Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

''ജാതിക്കെതിരായി മന്നത്തിനെപ്പോലെ പടവാളുയർത്തിയ മറ്റൊരു നായരുണ്ടോ? അമ്പത് വർഷങ്ങൾക്ക് മുമ്പ് സ്വഭവനത്തിൽ വെച്ച് ഒരു പന്തിഭോജനം നടത്താൻ ധൈര്യമുള്ള മറ്റൊരു നായരുണ്ടോ?'' എടുത്തെറിയെടാ കിണ്ടിയും വെള്ളവും എന്ന് ഗർജ്ജിക്കാൻ ആർജ്ജവം കാട്ടിയ ഭാരത കേസരിയെ കേരളം സ്മരിക്കുന്നു; ഇന്ന് സാമൂഹിക പരിഷ്‌കർത്താവും എൻഎസ്എസ് സ്ഥാപകനുമായ മന്നത്ത് പത്മനാഭന്റെ ജന്മദിനം

''ജാതിക്കെതിരായി മന്നത്തിനെപ്പോലെ പടവാളുയർത്തിയ മറ്റൊരു നായരുണ്ടോ? അമ്പത് വർഷങ്ങൾക്ക് മുമ്പ് സ്വഭവനത്തിൽ വെച്ച് ഒരു പന്തിഭോജനം നടത്താൻ ധൈര്യമുള്ള മറ്റൊരു നായരുണ്ടോ?'' എടുത്തെറിയെടാ കിണ്ടിയും വെള്ളവും എന്ന് ഗർജ്ജിക്കാൻ ആർജ്ജവം കാട്ടിയ ഭാരത കേസരിയെ കേരളം സ്മരിക്കുന്നു; ഇന്ന് സാമൂഹിക പരിഷ്‌കർത്താവും എൻഎസ്എസ് സ്ഥാപകനുമായ മന്നത്ത് പത്മനാഭന്റെ ജന്മദിനം

മറുനാടൻ ഡെസ്‌ക്‌

'എടുത്തെറിയെടാ കിണ്ടിയും വെള്ളവും...

എന്റെ സമുദായത്തിലെ സ്ത്രീത്വത്തെ ബ്രാഹ്മണന്റെ കാമകേളിക്ക് വിട്ടുകൊടുക്കില്ല.' നമ്പൂതിരിയുടെ മകനായി പിറന്നിട്ടും സ്വന്തം അച്ഛനെ അച്ഛാ എന്ന് വിളിക്കാനോ ആ പിതൃത്വത്തിന്റെ അവകാശമോ സ്‌നേഹമോ ലാളനയോ അനുഭവിക്കാനോ അനുമതിയില്ലാതിരുന്ന ഒരു ആചാരത്തിന്റെ ഇരയായിരുന്ന മനുഷ്യൻ പിന്നീട് കേരളത്തിന്റെ സാമൂഹിക പരിഷ്‌കർത്താക്കളിൽ ഒരാളായി മാറിയത് തന്റെ ജീവിത അനുഭവങ്ങളുടെ വെളിച്ചത്തിലായിരുന്നു. നായർ കുടുംബങ്ങളിൽ നിലനിന്നിരുന്ന അന്നത്തെ ആചാരങ്ങളെ അടിമുടി പൊളിച്ചെഴുതുന്നതിനും ഒരു സമുദായത്തിന്റെ സാംസ്‌കാരികവും സാമ്പത്തികവും ധാർമ്മികവുമായ ഉന്നമനത്തിനുമായിരുന്നു മന്നത്ത് പത്മനാഭൻ എന്ന മനുഷ്യൻ തന്റെ ജീവിതം മാറ്റിവെച്ചത്.

ഭാരത കേസരി എന്ന നായന്മാരുടെ സമുദായാചാര്യനും സാമൂഹിക പരിഷ്‌കർത്താവുമായ മന്നത്ത് പത്മനാഭന്റെ ജയന്തി ആഘോഷിക്കുകയാണ് കേരളം. 1878 ജനുവരി രണ്ടിനാണ് മന്നത്ത് പത്മനാഭൻ ജനിച്ചത്. അച്ഛൻ വാകത്താനത്ത് നിലവന ഇല്ലത്തിലെ ഈശ്വരൻ നമ്പൂതിരി, അമ്മ മന്നത്ത് ചിറമറ്റത്ത് പാർവതി അമ്മ. അക്കാലത്തെ ആചാരമായിരുന്ന സംബന്ധത്തിന്റെ ഇരയായിരുന്നു മന്നത്ത് പത്മനാഭൻ എന്ന മനുഷ്യൻ എന്ന് വേണമെങ്കിൽ പറയാം.

ഒരു സർക്കാർ സ്‌കൂളിലെ അദ്ധ്യാപകനായി തൊഴിൽ ജീവിതം തുടങ്ങിയ മന്നം വർഷങ്ങൾക്ക് ശേഷം ഇരുപത്തിയേഴാം വയസ്സിൽ അഭിഭാഷകവൃത്തി സ്വീകരിച്ചു. 1914 ഒക്ടോബർ 31 ന് പെരുന്നയിലെ മന്നത്ത് ഭവനിൽ വച്ച് 14 അംഗങ്ങൾ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സമുദായ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാനെടുത്ത തീരുമാനമാണ് പിൽക്കാലത്ത് നായർ സർവീസ് സൊസൈറ്റി എന്ന പേരിലുള്ള ബൃഹദ് സംഘടനയായി പരിണമിച്ചത്.

ആരാണ് അമ്മേ എന്റെ അഛൻ? എന്ന ചോദ്യത്തിന് മാസത്തിൽ ഒന്നോ രണ്ടോ തവണ വീട്ടിൽ വന്നു പോകുന്ന ഈശ്വരൻ നമ്പൂതിരി എന്ന ഉള്ളു പൊള്ളിക്കുന്ന മറുപടിയെ പറ്റി ആത്മകഥയിൽ മന്നം എഴുതി വെച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കൽ പോലും സ്വന്തം അച്ചന്റെ മുഖത്ത് നോക്കി അച്ചാ എന്ന് വിളിക്കാൻ കഴിയാത്ത.... മടിയിലിരുത്തി ഒന്ന് ലാളിക്കാത്ത... ജന്മം നൽകിയ പിതാവിന്റെ കൈ കൊണ്ട് ഒരു ഉരുള ചോറ് വാങ്ങി കഴിക്കാൻ കഴിയാത്ത ആചാരങ്ങൾ കൊണ്ട് പീഡിപ്പിക്കപ്പെട്ട കയ്പുനിറഞ്ഞ ബാല്യകാലത്തെ പറ്റി, നാണക്കേട് സഹിക്കാൻ കഴിയാതെ തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ഈശ്വരൻ നമ്പൂതിരിയുമായുള്ള വിവാഹം വേർപെടുത്തി തളത്തിൽ വേലായുധൻ പിള്ള എന്ന നായരെ അമ്മ രണ്ടാമത് കല്യാണം കഴിച്ചതിനെ പറ്റിയെല്ലാം മന്നം തന്നെ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്.

പരിഷ്‌കരണം ഉണ്ടാകേണ്ടത് നായർ തറവാടുകളിലെ അടുക്കളയിൽ നിന്നാകണം എന്നതുൾപ്പെടെ ആ സമുദായത്തിൽ നില നിന്നിരുന്ന ഏറ്റവും സൂക്ഷ്മമായ അപരിഷ്‌കൃത സംവിധാനങ്ങളെ കുറിച്ചും തുറന്ന് പറയാനും തിരുത്തണമെന്ന് ആവശ്യപ്പെടാനും മന്നത്ത് പത്മനാഭന് കഴിഞ്ഞു എന്നതാണ് അദ്ദേഹത്തെ കേരളം ഇന്നും ബഹുമാനത്തോടെ സ്മരിക്കുന്നതിന് കാരണം. അക്കാലത്ത് സമൂഹത്തിൽ ഏറ്റവും അധികം ലൈംഗിക സ്വാതന്ത്ര്യം അനുഭവിച്ചിരുന്നത് നായർ സ്ത്രീകളായിരുന്നെന്നും ബഹുഭർതൃത്വം സാധാരണമായിരുന്നെന്നും ചരിത്രം പറയുന്നു. ഇതിനെയെല്ലാം ആചാരം എന്ന നിർവചനത്തിൽ നിന്നും അപരിഷ്‌കൃതം എന്ന വിഭാഗത്തിലേക്ക മാറ്റി പറയാനും അവയെല്ലാം സമൂഹത്തിൽ നിന്നും തുടച്ചുമാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു. നായർ സമൂഹത്തെ പരിഷ്‌കൃത സമൂഹത്തിൽ തലയുയർത്തി നിൽക്കാൻ പ്രാപ്തമാക്കിയത് സമുദായാചാര്യൻ തന്നെയാണ്.

സാമൂഹ്യ പരിഷ്‌കരണം

ബ്രാഹ്മണന് താഴെയും ഈഴവനും പട്ടികജാതി വിഭാഗത്തിനും മുകളിലുമായിരുന്നു അക്കാലത്ത് നായന്മാർ. നായർ, പിള്ള, കുറുപ്പ് , മേനോൻ, പൊതുവാൾ, നമ്പ്യാർ, പടക്കുറുപ്പ് തുടങ്ങി 11 വിഭാഗങ്ങൾ നായർ ജാതിയിൽ തന്നെ ഉണ്ടായിരുന്നു. ഇതിൽ തന്നെ കണ്ടാൽ മിണ്ടാത്തവരും വെള്ളം പോലും പരസ്പരം വാങ്ങി കുടിക്കാത്തവരും ഉണ്ടായിരുന്നു. ഇവരെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാൻ മന്നത്തിനായി. 1914 ൽ മന്നം സ്ഥാപിച്ച സംഘടനയുടെ പേര് ''തിരുവിതാംകൂർ ഭൃത്യ ജനസംഘം ' എന്നായിരുന്നു. ആ സംഘടനയുടെ പേര് മാറ്റാൻ ശ്രീമൂലം പ്രജാസഭയെ സമീപിച്ച് എന്റെ സമുദായത്തിന് നായർ എന്ന പേര് പൊതുവായി ഉപയോഗിക്കാൻ അനുവാദം തരണം എന്ന് മന്നം അപേക്ഷിച്ചതിന്റെ ഫലമായി രാജാവ് വിളംബരം പുറപ്പടുവിച്ച ശേഷമാണ് 1915ൽ നായർ സർവീസ് സൊസൈറ്റി (NSS ) എന്ന സംഘടന ഭാരത കേസരി മന്നത്ത് പത്മനാഭൻ സ്ഥാപിച്ചത്.

ബ്രാഹ്മണമേധാവിത്വത്തിന്റെ രീതികളെ അദ്ദേഹം ശക്തമായി എതിർത്തു. പുതിയ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന് പുരോഗതി ഉണ്ടാവൂ എന്നതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാടിന്റെ നാനാഭാഗത്തും കെട്ടിപ്പടുക്കുന്നതിനും ത്യാഗപൂർണമായ ഇടപെടലാണ് അദ്ദേഹം വഹിച്ചത്. ഇങ്ങനെ അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം എന്നത് നവോത്ഥാന ചിന്തകൾക്കും സാമൂഹ്യ പരിഷ്‌കരണത്തിനുമായി ഒഴിഞ്ഞുവച്ച ഒന്നായിരുന്നു.

1924 ൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് തൊട്ടുകൂടായ്മയ്‌ക്കെതിരെയുള്ള ഐതിഹാസിക സമരത്തിലും അദ്ദേഹം പങ്കാളിയായി. 1947 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ അദ്ദേഹം തിരുവിതാം കൂർ ദിവാനായ സർ സി പിയുടെ ഏകാധിപത്യ ഭരണത്തിനെതിരെയുള്ള പ്രക്ഷോഭത്തിലും പങ്കാളിയായി. 1949 ൽ നടന്ന തെരഞ്ഞെടുപ്പിലൂടെ മന്നത്ത് പത്മനാഭൻ തിരുവിതാംകൂർ ലെജിസ്ലേറ്റിവ് അസംബ്ലിയിലെത്തി.

1959 നടത്തിയ വിമോചന സമരം സംസ്ഥാന സർക്കാരിനെ നിലംപൊത്തിച്ചു. കമ്യൂണിസ്റ്റ് മന്ത്രി സഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരി കൊണ്ടുവന്ന വിദ്യാസ ബില്ല് കടുത്ത എതിർപ്പിന് പാത്രമാവുകയും വിമോചന സമരത്തിൽ കലാശിക്കുകയും ആയിരുന്നു. വിമോചന സമരത്തെ തുടർന്ന് 1959 ജൂലൈ 31 ന് ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രി സഭ വീണു. തുടർന്ന് കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.

നായർ സർവീസ് സൊസൈറ്റിയുടെ സെക്രട്ടറിയായി 31 വർഷവും പ്രസിഡന്റായി മൂന്ന് വർഷവും സേവനം അനുഷ്ഠിച്ച മന്നത്ത് പത്മനാഭൻ 1970 ഫെബ്രുവരി 25 ന് നിര്യാതനായി. ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് 'ഭാരത കേസരി' പുരസ്‌കാരം നേടിയ മന്നത്തിന് 1966ൽ പത്മഭൂഷണും ലഭിച്ചിരുന്നു. സാമൂഹിക പരിഷ്‌കർത്താവെന്നും സമുദായാചാര്യനെന്നും വിശേഷിപ്പിക്കുമ്പോഴും വിമർശനങ്ങളും മന്നത്തിനെ വിട്ടൊഴിഞ്ഞിരുന്നില്ല. മന്നത്ത് പത്മനാഭനെതിരായ വിമർശനങ്ങളിൽ അദ്ദേഹത്തിന്റെ ആർഎസ്എസ് സ്‌നേഹവും ദളിത് വിരോധവും എല്ലാം നിറഞ്ഞ് നിന്നിരുന്നു.

ആർ.എസ്.എസ് സ്നേഹി

''ഹിന്ദുക്കളുടെ ആലംബവും ആശാകേന്ദ്രവും ആർ.എസ്.എസ് ആണ് -മന്നത്ത് പത്മനാഭൻ'' എന്ന തലക്കെട്ടോടെ ആർ.എസ്.എസ് മുഖപത്രമായ കേസരിയിൽ 20-10-1957ൽ വന്ന റിപ്പോർട്ടാണ് മന്നത്തിനെതിരായ പ്രധാന വിമർശനങ്ങളിലൊന്ന്. കേരളത്തിലെ ഭൂരിപക്ഷവും ആർഎസ്എസിനെ വിമർശിക്കുമ്പോഴാണ് മന്നം ആർഎസ്എസിനെ ഹിന്ദുക്കളുടെ ആശാകേന്ദ്രമായി വിശേഷിപ്പിച്ചത്. ആർ.എസ്.എസ് നേതാവ് ഗോൾവാൾക്കാർ പങ്കെടുത്ത ചടങ്ങിൽ വച്ചാണ് മന്നം ഈ പ്രസ്താവന നടത്തയത്. ആർ.എസ്.എസ് എറണാകുളം ശാഖാ വാർഷികമായിരുന്നു ചടങ്ങ്.

ദളിത് സ്നേഹം കാപട്യം

മന്നത്ത് പത്മനാഭന്റെ ദളിത് സ്നേഹത്തിന്റെ കാപട്യം തുറന്നു കാണിക്കുന്നതാണ് അദ്ദേഹത്തിന്റെ അക്കാലത്തെ ചില ഇടപെടലുകൾ. ഈഴവ മുഖ്യമന്ത്രിയായ ആർ.എശങ്കറിന്റെ മന്ത്രിസഭയെ മറിച്ചിടുന്നതിൽ മുഖ്യപങ്ക് വഹിച്ച മന്നം ദളിതുകളെ ജാതീയമായി അതിക്ഷേപിക്കുന്ന പ്രസ്താവനകൾ നടത്തിയതായും കാണാനാകും. ദളിതുകൾക്ക് കേരള മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചപ്പോൾ അസഹിഷ്ണുവായ മന്നം നടത്തിയ പ്രസ്താവനകൾ ഇതിന് തെളിവാണ്. 'പുലയൻ മന്ത്രിയായിരിക്കുന്ന നാട്ടിൽ ജീവിക്കാൻ സാധ്യമല്ല. പേട്ടയിൽ ഒരു സുകുമാനരനും കേരളകൗമുദിയും കിടന്നു കളിക്കുന്നുണ്ട്. എന്റെ പഴയ കാലമായിരുന്നുവെങ്കിൽ...' ഇത്തരത്തിൽ മന്നം മുതുകുളം പ്രസ്താവനയിൽ പരാമർശിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹത്തെ വിമർശിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.

ശങ്കറിനെ ജാതീയമായി അധിക്ഷേപിച്ച് തൊപ്പിപ്പാളക്കാരനെന്നാണ് മന്നത്ത് പത്മനാഭൻ വിളിച്ചത്. 1964ൽ കേരള കൗമുദിയിൽ സഹോദരൻ അയ്യപ്പൻ എഴുതിയ ലേഖനത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് ' ശങ്കരൻ, ഈ തൊപ്പിപ്പാളക്കാരന്റെ ഭരണം എങ്ങിനെ കണ്ടുകൊണ്ടിരിക്കും എന്ന് മന്നം പറഞ്ഞതായി അയ്യപ്പന്റെ ലേഖനത്തിൽ വ്യക്തമാക്കുന്നു. 1963ലെ ശാസ്തമംഗലം പ്രസംഗം മന്നത്തിന്റെ ജാതീയതയുടെ തീവ്രത മുഴുവൻ പുറത്തുകൊണ്ടുവരുന്നതാണ്. ''ഈഴവൻ പന്നിപെറ്റുപെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണ്. അവർക്ക് സഞ്ചാര സ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും നൽകിയത് പുനപരിശോധിക്കണം...'. ഈഴവർക്ക് ക്ഷേത്രപ്രവേശനത്തിന് വേണ്ടി പ്രവർത്തിച്ച മന്നത്ത് പത്മനാഭൻ തന്നെയാണ് പിന്നീട് അത് പുനപ്പരിശോധനക്ക് വിധേയമാക്കണമെന്ന് പറയുന്നത്.

ഈഴവൻ മുഖ്യമന്ത്രിയായിരിക്കുന്നത് സഹിക്കാൻ മന്നത്തിന് ഒരിക്കലും കഴിയുമായിരുന്നില്ല. മന്നതിന്റെ നേതൃത്വത്തിൽ നടന്ന ഉപജാപത്തിനൊടുവിൽ 1964ൽ ശങ്കർ മന്ത്രിസഭ വീണപ്പോൾ ആഹ്ലാദഭരിതനായ മന്നത്ത് പത്മനാഭൻ എൻ.എസ്.എസ് ആസ്ഥാനമായ പെരുന്നയിൽ പ്രസംഗിച്ചത് ഇങ്ങിനെ. ''രാവണ ഭരണം അവസാനിപ്പിക്കണമെന്ന് ഞാൻ പറഞ്ഞത് രാജ്യസ്നേഹം കൊണ്ടാണ്''. 23-09-64ലെ കേരള കൗമുദി ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശങ്കർ മന്ത്രിസഭ വീണതിനെ തുടർന്ന് തന്നെ വന്നുകണ്ട മാധ്യമപ്രവർത്തകരോട് മന്നം പറഞ്ഞത് ഇങ്ങിനെ: ''എല്ലാം നന്നായി കലാശിച്ചിരിക്കുന്നു. എന്ന് പറഞ്ഞാൽ മുത്തശ്ശി ഭാഷയിൽ പാലുകുടിച്ച് കിണ്ണം താഴത്ത് വെച്ച സംതൃപ്തി''.

നായർ സർവ്വീസ് സൊസൈറ്റിയിലെ തന്നെ പലർക്കും മന്നത്തിന്റെ കടുത്ത ജാതീയ, വർഗ്ഗീയ നിലപാടുകളോട് യോജിപ്പില്ലായിരുന്നു. ചെങ്ങന്നൂർ സി.എൻ മാധവൻ പിള്ള 1965 ജനുവരി 9ന് കേരള കൗമുദിയിൽ മന്നത്ത് പത്മനാഭൻ എനി എന്ത് ചെയ്യണം എന്ന പേരിൽ ഒരു ലേഖനം എഴുതി.

''ജാതിക്കെതിരായി മന്നത്തിനെപ്പോലെ പടവാളുയർത്തിയ മറ്റൊരു നായരുണ്ടോ?. അമ്പത് വർഷങ്ങൾക്ക് മുമ്പ് സ്വഭവനത്തിൽ വെച്ച് ഒരു പുലയന് പന്തിഭോജനം നടത്താൻ ധൈര്യമുള്ള മറ്റൊരു നായരുണ്ടോ?. ഇത്രമാത്രം ഉത്കൃഷ്ടമായ മന്നം തന്റെ അവസാന ദശയിൽ നായർ, നായർ എന്നുള്ള സങ്കുചിത ആദർശം വിളംബരം ചെയ്തുകൊണ്ടിരിക്കുന്നത് ഇന്നത്തെ നായർ സമുദായത്തിന്റെ അധപ്പതനത്തിനെ അല്ലേ പ്രഖ്യാപിക്കുന്നത്?. നായന്മാർ ഇന്ന് യഥാർത്ഥത്തിൽ ഒറ്റപ്പെട്ട് വരികയാണ്. നായന്മാരോട് ഇന്ന് അത്മാർത്ഥമായ സ്നേഹമുള്ള മറ്റൊരു സമുദായവും ഈ രാജ്യത്തില്ലെന്ന് ശ്രീ മന്നം ദയാപൂർവ്വം മനസ്സിലാക്കണം.

സമുദായ നേതാവായിരുന്ന ടി. ഭാസ്‌കരമേനോൻ എൻ.എസ്.എസിൽ നിന്ന് രാജിവെച്ചുകൊണ്ട് മന്നത്ത് പത്മനാഭന് അയച്ച കത്ത് ഇപ്രകാരമാണ്...

ശ്രീ മന്നത്ത് പത്മനാഭന്,

അങ്ങയാൽ സ്ഥാപിക്കപ്പെട്ടതും അങ്ങയുടെ സംരക്ഷണയിൽ തഴച്ചുവളർന്നതുമായ നായർ സർവ്വീസ് സൊസൈറ്റിയിൽ ഞാൻ ഒരു ആജീവനാന്ത അംഗമാണെന്ന് അഭിമാനം കൊണ്ടിരുന്നു. എന്നാൽ ഇപ്പോഴത്തെ അങ്ങയുടെ രാഷ്ട്രീയ ചിന്താഗതിയും പ്രവർത്തനവും ഈ സംസ്ഥാനത്തിനും ഈ രാജ്യത്തിന് തന്നെയും നാശകരമാണെന്ന് ഞാൻ കരുതുന്നു.

വ്യക്തി വൈരാഗ്യം കൊണ്ടും തൽക്കാലത്തെ ആവേശം കൊണ്ടും നിങ്ങൾ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നായർ സർവ്വീസ് സൊസൈറ്റിയിൽ നിന്ന് പിരിഞ്ഞ് മാറേണ്ടത് എന്റെ കടമയാണെന്ന് ഞാൻ കരുതുകയും അതുപ്രകാരം പ്രവർത്തിക്കുകയും ചെയ്യുന്നു. എ്ന്റെ 769/ 1490 നമ്പർ കാർഡ് ഇത് സഹിതം അയച്ചുതരുന്നു. ദയവായി സ്വീകരിച്ചാലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP