കണ്ടെത്തിയതിനെ തുടർന്ന് കേരളത്തിൽ നിന്നും എത്തിയിരുന്ന കറിവേപ്പിലയ്ക്ക് ബ്രിട്ടനിൽ നിരോധനം. കഴിഞ്ഞ മാസം മുതൽ പ്രാബല്യത്തിൽ വന്ന നിരോധനം മൂലം കർഷകർക്ക് കോടികളുടെ നഷ്ടമാണ് സംഭവിക്കുക. ഒരു വർഷം മുൻപ് വെണ്ടയ്ക്കക്ക് ഏർപ്പെടുത്തിയ നിരോധനം മൂലം മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കർഷകർക്ക് 80 കോടി രൂപയുടെ വിപണിയാണ് നഷ്ടമായത്. കറിവേപ്പില കേരളത്തിൽ നിന്നും കൂടാതെ തമിഴ്‌നാട്ടിൽ നിന്നും വ്യാപകമായി ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ എത്തിയിരുന്നു. ഇതോടെ കൂടുതൽ പച്ചക്കറികൾക്ക് നിരോധനം ഏർപ്പെടുത്താൻ ഉള്ള സാധ്യതയും ഏറി.

യൂറോപ്പിലേക്ക് പ്രതിവർഷം ഏകദേശം 3000 കോടി രൂപയുടെ പച്ചക്കറി ഇന്ത്യയിൽ നിന്നും കയറ്റി അയക്കുന്നതിനാൽ നിരോധനം മൂലം ഈ വരുമാനം പൂർണമായും നിലയ്ക്കാൻ ഉള്ള സാധ്യത തെളിയുകയാണ്. യൂറോപ്യൻ വിപണി എന്ന് പറയുമെങ്കിലും ഇതിൽ സിംഹഭാഗവും ബ്രിട്ടനിലേക്ക് ആണ് എത്തിയിരുന്നത്. രണ്ടു വർഷം മുൻപ് ഏർപ്പെടുത്തിയ മാമ്പഴ നിരോധനം ശക്തമായ സമ്മർദ്ദത്തെ തുടർന്ന് ഇക്കഴിഞ്ഞ മെയിൽ ആണ് പുനഃസ്ഥാപിച്ചത്. പ്രതിവർഷം 60 കോടി രൂപയുടെ ഇന്ത്യൻ മാമ്പഴമാണ് ബ്രിട്ടീഷ് വിപണിയിൽ എത്തുന്നത്.

അതിനിടെ കറിവേപ്പില നിരോധനം ഉണ്ടായെങ്കിലും മറ്റു പച്ചക്കറികളിൽ നിന്നും വ്യത്യസ്തമായി ബ്രീട്ടീഷ് കാലാവസ്ഥയിലും പൊരുത്തപ്പെട്ടു വളർത്താം എന്ന ആനുകൂല്യം മുതലെടുത്ത് അനേകം മലയാളി കുടുംബങ്ങളിൽ കറിവേപ്പില വളർന്നു തുടങ്ങിയത് കൗതുകമായി മാറുകയാണ്. തങ്ങളുടെ ആവശ്യത്തിനു ഉള്ള കറിവേപ്പില ഇനി കടയിൽ പോയി വാങ്ങേണ്ടെന്നും വിഷം തളിക്കാത്ത കറിവേപ്പില വീട്ടിൽ തന്നെ വളർത്താൻ കഴിയുന്നുണ്ടെന്നും നിരവധി യു കെ മലയാളികൾ പറയുന്നു. പലരും ചെടിച്ചട്ടികളിൽ വളർത്തുന്ന കറിവേപ്പ് ശൈത്യ കാലത്ത് അടുക്കള ജനലിലും മറ്റും വച്ചാണ് തണുപ്പിനെ അതിജീവിക്കാൻ പര്യാപ്തമാക്കുന്നത്. പ്രത്യേക പരിചരണം ആവശ്യം ഇല്ലെങ്കിലും ഇടയ്ക്ക് ചെടികൾക്കും മറ്റും നല്കുന്ന പ്ലാന്റ് ഫുഡ് ഗ്രാന്യൂലുകൾ ചുവട്ടിൽ ഇട്ടാൽ നല്ല ആരോഗ്യത്തോടെ കറിവേപ്പ് വളരും എന്ന് ഹോർഷമിലെ ജിസ്‌മോൻ, ഗ്ലോസ്റ്ററിലെ വിനോദ് മാണി, മാൽവെനിലെ ഷോണി കുറുപ്പംതറ എന്നിവരൊക്കെ പറയുന്നു.

ചെടിച്ചട്ടികളിൽ വളരുന്ന കറിവേപ് ഒക്ടോബർ മാസത്തോടെ തണുപ്പ് തുടങ്ങുമ്പോൾ വീടിനകത്ത് വളർത്തിയാണ് യു കെ മലയാളികൾ മലയാള രുചിയുടെ സുഗന്ധം അറിയുന്നത്. കാലാവസ്ഥ വ്യതിയാനത്തോട് പൊരുതി കറികളിലെ നിത്യസാന്നിധ്യമായി യുകെയിലും കറിവേപ്പില മാറുന്നത് രസകരമായ കാഴ്ചയാണ്. ഏതാനും വർഷം മുമ്പും കറിവേപ്പിലയ്ക്ക് നിരോധനം വന്നിരുന്നെങ്കിലും പിന്നീട് ചെറിയ തോതിൽ ലഭ്യമായി തുടങ്ങിയിരുന്നു. ഈ വിപണി പിന്നീട് ആഫ്രിക്കൻ രാജ്യങ്ങൾ കയ്യടക്കുകയും ചെയ്തു. ഇപ്പോൾ നാമമാത്രമായി ലഭിക്കുന്ന കറിവേപ്പിലയ്ക്ക് ''കയ്ക്കുന്ന'' വിലയാണെന്ന് കവൻട്രി മാർക്കറ്റിലെ പച്ചക്കറിമൊത്ത വ്യാപാരി ആനന്ദ് ശർമ്മ പറയുന്നു. ഒരു പെട്ടി കറിവേപ്പിലയ്ക്ക് 40 പൗണ്ട് വില വരുന്നുവെന്നും ഇത് ചെറിയ പായ്ക്കറ്റ് ആയി 1 പൗണ്ട് വീതം വിലയിട്ടാലും പച്ചപ്പ് നഷ്ടമായാൽ ഉപയോക്താക്കൾ തിരിഞ്ഞു നോക്കാത്തത് മൂലം നഷ്ടം സാധാരണം ആയതിനാൽ ഇപ്പോൾ ആരും തന്നെ കറിവേപ്പില ഓർഡർ നല്കുന്നില്ലെന്നും അദേഹം പറയുന്നു.

ഇത്തവണ ഓണക്കാലത്ത് സദ്യ നടത്തുവാൻ കറിവേപ്പില കിട്ടാതായത്തോടെ കാറ്ററിങ് രംഗത്തുള്ളവർ നാട്ടിൽ അവധിക്കു പോയി വന്ന മലയാളി കുടുംബങ്ങളെ കൊണ്ടാണ് അത്യാവശ്യം കറിവേപ്പില എത്തിച്ചത്. മാരക രോഗങ്ങൾക്ക് കാരണമായേക്കാവുന്ന കീട നാശിനികളുടെ അമിത സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഫുഡ് സ്റ്റാൻഡേർഡ് അഥോറിറ്റിയും ഡിപാർട്ട്‌മെന്റ് ഓഫ് എൻവയോൺമെന്റ് ഫുഡ് ആൻഡ് റൂറൽ അഫയേഴ്‌സും ചേർന്ന് പുതിയ നിരോധനം ഏർപ്പെടുത്തിയത്്. ഇതോടൊപ്പം കറിവേപ്പിൽ പറ്റി പിടിച്ചു എത്തുന്ന പ്രാണികളും മറ്റും ബ്രിട്ടനിലെ കാർഷിക വിളകളെ കൂടി ബാധിക്കും എന്ന ഭീതിയും നിരോധനത്തിന്റെ പുറകിലുണ്ട്.

ഇന്ത്യക്കൊപ്പം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തിയിരുന്ന കറിവേപ്പിനും പുതിയ വിലക്ക് ബാധകമാണ്. അതെ സമയം മാമ്പഴ നിരോധനം വന്നപ്പോൾ ഉത്തരേന്ത്യൻ വംശജരായ ബ്രിട്ടീഷ് കച്ചവടക്കാർക്ക് വേണ്ടി കീത്ത് വ്യാസ് എം പി കാംമ്പൈൻ നടത്താൻ രംഗത്ത് വന്നത് പോലെ മലയാളികളുടെ പച്ചക്കറി നിരോധനം മാറ്റാൻ ആരും ഇടപെടില്ല എന്ന് ഉറപ്പുള്ളതിനാൽ യു കെ മലയാളികളുടെ അടുക്കളയിൽ അടുത്ത കാലത്തൊന്നും കേരളത്തിൽ നിന്നും എത്തുന്ന പച്ചക്കറികൾ ഉപയോഗിക്കാൻ കഴിയില്ല എന്നൂഹിക്കാം. കേരളത്തില പ്രധാനമായും തിരുവനന്തപുരം, പാലക്കാട്, കൊല്ലം, ഇടുക്കി ജില്ലകളിലാണ് കറിവേപ് കൃഷി ഉള്ളത്.

എന്നാൽ യൂറോപ്യൻ കയറ്റുമതി കൂടുതലും എത്തുന്നത് നാഗർകോവിൽ, കോയമ്പത്തൂർ, മധുര, പൊള്ളാച്ചി, തുടങ്ങിയ തമിഴ്‌നാട് വിപണികളിൽ നിന്നുമാണ്. ഒരു കിലോ കറിവേപ്പിന് കർഷകന് 25 മുതൽ 40 രൂപ വരെ ലഭിക്കുമ്പോൾ അതേ ഉല്പന്നം വിദേശ വിപണിയിൽ എത്തുമ്പോൾ 100 ഇരട്ടിയോളം വില വർദ്ധനയാണ് സംഭവിക്കുന്നത്. കാര്യമായ ശ്രദ്ധ കൂടാതെ തന്നെ തഴച്ചു വളരുന്ന കറിവേപ്പിൽ നിന്നും മോശം അല്ലാത്ത വരുമാനം ലഭ്യമായി തുടങ്ങിയതോടെ അനേകം കർഷകർ ഈ രംഗത്ത് വാണിജ്യ അടിസ്ഥാനത്തിൽ കൃഷി തുടങ്ങിയിരുന്നു.

കറിവേപ്പില വീട്ടുമുറ്റത്തുനിന്നും അപ്രത്യക്ഷമായതോടെ ഫുരിടാൻ ഉൾപ്പെടെയുള്ള കീടനാശിനി പ്രയോഗം നടത്തിയാണ് കേരളത്തിലെ വിപണികളിൽ എത്തിയിരുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. എന്നിട്ടും ഇതിനെതിരെ നടപടിയെടുക്കാനോ ബോധവൽക്കരണ ശ്രമം നടത്താനോ കേരള സർക്കാർ തയ്യാറാകാതിരുന്നതാണ് ആത്യന്തികമായി വിദേശവിപണി കൂടി നഷ്ടമാകാൻ കാരണം. അടുത്തിടെ പച്ചക്കറികളിലെ വിഷപ്രയോഗത്തിനെതിരെ വ്യാപകമായ പ്രധിക്ഷേധം ഉണ്ടായതോടെ മനോരമ നല്ലപാഠം പദ്ധതി വഴി ഓരോ വീട്ടിലും കറിവേപ്പ് എന്ന സന്ദേശവുമായി കുട്ടികൾ മുഖേനെ കറിവേപ്പ് വിതരണം നടത്തിയിരുന്നു.

സി പി എമ്മിന്റെ നേതൃത്വത്തിലും കറിവേപ്പ് പ്രചാരണ നടപടികൾ ഊർജ്ജിതമായിട്ടുണ്ട്. പക്ഷെ വീട്ടുമുറ്റത്തെ കറിവേപ്പുകൾ വേരുപിടിക്കുമ്പോഴേക്കും വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്ത കറിവേപ്പുകൾ വിപണി അന്യമായതു മൂലം വേരോടെ പിഴുതെറിയേണ്ടി വരുന്ന സാഹചര്യമാണ് മുന്നിലുള്ളത്. സ്‌പൈസസ് ബോർഡും മറ്റും കറിവേപ്പില കൃഷിക്ക് വിവര വിഞ്ജാന സാങ്കേതിക സഹായം നൽകിയെങ്കിലും കീടബാധക്കെതിരെ ജൈവപ്രയോഗം മാത്രമേ നടത്താൻ പാടുള്ളൂ എന്ന ബോധവൽക്കരണം കർഷകരിൽ എത്തിക്കാൻ ശ്രമിക്കാഞ്ഞതാണ് യൂറോപ്യൻ വിപണി ഒന്നാകെ നഷ്ടമാകാൻ പ്രധാന കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP