Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണ്ഡലകാലത്തിന്റെ ഓർമ പുതുക്കി ബിന്ദു അമ്മിണി പത്തനംതിട്ടയിൽ; പ്രസ് ക്ലബിൽ പത്രസമ്മേളനം വിളിച്ചു; മല ചവിട്ടുമെന്നും അഭ്യൂഹം; മനസിൽ ലഡു പൊട്ടി ബിജെപി; ചങ്കിടിപ്പ് കൂടി സിപിഎം; ശബരിമലയിൽ സുരക്ഷ ശക്തമാക്കി; ഒറ്റ യുവതിയെയും നിലയ്ക്കലിന് അപ്പുറം കടക്കാൻ വിടരുതെന്ന് സർക്കാരിന്റെ കർശന നിർദ്ദേശം; ആചാരലംഘനം നടത്തിയ ബിന്ദുവിന്റെ രണ്ടാം വരവിൽ വെട്ടിലായത് പൊലീസും

മണ്ഡലകാലത്തിന്റെ ഓർമ പുതുക്കി ബിന്ദു അമ്മിണി പത്തനംതിട്ടയിൽ; പ്രസ് ക്ലബിൽ പത്രസമ്മേളനം വിളിച്ചു; മല ചവിട്ടുമെന്നും അഭ്യൂഹം; മനസിൽ ലഡു പൊട്ടി ബിജെപി; ചങ്കിടിപ്പ് കൂടി സിപിഎം; ശബരിമലയിൽ സുരക്ഷ ശക്തമാക്കി; ഒറ്റ യുവതിയെയും നിലയ്ക്കലിന് അപ്പുറം കടക്കാൻ വിടരുതെന്ന് സർക്കാരിന്റെ കർശന നിർദ്ദേശം; ആചാരലംഘനം നടത്തിയ ബിന്ദുവിന്റെ രണ്ടാം വരവിൽ വെട്ടിലായത് പൊലീസും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കഴിഞ്ഞ മണ്ഡലകാലത്തിന്റെ ഓർമ പുതുക്കി നവോഥാന സമര നായിക ബിന്ദു അമ്മിണി നാളെ വീണ്ടും പത്തനംതിട്ടയിൽ. ഉച്ചയ്ക്ക് 12 ന് ഇവർ പ്രസ് ക്ലബിൽ പത്രസമ്മേളനം ബുക്ക് ചെയ്തിട്ടുണ്ട്. ബിന്ദുവിന്റെ മനസിലിരുപ്പ് അറിയാൻ പൊലീസും രഹസ്യാന്വേഷണ വിഭാഗവും നെട്ടോട്ടത്തിലാണ്. തുലമാസ പൂജയ്ക്ക് നട തുറന്നിരിക്കുന്ന ഇപ്പോൾ മല ചവിട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ബിന്ദു വീണ്ടുമെത്തുന്നത് എന്ന അഭ്യൂഹം ശക്തമാണ്. എന്തായാലും പൊലീസ് ശബരിമലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 450 പൊലീസുകാരെ മൂന്നു എസ്‌പിമാരുടെ കീഴിലായി നിയോഗിച്ചു

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ എസ്‌പിമാർ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. യൗവനയുക്തകളെ ഒരു കാരണവശാലും നിലയ്ക്കൽ കടക്കാൻ അനുവദിക്കരുത് എന്നാണ് സർക്കാരിൽ നിന്നുള്ള കർശന നിർദ്ദേശം. കഴിഞ്ഞ വർഷം ഇതേ സമയത്ത് യുവതികൾക്ക് ദർശനത്തിനായി സുരക്ഷയൊരുക്കിയ പൊലീസ് ഇപ്പോൾ അവരെ ഓടിച്ചു വിടാൻ പെടാപ്പാട് പെടുകയാണ്. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെയാണ് ശബരിമലയിൽ മാസപൂജയ്ക്ക് നട തുറന്നിരിക്കുന്നത്. ഇപ്പോൾ ഏതെങ്കിലും യുവതി മല ചവിട്ടിയാൽ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ കഷ്ടമാകും സിപിഎമ്മിന്റെ കാര്യം. ഇതു കാരണമാണ് പൊലീസ് ശബരിമലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

ബിന്ദു പത്രസമ്മേളനം വിളിച്ചതിന് പിന്നിൽ ആരാണെന്ന് ഊഹിക്കാൻ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെ ബിജെപിക്കാരുടെ മനസിൽ ലഡു പൊട്ടി. ബിന്ദു പത്രസമ്മേളനത്തിൽ നവോഥാനം പ്രസംഗിച്ചാൽ പോലും ബിജെപിക്ക് അത് ഗുണകരമാകും. എന്നാൽ, യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻരാജിനെതിരേയാകും ബിന്ദുവിന്റെ പത്രസമ്മേളനം എന്നാണ് സൂചന. ഒക്ടോബർ രണ്ടിന് പ്രസ് ക്ലബിൽ നടന്ന സ്ഥാനാർത്ഥികളുടെ മുഖാമുഖം പരിപാടിയിൽ വീട്ടിൽപ്പോലും കയറ്റാൻ ഭർത്താവും മാതാപിതാക്കളും മടിക്കുന്ന സ്ത്രീകളെ വിശ്വാസം തകർക്കുന്ന രീതിയിൽ സിപിഎം പതിനെട്ടാം പടി കയറ്റിയെന്ന് മോഹൻരാജ് വിമർശിച്ചിരുന്നു.

മോഹൻരാജിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരേ ബിന്ദു കേസ് കൊടുക്കുാൻ പോവുകയാണെന്നും ഇതു സ,ംബന്ധിച്ചാണ് പത്രസമ്മേളനം എന്നുമാണ് ബിന്ദു തന്നെ നൽകുന്ന സൂചന. പത്രസമ്മേളനത്തിൽ സർക്കാരിനെതിരേ ബിന്ദു ആഞ്ഞടിക്കുമെന്ന് ഒരു പേടി സിപിഎമ്മിനും പൊലീസിനുമുണ്ട്. പാതിരായുടെ മറവിൽ വേഷം കെട്ടിച്ച് ബിന്ദുവിനെയും കനകദുർഗയെയും മലചവിട്ടിച്ചത് പൊലീസും സർക്കാരും ചേർന്നായിരുന്നു. എന്തു പ്രത്യാഘാതം ഉണ്ടായാലും ഇവർക്ക് സുരക്ഷ ലഭിക്കുമെന്ന ഉറപ്പിന്മേലായിരുന്നു ബിന്ദുവിന്റെയും കനകദുർഗയുടെയും ശബരിമല ദർശനം. എന്നാൽ, ഉദ്ദേശിച്ച കാര്യം സാധിച്ചതോടെ സർക്കാർ പിന്നാക്കം പോയി. ഇരുവർക്കും സ്വന്തം വീട്ടിൽപ്പോലും കയറാൻ കഴിയാത്ത അവസ്ഥയായി.

പുറത്തിറങ്ങിയാൽ ഭക്തർ കൈവയ്ക്കുമെന്ന സ്ഥിതിയുമായി. പൊലീസിന് ഇവർ തലവേദന ആയതോടെ അവരും കൈയൊഴിഞ്ഞു. ഈ സാഹചര്യത്തിൽ സർക്കാർ തങ്ങളെ പറഞ്ഞു പറ്റിച്ചുവെന്ന് ബിന്ദു പറഞ്ഞാൽ അത് സിപിഎമ്മിനും പിണറായിക്കും പണിയാകും. ബിന്ദുവിന്റെ പത്രസമ്മേളനം തങ്ങൾക്ക് മൈലേജ് കൂട്ടുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. ആരോപണം മോഹൻരാജിന് എതിരേ ആയാൽപ്പോലും, അത് ഉന്നയിക്കുന്നത് ബിന്ദു ആയത് ഗുണം ചെയ്യുമെന്നാണ് കണക്കു കൂട്ടൽ.

കിട്ടിയ അവസരം കൈവിടാൻ ബിജെപി ഒരുക്കമല്ല. ബിന്ദു വീണ്ടും മലകയറാൻ വരുന്നുവെന്ന തരത്തിൽ ബിജെപി സൈബർ സെൽ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ ശബരിമല യുവതി പ്രവേശം കോന്നിയിൽ പ്രചാരണ വിഷയം ആയിട്ടില്ലായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുൻപ് മാത്രം ഇത് ബിന്ദു കുത്തിപ്പൊക്കിയാൽ ബിജെപിക്ക് ഗുണകരമാകുമെന്ന് നേതാക്കൾ കരുതുന്നു. ഇനി സർക്കാരിലുള്ള ഏക പോംവഴി പത്രസമ്മേളനം നടത്താൻ ബിന്ദുവിനെ അനുവദിക്കാതിരിക്കുകയാണ്. നാളെ പ്രസ് ക്ലബിലേക്ക് എത്തുന്ന വഴിക്ക് ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കാനും സാധ്യത കാണുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP