Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേസ് ഒത്തുതീർന്നത് രവി പിള്ളയുടെ മധ്യസ്ഥതയിൽ തന്നെ; വിവാദമായതോടെ കാസർഗോട്ടെ വ്യവസായിയെ കൊണ്ട് പണം കൊടുപ്പിച്ച് കേസ് തീർത്തത് രവി പിള്ള തന്നെ; വെള്ളപൂശാൻ വേണ്ടി വേണ്ടത് മാത്രം പറയിച്ച് കൈരളിയുടെ അഭ്യാസവും; മൂന്ന് കൊല്ലമായി പിന്നാലെ നടന്നിട്ടും കിട്ടാതെ പോയ പണം മാധ്യമങ്ങളെ ഉപയോഗിച്ച് വാങ്ങിയ മർസൂക്കി ഒടുവിൽ മാധ്യമങ്ങളെ തള്ളി പറഞ്ഞ് സ്ഥലം കാലിയാക്കി

കേസ് ഒത്തുതീർന്നത് രവി പിള്ളയുടെ മധ്യസ്ഥതയിൽ തന്നെ; വിവാദമായതോടെ കാസർഗോട്ടെ വ്യവസായിയെ കൊണ്ട് പണം കൊടുപ്പിച്ച് കേസ് തീർത്തത് രവി പിള്ള തന്നെ; വെള്ളപൂശാൻ വേണ്ടി വേണ്ടത് മാത്രം പറയിച്ച് കൈരളിയുടെ അഭ്യാസവും; മൂന്ന് കൊല്ലമായി പിന്നാലെ നടന്നിട്ടും കിട്ടാതെ പോയ പണം മാധ്യമങ്ങളെ ഉപയോഗിച്ച് വാങ്ങിയ മർസൂക്കി ഒടുവിൽ മാധ്യമങ്ങളെ തള്ളി പറഞ്ഞ് സ്ഥലം കാലിയാക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അങ്ങനെ ബിനോയ് കോടിയേരി വിവാദം തീരുകയാണ്. ആ അറബി എന്തിനാണ് ഇവിടെ ചുറ്റി തിരിയുന്നത്..... അങ്ങ് ഗൾഫിൽ പോയാൽ മതിയല്ലോ.. എന്നായിരുന്നു വിവാദം തുടങ്ങിയപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചത്. അത് അക്ഷരം പ്രതി അറബിയായ മർസൂഖി അനുസരിച്ചു. ഇന്ത്യയിൽ നിന്ന് ഗൾഫിലെത്തി. എല്ലാം ചർച്ച ചെയ്തു. പണവും കിട്ടി. ഇതോടെ ബിനോയ് കോടിയേരിയും മർസൂഖിയും ഒരു കൈയുമായി. മാധ്യമങ്ങളിലൂടെ വിവാദമുണ്ടാക്കി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ കൈയിൽ നിന്ന് കിട്ടാനുള്ളത് മർസൂഖി വാങ്ങിയെടുത്തു. അതിന് ശേഷം അനാവശ്യ വിവാദങ്ങളെന്ന് പറഞ്ഞ് മാധ്യമങ്ങളെ വിമർശിക്കുകയും ചെയ്യുന്നു. ഇതെല്ലാം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വേണ്ടിയാണ്. ഇനി സംസ്ഥാന സമ്മേളന വേദിയിൽ തന്റെ സ്ഥാനം കോടിയേരിക്ക് ഉറപ്പിക്കാനും കഴിയും.

പ്രവാസി മുതലാളിയായ രവി പിള്ളയാണ് മർസൂഖിയുമായുള്ള ചർച്ചകൾക്ക് നേരിട്ട് നേതൃത്വം നൽകിയത്. കാസർഗോട്ടുക്കാരനായ വ്യവസായി പണം മർസൂഖിക്ക് നൽകുകയും ചെയ്തു. സിപിഎം നേതാവിന്റെ അടുത്ത ബന്ധുവായ കാസർഗോട്ടുകാരൻ സിനിമാ നിർമ്മാതാവുമാണ്. ഇതോടെ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കി. കേസ് ഒത്തുതീർപ്പായതിനെ തുടർന്ന് വരുന്ന ഞായറാഴ്ച ബിനോയ് നാട്ടിലേക്ക് തിരിക്കുമെന്നാണ് വിവരം. പണം കൊടുക്കാതെയാണ് കേസ് ഒത്തുതീർപ്പാക്കിയതെന്ന് ബിനോയ് പറയുന്നു. പണം ലഭിക്കാനുണ്ടായിരുന്ന മർസൂഖി കേസ് സ്വയം പിൻവലിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ വളരെ വിചിത്രമായ കാര്യങ്ങൾ പറഞ്ഞാണ് ബിനോയ് കേരളത്തിലേക്ക് തിരിക്കുന്നത്. എന്നാൽ ഏതാണ് ഏഴരക്കോടി രൂപയും മർസൂഖിക്ക് പല ഗഡുക്കളായി കൊടുക്കാമെന്ന് ബിനോയ് ഉറപ്പു നൽകി. ആദ്യ ഗഡുവായി 1.72 കോടി കൊടുക്കുകയും ചെയ്തു. രവി പിള്ള ബാക്കി തുക വാങ്ങി നൽകുമെന്ന ഉറപ്പ് മർസൂഖിക്ക് നൽകി. ഇതോടെ പ്രശ്‌ന പരിഹാരം സാധ്യമാവുകയുമായിരുന്നു.

നേരത്തേയും ഈ കേസ് തീർക്കാൻ രവി പിള്ള സാമ്പത്തിക സഹായം നൽകിയിരുന്നു. എന്നാൽ അത് മർസൂഖിക്ക് കൊടുത്തതുമില്ല. ഈ സാഹചര്യത്തിലാണ് കാസർഗോട്ടുകാരനെ പണത്തിനായി ആശ്രയിക്കേണ്ടി വന്നത്. സിപിഎം സംസ്ഥാന സമ്മേളനം അടുത്തതിനാൽ രവി പിള്ളയ്ക്കും പ്രശ്‌നത്തിൽ ഇടപെടേണ്ട സാഹചര്യമുണ്ടായി. ചെക്കുകേസുകളെ തുടർന്ന് ബിനോയ്ക്കെതിരെ ദുബായിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖിയുമായുള്ള 1.72 കോടിയുടെ ചെക്ക് കേസ് സിപിഎമ്മിന് തലവേദനയാവുകയും ചെയ്തു. ഇതോടെയാണ് ഉന്നത തല ഇടപെടൽ നടന്നത്. എന്നാൽ തങ്ങൾ തമ്മിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണയാണ് കേസിന് കാരണമായതെന്നും അത് പറഞ്ഞു തീർത്തെന്നുമാണ് ബിനോയ് കോടിയേരി പറയുന്നത്. കേസ് ഒത്തുതീർപ്പാക്കിയ കാര്യം മർസൂഖിയാണ് സ്ഥിരീകരിച്ചത്. ചെക്കു കേസുകൾ ദുബായിൽ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങൾ അനാവശ്യമാണെന്നും മർസൂഖി പ്രതികരിച്ചു.

കൈരളി ടിവിയിലൂടെ മാധ്യമങ്ങളെ മർസൂഖി കുറ്റപ്പെടുത്തുകയും ചെയ്തു. ബിനോയ് കോടിയേരിക്കെതിരെ മാധ്യമങ്ങൾ വലിയ തോതിൽ നുണപ്രചരണം നടത്തുകയാണെന്ന് വ്യക്തമാക്കികൊണ്ടാണ് ഹസൻ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖി കൈരളിയുടെ അഭിമുഖത്തിൽ പങ്കെടുത്തത്. ചെക്ക് കേസുകൾ ഗൾഫ് ബിസിനസിൽ സ്വാഭാവികം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണ്. കേരളത്തിൽ വാർത്താ സമ്മേളനം നടത്താനായാണ് താൻ എത്തിയതെന്ന പ്രചരണങ്ങൾ വസ്തുതയുമായി പുലബന്ധമില്ലാത്തതാണെന്ന് അദ്ദേഹം വിശദീകരിച്ചു. കേരളത്തിലെത്തിയത് വാർത്താ സമ്മേളനത്തിനല്ലെന്നും മർസൂഖി വിവരിച്ചു. മാധ്യമങ്ങൾ നുണ പ്രചാരണമാണ് നടത്തുന്നതെന്ന് തുറന്ന് പറയാനും അദ്ദേഹം തയ്യാറായി. കേരളത്തിൽ എല്ലാ വർഷവും എത്താറുണ്ടെന്നും കേരളം ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണെന്നും മർസൂഖി വിവരിച്ചു. മർസൂഖിയുടെ വെളിപ്പെടുത്തലോടെ മാധ്യമങ്ങൾ ഉയർത്തിവിട്ട ബിനോയ് വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുകയാണെന്ന് കൈരളി വിശദീകരിക്കുന്നു.

ബിനോയ് വൻ തട്ടിപ്പ് നടത്തിയെന്നും 13 കോടി തട്ടിച്ചെന്നതുമടക്കം നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മാധ്യമങ്ങൾ ഉയർത്തിവിട്ടത്. ബിനോയ് യാത്രവിലക്ക് നേരിടുകയാണെന്ന് പോലും പ്രചരിപ്പിച്ചിരുന്നുവെന്നും കൈരളി പറയുന്നു. യാഥാർത്ഥ്യം വ്യക്തമാക്കി ബിനോയ് തന്നെ പലവട്ടം രംഗത്തെത്തിയിട്ടും മാധ്യമങ്ങൾ വിടാൻ തയ്യാറായിരുന്നില്ല. യാത്രാവിലക്കില്ലെന്ന് തെളിയിക്കുന്നതടക്കമുള്ള രേഖകളും പുറത്തുവന്നിരുന്നു. എന്നാൽ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ വ്യാജപ്രചരണം തകൃതിയായിരുന്നു. ഇപ്പോൾ ആരോപണങ്ങൾ നിഷേധിച്ച് മർസൂഖി തന്നെ രംഗത്തെത്തിയതോടെ വിവാദങ്ങളെല്ലാം അസ്ഥാനത്താകുകയാണെന്നാണ് കൈരളി പറയുന്നത്. പക്ഷേ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ പാർട്ടിയുടെ കേന്ദ്ര കമ്മറ്റിക്ക് നൽകിയ പരാതിയും അതു ഉയർത്തിയ വിവാദവുമാണ് ഇതെന്ന കാര്യം സിപിഎം ചാനൽ പറയുന്നുമില്ല. മർസൂഖിയിൽ നിന്ന് പരാതി കിട്ടിയതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ സ്ഥിരീകരിച്ചതുമാണ്.

സിപിഎം ജനറൽ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ഗുരുതര ആരോപണങ്ങളാണ് മർസൂഖി ഉന്നയിച്ചിരുന്നത്. ഇതിനൊന്നും മർസൂഖിയെ കൊണ്ട് കൈരളി മറുപടി പറയിക്കുന്നതുമില്ല. ഇക്കഴിഞ്ഞ ജനുവരി മൂന്നാം വാരത്തിൽ ഡൽഹിയിൽ സിപിഎം നേതൃത്വത്തെ മർസൂഖി നേരിട്ടു കണ്ടാണോ പരാതി നൽകിയത്? പരാതി നൽകുമ്പോൾ ഒപ്പമുണ്ടായിരുന്നത് ആരാണ്? രാഖുൽ കൃഷ്ണയാണോ? പരാതിയിൽ പറയുന്നതുപോലെ, ഔഡി എ8 കാർ (എച്ച്71597) വാങ്ങുന്നതിനായി മർസൂഖിയുടെ കമ്പനിയുടെ അക്കൗണ്ടുള്ള ബാങ്കിൽനിന്ന് 3,13,200 ദിർഹത്തിന്റെ ഈടു വായ്പ ബിനോയിക്കു തരപ്പെടുത്തി നൽകിയിട്ടുണ്ടോ? പരാതിയിൽ പറയുന്നതുപോലെ, യുഎഇ, ഇന്ത്യ, സൗദി, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ ബിസിനസ് വികസിപ്പിക്കാൻ ബിനോയിക്ക് 45 ലക്ഷം ദിർഹം നൽകിയിട്ടുണ്ടോ? 2016 ജൂൺ ഒന്നിനകം പണം തിരികെ നൽകാമെന്ന് ബിനോയി ഉറപ്പു നൽകിയിരുന്നോ? പണം നൽകിയ മർസൂഖിയുടെ അറിവിൽ ബിനോയി എന്തു ബിസിനസ് വികസിപ്പിക്കാനാണു ശ്രമിച്ചത്? തുടങ്ങിയ ചോദ്യങ്ങളെല്ലാം അവശേഷിക്കുകയാണ്.

ബിനോയി മനഃപൂർവം പണം തിരികെ നൽകാതിരുന്നയാളെന്നു ദുബായ് കോടതി പ്രഖ്യാപിച്ചെന്നും അയാളെ തിരികെ കൊണ്ടുവരാൻ ഇന്റർപോളിന്റെ സഹായം തേടുന്നതിന് അപേക്ഷിക്കാൻ കോടതി ഉപദേശിച്ചെന്നും സിപിഎം ജനറൽ സെക്രട്ടറിക്ക് നൽകിയതായി പറയുന്ന പരാതിയിൽ വ്യക്തമായിരുന്നു. പരാതിയിൽ ഉന്നയിച്ച ഒരു കാര്യത്തെക്കുറിച്ചും പാർട്ടിയുടെ ചാനലിന്റെ ലേഖകനു മർസൂഖിയോടു ചോദ്യമില്ല. സാമ്പത്തിക തട്ടിപ്പുകേസിൽ പെട്ട ബിനോയ് കോടിയേരിക്കു ദുബായ് കോടതി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ, ദുബായിൽ കുടുങ്ങിയ ബിനോയ് കുരുക്കഴിക്കാൻ ശ്രമം തുടങ്ങിയിരുന്നു. 30 ലക്ഷം ദിർഹമാണു (ഏകദേശം അഞ്ചരക്കോടി രൂപ) ജാസ് ടൂറിസം കമ്പനി 2013ൽ ബിനോയിക്കു നൽകിയതെന്നും സൂചനയുണ്ട്. ഇതിൽ, പത്തുലക്ഷം ദിർഹത്തിന്റെ, അതായത് 1.72 കോടിയോളം രൂപയുടെ കേസാണു യാത്രാവിലക്കിനു കാരണമായത്.

തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനു മുമ്പ് പ്രശ്നം തീർപ്പാക്കണമെന്നു സിപിഎം. സംസ്ഥാന സെക്രട്ടേറിയേറ്റ് അനൗദ്യോഗിക നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു തിരക്കിട്ട നീക്കങ്ങൾ നടന്നത്. സംസ്ഥാന സമ്മേളനത്തിൽ പ്രശ്നം ചർച്ചയ്ക്കെത്തിക്കാതെ പരിഹരിക്കാനായിരുന്നു നീക്കം. ബിനോയിയും ചവറ എംഎ‍ൽഎ. വിജയൻപിള്ളയുടെ മകൻ ശ്രീജിത്തും ചേർന്നു 13 കോടി രൂപ തട്ടിച്ചെന്നു കാണിച്ചാണ് ജാസ് ടൂറിസം കമ്പനി ഉടമ പരാതി നൽകിയത്. കേരളത്തിലെത്തി പത്രസമ്മേളനം നടത്തി ഇതേപ്പറ്റി വിശദീകരിക്കുമെന്ന് മർസൂഖി അറിയിച്ചിരുന്നെങ്കിലും, കേസ് സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിക്കുന്നതു കരുനാഗപ്പള്ളി കോടതി വിലക്കിയതു മൂലം പത്ര സമ്മേളനം നടന്നില്ല. എന്നാൽ ഹൈക്കോടതി കഴിഞ്ഞ ദിവസം വിലക്ക് എടുത്തുകളഞ്ഞതോടെ മർസൂഖി വീണ്ടും കേരളത്തിലെത്തുമെന്നും പത്രസമ്മേളനം നടത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺഗ്രസിൽ ഒരു വിഭാഗം മർസൂഖി കേരളത്തിലെത്തിയാൽ പിന്തുണയും രഹസ്യമായി വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു വ്യവസായ പ്രമുഖർ ഒത്തുതീർപ്പ് നീക്കവുമായി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP