Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അവരെന്നെ കൊല്ലും, മഠം വിട്ട് പോകാൻ നിർബന്ധിക്കുന്നുണ്ട്.. മഠത്തിനുള്ളിൽ താൻ നേരിടുന്നത് തടങ്കൽ ജീവിതമാണ്; ബലാത്സംഗ കേസിൽ ഫ്രാങ്കോക്കെതിരെ മൊഴി നൽകിയ കന്യാസ്ത്രീ ലിസി ജീവിക്കുന്നത് ജീവൽഭയത്തോടെ; കുറ്റപത്രം വൈകുന്നതിൽ ദുഃഖവും ഭയവും; നിസ്സഹായരായ ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കണം; കുറ്റപത്രം വേഗം സമർപ്പിക്കണം എന്നാവശ്യപ്പെട്ട് സിസ്റ്റർ അനുപമയും കൂട്ടരും കോട്ടയം എസ്‌പിക്ക് മുമ്പിൽ; തെരഞ്ഞെടുപ്പിന്റെ മറവിൽ അട്ടിമറി നീക്കം സജീവം

'അവരെന്നെ കൊല്ലും, മഠം വിട്ട് പോകാൻ നിർബന്ധിക്കുന്നുണ്ട്.. മഠത്തിനുള്ളിൽ താൻ നേരിടുന്നത് തടങ്കൽ ജീവിതമാണ്; ബലാത്സംഗ കേസിൽ ഫ്രാങ്കോക്കെതിരെ മൊഴി നൽകിയ കന്യാസ്ത്രീ ലിസി ജീവിക്കുന്നത് ജീവൽഭയത്തോടെ; കുറ്റപത്രം വൈകുന്നതിൽ ദുഃഖവും ഭയവും; നിസ്സഹായരായ ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കണം; കുറ്റപത്രം വേഗം സമർപ്പിക്കണം എന്നാവശ്യപ്പെട്ട് സിസ്റ്റർ അനുപമയും കൂട്ടരും കോട്ടയം എസ്‌പിക്ക് മുമ്പിൽ; തെരഞ്ഞെടുപ്പിന്റെ മറവിൽ അട്ടിമറി നീക്കം സജീവം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ബലാത്സംഗ കേസ് തെരഞ്ഞെടുപ്പിന്റെ മറവിൽ അട്ടിമറിക്കാൻ ശ്രമം ശക്തം. ഇതോടെ കന്യാസ്ത്രീകൾ അടക്കമുള്ളവർ കടുത്ത ഭീതിയിലാണ്. ജീവൽഭയത്തിൽ കഴിയുന്ന ഇവർ മാധ്യമങ്ങൾക്ക് മുന്നിലെത്തി. കേസിൽ സാക്ഷിയായ ഒരു കന്യാസ്ത്രീ മൊഴിമാറ്റാൻ തനിക്ക് മേൽ വലിയ സമ്മർദ്ദമുണ്ടെന്നാണ് വെളിപ്പെടുത്തിയത്. സിസ്റ്റർ ലിസി വടക്കേയിലാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായി മൊഴികൊടുത്തതിന്റെ പേരിൽ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റർ പറഞ്ഞു. മഠം വിട്ട് പോകാൻ നിർബന്ധിക്കുന്നുണ്ട്. മഠത്തിനുള്ളിൽ താൻ നേരിടുന്നത് തടങ്കൽ ജീവിതമാണ്. ഭക്ഷണവും മരുന്നും നൽകുന്നില്ല. മരുന്നിന് പണം ചോദിച്ചപ്പോൾ മഠം അധികൃതർ തട്ടിക്കയറി. മഠത്തിലെ കന്യാസ്ത്രീകളെ മുഴുവൻ മാറ്റി തന്നെ ഒറ്റപ്പെടുത്തിയെന്നും സിസ്റ്റർ ലിസി വ്യക്തമാക്കി.

മൊഴിമാറ്റാൻ പ്രൊവിൻഷ്യാളും മദർ ജനറാളും നിർബന്ധിച്ചു. വിജയവാഡ വിട്ട് കേരളത്തിലെത്തിയത് മരണ ഭയത്താലാണ്. വീണ്ടും സ്ഥലം മാറ്റിയത് സമ്മർദ്ദത്തിന്റെ ഭാഗമായിട്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റർ ലിസി വടക്കേയിൽ പറഞ്ഞു. ''ഇവരെന്നെ പീഡിപ്പിക്കുന്നതൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്. തലയിൽ തേക്കാൻ അൽപ്പം എണ്ണ പോലും നൽകുന്നില്ല. എണ്ണ തരാമോ എന്ന് ചോദിച്ചപ്പോൾ മിണ്ടിപ്പോകരുത് സിസ്റ്ററിന് ഇവിടെ എണ്ണയില്ലെന്ന് പറഞ്ഞു. എനിക്കറിയാം ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ മൊഴി കൊടുത്തതിന് ശേഷമാണ് ഇങ്ങനെ. പെറ്റതള്ളയോടോ സഹോദരങ്ങളോടോ മിണ്ടാൻ പോലും അവസരം നൽകിയില്ല'' - സിസ്റ്റർ ലൂസി പറഞ്ഞു.

അതേസമയം കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ കോട്ടയം എസ്‌പി ഹരിശങ്കറെ സന്ദർശിച്ചു. ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായി ആറു മാസം ആയിട്ടും കുറ്റപത്രം കോടതിയിൽ എത്താൻ വൈകുന്നതാണ് കേസ് അട്ടിമറിക്കാനാണെന്ന ആശങ്ക ഇവർ രേഖപ്പെടുത്തി. പ്രതി അതി പ്രബലനായതിനാൽ തങ്ങൾ ഭയത്തിലും ആശങ്കയിലുമാണെന്ന് കന്യാസ്ത്രീകൾ എസ്‌പിക്ക് നൽകിയ കത്തിൽ പറയുന്നു.

പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നവരും ഇരയ്ക്ക അനുകൂലമായി മൊഴി നൽകിയതിന്റെ പേരിൽ സഭയിൽ നിന്നും നിരന്തരം ഭീഷണി നേരിടുകയും ചെയ്യുന്ന അഞ്ചു പേരാണ് എസ്‌പിക്കു മുന്നിൽ ആശങ്ക അറിയിച്ചത്. സി.അനുപമ, സി. ജോസഫിൻ, സി. ആൽഫി, സി.ആൻസിറ്റ, സി.നീനാ റോസ് എന്നിവരാണ് ഇന്ന് എസ്‌പിയെ സന്ദർശിച്ചത്.

'ദിവസങ്ങൾക്കു മുൻപുതന്നെ കേസിലെ അന്വേഷണം പൂർത്തിയാവുകയും കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ പര്യാപ്തമാവുകയും ചെയ്തിരുന്നുവെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. എന്നാൽ പല കാരണങ്ങളാൽ അത് നീണ്ടുപോയി. സാക്ഷികളായ ഞങ്ങൾ അനുഭവിക്കുന്ന സമ്മർദ്ദം ഇതിനകം തന്നെ അറിവുള്ളതാണല്ലോ. ഞങ്ങൾ അഞ്ചുപേരെയും രാജ്യത്തിന്റെ പല ഭാഗങ്ങേളിലേക്കും സ്ഥലം മാറ്റുവാൻ രണ്ടു മാസങ്ങൾക്കു മുൻപ് ഒരു നീക്കം നടന്നിരുന്നു. പരാതിക്കാരിയെ മഠത്തിൽ ഒറ്റപ്പെടുത്തുകയും സാക്ഷികളായ ഞങ്ങളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് ഇല്ലാതാക്കുവാനുമുള്ള നീക്കമാണ് നടന്നത്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് മേൽക്കേസിൽ കഴിവതും വേഗം കുറ്റപത്രം സമർപ്പിക്കുകയും ഞങ്ങൾ അടക്കമുള്ള സാക്ഷികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യണം- കന്യാസ്ത്രീകൾ കത്തിൽ ആവശ്യപ്പെടുന്നു.

കുറ്റപത്രം സമർപ്പിക്കുന്നത് നീണ്ടുപോകുന്നത് തങ്ങൾക്ക് ദുഃഖവും വളരെയധികം ഭയവും ജനിപ്പിക്കുന്നുവെന്നും എത്രകാലം ഇപ്രകാരം പിടിച്ചുനിൽക്കാൻ കഴിയുമെന്ന് തങ്ങൾക്കറിയില്ല എന്നും അവർ പറയുന്നു. നിസ്സഹായരായ തങ്ങളുടെ ഈ അവസ്ഥ മനസ്സിലാക്കി അനുകൂല നടപടി സ്വീകരിക്കണമെന്നാണ് കന്യാസ്ത്രീകൾ എസ്‌പിയോട് ആവശ്യപ്പെടുന്നത്. കുറ്റപത്രം തയ്യാറായി സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ പരിശോധനയും തിരുത്തലുകളും പൂർത്തിയായതാണെന്ന റിപ്പോർട്ട് ഇതിനകം പുറത്തുവന്നിരുന്നു. അന്തിമ ചർച്ചയ്ക്കായി ഡി.ജി.പിയുടെ സമയം ലഭിക്കാത്താതാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP