Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിനോയ് കോടിയേരിയുടെ ചെക്ക് കേസ് ഒത്തു തീർപ്പാക്കി; വായ്‌പ്പ നൽകിയ 1.72 കോടി തിരികെ ലഭിച്ചതോടെ കേസ് പിൻവലിച്ച് മർസൂഖി; ചെക്കു കേസുകൾ ദുബായിൽ സാധാരണമെന്നും വിവാദങ്ങൾ അനാവശ്യമെന്നും പ്രതികരണം; കേസ് ഒഴിവാക്കാൻ പണം നൽകിയില്ലെന്ന് പറഞ്ഞ് ബിനോയി; ഒത്തുതീർപ്പിന് പണം നൽകിയത് കാസർകോട് സ്വദേശിയായ വ്യവസായി എന്ന് സൂചന; സംസ്ഥാന സമ്മേളനത്തിന് മുമ്പ് വിവാദം തീർന്നതിന്റെ ആശ്വാസത്തിൽ കോടിയേരി ബാലകൃഷ്ണനും

ബിനോയ് കോടിയേരിയുടെ ചെക്ക് കേസ് ഒത്തു തീർപ്പാക്കി; വായ്‌പ്പ നൽകിയ 1.72 കോടി തിരികെ ലഭിച്ചതോടെ കേസ് പിൻവലിച്ച് മർസൂഖി; ചെക്കു കേസുകൾ ദുബായിൽ സാധാരണമെന്നും വിവാദങ്ങൾ അനാവശ്യമെന്നും പ്രതികരണം; കേസ് ഒഴിവാക്കാൻ പണം നൽകിയില്ലെന്ന് പറഞ്ഞ് ബിനോയി; ഒത്തുതീർപ്പിന് പണം നൽകിയത് കാസർകോട് സ്വദേശിയായ വ്യവസായി എന്ന് സൂചന; സംസ്ഥാന സമ്മേളനത്തിന് മുമ്പ് വിവാദം തീർന്നതിന്റെ ആശ്വാസത്തിൽ കോടിയേരി ബാലകൃഷ്ണനും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിക്ക് എതിരായ ചെക്കു കേസ് ഒത്തുതീർപ്പാക്കി. ചെക്കു കേസിൽ കുടുങ്ങിയതിനെ തുടർന്ന് യാത്രാവിലക്ക് നേരിട്ട ബിനോയിക്ക് ഇതോടെ ആശ്വാസമായി. ഇനി നാട്ടിലേക്ക് വരാൻ ബിനോയിക്ക് കഴിയും. ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖിക്കു നൽകാനുള്ള 1.72 കോടി രൂപ കൊടുത്തു തീർത്തതോടെയാണു കേസ് അവസാനിച്ചത്. പണം കിട്ടിയതോടെ ബിനോയിക്ക് അനുകൂലമായി മർസൂഖിയുടെ പ്രതികരണവും വന്നു.

ചെക്കു കേസുകൾ ദുബായിൽ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങൾ അനാവശ്യമാണെന്നും മർസൂഖി പ്രതികരിച്ചു. ചെക്കു കേസുകൾ ദുബായിൽ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങൾ അനാവശ്യമാണെന്നും മർസൂഖി പ്രതികരിച്ചു. ബിനോയ് നൽകാനുള്ള 1.72 കോടി രൂപ നൽകാൻ തയാറാണന്നു വ്യവസായ സുഹൃത്തുക്കൾ മർസൂഖിയെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാൽ, രണ്ടു കേസുകൾ കൂടി ദുബായ് കോടതിയിൽ ബിനോയിക്കെതിരെയുണ്ട്. കാസർകോട് സ്വദേശിയായ വ്യവസായിയാണ് പണം കൊടുത്ത് കേസ് ഒത്തുതീർപ്പാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.

കേസ് ഒത്തുതീർപ്പായതിനെ തുടർന്ന് വരുന്ന ഞായറാഴ്ച ബിനോയ് നാട്ടിലേക്ക് തിരിക്കുമെന്നാണ് വിവരം. പണം കൊടുക്കാതെയാണ് കേസ് ഒത്തുതീർപ്പാക്കിയതെന്ന് ബിനോയ് പറയുന്നു. പണം ലഭിക്കാനുണ്ടായിരുന്ന മർസൂഖി കേസ് സ്വയം പിൻവലിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ തമ്മിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണയാണ് കേസിന് കാരണമായതെന്നും അത് പറഞ്ഞു തീർത്തെന്നുമാണ് ബിനോയ് കോടിയേരി പറഞ്ഞു.

സാമ്പത്തിക തട്ടിപ്പുകേസിൽ പെട്ട ബിനോയ് കോടിയേരിക്കു ദുബായ് കോടതി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ, ദുബായിൽ കുടുങ്ങിയ ബിനോയ് കുരുക്കഴിക്കാൻ ശ്രമം തുടങ്ങിയിരുന്നു. 30 ലക്ഷം ദിർഹമാണു (ഏകദേശം അഞ്ചരക്കോടി രൂപ) ജാസ് ടൂറിസം കമ്പനി 2013ൽ ബിനോയിക്കു നൽകിയതെന്നു പറയുന്നത്. ഇതിൽ, പത്തുലക്ഷം ദിർഹത്തിന്റെ, അതായത് 1.72 കോടിയോളം രൂപയുടെ കേസാണു യാത്രാവിലക്കിനു കാരണമായത്. ഈ തുക തീർത്തതോടെയാണ് ബിനോയിക്ക് കേസിൽ ആശ്വാസമായത്.

ഉന്നത സിപിഎം നേതാവിന്റെ ബന്ധുവാണ് പണം നൽകിയ കാസർകോട് സ്വദേശിയായ വ്യവസായി എന്നാണ് അറിയുന്നത്. ശേഷിക്കുന്ന 20 ലക്ഷം ദിർഹവുമായി ബന്ധപ്പെട്ടു രണ്ടു കേസുകൾ കൂടി ബിനോയിക്കെതിരെ ദുബായ് കോടതിയിൽ കമ്പനി നൽകുമെന്നാണു പറയുന്നത്. ജാസ് ടൂറിസം കമ്പനിയുടെ 51 ശതമാനം ഓഹരി ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖിക്കും 49 ശതമാനം മലയാളിയായ രാഖുൽ കൃഷ്ണയ്ക്കുമാണ്. കാര്യങ്ങൾ നോക്കി നടത്തിയിരുന്ന രാഖുൽ കമ്പനിയുടെ പേരിൽ വായ്പയെടുത്താണു ബിനോയിക്കു നൽകിയത്. എന്നാൽ, പണം തിരികെ കിട്ടാതെ വന്നതോടെ മർസൂഖി നേരിട്ടു കാര്യങ്ങൾ ഏറ്റെടുത്തു. ഇന്ത്യയിൽ എത്തിവരെ അദ്ദേഹം കരുക്കൾ നീക്കിയിരുന്നു.

അതിനിടെ സിപിഎം സംസ്ഥാന സമ്മേളനത്തിനു മുൻപു പ്രശ്‌നം അവസാനിപ്പിക്കാൻ സാധിച്ചത് കോടിയേരിക്കും ആശ്വാസമായി. സിപിഎം സംസ്ഥാന സമിതിയിൽ അടക്കം കോടിയേരിയുടെ മകന്റെ തട്ടിപ്പ് പാർട്ടിയുടെ ശോഭകെടുത്തുന്നുവെന്ന വിമർശനം ഉണ്ടായി. ത്രിപുരയിൽ അടക്കം ഈ വിഷയം ബിജെപി പ്രചരണ വിഷയമാക്കി. ദേശീയ തലത്തിൽ തന്നെ വിഷയം ശ്രദ്ധിക്കപ്പെട്ടതോടെ കോടിയേരിയുടെ രാജി ആവശ്യം വരം ഉയർത്താൻ തീരുമാനങ്ങളുണ്ടായിരുന്നു.

ബിനോയ്-ബിനീഷ് കോടിയേരിമാരുടെ വിവാദകേസുകൾ ബിജെപി ദേശീയ വ്യാപകമായിത്തന്നെ പ്രചാരണം കൊടുത്തു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലും യെച്ചൂരി,കോടിയേരി അടക്കമുള്ള സിപിഎം കേരളാ നേതൃത്വത്തെ വിമർശിച്ചിരുന്നു. ബിനോയ്കോടിയേരിക്കെതിരായ പരാതി തനിക്ക് കിട്ടിയെന്ന് സ്ഥിരീകരിച്ച യെച്ചൂരി, പാർട്ടിയിൽ യാതൊരു തരത്തിലുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും, നേതാക്കളുടെയും മക്കളുടെയും ആഡംബര ജീവിത ശൈലി പരിശോധിക്കണമെന്നും തുറന്നടിച്ചിരുന്നു. ഇതൊക്കെ കോടിയേരിക്കെതിരായ മാറിയിരുന്നു. എന്തായാലും കേസ് ഒത്തു തീർപ്പായതോടെ കോടിയേരിക്കും താൽക്കാലിക ആശ്വാസമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP