Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബീഫ് ഇന്ത്യയെ ഭിന്നിപ്പിക്കുമ്പോൾ കേരളത്തെ ഒന്നിപ്പിക്കുന്നത് എന്തുകൊണ്ട്? പോത്തിറച്ചി മലയാളികളുടെ മതേതര മെനുവായി മാറിയത് എങ്ങനെ? ചരിത്രം പറയുന്നത് രസകരമായ കഥകൾ

ബീഫ് ഇന്ത്യയെ ഭിന്നിപ്പിക്കുമ്പോൾ കേരളത്തെ ഒന്നിപ്പിക്കുന്നത് എന്തുകൊണ്ട്? പോത്തിറച്ചി മലയാളികളുടെ മതേതര മെനുവായി മാറിയത് എങ്ങനെ? ചരിത്രം പറയുന്നത് രസകരമായ കഥകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ ബീഫിനോട് കാട്ടുന്ന അയിത്തം എന്തുകൊണ്ടാണ് കേരളത്തിൽ ഇല്ലാത്തത്? മലയാളികൾ ബീഫ് ബിരിയാണിയുടെയും ബീഫ് കറിയുടെയും പിന്നാലെ പായുന്നത് എന്തുകൊണ്ടാണ്? ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് മനുഷ്യരെ തല്ലിക്കൊല്ലുന്ന രാജ്യത്തുതന്നെ, ഒരുനേരം ബീഫ് കഴിച്ചില്ലെങ്കിൽ ഉറക്കം വരാതെ മലയാളികൾക്ക് ജീവിക്കാൻ സാധിക്കുന്നതെന്തുകൊണ്ട്?

കേരളത്തിൽ ബീഫിന് മതവുമായി യാതൊരു ബന്ധവുമില്ല എന്നതുതന്നെ അതിന്റെ അടിസ്ഥാന കാരണം. വ്യത്യസ്ത മതത്തിൽപ്പെട്ടവരും വ്യത്യസ്ത തലങ്ങളിൽപ്പെട്ടവരും ബീഫ് കഴിക്കുന്നതിനോട് കാര്യമായ എതിർപ്പുള്ളവരല്ല. കഴിക്കാത്തവരുണ്ടാകാം. എന്നാൽ, കഴിക്കുന്നവരോട് ആർക്കും കാര്യമായ അസഹിഷ്ണുതയില്ല എന്നതാണ് മലയാളിയുടെ ഭക്ഷണ മതേതരത്വം. മാത്രമല്ല, ആരെങ്കിലും ഭക്ഷണകാര്യത്തിൽ കടുംപിടിത്തവുമായി വന്നാൽ, സമൂഹമൊന്നടങ്കം അതിനെ ചെറുക്കുമെന്നതും കേരളത്തെ വേറിട്ടുനിർത്തുന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ബീഫ് നിരോധിക്കാൻ മുൻകൈയെടുക്കുന്ന സംഘപരിവാറിനുപോലും കേരളത്തിൽ അത്തരമൊരു പിടിവാശിയില്ല. എന്തു ഭക്ഷണം കഴിക്കണമെന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അതിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്നുമുള്ള ഉറച്ച നിലപാട് മലയാളികൾക്കുണ്ട്. അതിനെ ചോദ്യം ചെയ്താൽ കേരളത്തിൽ നിലനിൽപ്പുണ്ടാകില്ലെന്ന് ഇവിടുത്തെ ബിജെപി നേതാക്കൾക്കും ധാരണയുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിൽ ബീഫ് നിരോധനത്തിനുവേണ്ടി ബിജെപി നിലപാടെടുക്കുകയുമില്ല.

കേരളത്തിലെ ബീഫ് പ്രേമം അത്ര പഴയതല്ല. സമീപകാലത്തുണ്ടായ സാമൂഹിക മാറ്റങ്ങളാണ് കേരളീയരെ ബീഫിലേക്ക് ഇത്രയേറെ അടുപ്പിച്ചത്. യഥാർഥത്തിൽ 20-ാം നൂറ്റാണ്ടുവരെ കേരളീയർക്ക് പൊതുവായ വിഭവങ്ങൾ പോലുമുണ്ടായിരുന്നില്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഭക്ഷണവും പല തട്ടിലായിരുന്നു. പ്രാദേശികമായ വ്യത്യാസങ്ങളും വിഭവങ്ങളുടെ കാര്യത്തിലുണ്ടായിരുന്നു.

മാംസാഹാരം ഇവിടുത്തെ ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും വിഭവം മാത്രമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. വ്യത്യസ്ത മതത്തിലുള്ളവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതുപോലും വലിയ സാമൂഹിക വിപ്ലവങ്ങൾക്കുശേഷം മാത്രമാണ് സംഭവിച്ചത്. എന്നാൽ, ആദ്യഘട്ടങ്ങളിൽ വ്യത്യസ്ത മതവിഭാഗക്കാർ ഇടകലർന്നിരുന്ന് ഭക്ഷണം കഴിച്ചപ്പോഴും, സസ്യാഹാരം മാത്രമായിരുന്നു വിഭവങ്ങളായി ഉണ്ടായിരുന്നത്.

ഇതിനൊരു കാര്യമായ വ്യത്യാസമുണ്ടാകുന്നത് മലയാളികളുടെ ഗൾഫ് കുടിയേറ്റത്തോടെയാണ്. അറുപതുകളിൽ തുടങ്ങിയ ഈ പ്രതിഭാസം കേരളത്തിന്റെ സമ്പദ്ഘടനയെ മാത്രമല്ല, ഭക്ഷണ ശീലങ്ങളെയും കാര്യമായി സ്വാധീനിച്ചു. വിവിധ രാജ്യങ്ങളിലെത്തിയ മലയാളികൾ അവിടുത്തെ ഭക്ഷണത്തെയും നാട്ടിലേക്ക് ഒപ്പം കൂട്ടി. വെജിറ്റേറിയൻ ഹോട്ടലുകളുടെ സ്ഥാനത്ത് നോൺ വെജിറ്റേറിയൻ ഹോട്ടലുകൾ ഇടംപിടിച്ചു.

മധ്യകേരളത്തിൽനിന്ന് മലബാറിലേക്ക് ക്രിസ്ത്യാനികളുടെ കുടിയേറ്റത്തിനും ബീഫുമായി ബന്ധമുണ്ട്. വീട്ടിലെ വളർത്തുകോഴിയെ കൊന്ന് വിഭവങ്ങളാക്കിയിരുന്ന ക്രൈസ്തവരുടെ ഇടയിലേക്ക് ബീഫ് കടന്നുവന്നത് അങ്ങനെയാണ്. ബീഫും പൊറോട്ടയും പതുക്കെ മലയാളിയുടെ ദേശീയ ഭക്ഷണമായി മാറി. ഇടതുപക്ഷത്തിന്റെ സ്വാധീനവും ബീഫ് വ്യാപനത്തിന് കാരണമായി. നിലവിലുള്ള മത-സാമൂഹിക ചട്ടക്കൂടുകളെ പൊളിച്ചെറിഞ്ഞ് കേരളത്തെ മതനിരപേക്ഷമായി നിലനിർത്താനുള്ള ഇടതുപക്ഷ ശ്രമത്തിൽ ഭക്ഷണവും കടന്നുവന്നു. മാംസാഹാരത്തിന്റെ വ്യാപനത്തിന് ഇങ്ങനെയൊരു രാഷ്ട്രീയ മുഖവും കൈവന്നു.

കേരളത്തിലെ അറുപത് ശതമാനം ആർഎസ്എസുകാരും ബീഫ് കഴിക്കുന്നവരാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ തയ്യാറായി. ഇതിനെതിരെ പ്രതികരിക്കാൻ പോലും കേരളത്തിലെ ബിജെപി നേതൃത്വമോ സംഘപരിവാറോ തയ്യാറായില്ല. പിണറായി പറഞ്ഞതിൽ സത്യമുണ്ടെന്ന പരസ്യ സമ്മതമായി ഇതിനെ വിലയിരുത്തുന്നുണ്ട്. ചെലുവുകുറഞ്ഞ ഇറച്ചിയെന്ന നിലയിൽ ബീഫിനെയാണ് മലയാളി ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ഇടത്തരക്കാരുടെ പ്രിയ ആഹാരമാണ് ബീഫ്. ഹോട്ടലുകളുടെ ഭക്ഷണത്തെ ആശ്രയിക്കുന്ന ബഹു ഭൂരിപക്ഷവും ബീഫിനെയാണ് സസ്യേതര ആഹാരങ്ങളിൽ പ്രധാന സ്ഥാനത്ത് നിർത്തുന്നത്. മീനിനു പോലും ബീഫിനേക്കാൾ വിലയുണ്ടെന്ന തിരിച്ചറിവാണ് ഇതിന് കാരണം.

കേരളത്തിൽ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കും ബീഫാണ് പ്രിയങ്കരം. വിലക്കുറവ് തന്നെയാണ് ഇതിന് കാരണം. സ്വന്തം സംസ്ഥാനത്ത് കിട്ടാത്ത ബീഫിന്റെ രുചി ഭേദങ്ങൾ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ അനുഭവിച്ചറിയുന്നു. അവരും ഈ വിഭവത്തെ ഏറ്റെടുക്കുമ്പോൾ ഹോട്ടലുകാരുടെ പ്രിയ വരുമാന മാർഗ്ഗമായി ഈ വിഭവം തീൻ മേശകളിൽ നിറയുന്നു. അതുകൊണ്ട് കൂടിയാണ് ആർക്കും എതിർക്കാനാവാത്ത വിഭവമായി ബീഫ് കേരളത്തിൽ മാറുന്നത്. ഇത് കഴിക്കാത്തവർ കേരളത്തിൽ കുറവാണ്. ഈ സാഹചര്യത്തിലാണ് സംഘപരിവാർ രാഷ്ട്രീയത്തിന് പോലും ബീഫിനെ മൗനമായി അംഗീകരിക്കേണ്ട അവസ്ഥ വരുന്നത്. പശുവിറച്ചിയെ മാത്രമേ ഇവിടെ എതിർക്കപ്പെടുന്നുള്ളൂ.

വ്യക്തി സ്വാതന്ത്ര്യത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന കേരളത്തിൽ ബീഫിന്റെ പേരിലെ ചർച്ച തിരിച്ചടിയാകുമെന്ന് ഏവർക്കും അറിയാം. അതുകൊണ്ട് തന്നെയാണ് കേരളാ ഹൗസിൽ ഡൽഹി പൊലീസ് റെയ്ഡ് നടന്നില്ലെന്ന് ബിജെപിക്കാർ ആവർത്തിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകാലത്ത് ബീഫിനെ എതിർക്കുന്നതിലെ തിരിച്ചടി പാർട്ടിയിലെ കേന്ദ്ര നേതൃത്വവും തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെയാണ് തെറ്റ് ഡൽഹി പൊലീസ് സമ്മതിച്ചത്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഖേദ പ്രകടനവും നടത്തി. ബീഫിൽ മലയാളിയുടെ ഒത്തൊരുമയുടെ വിജയമാണ് ഈ ഏറ്റുപറച്ചിലുകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP