Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ മുസ്ലിം കുട്ടികളുടെ ജനനനിരക്ക് വർധിക്കുന്നെന്നു കേന്ദ്ര സർക്കാർ കണക്ക്; ഹിന്ദുക്കുട്ടികളുടെ ജനനനിരക്കിൽ കുറവ്; കേരളത്തിൽ ഭൂരിഭാഗം സ്ത്രീകളും അമ്മമാരാകുന്നത് 25 വയസിനും 29 വയസിനും ഇടയിലെന്നും ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക്

കേരളത്തിൽ മുസ്ലിം കുട്ടികളുടെ ജനനനിരക്ക് വർധിക്കുന്നെന്നു കേന്ദ്ര സർക്കാർ കണക്ക്; ഹിന്ദുക്കുട്ടികളുടെ ജനനനിരക്കിൽ കുറവ്; കേരളത്തിൽ ഭൂരിഭാഗം സ്ത്രീകളും അമ്മമാരാകുന്നത് 25 വയസിനും 29 വയസിനും ഇടയിലെന്നും ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ മുസ്ലിംകൾക്കിടയിൽ ജനനനിരക്ക് വർധിക്കുകയാണെന്ന പുതിയ റിപ്പോർട്ടുമായി കേന്ദ്ര സർക്കാർ. 2015 ആധാരമായുള്ള ജനസംഖ്യാടിസ്ഥാനത്തിൽ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് തയാറാക്കിയ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015ൽ കേരളത്തിലുണ്ടായ 5,16,013 ശിശു ജനനങ്ങളിൽ 41.45 ശതമാനം മുസ്ലിം മതവിഭാഗത്തിലാണെന്നാണ് കണക്കു സൂചിപ്പിക്കുന്നത്. 42.87 ശതമാനം കുട്ടികൾ ഹിന്ദുകുടുംബങ്ങളിൽ ജനിച്ചതായും കണക്കു പറയുന്നു. 15.42 ശതമാനമാണ് ക്രിസ്ത്യൻ ശിശുജനനനിരക്കെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2006-ൽ 35 ശതമാനമായിരുന്നു മുസ്ലിം ശിശുജനനനിരക്കെന്നും ഹിന്ദുക്കളിലെ ജനനനിരക്ക് ഇക്കാലയളവിൽ നാൽപത്താറുശതമാനത്തിൽനിന്ന് 42.87 ശതമാനമായി കുറഞ്ഞെന്നുമാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. അതായത് 2015 വരെയുള്ള പത്തുവർഷം കേരളത്തിൽ ജനിക്കുന്ന ഹിന്ദുക്കുട്ടികളുടെ എണ്ണം കുറഞ്ഞപ്പോൾ മുസ്ലിം കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടായി. ക്രിസ്ത്യൻ കുടുംബങ്ങളിലെ ജനനനിരക്കിൽ വലിയ മാറ്റമില്ല. 2006-ൽ പതിനേഴ് ശതമാനമായിരുന്നത് പത്തുവർഷം കഴിയുമ്പോൾ 15.42 ശതമാനത്തിലെത്തി.

പത്തുവർഷത്തിനുള്ളിൽ മിക്കവർഷങ്ങളിലും മുസ്ലിം ജനനനിരക്കിൽ വർധനയുണ്ടാവുകയായിരുന്നെന്നും 2007ലും 2012ലും മാത്രമാണ് മുൻ വർഷത്തേക്കാൾ നേരിയ കുറവുണ്ടായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2006മുതൽ 2012വരെ ഹിന്ദു ജനനനിരക്കിൽ ക്രമാനുഗതമായ കുറവുണ്ടായി. 2012ൽ ഹിന്ദു ജനനനിരക്ക് 38.26 ശതമാനമായി കുറഞ്ഞെങ്കിലും 2013ൽ അത് 44.08 ശതമാനമായി വർധിച്ചു. 2015 ആയപ്പോഴേക്ക് 42.87 ശതമാനമായി കുറയുകയും ചെയ്തു. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണക്കുകളെ ആധാരമാക്കി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

കുട്ടികളുടെ ജനസംഖ്യയിലും ഇതേ പ്രവണതയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി കാണുന്നതെന്നു കേരള സർവകലാശാലയിലെ ഡെമോഗ്രഫി വിഭാഗം തലവൻ പ്രൊഫ. പി മോഹനചന്ദ്രൻനായർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2001 മുതൽ 2011 വരെയുള്ള വർഷങ്ങളിൽ കേരളത്തിൽ പതിനാലു വയസിൽതാഴെയുള്ള ഹിന്ദുക്കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായപ്പോൾ മുസ്ലിം കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. മുസ്ലിം കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നതിന്റെ എണ്ണം വർധിച്ചതാണ് ജനനനിരക്ക് വർധിച്ചതായുള്ള കണക്കിന്റെ അടിസ്ഥാനമെന്നാണ് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ പ്രൊഫ. എസ് ഇരുദയരാജൻ ചൂണ്ടിക്കാട്ടുന്നത്.


കേരളത്തിൽ സ്ത്രീകൾ അമ്മമാരാകുന്നത് 25 വയസിനും 29 വയസിനും ഇടയിൽ

കേരളത്തിലെ സ്ത്രീകളിൽ ഭൂരിഭാഗവും അമ്മമാരാകുന്നത് ഇരുപത്തഞ്ചു വയസിനും ഇരുപത്തൊമ്പതു വയസിനും ഇടയിലാണെന്നും ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ റിപ്പോർട്ട് ചെയ്ത ശിശു ജനനങ്ങളിൽ 38.67 ശതമാനവും ഇരുപത്തഞ്ചിനും ഇരുപത്തൊമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ്. 20നും 24നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ 33.29 ശതമാനം കുഞ്ഞുങ്ങൾക്കു ജന്മം നൽകി. ഓരോ വർഷവും സ്ത്രീകൾ അമ്മമാരാകുന്ന പ്രായം ഉയർന്നുവരികയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പതിനഞ്ചിനും പത്തൊമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് 2105ൽ ജനിച്ച 4.61 ശതമാനം കുഞ്ഞുങ്ങൾക്കും ജന്മം നൽകിയത്. കേരളത്തിൽ പതിനെട്ടിനു വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികൾ അമ്മമാരാകുന്നത് തുടരുന്നെണ്ടെന്നാണ് ഈ കണക്കു വ്യക്തമാക്കുന്നത്. 2010 വരെയുള്ള കണക്കുകൾ പ്രകാരം കൂടുതൽ ശിശു ജനനങ്ങൾ ഉണ്ടായിരുന്നത് ഇരുപതിനും ഇരുപത്തിനാലിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കായിരുന്നു. 2010നു ശേഷം ഈ പ്രായത്തിൽ മാറ്റമുണ്ടായിരുന്നു. കൂടുതൽ സ്ത്രീകളും മുപ്പതുവയസോട് അടുപ്പിച്ചു മാത്രം അമ്മമാരാകാൻ താൽപര്യപ്പെടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഭൂരിഭാഗം ദമ്പതികൾക്കും ആദ്യ കുഞ്ഞുണ്ടാകുന്നത് നാലു വർഷങ്ങൾക്കുള്ളിൽ

കേരളത്തിലെ യുവദമ്പതികൾക്ക് ആദ്യ കുഞ്ഞുണ്ടാകുന്നത് ദാമ്പത്യത്തിലെ നാലുവർഷത്തിനുള്ളിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2015ലെ കണക്കുപ്രകാരം 56.59 ശതമാനം ദമ്പതികൾക്കും ആദ്യ നാലുവർഷത്തിനുള്ളിൽ കുഞ്ഞുണ്ടായി. അഞ്ചുവർഷത്തിനും ഒമ്പതുവർഷത്തിനും ഇടയിൽ മാതാപിതാക്കളായ ദമ്പതിമാരുടെ നിരക്ക് 41.34 ശതമാനമാണ്. 2010ൽ 62.45 ദമ്പതിമാരും നാലുവർഷത്തിനുള്ളിൽ മാതാപിതാക്കളായപ്പോൾ വർഷങ്ങൾ കടന്നുപോകുമ്പോൾ ഈ നിരക്കിൽ കുറവാണു സംഭവിക്കുന്നത്. വിവാഹശേഷം വളരെക്കഴിഞ്ഞുമാത്രം മതി കുഞ്ഞുങ്ങൾ എന്ന നിലയിലേക്ക് കേരളത്തിലെ മനഃശാസ്ത്രം മാറിയിരിക്കുന്നതായാണു കണക്കു ചൂണ്ടിക്കാട്ടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP