Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ ഗുണ്ടായിസം ചെറുക്കാൻ സർക്കാരിനാവില്ലേ? അന്യസംസ്ഥാനങ്ങളിലെ ബീഫ് നിരോധനത്തിന്റെ പേരിൽ കാലികളെ തടയുന്നു; കച്ചവടത്തിനു മാർഗമില്ലാതെ വ്യാപാരികൾ; കാലിച്ചന്തകൾ നിശ്ചലം; കേരളത്തിലെ തീന്മേശയിൽ ബീഫില്ലാതാകുമോ?

ഈ ഗുണ്ടായിസം ചെറുക്കാൻ സർക്കാരിനാവില്ലേ? അന്യസംസ്ഥാനങ്ങളിലെ ബീഫ് നിരോധനത്തിന്റെ പേരിൽ കാലികളെ തടയുന്നു; കച്ചവടത്തിനു മാർഗമില്ലാതെ വ്യാപാരികൾ; കാലിച്ചന്തകൾ നിശ്ചലം; കേരളത്തിലെ തീന്മേശയിൽ ബീഫില്ലാതാകുമോ?

കൊച്ചി: കേരളത്തിലേക്ക് കന്നുകാലികളെ കയറ്റിവരുന്ന വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ തടയുന്നതു ശക്തി പ്രാപിച്ചിട്ടും തടയാനാവാതെ സർക്കാർ. ലക്ഷങ്ങൾ വില വരുന്ന കന്നുകാലി ലോഡുകൾ ചില സംഘപരിവാർ സംഘടനകൾ തട്ടിയെടുക്കുന്നതിനെതിരെ പരാതിപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാത്തതിൽ പ്രതിഷേധിച്ച് കേരള കന്നുകാലി കച്ചവടക്ഷേമസമിതി ഞായറാഴ്‌ച്ച മുതൽ സമരത്തിലാണ്.

ഇതോടെ കേരളത്തിലെ നാല്പതിലേറെ പ്രധാന കന്നുകാലിച്ചന്തകൾ സ്തംഭിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിൽനിന്ന് കന്നുകൾ കേരളത്തിലേക്കു വരാതായതോടെ ഇറച്ചി വ്യാപാരമേഖലയും പ്രതിസന്ധിയിലായി. സമരം തീർന്നില്ലെങ്കിൽ ദിവസങ്ങൾക്കകം കേരളത്തിലെ ഇറച്ചിവ്യാപാരവും ഇല്ലാതാകും. മറ്റ് സംസ്ഥാനങ്ങളിലെ ബീഫ് നിരോധനം കാട്ടി കേരളത്തിലുള്ളവരും ബീഫ് കഴിക്കേണ്ട എന്നു പറഞ്ഞുതന്നെയാണ് കന്നുകാലികളെ തടയുന്നതെന്നാണ് വ്യാപാരികളുടെ ആക്ഷേപം.

മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് കന്നുകാലികളെ കൊണ്ടുവരുന്നത് വഴിയിൽ തടയുന്നതിനു തുടക്കം കുറിച്ചത്. മഹാരാഷ്ട്ര സർക്കാർ ബീഫ് നിരോധനം നടപ്പിലാക്കിയതോടെ ഇതിന് ആക്കം കൂടി. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു കൊണ്ടുവരുന്ന കന്നുകാലി വാഹനങ്ങളെ ഒരു സംഘം തടയുകയും കാലികളെ വാഹനത്തിൽനിന്ന് ഇറക്കിക്കൊണ്ടു പോകുകയുമാണ് ചെയ്യുന്നത്. ജനുവരി മാസത്തിൽ തമിഴ്‌നാട്ടിൽ വച്ച് രണ്ട് ലോഡ് കന്നുകാലികളെ ഈ സംഘം ഗോശാലയിലേക്കെന്നു പറഞ്ഞു തട്ടിക്കൊണ്ടു പോയതിൽ നിന്നാണ് തുടക്കം. കന്നുകാലി വ്യാപാരികൾ പൊലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് കോടതിയിൽനിന്ന് കന്നുകളെ വിട്ടുകിട്ടാനുള്ള ഉത്തരവ് സമ്പാദിച്ചെങ്കിലും കന്നുകാലികളെ അത്രയും ദിവസം സംരക്ഷിച്ചതിന് ഉയർന്ന തുക കെട്ടിവെക്കാനും ഉത്തരവിട്ടിരുന്നു. വലിയ തുകയായതിനാൽ കന്നുകാലികളെ വിട്ടുകൊടുക്കുകയാണ് ചെയ്തത്.

തുടർന്നാണ് ഈ സംഘടനയും ഇതിനോടനുബന്ധിച്ച് മറ്റ് ചിലരും വാഹനങ്ങളെ തടഞ്ഞ് കന്നുകളെ തട്ടിക്കൊണ്ടു പോകൽ പതിവാക്കിയത്. ഗോശാലയിലെക്കെന്ന് പറഞ്ഞുകൊണ്ടു പോകുന്ന കന്നുകളെ അവിടെ ചെന്നാലും കാണാത്ത അവസ്ഥയാണെന്ന് കച്ചവടക്കാർ പറയുന്നു. ലോറികളിൽ കന്നുകാലികളെ കൊണ്ടുവരുമ്പോൾ തടഞ്ഞ് പണം ആവശ്യപ്പെടുന്ന സംഘങ്ങളുണ്ട്. കുറഞ്ഞത് പതിനായിരം രൂപയെങ്കിലും ഇവർക്ക് നൽകേണ്ടി വരാറുണ്ട്. നേരത്തെ ജന്തുദ്രോഹത്തിന്റെ പേരിൽ വാഹനം തടഞ്ഞിരുന്നവർ ഇപ്പോൾ ബീഫ് നിരോധനത്തിന്റെ പേരിലാണ് വണ്ടികൾ തടയുന്നത്. ഗോമാതാവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പശുക്കളെയാണെങ്കിൽ പശുക്കളെ കൊണ്ടുവരുന്നില്ലെന്നും അങ്ങനെ ആരെങ്കിലും കൊണ്ടുവരുന്നെങ്കിൽ പിടിച്ചു കൊണ്ടുപോയാലും പരാതിയില്ലെന്നും പറയുന്ന കച്ചവടക്കാരുണ്ട്.

എന്നാൽ പോത്തിനേയും കാളകളേയുമാണ് ഭൂരിഭാഗവും ഇവർ തട്ടിക്കൊണ്ടു പോകുന്നത്. ഒരു കന്നിന് ശരാശരി പതിനായിരം മുതൽ മുപ്പതിനായിരവും നാൽപ്പതിനായിരവുമൊക്കെ വില വരുന്നവയുണ്ട്. ഒരു ലോറിയിൽ 20 മുതൽ 30 വരെ കന്നുകാലികളുണ്ടാവും. ഇവ ഒന്നും രണ്ടും ലോഡ് ഒരുമിച്ച് ഒര കൂട്ടം ആളുകൾ തട്ടിക്കൊണ്ടുപോകുന്നതിനെതിരെ തമിഴ്‌നാട്, കേരള സർക്കാറുകൾ ഒന്നും ചെയ്യുന്നില്ലെന്നാണ് കച്ചവടക്കാരുടെ ആക്ഷേപം. ലോറികളിൽ അമിതമായി കന്നുകാലികളെ കുത്തിനിറക്കുന്നതായി ആരോപിച്ച് പൊലീസും ചില ജന്തുക്ഷേമ സംഘടനകളും വാഹനങ്ങൾ തടയുന്നതും പതിവാണ്. എന്നാൽ ഒരു വാഹനത്തിൽ എത്ര കന്നുകാലികളെ കയറ്റാമെന്നതു സംബന്ധിച്ച് സർക്കാർ വ്യക്തമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. ഇതിന് വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കന്നുകാലി കച്ചവട ക്ഷേമസമിതി ആവശ്യപ്പെടുന്നുണ്ട്.

കന്നുകാലി വ്യാപാരവും ഇറച്ചി വിൽപ്പനയുമൊക്കെ അംഗീകൃത തൊഴിലായി സർക്കാർ അംഗീകരിക്കാത്ത പക്ഷം സമീപഭാവിയിൽ തന്നെ ഇതില്ലാതാകുമെന്ന് ഇവർ പറയുന്നു. കേരളത്തിലേക്കുള്ള കന്നുകാലികളെ തടയുന്നതിനെതിരെ കഴിഞ്ഞ ഞായറാഴ്‌ച്ച തുടങ്ങിയ സമരം ശക്തമായി തുടരുകയാണ്. തിങ്കളാഴ്‌ച്ച മുതൽ കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽനിന്ന് കന്നുകാലികൾ എത്തുന്നില്ല. കേരളത്തിലെ തന്നെ പ്രമുഖ കാലിചന്തയായ വാണിയംകുളം ചന്ത വ്യാഴാഴ്‌ച്ച അടഞ്ഞു കിടന്നു. ഹർത്താൽ ദിനത്തിൽ പോലും പ്രവർത്തിക്കാറുള്ളതാണ് വാണിയംകുളം ചന്ത. സമരത്തിൽ പങ്കുചേർന്നു കൊണ്ട് 28, 29 ദിവസങ്ങളിൽ സംസ്ഥാനത്തെ ഇറച്ചികടകളും അടഞ്ഞുകിടക്കും. 29 ന് കേരളത്തിലേയും തമിഴ്‌നാട്ടിലേയും കന്നുകാലി വ്യാപാരികൾ ചെന്നൈയിൽ ധർണ നടത്തുന്നുണ്ട്.

അതേസമയം കേരളത്തിലെ ജനങ്ങളെ ബീഫ് തീറ്റിക്കില്ലെന്ന സംഘപരിവാർ സംഘടനയുടെ ലക്ഷ്യം കന്നുകാലി വ്യാപാരികളുടെ സമരം കൊണ്ടെങ്കിലും ഭാഗികമായി വിജയിക്കുകയാണ്. കേരളത്തിലേക്കുള്ള വരുന്ന കന്നുകാലികൾക്ക് തമിഴ്‌നാട്ടിൽ സുരക്ഷിതത്വം നൽകാത്തിടത്തോളം പ്രശ്‌ന പരിഹാരം എളുപ്പമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP