Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം തടഞ്ഞ അഡ്‌മിനിസ്‌ട്രേറ്ററെയും തിരുത്തിയ രൂപതയുടെ നടപടിയിൽ തെളിയുന്നത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ സ്വാധീന വലയം; ബലാത്സംഗ കേസിലെ സാക്ഷികളെ സ്ഥലംമാറ്റിയ സംഭവത്തിൽ നിയമപ്രകാരം സർക്കാറിന് ഇടപെടാമെങ്കിലും മൗനം പാലിക്കുന്നതും ദുരൂഹം; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടും വിചാരണ നീണ്ടു പോകുന്നതിനിടെ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി രണ്ടാംഘട്ട സമരവും തുടങ്ങി

കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം തടഞ്ഞ അഡ്‌മിനിസ്‌ട്രേറ്ററെയും തിരുത്തിയ രൂപതയുടെ നടപടിയിൽ തെളിയുന്നത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ സ്വാധീന വലയം; ബലാത്സംഗ കേസിലെ സാക്ഷികളെ സ്ഥലംമാറ്റിയ സംഭവത്തിൽ നിയമപ്രകാരം സർക്കാറിന് ഇടപെടാമെങ്കിലും മൗനം പാലിക്കുന്നതും ദുരൂഹം; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടും വിചാരണ നീണ്ടു പോകുന്നതിനിടെ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി രണ്ടാംഘട്ട സമരവും തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ കേസ് ഒതുക്കാനുള്ള ശ്രമങ്ങൾ കൂടുതലാക്കി. ഇക്കാര്യം വ്യക്തമാക്കുന്നതാണ് കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം തടഞ്ഞ അഡ്‌മിനിസ്‌ട്രേറ്ററെയും തിരുത്തി കൊണ്ട് രൂപത ഇടപെട്ടത്. ബിഷപ്പിന്റെ അനുകൂലിക്കുന്ന ജലന്തർ രൂപത പിആർഒ ഫാ. പീറ്റർ കാവുംഭാഗമാണ് അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ് ആഗ്‌നലോ ഗ്രേഷ്യസ് ഇടപെട്ട് റദ്ദാക്കിയ സ്ഥലം മാറ്റ നടപടി തിരുത്തിയത്.

ഇന്നലെ കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോട്ടയത്ത് നടത്തിയ സമരത്തിനിടെയാണ് സ്ഥലംമാറ്റം അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ് ആഗ്‌നലോ ഗ്രേഷ്യസ് റദ്ദാക്കിയതായി സേവ് ഔവർ സിസ്റ്റേഴ്‌സ് (എസ്ഒഎസ്) ഐക്യദാർഢ്യ സമിതിയുടെ കോട്ടയത്തെ സമരവേദിയിൽ സിസ്റ്റർ അനുപമ അറിയിച്ചത്. ഇതിന് തൊട്ടുപിന്നാലെ തന്നെ സ്ഥലംമാറ്റം റദ്ദാക്കിയ നടപടി അസാധുവാക്കി ജലന്തർ രൂപത പിആർഒ ഫാ. പീറ്റർ കാവുംഭാഗം കുറിപ്പ് ഇറക്കിയത് ഫ്രാങ്കോയുടെ ഇടപെടൽ തെളിയിക്കുന്നതാണ്.

ഇതുസംബന്ധിച്ചു വ്യക്തത വരുത്താൻ അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്ററെ സമീപിക്കുമെന്നു സിസ്റ്റർ അനുപമ പ്രതികരിച്ചു. ഔദ്യോഗിക മെയിലിലൂടെയാണു സ്ഥലംമാറ്റം റദ്ദാക്കിയ വിവരം അഡ്‌മിനിസ്‌ട്രേറ്റർ തങ്ങളെ അറിയിച്ചത്. തുടർനടപടി കൂടിയാലോചനയിലൂടെ തീരുമാനിക്കും. മഠത്തിൽ തന്നെ തുടരുമെന്നും അവർ പറഞ്ഞു. അതേസമയം സാക്ഷികളെ സംരക്ഷിക്കുന്ന നിയമം അനുസരിച്ച് കന്യാസ്ത്രീകളുടെ വിഷയത്തിൽ സംസ്ഥാന സർക്കാറിന് ഇടപെടൽ നടത്താം എന്നാൽ, സർക്കാറോ വനിതാ കമ്മീഷനോ ഒന്നും ഈ വിഷയത്തിൽ ഇടപെടാത്തത് ദുരൂഹമാണ്. ഇത് ബിഷപ്പിന് വേണ്ടിയാണെന്ന ആക്ഷേപങ്ങൾക്ക് ഇടയാക്കുന്നുണ്ട്. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടും വിചാരണ നീണ്ടു പോകുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

അതിനിടെ കന്യാസ്ത്രീകളെ പിന്തുണച്ച് സേവ് ഔവർ സിസ്റ്റേഴ്‌സ് (എസ്ഒഎസ്) ഐക്യദാർഢ്യ സമിതി നടത്തിയ സമ്മേളനം ന്യൂനപക്ഷ കമ്മിഷൻ മുൻ അംഗം ഫാ. വൽസൻ തമ്പു ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ എസ്ഒഎസ് നടത്തിയ സമരത്തിന്റെ രണ്ടാം ഘട്ടമാണ് ഇന്നലെ കോട്ടയത്ത് ആരംഭിച്ചത്. കൊച്ചിയിൽ നടന്ന ആദ്യഘട്ട സമരത്തിൽ പങ്കെടുത്ത കന്യാസ്ത്രീകളായ അനുപമ, നീന റോസ്, ആൽഫി, ജോസഫൈൻ എന്നിവരും സിസ്റ്റർ അനുപമയുടെ പിതാവ് വർക്കിയും സമ്മേളനത്തിനെത്തി. എസ്. ശാരദക്കുട്ടി, അനിലാ ജോർജ്, പ്രഫ. പി. ഗീത, സി.കെ ജാനു, പ്രഫ. സെബാസ്റ്റ്യൻ വട്ടമറ്റം, ഫാ. അഗസ്റ്റിൻ വട്ടോലി, പി.ജെ. തങ്കച്ചൻ, അവന്തിക, ഫെലിക്‌സ് ജെ. പുല്ലൂടൻ തുടങ്ങിയവർ പ്രസംഗിച്ചു.

സമ്മേളന സ്ഥലത്തേക്ക് ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരു സംഘം മാർച്ച് നടത്തി. സമ്മേളനത്തിനെത്തിയവരും മാർച്ച് നടത്തിയവരും തമ്മിൽ വാക്കേറ്റവും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളികളും നടന്നു. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയതോടെ സമ്മേളനം തുടർന്നു. ബിഷപ്പിനെതിരെ മുൻപു കൊച്ചിയിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത 5 കന്യാസ്ത്രീകളെയാണു കുറവിലങ്ങാട് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിൽ നിന്നു മിഷനറീസ് ഓഫ് ജീസസ് മദർ ജനറാൾ വിവിധ സ്ഥലങ്ങളിലേക്കു മാറ്റിയത്.

ജലന്ധറിലെ സുപ്പീരിയർ ജനറലാണ് ഉത്തരവുനൽകിയത്. മൂന്നുപേരെ വിവിധ സംസ്ഥാനങ്ങളിലേക്കും ഒരാളെ കണ്ണൂരിലേക്കുമാണ് മാറ്റിയത്. പരാതിക്കാരി കുറവിലങ്ങാട്ടെ മഠത്തിൽ തുടരും. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ കൊച്ചിയിൽ സമരം നടത്തിയത്. സിസ്റ്റർമാരായ ആൽഫിക്കും ജോസഫീനും കഴിഞ്ഞ ഏഴാം തീയതിയും അനുപമയ്ക്കും ആൻസിറ്റയ്ക്കും ചൊവ്വാഴ്ചയുമാണ് ഉത്തരവുകിട്ടിയത്. സിസ്റ്റർ അനുപമയ്ക്ക് പഞ്ചാബിലെ അമൃത്സറിലേക്കാണ് മാറ്റം. സിസ്റ്റർ ആൻസിറ്റയെ കണ്ണൂർ പരിയാരത്തേക്കും സിസ്റ്റർ ആൽഫിയെ ബിഹാറിലേക്കും സിസ്റ്റർ ജോസഫീനെ ഝാർഖണ്ഡിലേക്കുമാണ് മാറ്റിയത്. എത്രയും പെട്ടെന്ന് എത്തണമെന്നാണ് രജിസ്റ്റേഡ് തപാലിൽവന്ന കത്തിലുള്ളത്.

സിസ്റ്റർ അനുപമ പഞ്ചാബിലെ ഗുരുദാസ്പുരിലെ മഠത്തിൽനിന്നാണ് കന്യാസ്ത്രീക്ക് പിന്തുണനൽകാൻ കുറവിലങ്ങാട്ടെത്തിയത്. ബിഹാറിൽ സുപ്പീരിയർ സ്ഥാനം വഹിച്ചിരുന്ന സിസ്റ്റർ ആൽഫിയോട് തിരിച്ചെത്താനാണ് നിർദ്ദേശം. ഇവർക്കൊപ്പംനിന്ന സിസ്റ്റർ നീനാ റോസിനെ മാറ്റിയിട്ടില്ല. നാലുപേർക്കും 2018 മാർച്ചിൽ സ്ഥലംമാറ്റ ഉത്തരവു നൽകിയിരുന്നു. എന്നാൽ, നിയമനം ലഭിച്ച മഠങ്ങളിലേക്ക് പോകാതെ പരാതിക്കാരിയായ കന്യാസ്ത്രീക്ക് പിന്തുണനൽകുന്നതിന് നാലുപേരും കുറവിലങ്ങാട്ടെത്തുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ വിവിധ കോടതികളിൽ കന്യാസ്ത്രീകൾ രഹസ്യമൊഴി നൽകിയിരുന്നു. 2018 ജൂൺ 27-നാണ് ബിഷപ്പ് പീഡിപ്പിച്ചതായി കാണിച്ച് കന്യാസ്ത്രീ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് പരാതി നൽകിയത്. കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ സെപ്റ്റംബർ 21-ന് അറസ്റ്റുചെയ്തു. ഒക്ടോബറിൽ ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോ ജലന്ധറിലേക്ക് മടങ്ങി. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കേസുമായി ബന്ധപ്പെട്ട നിയമനടപടികളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് മദർ സുപ്പീരിയറിന്റെ കത്തിൽ പറയുന്നു. കോടതി ഉത്തരവുകൾ പാലിച്ച് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ടുപോകാൻ കന്യാസ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ട്.

ചുമതലകൾ പാലിക്കണമെന്നും മടങ്ങിപ്പോകണമെന്നും കാണിച്ച് മൂന്നുതവണ നിർദ്ദേശം നൽകിയെങ്കിലും പാലിച്ചില്ല. വ്യക്തിപരമായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക കേസിൽ നിയമയുദ്ധവുമായി മുന്നോട്ടുപോവുകയായിരുന്നു കന്യാസ്ത്രീകളെന്നും മദർ സുപ്പീരിയറിന്റെ കത്തിൽ കുറ്റപ്പെടുത്തിയിരുന്നു.

ഈ സ്ഥലം മാറ്റം റദ്ദാക്കിയും ഇതു റദ്ദാക്കിയും ബിഷപ്പിനെതിരായ കേസ് തീരുന്നതു വരെ കുറവിലങ്ങാട് മഠത്തിൽ തുടരാൻ അനുവദിച്ചുമായിരുന്നു അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്ററുടെ കത്ത്. തന്റെ അനുവാദമില്ലാതെ മറ്റു നടപടികൾ എടുക്കരുതെന്നും ബിഷപ് ആഗ്‌നലോ നിർദ്ദേശം നൽകിയതായി സിസ്റ്റർ അനുപമ പറഞ്ഞിരുന്നു.

എന്നാൽ, കന്യാസ്ത്രീകളുടേതു സ്ഥലംമാറ്റമല്ലെന്നും അവർ ഉപേക്ഷിച്ചുപോന്ന കടമകളിലേക്കു തിരികെവരാനാണു മദർ ജനറാളിന്റെ നിർദ്ദേശമെന്നും ജലന്തർ രൂപതയുടെ കുറിപ്പിൽ പറയുന്നു. മിഷനറീസ് ഓഫ് ജീസസിന്റെ ആഭ്യന്തര കാര്യങ്ങളിൽ രൂപത ഇടപെടാറില്ലെന്ന വിശദീകരണവുമുണ്ട്. ജലന്തർ രൂപതയുടെ കീഴിലുള്ള സന്യസ്ത സമൂഹമാണു മിഷനറീസ് ഓഫ് ജീസസ്. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ സ്ഥലം മാറ്റിയിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP