Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാക്ഷികളായ അഞ്ച് കന്യാസ്ത്രീകളുടെയും രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് അഞ്ച് മജിസ്‌ട്രേറ്റുമാർ; ഫ്രാങ്കോ മുളയ്ക്കൽ കേസിൽ അസാധാരണ നടപടിയുമായി കോടതി; കൊലക്കേസ് പ്രതിയെ ഫാ. നിക്കോളാസ് ഒപ്പം കൂട്ടിയത് കന്യാസ്ത്രീകളെ ഭയപ്പെടുത്താൻ വേണ്ടിയെന്ന് പൊലീസ്; ഫ്രാങ്കോ മുളയ്ക്കൽ ജയിലിലായിട്ടും തീരാതെ വിവാദങ്ങൾ

സാക്ഷികളായ അഞ്ച് കന്യാസ്ത്രീകളുടെയും രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് അഞ്ച് മജിസ്‌ട്രേറ്റുമാർ; ഫ്രാങ്കോ മുളയ്ക്കൽ കേസിൽ അസാധാരണ നടപടിയുമായി കോടതി; കൊലക്കേസ് പ്രതിയെ ഫാ. നിക്കോളാസ് ഒപ്പം കൂട്ടിയത് കന്യാസ്ത്രീകളെ ഭയപ്പെടുത്താൻ വേണ്ടിയെന്ന് പൊലീസ്; ഫ്രാങ്കോ മുളയ്ക്കൽ ജയിലിലായിട്ടും തീരാതെ വിവാദങ്ങൾ

മറുനാടൻ ഡെസ്‌ക്‌

വൈക്കം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സാക്ഷി പറഞ്ഞ അഞ്ച് കന്യാസ്ത്രീകളുടെയും രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് അഞ്ച് മജിസ്‌ട്രേറ്റുമാർ. കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് അഞ്ച് മജിസ്‌ട്രേറ്റുമാര ചുമതലപ്പെടുത്തിയത്. ഇതോടെ വിവാദമായ പീഡനക്കേസിൽ അസാധാരണമായ നടപടിയാണ് കോടതി എടുത്തിരിക്കുന്നത്.

ക്രിമിനൽ നടപടിച്ചട്ടം 164-ാം വകുപ്പ് പ്രകാരമാണ് രഹസ്യമൊഴി എടുക്കുന്നത്. അഞ്ച് കന്യാസ്ത്രീകളുടെ മൊഴിയാണ് രേഖപ്പെടുത്തുക. കന്യാസ്ത്രീകളുടെ സൗകര്യാർഥം തീയതി പിന്നീട് നിശ്ചയിക്കും. രഹസ്യമൊഴി രേഖപ്പെടുത്താൻ കഴിഞ്ഞദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥർ അപേക്ഷ നൽകിയത്. ഇതിന് പിന്നാലെ സാക്ഷികളായ അഞ്ച് കന്യാസ്ത്രീകളുടെയും രഹസ്യ മൊഴി രേഖപ്പെടുത്താൻ അഞ്ച് മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തി കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.

വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്, ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്, കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്, കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 1, കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 3 എന്നിവരാണ്് സാക്ഷികളായ കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുപ്പെടുത്തുന്നത്. അതേസമയം കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്താൻ ഇത്തരത്തിൽ ഒരു അസാധാരണ നടപടി എന്തുകൊണ്ടാണ് കോടതി സ്വീകരിക്കുന്നത് എന്നത്് വ്യക്തമല്ല.

അതേസമയം പീഡന കേസിൽ അഴിക്കുള്ളിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ പോയ കോടനാട് ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ കൊലക്കേസ് പ്രതിയെ ഒപ്പം കൂട്ടിയത് വിവാദമായിരിക്കുകയാണ്. സാക്ഷികളായ കന്യാസ്ത്രീകളെ സ്വാധീനിക്കാനും മൊഴി മാറ്റാൻ പ്രേരിപ്പിക്കുന്നതിനുമാണ് ഇത്തരത്തിൽ കൊലക്കേസ് പ്രതിയെ ഒപ്പം കൂട്ടി ജയിലിൽ എത്തിയതെന്നാണ് ആരോപണം. കൊലക്കേസ് പ്രതിയുമായി ജയിലിൽ എത്തിയതോടെ മാധ്യമ ശ്രദ്ധ നേടാനും അതുവഴി കന്യാസ്ത്രീകളെ ഭയപ്പെടുത്താനുമാണ് ഫാ. നിക്കോളാസ് മണിപ്പറമ്പിലിന്റെ ശ്രമമെന്നാണ് പൊലീസിന്‌റെ വിശദീകരണം.

കന്യാസ്ത്രീകളെ സ്വാധീനിക്കാൻ ഫാദർ നിക്കോളാസ് മണിപ്പറമ്പിൽ ശ്രമിച്ചെന്ന് കന്യാസ്ത്രീകൾ ദിവസങ്ങൾക്ക് മുന്നേ പരാതിപ്പെട്ടിരുന്നു. ഫാദർ നിക്കോളാസ് കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീകളെ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം. എന്നാൽ കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്താൻ ശ്രമം നടന്നുവെന്ന് വ്യക്തമാക്കിയാണ് അച്ചനൊപ്പം മഠത്തിലെത്തിയ കൊലക്കേസ് പ്രതിയുടെ വിവരങ്ങൾ പുറത്തായത്.

അങ്കമാലി മുക്കന്നൂർ വധക്കേസ് പ്രതി സജി മുക്കന്നൂരിനൊപ്പമാണ് കന്യാസ്ത്രീകളെ കാണാൻ അച്ചനെത്തിയത്. കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തി ഫ്രാങ്കോയ്ക്ക് അനുകൂല സാഹചര്യമുണ്ടാക്കാനായിരുന്നു ശ്രമമെന്ന വാദത്തിന് ഇതോടെ ശക്തികൂടുകയാണ്. സജി മുക്കന്നൂർ ഓടിച്ച കാറിലാണ് അച്ചൻ മഠത്തിലെത്തിയത്. ഫ്രാങ്കോ കേസ് നിർണ്ണായക വഴിത്തിരിവിലെത്തുമ്പോൾ അച്ചന്റെ സന്ദർശനത്തിന് ഏറെ പ്രാധാന്യം കിട്ടി. അച്ചൻ പോയ ഉടൻ തന്നെ മാനസിക സമ്മർദമുണ്ടാക്കാനായിരുന്നു ഫാദർ നിക്കോളാസിന്റെ ശ്രമമെന്ന് കന്യാസ്ത്രീകൾ പറയുകയും ചെയ്തു. സമരവും പരാതികളും സഭയ്ക്കെതിരാണെന്നു പറഞ്ഞ് കുറ്റബോധമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും കന്യാസ്ത്രീകൾ പറഞ്ഞു.

ഇതിന് പിന്നാലെയാണ് ഒപ്പമെത്തിയതുകൊലക്കേസ് പ്രതിയാണെന്ന വിവരങ്ങൾ പുറത്തു വന്നത്. തന്റെ ഒപ്പമുണ്ടായിരുന്നത് സജിയാണെന്ന് അച്ചനും സമ്മതിക്കുന്നു. വികാരി എത്തിയത് തങ്ങളെ സ്വാധീനിക്കാൻ ആയിരുന്നു എന്നാണ് സിസ്റ്റർ അനുപമ മാധ്യമങ്ങളോട് പറഞ്ഞത്. ''പൊലീസിൽ പരാതി നൽകിയതും സമരപ്പന്തലിൽ പോയതും ശരിയായില്ലെന്ന് നിക്കോളാസ് മണിപ്പറമ്പിൽ പറഞ്ഞു. സഭയെ അധിക്ഷേപിക്കാൻ ശ്രമിച്ചെന്നു കുറ്റപ്പെടുത്തി.'' സിസ്റ്റർ അനുപമ പറഞ്ഞു. എന്നാൽ കേസ് പിൻവലിക്കാൻ ഫാദർ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിസ്റ്റർ അനുപമ വ്യക്തമാക്കി. ''വിജാതീയരെക്കൂട്ടി സഭയ്ക്കെതിരെ തെരുവിൽ സമരം നടത്തിയെന്നും'' ഫാദർ പറഞ്ഞതായി ആരോപണമെത്തി. പരാതിയുമായി മുന്നോട്ട് പോകുന്ന കന്യാസ്ത്രീകളെ മാനസിക സമ്മർദത്തിൽ ആക്കാനുള്ള നീക്കങ്ങൾ പല തരത്തിൽ നടക്കുന്നു എന്നതിന്റെ സൂചനയാണ് കോടനാട്ട് അച്ചന്റെ സന്ദർശനം ചർച്ചയായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP