Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൊറോണക്കാലത്ത് സംസ്ഥാന സർക്കാരിന് മാനഹാനിക്കൊപ്പം ധനനഷ്ടവും; ബവ്ക്യൂ ആപ്പിനായുള്ള കാത്തിരിപ്പിലൂടെ നഷ്ടമായത് 200 കോടിയോളം രൂപ; ആപ് പൊല്ലാപ്പായതോടെ വീണ്ടും വരുമാനം കുറഞ്ഞു; കൊവിഡ് പ്രതിരോധത്തിൽ ഹീറോ ആയവർ ഓൺലൈൻ മദ്യവിതരണത്തിൽ സീറോ ആയത് ഇങ്ങനെ

കൊറോണക്കാലത്ത് സംസ്ഥാന സർക്കാരിന് മാനഹാനിക്കൊപ്പം ധനനഷ്ടവും; ബവ്ക്യൂ ആപ്പിനായുള്ള കാത്തിരിപ്പിലൂടെ നഷ്ടമായത് 200 കോടിയോളം രൂപ; ആപ് പൊല്ലാപ്പായതോടെ വീണ്ടും വരുമാനം കുറഞ്ഞു; കൊവിഡ് പ്രതിരോധത്തിൽ ഹീറോ ആയവർ ഓൺലൈൻ മദ്യവിതരണത്തിൽ സീറോ ആയത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊറോണക്കാലത്തും സംസ്ഥാന സർക്കാർ സ്വന്തക്കാരെ സഹായിക്കാനിറങ്ങിയതോടെ മാനഹാനിയും ധനനഷ്ടവും. കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ പടുത്തുയർത്തിയ പ്രതിച്ഛായ മദ്യവിതരണത്തിന്റെ കാര്യത്തിൽ പാളിപ്പോകുകയായിരുന്നു. ബവ് ക്യൂ ആപ്പുമായി ഓൺലൈൻ മദ്യവിതരണം ആരംഭിക്കാൻ വൈകിയത് മൂലം മാത്രം സംസ്ഥാന സർക്കാരിന് 200 കോടിയോളം രൂപയാണ് വരുമാന നഷ്ടം. ആപ്പ് പാളിയത് വഴിയുണ്ടായ ധനനഷ്ടവും മാനഹാനിയും വേറെയും. സംഭവിച്ച പിഴവുകൾ നിരത്തി മദ്യവിതരണം ആപ്പ് വഴി നടത്തും എന്ന് സർക്കാർ പറയുമ്പോഴും ഖജനാവിലേക്ക് എത്തേണ്ടിയിരുന്ന കോ‍ടികൾ നഷ്ടമായതിനെ കുറിച്ച് ആരും ഒരക്ഷരം മിണ്ടുന്നില്ലയ

ബവ്ക്യൂ ആപ്പിനായുള്ള കാത്തിരിപ്പിനു സർക്കാർ നൽകേണ്ടി വന്ന വിലയാണ് 200 കോടിയോളം രൂപ. 20ന് ബവ്കോ ഷോപ്പുകൾ തുറക്കാനും ബാറുകൾ വഴി പാഴ്സലായി മദ്യം വിളമ്പാനും സർക്കാർ തീരുമാനിച്ചെങ്കിലും എല്ലാം വൈകിപ്പിച്ചത് ആപ് വഴി ടോക്കൺ നൽകാനുള്ള കാത്തിരിപ്പായിരുന്നു. ഒടുവിൽ ആപ് ഇറങ്ങിയത് ഒരാഴ്ചയ്ക്കു ശേഷം. 30 കോടി മുതൽ 40 കോടി രൂപ വരെയാണ് ബവ്റിജസ് കോർപറേഷന്റെ ഒരു ദിവസത്തെ ശരാശരി വിറ്റുവരവ്. ഇതനുസരിച്ച് 7 ദിവസം കൊണ്ട് 200 കോടിയോളം നഷ്ടപ്പെട്ട സർക്കാർ, ആപ് പൊല്ലാപ്പായതോടെ ഇപ്പോൾ വീണ്ടും നഷ്ടം സഹിക്കേണ്ട ഗതികേടിലായി. 64 ദിവസം പൂട്ടിക്കിടന്നതിനാൽ വന്ന 2000 കോടിയുടെ നഷ്ടത്തിനു പുറമേയാണ് 200 കോടിയുടെ നഷ്ടം.

301 ബവ്കോ ഔട്ട്‌ലെറ്റുകളിലൂടെ മാത്രം 5 ലക്ഷത്തിലേറെ പേർക്കാണു ലോക്ഡൗണിനു മുൻപ് ഒരു ദിവസം മദ്യം നൽകിയിരുന്നത്. ആപ്പിലൂടെ ആദ്യ ദിവസം ഇതിന്റെ പകുതി പേർക്കു പോലും ടോക്കൺ ലഭിച്ചില്ല. മദ്യം വാങ്ങിയവരുടെ എണ്ണം പിന്നെയും കുറഞ്ഞു. 301 ബാർ ഹോട്ടലുകൾ വഴി കൂടി കുപ്പി നൽകാൻ തീരുമാനിച്ചിട്ടും പകുതി പേർക്കു പോലും വിൽക്കാൻ കഴിയാത്തത് സർക്കാരിനു വലിയ തിരിച്ചടിയായി. ബാർ ഹോട്ടലുകളിൽ കൂടി വിൽപനയ്ക്കുള്ള സൗകര്യം ഒരുക്കിയതിനാൽ ഓൺലൈൻ ടോക്കൺ വേണ്ടെന്ന നിലപാട് എക്സൈസ് വകുപ്പിലെ ചില ഉന്നതർക്കുണ്ട്. ഓരോ ഷോപ്പിനു മുന്നിലും ഏതാനും പൊലീസുകാരെ നിയോഗിച്ചാൽ മതിയാകും. ഇക്കാര്യം മന്ത്രിയെ ധരിപ്പിച്ചെങ്കിലും തൽക്കാലം ബവ്ക്യൂ ആപ് തയാറാക്കിയ സ്റ്റാർട്ടപ് കമ്പനിയെ സഹായിക്കണമെന്ന രാഷ്ട്രീയ നിലപാടിനാണു മുൻതൂക്കം.

സ്റ്റോക്ക് ഇല്ലാത്തതും തിരിച്ചടിയായി

ഇന്നലെ ടോക്കൺ ലഭിച്ചവർ ബാറുകളിൽ എത്തിയപ്പോൾ പല സ്ഥലത്തും സ്റ്റോക്കില്ല. ചില സ്ഥലങ്ങളിൽ വില കൂടിയ ഇനം മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ ആഴ്ച ആദ്യം തന്നെ ബാറുകളുടെ ഓർഡർ സ്വീകരിക്കാൻ സർക്കാർ വെയർഹൗസ് മാനേജർമാർക്കു നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സ്റ്റോക്ക് എടുക്കാൻ എക്സൈസ് വകുപ്പ് അനുവദിച്ചില്ല. ബുധനാഴ്ച വൈകിട്ട് എക്സൈസ് മന്ത്രിയുടെ വാർത്താ സമ്മേളനം കഴിഞ്ഞു മാത്രമേ കുറച്ചു പേർക്കു മദ്യം വിതരണം ചെയ്തുള്ളൂ. അതോടെയാണ് ഇന്നലെ സ്റ്റോക്ക് തീർന്നത്. എന്നാൽ ഇന്നലെ ഭൂരിപക്ഷം ബാറുകാരും ആവശ്യത്തിനു സ്റ്റോക്ക് എടുത്തു.

ആദ്യ ദിന വിൽപന 50 കോടി

മദ്യവിൽപന പുനരാരംഭിച്ച വ്യാഴാഴ്ച സംസ്ഥാനത്ത് 50 കോടി രൂപയിലേറെ രൂപയുടെ മദ്യ വിൽപന നടന്നു. ബാറുകളിലെ വിൽപനയുടെ കണക്ക് ലഭിച്ചിട്ടില്ല. ബവ്കോയുടെ 270 വിൽപന കേന്ദ്രങ്ങളിലൂടെ മാത്രം 22.7 കോടി രൂപയുടെ മദ്യമാണു വിറ്റത്. കൺസ്യൂമർ ഫെഡിന്റെ 36 വിൽപന കേന്ദ്രങ്ങളിലൂടെ 2 കോടി രൂപയുടെ മദ്യം വിറ്റു. സാധാരണ ദിവസങ്ങളിൽ 6 കോടിയുടെ വിൽപനയാണു നടക്കുന്നത്. 32 കോടി രൂപയാണ് ബവ്കോയുടെ ഒരു ദിവസത്തെ ശരാശരി വിൽപന. 612 ബാർ ഹോട്ടലുകളിൽ 576 പേർ മദ്യം വിതരണം ചെയ്യാൻ അംഗീകാരം നേടിയിരുന്നു. 360 ബീയർ വൈൻ ഷോപ്പുകളിൽ 291പേർ വിൽപന നടത്താൻ സന്നദ്ധരായി. എണ്ണത്തിൽ കൂടുതലുള്ളതിനാൽ ബാറുകളിലും ബീയർ, വൈൻ പാർലറുകളിലും ബവ്കോയുടെ ഇരട്ടി വിൽപന നടന്നിട്ടുണ്ടാകാമെന്നാണു എക്സൈസ് കരുതുന്നത്.

രണ്ടാം ദിനവും പരാതികൾക്ക് പരിഹാരമായില്ല

അതംസമയം, ഓൺലൈൻ മദ്യ വിതരണത്തിനു കൊണ്ടു വന്ന ആപ് രണ്ടാം ദിവസവും പൂർണ സജ്ജ്‌മായില്ല. ഒ ടി പി പ്രശ്നം പരിഹരിച്ചെന്ന് ഫെയർകോഡ്‌ കമ്പനി bപറയുന്നുണ്ടായിരുന്നെങ്കിലും മദ്യം ബുക്ക് ചെയ്യുന്നതിനായി ആപ്പ് ഓപ്പൺ ചെയ്‌തവർക്ക് അതിന് കഴിഞ്ഞില്ല. രാവിലെ 6 മണി മുതൽ രാത്രി 10 വരെ മദ്യം ബുക്ക് ചെയ്യാൻ അവസരം ഉണ്ടെന്നു പറഞ്ഞിലും ആപ്പ് സജ്ജം ആകാത്തിനാൽ സമയം തന്നെ മാറ്റി. പുലർച്ചെ 3.45 മുതൽ 9 മണി വരെ എന്നാക്കി. പക്ഷെ രാവിലെ 8 മണിക്ക് ബുക്ക് ചെയ്യാൻ ശ്രമിച്ചവർക്കും അതിനു സാധിച്ചില്ല.

ആപ്പ്‌ പ്രവർത്തനം നിലച്ചിട്ടും ഫെയർ കോഡ് ടെക്നോളജിസ് പ്രതിനിധികൾ പ്രതികരിച്ചതുമില്ല. മാത്രമല്ല മദ്യ വിതരണത്തിന്റെ ലിങ്ക് ഉൾപ്പെടുന്ന പോസ്റ്റ് കമ്പനി എഫ്‌ ബി പേജിൽ നിന്നു നീക്കുകയും ചെയ്തു. ബുക്കിങ് പ്രശ്നം ഉണ്ടായതിനെത്തുടർന്നു പ്രതിഷേധവുമായി ആളുകൾ ഫെയർ കൊഡിന്റെ ഓഫീസിൽ എത്തി. ആപ്പിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഇതിനിടയിലാണ് മന്ത്രി ഉന്നതതല യോ​ഗം വിളിച്ചതും ആപ് തന്നെ മദ്യവിതരണത്തിന് തുടരാൻ തീരുമാനിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP