Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോട്ടിവേഷൻ ട്രെയിനറുടേയും ഭാര്യയുടേയും ജീവനെടുത്തത് ദേശീയപാതാ നിർമ്മാണ കരാർ കമ്പനിയായ കെഎൻസി സംരക്ഷണഭിത്തി കെട്ടുന്നതിൽ വരുത്തിയ അലംഭാവം; ബാരിക്കേഡില്ലാത്ത കുളത്തിലേക്ക് ക്രെറ്റ കാർ വീണത് മുമ്പിലുണ്ടായിരുന്ന ചരക്ക് ലോറി അപ്രതീക്ഷിതമായി വശം മാറിയപ്പോൾ വെട്ടിക്കേണ്ടി വന്നതു കൊണ്ട്; കൊല്ലപ്പെട്ടത് സക്സസ് അൺലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ എംഡിയും ഭാര്യയും; ബെന്നി ജോർജിന്റേയും ഷീലയുടേയും മരണത്തിന് പിന്നിൽ നിറയുന്നത് റോഡ് വികസനത്തിലെ മെല്ലെപ്പോക്ക്

മോട്ടിവേഷൻ ട്രെയിനറുടേയും ഭാര്യയുടേയും ജീവനെടുത്തത് ദേശീയപാതാ നിർമ്മാണ കരാർ കമ്പനിയായ കെഎൻസി സംരക്ഷണഭിത്തി കെട്ടുന്നതിൽ വരുത്തിയ അലംഭാവം; ബാരിക്കേഡില്ലാത്ത കുളത്തിലേക്ക് ക്രെറ്റ കാർ വീണത് മുമ്പിലുണ്ടായിരുന്ന ചരക്ക് ലോറി അപ്രതീക്ഷിതമായി വശം മാറിയപ്പോൾ വെട്ടിക്കേണ്ടി വന്നതു കൊണ്ട്; കൊല്ലപ്പെട്ടത് സക്സസ് അൺലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ എംഡിയും ഭാര്യയും; ബെന്നി ജോർജിന്റേയും ഷീലയുടേയും മരണത്തിന് പിന്നിൽ നിറയുന്നത് റോഡ് വികസനത്തിലെ മെല്ലെപ്പോക്ക്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വാണിയമ്പാറയിൽ കാർ കുളത്തിലേക്കു മറിഞ്ഞു ദമ്പതികൾ കൊല്ലപ്പെട്ടതിന് കാരണം ചരക്ക് ലോറിയുടെ അശ്രദ്ധ ഡ്രൈവിങ്. വൈറ്റില കേലൂരിൽ 9/25 സി.വില്ല നമ്പർ 5 ലെ ബെന്നി ജോർജ് (53), ഭാര്യ ഷീല (46) എന്നിവരാണു മരിച്ചത്. ഡ്രൈവർ വൈറ്റില സ്വദേശി ശശി കർത്ത അദ്ഭുതകരമായി രക്ഷപ്പെട്ടു. മോട്ടിവേഷൻ ട്രെയിനറായ ബെന്നി ജോർജ് എറണാകുളം പനമ്പിള്ളി നഗറിൽ സക്‌സസ് അൺലിമിറ്റഡ് എന്ന സ്ഥാപനം നടത്തുകയായിരുന്നു.

ദേശീയ പാതയോടു ചേർന്നു ബാരിക്കേഡില്ലാത്ത കുളത്തിലേക്കാണു കാർ വീണത്. കോയമ്പത്തൂരിൽനിന്നു തൃശൂർ ഭാഗത്തേക്കു പോയ കാർ ഇന്നലെ പുലർച്ചെ രണ്ടിനാണ് 20 അടി താഴ്ചയിലേക്കു മറിഞ്ഞത്. മുൻപിലുണ്ടായിരുന്ന ചരക്കുലോറി അപ്രതീക്ഷിതമായി വശം മാറിയതാണ് പ്രശ്‌നമായത്. അങ്ങനെ ലോറി വെട്ടിമാറിയപ്പോൾ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.

ഇവിടെ റോഡിന്റെ വശത്ത് ഒരടി ഉയരത്തിൽ തിണ്ട് കെട്ടിയിട്ടുണ്ട്. ഈ തിണ്ടിൽ ഇടിച്ച കാർ പല തവണ മറിഞ്ഞു കുളത്തിലേക്കു വീഴുകയായിരുന്നു. കാർ പൂർണമായും വെള്ളത്തിൽ മുങ്ങി. പുറത്തു കടന്ന ഡ്രൈവർ കുളത്തിലുണ്ടായിരുന്ന ഒരു മരത്തിൽ പിടിച്ച് അര മണിക്കൂറോളം അലറി. ഇതിന് ശേഷമാണ് നാട്ടുകാരെത്തി രക്ഷിച്ചത്. റോഡിനോടു ചേർന്ന കുളത്തിന്റെ ഭാഗം നികത്തിയാണു റോഡുണ്ടാക്കിയത്. വാഹനങ്ങൾ കുളത്തിലേക്കു വീഴുന്നതു തടയാനായി ഇവിടെ ഇരുമ്പു ബാരിക്കേഡുകളോ മറ്റു തടസ്സങ്ങളോ ദേശീയ പാത അഥോറിറ്റി സ്ഥാപിച്ചിട്ടില്ല. അപകടസമയം ദമ്പതികൾ ഉറക്കത്തിലായിരുന്നെന്നു ഡ്രൈവർ പറഞ്ഞു. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന കാർ കരയ്ക്കു കയറ്റിയ ശേഷം 4.30നാണ് ഷീലയുടെ മൃതദേഹം കാറിൽനിന്നു കണ്ടെടുക്കാനായത്. സ്‌കൂബ ടീമിന്റെ തിരച്ചിലിനു ശേഷം 6.30ന് ബെന്നിയുടെ മൃതദേഹം കണ്ടെത്തി. വെള്ളം കുടിച്ചാണ് ഇരുവരും മരിച്ചത്.

കുളത്തിലെ മരക്കുറ്റിയിൽ പിടിച്ചുനിന്ന കാർ ഡ്രൈവർ ശശി കർത്തയെ വടമെറിഞ്ഞു കരയ്ക്കുകയറ്റി ആശുപത്രിയിലെത്തിച്ചു. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് അപകടം. കോയമ്പത്തൂരിൽ റോട്ടറി ക്ലബിന്റെ പരിപാടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ദമ്പതികൾ. എറണാകുളത്ത് സക്സസ് അൺലിമിറ്റഡ് എന്ന എച്ച്. ആർ. സ്ഥാപനത്തിന്റെ എം.ഡിയാണ് ബെന്നി. റോട്ടറി ക്ലബിന്റെ രണ്ടു ജില്ലകളുടെ ചുമതല വഹിച്ചിരുന്നു. വർഷങ്ങളായി എറണാകുളത്താണു താമസം. കൊച്ചിൻ വെസ്റ്റ് റോട്ടറി ക്ലബ് അംഗവും ഡിസ്ട്രിക്ട് സെക്രട്ടറിയുമാണ്. ടാറ്റാ ഡോകോമിലെ മുൻ ഉദ്യോഗസ്ഥയാണ് മടക്കത്താനം കണ്ടിരിക്കൽ കുടുംബാംഗമായ ഷീല. ഏക മകൾ: അലീന, മരുമകൻ: അശ്വിൻ (പാമ്പാടി മൂലത്തറ കുടുംബാംഗം) പരേതനായ പാലക്കാട്ട് ജോർജിന്റെ മകനാണ് ബെന്നി. മാതാവ്: റിട്ട. എസ്.ബി.ഐ. മാനേജർ സെലിൻ കദളിക്കാട് (കണ്ടിരിക്കൽ കുടുംബാംഗം). കൊച്ചിയിൽ കാൻക്യൂർ എന്ന സ്ഥാപനം നടത്തിവരിയായിരുന്നു ഷീല. പിതാവ്: സി.എം. അബ്രഹാം, മാതാവ് ആനി.

കുളത്തിനു കൈവരിയില്ല. ഫയർഫോഴ്സിന്റെ സ്‌കൂബ ടീമും നാട്ടുകാരും മണിക്കൂറിലധികം നേരം തെരച്ചിൽ നടത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സ്‌കൂബ ടീമിലെ ഫിറോസ്, രാജേഷ് എന്നിവർ ഏറെനേരം മുങ്ങിത്തപ്പി. പുലർച്ചെ അഞ്ചരയോടെ ഷീലയുടെ മൃതദേഹമാണ് കാറിനകത്തുനിന്ന് ആദ്യം കണ്ടെത്തിയത്. ഒരു മണിക്കൂറിനു ശേഷമാണ് ബെന്നിയുടെ മൃതദേഹം മുങ്ങൽവിദഗ്ദ്ധർ കണ്ടെത്തിയത്. വീഴ്ചയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച ക്രെറ്റ കാറിന്റെ മുൻഭാഗം തകർന്നു. ഒരു ഡോർ തുറന്നു. കാർ പിന്നീട് കുളത്തിൽനിന്ന് ഉയർത്തിയെടുത്തു.

തൃശൂർ, വടക്കഞ്ചേരി ഫയർഫോഴ്സ്, പീച്ചി പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. തൃശൂർ ഫയർഫോഴ്സിലെ ലീഡിങ് ഫയർമാൻ ടി. അനിൽകുമാർ, വടക്കഞ്ചേരി അസി.സ്റ്റേഷൻ ഓഫീസർ ഇ.സി. ഷാജു, യു.എ. യൂസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കുളത്തിൽ തെരച്ചിൽ നടത്തിയത്. തൃശൂർ എ.സി.പി: വി.കെ. രാജു, ഒല്ലൂർ എസ്‌ഐ. റെജികുട്ടി, ഹൈവേ പൊലീസ് എന്നിവരുമെത്തി. ദേശീയപാതാ നിർമ്മാണ കരാർ കമ്പനിയായ കെ.എൻ.സി. സംരക്ഷണഭിത്തി പൂർത്തിയാകാത്തതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.

കാർ ഓടിച്ചിരുന്ന തൃപ്പൂണിത്തറ സ്വദേശി ശശി കർത്ത അത്ഭുതകാരമായി രക്ഷപെട്ടു. കുളത്തിന്റെ ഒരു വശത്ത് നിന്ന കമ്പിൽ പിടിച്ച് നിന്നാണ് രാമൻ കർത്ത രക്ഷപ്പെട്ടത്. സമീപത്തെ കെട്ടിടത്തിൽ താമസിക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ശബ്ദം കേട്ട് അപകട വിവരം നാട്ടുകാരെ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP