Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൈറ്റണയ്ക്കാത്ത സെല്ലിൽ കൊതുകിനെ കൊന്നും അങ്ങോട്ടുമിങ്ങോട്ടും നടന്നും രാത്രി തള്ളി നീക്കി അഴിക്കുള്ളിലെ ആദ്യ ദിനം; കൈയിൽ ബൈബിൾ ഉണ്ടായിട്ടും തുറന്നു നോക്കാൻ പോലുമാകാത്ത മാനസികാവസ്ഥ; ജപിക്കാനും മനസ്സ് അനുവദിച്ചില്ല; ഒപ്പമുള്ള കഞ്ചാവ് കേസ് പ്രതികളോടുമില്ല മിണ്ടാട്ടം; ഇന്നലെ ഉച്ചയ്ക്ക് മീൻകറിയും അവിയലും കഴിച്ചെങ്കിലും രാത്രി ഭക്ഷണം വേണ്ടെന്ന് വച്ച് മൗനത്തിലേക്ക് കടന്നു; പാലാ സബ് ജയിലിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആകെ നിരാശൻ

ലൈറ്റണയ്ക്കാത്ത സെല്ലിൽ കൊതുകിനെ കൊന്നും അങ്ങോട്ടുമിങ്ങോട്ടും നടന്നും രാത്രി തള്ളി നീക്കി അഴിക്കുള്ളിലെ ആദ്യ ദിനം; കൈയിൽ ബൈബിൾ ഉണ്ടായിട്ടും തുറന്നു നോക്കാൻ പോലുമാകാത്ത മാനസികാവസ്ഥ; ജപിക്കാനും മനസ്സ് അനുവദിച്ചില്ല; ഒപ്പമുള്ള കഞ്ചാവ് കേസ് പ്രതികളോടുമില്ല മിണ്ടാട്ടം; ഇന്നലെ ഉച്ചയ്ക്ക് മീൻകറിയും അവിയലും കഴിച്ചെങ്കിലും രാത്രി ഭക്ഷണം വേണ്ടെന്ന് വച്ച് മൗനത്തിലേക്ക് കടന്നു; പാലാ സബ് ജയിലിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആകെ നിരാശൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലാ ജയിലിനുള്ളിൽ പതിവുകളെല്ലാം തെറ്റി. ഇഷ്ടഭക്ഷണം വയറുനിറയെ കഴിച്ച് സ്‌കോച്ച് വിസ്‌കി സേവിക്കുന്ന പതിവൊന്നും കുറച്ചു കാലത്തേക്ക് നടക്കില്ലെന്ന് ബിഷപ്പ് തിരിച്ചറിയുകയാണ്. ഇറ്റാലിയൻ ഭക്ഷണത്തോടാണ് പ്രിയമുള്ള ഫ്രാങ്കോ മെത്രാന് ജയിൽ ഭക്ഷണവും തീരെ പിടിക്കുന്നില്ല. ഇതിനൊപ്പമാണ് അനുഭവിക്കുന്ന ഏകാന്തത. പൊലീസ് കസ്റ്റഡിയിൽ അനുഭവിച്ച സുഖസൗകര്യങ്ങളെല്ലാം പാലാ സബ് ജയിലിൽ ബിഷപ്പിന് നഷ്ടമായി. സാദാ തടവുകാരനായി മാറുകയാണ് ആളും ആരവവും ആയി സുഖജീവിതം നയിച്ച മെത്രാൻ.

കന്യാസ്ത്രീയെ ബലാത്സംഗംചെയ്ത കേസിൽ റിമാൻഡിലായ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നലെ ഉച്ചയോടൊയാണ് പാലാ സബ് ജയിലിലേക്കുമാറ്റിയത്. ഫ്രാങ്കോയെ ഒക്ടോബർ ആറുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ പാലാ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എസ്. ലക്ഷ്മിയാണ് ഉത്തരവിട്ടത്. രാജ്യത്ത് ജയിലിലാകുന്ന ആദ്യ ബിഷപ്പാണ് ഫ്രാങ്കോ. പാലാ സബ് ജയിലിലെ മൂന്നാം നമ്പർ സെല്ലിലാണ് ബിഷപ്പ് ഫ്രാങ്കോ ഉള്ളത്. കൂട്ടിന് രണ്ട് കഞ്ചാവ് കേസ് പ്രതികളും. മൂന്നാം നമ്പർ സെല്ലിൽ 5968 -ാം നമ്പർ തടവുകാരൻ.

ഇന്നലെ ജയിലിലെത്തിയപ്പോൾ തന്നെ മീൻ കറിയും അവിയലും ചോറും ബിഷപ്പിന് ഭക്ഷണമായി നൽകി. ഇതിൽ കുറച്ചു മാത്രം കഴിഞ്ഞു. മൂന്നരയോടെ പതിവ് ചായ എത്തി. എന്നാൽ ബിഷപ്പ് അത് കഴിച്ചില്ല. രാത്രി ഭക്ഷണം പ്ലേറ്റിൽ വാങ്ങി നാലരയോടെ സെല്ലിൽ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. ഇത് അനുസരിച്ച് ബിഷപ്പും ആഹാരം വാങ്ങി. എന്നാൽ ഒന്നും കഴിച്ചില്ല. സന്ധ്യയാകും തോറും സെല്ലിലെ ഏകാന്തതയുടെ വിഷാധം ബിഷപ്പിന്റെ മുഖത്ത് വ്യക്തമായി വന്നു. സെല്ലിലെ സഹമുറിയന്മാരോട് ഒന്നും മിണ്ടാതെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയായിരുന്നു ബിഷപ്പ്. പാതിരാത്രിയിലും ഇത് തുടർന്നു.

രാത്രിയിൽ സെല്ലുകളിൽ ലൈറ്റ് ഓഫ് ചെയ്യാറില്ല. പ്രകാശമുള്ളതുകൊണ്ട് ഉറക്കവും നടന്നില്ല. കൊതുകിനേയും കൊന്ന് അങ്ങോട്ടും ഇങ്ങോട്ടും ബിഷപ്പ് നടന്നു. ഇടയ്ക്ക് കിടന്നെങ്കിലും തറയിൽ പായ് വിരിച്ചുള്ള കിടത്തം മെത്രാന് ഉറക്കമെത്തിച്ചില്ല. പായും പുതപ്പും വാങ്ങിയ മെത്രാന് ജയിലിലെ ആദ്യ ദിവസം ഇരുന്നും നടന്നും കിടന്നും നേരം വെളുപ്പിക്കേണ്ടി വന്നു. രാവിലെ കണക്കെടുപ്പിന് വാർഡന്മാരെത്തിയപ്പോൾ മെത്രാനും ഹാജർ. രാവിലെ കൊടുത്ത ചായയും കുടിച്ചു. ഭക്ഷണം നേരെയാകാത്തതിന്റെ ക്ഷീണവും ഒപ്പം സെല്ലുമായി അടുക്കാൻ പറ്റാത്ത വിഷമവുമെല്ലാം ഫ്രാങ്കോയുടെ മുഖത്ത് ജയിൽ അധികാരകൾ വായിച്ചെടുക്കുന്നുണ്ട്.

ജയിൽ ചട്ടപ്രകാരം ബിഷപ്പിന് വിവിഐപി പരിഗണനയൊന്നും നൽകാനാകില്ല. മാധ്യമങ്ങളുടെ കണ്ണ് ജയിലിലുള്ളതിനാൽ വഴി വിട്ട് സഹായമൊന്നും ചെയ്യരുതെന്ന് ജയിൽ അധികാരികൾക്ക് ജയിൽ ഡിജിപി ശ്രീലേഖ നിർദ്ദേശം കൊടുത്തിട്ടുണ്ട്. സെല്ലിനുള്ളിൽ ബിഷപ്പിനെ പ്രത്യേകം നിരീക്ഷിക്കുന്നുമുണ്ട്. ഏത് സാഹചര്യം വന്നാലും ഉടൻ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബിഷപ്പിന്റെ കൈയിൽ ബൈബിളും കൊന്തയും ഉണ്ട്. എന്നാൽ ബൈബിൾ തുറന്നു നോക്കാൻ പോലും ജയിലിലെ ആദ്യ ദിവസം ബിഷപ്പിനായില്ല. ജപവും ഇല്ല. പെറ്റികേസ് പ്രതികളോട് സംസാരിക്കാനും താൽപ്പര്യമില്ല. അങ്ങെ തീർത്തും ഏകാന്തത അനുഭവിക്കുകയാണ് ബിഷപ്പ് ഫ്രാങ്കോ.

ഇന്നലെ പാലാ സബ് ജയിലിനു മുൻപിൽ ബിഷപ്പ് ഫ്രാങ്കോയെ കാണാൻ വൻ ജനക്കൂട്ടമാണ് കാത്തുനിന്നത്. പാലാ ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനക്ക് ശേഷം, രണ്ടേകാലോടെ ബിഷപ്പിനെ ജയിലിലേക്കു എത്തിച്ചു. വൻ മാധ്യമ സംഘത്തിനും ജനക്കൂട്ടത്തിനും ഇടയിലൂടെ പാലാ സബ് ജയിലിന്റെ ഉള്ളിലേക്ക് തലതാഴ്‌ത്തി ബിഷപ് നടന്നു കയറി. ജലന്തർ രൂപതയിലെ അരമനയിൽ കഴിഞ്ഞിരുന്ന ബിഷപ്പ് ഫ്രാങ്കോ രണ്ട് പെറ്റി കേസ് പ്രതികളോടൊപ്പം കഴിയാൻ പോകുന്നത് ഏറെ ചർച്ചകൾക്കും വഴിവച്ചു. ചിരിച്ച മുഖത്തോടെയാണ് ജയിലിനുള്ളിലേക്ക് ബിഷപ്പ് കയറിയത്. എന്നാൽ അകത്തെ കാര്യങ്ങൾ മനസിലായതോടെ നിരാശയിലേക്ക് മാറുകയായിരുന്നു മുഖഭാവം.

റിമാൻഡ് തടവുകാർക്ക് ജയിൽ വസ്ത്രം ധരിക്കേണ്ടതില്ലെന്നുള്ളതിനാൽ ബനിയനും പാന്റും ധരിക്കാൻ ബിഷപ്പിനെ അനുവദിച്ചു. ശുചിമുറി സൗകര്യവും ഫാനും സെല്ലിലുണ്ട്. സബ് ജയിലിലെത്തിയ ബിഷപ് ഉച്ചഭക്ഷണം കഴിച്ചു. ജയിലധികൃതർ ഊണു കഴിച്ചോ എന്ന് ചോദിച്ചപ്പോൾ ഇല്ലായെന്ന് മറുപടി നൽകി. തുടർന്ന് ഭക്ഷണം നൽകി. ജനറൽ ആശുപത്രിയിൽ നിന്ന് ഡോക്ടർ എത്തി പരിശോധിച്ച ശേഷം ആവശ്യമായ മരുന്നുകൾ നൽകി. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ബിഷപ്പിന്റെ സെല്ലിൽ സദാ നിരീക്ഷണം നടത്തുന്നുണ്ട്. മറ്റു തടവുകാരെ അകത്തു കയറ്റിയ ശേഷം മാത്രമാണു ബിഷപ്പിനെ പുറത്തിറക്കുന്നത്. ഇനിയുള്ള കോടതി നടപടികളെ ആശ്രയിച്ചായിരിക്കും ബിഷപ്പിന് മുന്നിൽ ജയിലിന്റെ വാതിലുകൾ തുറക്കുന്നത്.

കന്യാസ്ത്രീ പൊലീസിൽ പരാതിപ്പെട്ടതിന്റെ 90-ാം ദിവസമാണ് റിമാൻഡിലാകുന്നത്. തിങ്കളാഴ്ച ഒരുമണിക്കാണ് അന്വേഷണോദ്യോഗസ്ഥൻ വൈക്കം ഡിവൈ.എസ്‌പി. കെ. സുഭാഷിന്റെ നേതൃത്വത്തിൽ പാലാ കോടതിയിൽ ഹാജരാക്കിയത്. 50 മിനിറ്റുകൊണ്ട് കോടതിനടപടി പൂർത്തിയായി. രണ്ടരയോടെ പാലാ സബ്ജയിലിലാക്കി. ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അറസ്റ്റുചെയ്തപ്പോൾ നെഞ്ചുവേദനയുണ്ടായെന്നും ഹർജിയിൽ ഉന്നയിച്ചിരുന്നു. ജയിലിലടച്ചാൽ സ്ഥിതി കൂടുതൽ മോശമാവും. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ബോധിപ്പിച്ചു.

മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലിരിക്കേ അറസ്റ്റു ചെയ്തതിനെയും ചോദ്യംചെയ്തു. എന്നാൽ, കേസിൽ സർക്കാരിന്റെ വിശദീകരണം തേടിയ കോടതി, ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്കുമാറ്റി. സർക്കാർ സമയംതേടിയതിനെത്തുടർന്നാണ് നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP