Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാണിയുടെ കോഴയ്ക്ക് 'തെളിവ്' ഉണ്ടെന്ന കോടതി വിധി നൽകിയ ആനുകൂല്യം കരീമിന്റെ കോഴയ്ക്ക് 'തെളിവ്' ഇല്ലെന്നതിൽ നഷ്ടമാകുമോ? ചക്കിട്ടപ്പാറ കോഴയിലെ സുകേശന്റെ റിപ്പോർട്ട് പുറത്തുവന്ന 'ടൈമിങ്' എൽഡിഎഫിന്റെ വായടപ്പിക്കും: അഡ്ജസ്റ്റ്‌മെന്റ് വാദമുയർത്തി മുതലെടുക്കാൻ ബിജെപി

മാണിയുടെ കോഴയ്ക്ക് 'തെളിവ്' ഉണ്ടെന്ന കോടതി വിധി നൽകിയ ആനുകൂല്യം കരീമിന്റെ കോഴയ്ക്ക് 'തെളിവ്' ഇല്ലെന്നതിൽ നഷ്ടമാകുമോ? ചക്കിട്ടപ്പാറ കോഴയിലെ സുകേശന്റെ റിപ്പോർട്ട് പുറത്തുവന്ന 'ടൈമിങ്' എൽഡിഎഫിന്റെ വായടപ്പിക്കും: അഡ്ജസ്റ്റ്‌മെന്റ് വാദമുയർത്തി മുതലെടുക്കാൻ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഗോഥയിൽ തന്ത്രങ്ങൾ മെനയുന്നതിൽ ചാണക്യൻ ആരെന്ന ചോദിച്ചാൽ അത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നു തന്നെ ഒരിക്കൽ കൂടി മലയാളികൾ പറഞ്ഞു വെക്കേണ്ടി വരും. തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേയും നിർണ്ണായകമായ തീരുമാനങ്ങൾ എടുത്ത് രാഷ്ട്രീയ കേരളത്തെ അമ്പരപ്പിക്കുകയാണ് ഉമ്മൻ ചാണ്ടി. ഇന്നലെയും ഇന്നുമായി പുറത്തുവന്ന രണ്ട് പ്രധാന വാർത്തകളാണ് ഉമ്മൻ ചാണ്ടി തന്നെയാണ് കേരളാ രാഷ്ട്രീയത്തിലെ ചാണക്യൻ എന്ന് ഉറപ്പിക്കുന്നത്.

ഒന്ന്, വെള്ളാപ്പള്ളി നടേശനെതിരെ ആരോപണം ഉയർന്ന സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച നടപടി ആണ്ട്. രണ്ട്, ചക്കിട്ടപ്പാറ ഖനനാനുമതി കേസിൽ മുന്മന്ത്രി എളമരം കരീം അഞ്ച് കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിൽ തെളിവില്ലെന്നതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കേസ് എഴുതിത്ത്തള്ളിയെന്ന വാർത്ത പുറത്തുവന്നതാണ്. ഈ രണ്ട് വാർത്തകളും പുറത്തുവന്ന ടൈമിങ് തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ്. ബാർ കോഴ കേസിൽ മാണിയെയും സർക്കാറിനെയും പ്രതിരോധിക്കാൻ വേണ്ടിയാണ് ഇതെന്ന കാര്യം വ്യക്തമാണ്.

ചക്കിട്ടപ്പാറ ഖനനത്തിന് അനുമതി നൽകിയെന്ന കേസിൽ എളമരം കരീമിനെതിരെ തെളിവില്ലെന്ന കണ്ടെത്തൽ ഫലത്തിൽ ഇടതുമുന്നണിയെയും സിപിഎമ്മിനെയും സന്തോഷിപ്പിക്കുമ്പോഴും ബാർകോഴ കേസിൽ മാണിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ നിന്നും ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കാരണം, ഈ രണ്ട് കേസുകളും തമ്മിൽ യാദൃശ്ചികമായിട്ടെങ്കിലും ഏറെ സാമ്യതകൾ ഉണ്ട്. രണ്ട് കേസിലും അഞ്ച് കോടി രൂപയാണ് കൈക്കൂലി വാങ്ങിയതെന്ന ആരോപണം ഉയർന്നത്. ഖനനത്തിന് അനുമതി നൽകാൻ വേണ്ടി കർണ്ണാടകത്തിലെ ഖനികമ്പനി കരീം മന്ത്രിയായിരിക്കുമ്പോൾ പണം നൽകി എന്നതാണ് ആരോപണം. ബാർകോഴ കേസിൽ ആകട്ടെ പൂട്ടിയ ബാറുകൾ തുറക്കാനാണ് മാണിക്ക് കോഴ നൽകിയതെന്നതും. രണ്ട് കേസുകളും അന്വേഷിച്ചതാകട്ടെ വിജിലൻസ് എസ് പി സുകേശനും.

രണ്ട് ആരോപണങ്ങളിലും പണം കൊടുത്തവർക്ക് ഗുണം കിട്ടിയില്ലെന്ന പ്രത്യേകത കൂടിയുണ്ട്. ബാർ തുറക്കാൻ പണം കൊടുത്തെങ്കിലും ബാർ തുറക്കാൻ സാധിച്ചില്ല. ചക്കിട്ടപ്പാറയിൽ ഖനനത്തിന് അവസരം ലഭിച്ചതുമില്ല. രണ്ട് നേതാക്കളുടെയും വീട്ടിൽ കോഴപ്പണം എത്തി എന്ന ആരോപണവും ഉയർന്നിരുന്നു. അന്വേഷണത്തിന് ഒടുവിൽ വിജിലൻസ് കരീമിനും മാണിക്കും ക്ലീൻചിറ്റ് നൽകുകയാണ് ഉണ്ടായത്. എന്നാൽ മാണിയുടെ കാര്യത്തിൽ ആകട്ടെ കോടതിയുടെ ഇടപെടാലാണ് കുരുക്കായി മാറിയതും.

ഇങ്ങനെ യാദൃശ്ച്യങ്ങൾ ഒരുപാടുള്ള രണ്ട് കേസുകളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അഡ്ജസ്റ്റ് മെന്റ് നടത്തി എന്ന ആരോപണം ഉന്നയിച്ചാൽ അതിനെ പ്രത്യക്ഷത്തിൽ കുറ്റം പറയാൻ സാധിക്കില്ല. കാരണം രണ്ട് കേസുകളും അന്വേഷിച്ച ഉദ്യോഗസ്ഥന്റെ കണ്ടെത്തൽ തെളിവില്ല എന്നതു തന്നെയാണ്. കരീമിന്റെ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ അംഗീകരിക്കുന്ന സിപിഐ(എം) എന്തുകൊണ്ടാണ് മാണിയുടെ വിഷയത്തിൽ സുകേശനെ വിശ്വസിക്കാത്തത് എന്ന പൊതു ചോദ്യം യുഡിഎഫ് ഇതോടെ ഉയർത്തും. സുകേശനെതിരെ ഇന്ന് പിണറായി വിജയൻ വിമർശനവുമായി രംഗത്തെത്തിയിരുന്നു

നാളെ ഏഴ് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബാർകോഴ കേസ് എൽഡിഎഫ് കൂടുതൽ പ്രചരണായുധമാക്കാൻ ഉദ്ദേശിച്ചിരുന്നത് രണ്ടാം ഘട്ടത്തിലാണ്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥനും തനിക്ക് മേൽ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനിയും ഈ വിഷയം പറഞ്ഞ് കൊണ്ട് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാൻ സിപിഎമ്മിന് കഴിയില്ല. ഇങ്ങനെ രംഗത്തെത്തിയാൽ തന്നെ എളമരത്തിന്റെ കേസിലെ അന്വേഷണം സത്യസന്ധമായിരുന്നില്ലേ എന്ന മറുചോദ്യമാകും യുഡിഎഫ് ചോദിക്കുക.

അതേസമയം വിജിലൻസിന്റെ അന്വേഷണം സത്യസന്ധമല്ലെന്നും രണ്ട് മുന്നണികളും തമ്മൽ ഒത്തുകളിക്കുകയാണെന്ന വാദവുമായി ബിജെപി ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു. ബാർ കോഴ കേസിൽ പ്രതിഷേധം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് എളമരം കരീമിന് ക്ലീൻചിറ്റ് നൽകിയതെന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറയുന്നത്. വരും ദിവസങ്ങളിൽ മുന്നണികൾ തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് കൂടുതൽ ശക്തമായി തെരഞ്ഞെടുപ്പ് വേദികളിൽ ഉന്നയിക്കാനാണ് ബിജെപിയുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP