Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് ക്ലബിൽ നിന്നും പാലയിലെ കോടതിയിൽ ഹാജരാക്കാൻ പൊലീസ് വാഹനത്തിൽ കയറ്റിയ ബിഷപ്പിനെ നോക്കി കൂക്കി വിളിച്ച് നാട്ടുകാർ; നിർവികാരതയോടെ ഒന്നും കേട്ടില്ലെന്ന് നടിച്ച് വണ്ടിയിൽ കയറി ഫ്രാങ്കോ; ബിഷപ്പിനെ തെളിവെടുപ്പിന് കൊണ്ടുപോകേണ്ട കാര്യമില്ലെന്ന് പറഞ്ഞ് പൊലീസിന്റെ കസ്റ്റഡി ആവശ്യത്തെ എതിർക്കാൻ പ്രതിഭാഗം അഭിഭാഷകൻ; ദൈവം നൽകിയ നീതിയെന്ന് ഇരയുടെ സഹോദരി; ബിഷപ്പിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് സഹോദരനും

പൊലീസ് ക്ലബിൽ നിന്നും പാലയിലെ കോടതിയിൽ ഹാജരാക്കാൻ പൊലീസ് വാഹനത്തിൽ കയറ്റിയ ബിഷപ്പിനെ നോക്കി കൂക്കി വിളിച്ച് നാട്ടുകാർ; നിർവികാരതയോടെ ഒന്നും കേട്ടില്ലെന്ന് നടിച്ച് വണ്ടിയിൽ കയറി ഫ്രാങ്കോ; ബിഷപ്പിനെ തെളിവെടുപ്പിന് കൊണ്ടുപോകേണ്ട കാര്യമില്ലെന്ന് പറഞ്ഞ് പൊലീസിന്റെ കസ്റ്റഡി ആവശ്യത്തെ എതിർക്കാൻ പ്രതിഭാഗം അഭിഭാഷകൻ; ദൈവം നൽകിയ നീതിയെന്ന് ഇരയുടെ സഹോദരി; ബിഷപ്പിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് സഹോദരനും

അർജുൻ സി വനജ്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതിയിലേക്ക് കൊണ്ടുപോയി. കനത്ത പൊലീസ് സുരക്ഷയോടെയാണ് ബിഷപ്പിനെ പാല കോടതിയിലേക്ക് കൊണ്ടുപോയത്. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായായി കോട്ടയം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. കേരളാ പൊലീസിലെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ആണ് ബിഷപ്പിന് സുരക്ഷ ഒരുക്കുന്നത്.

നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫ്രാങ്കോയെ രാവിലെയാണ് ഡിസ്ചാർജ് ചെയ്തത്. രക്ത സമ്മർദമാണ് ബിഷപ്പിന്റെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തിൽ. നിലവിൽ ബിഷപ്പിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ബിഷപ്പ് ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് ഒരുങ്ങുന്നത്. അതേസമയം, ബിഷപ്പിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യവും പൊലീസ് ഉന്നയിക്കും.

ഇന്നലെ കോട്ടയത്തേക്ക് കൊണ്ടുപോരുന്നതിനിടെ വാഹനത്തിൽ ക്ഷീണിതനായി കണ്ടെത്തിയ ബിഷപ്പിനെ രാത്രി 10.45ഓടെ മെഡിക്കൽ കോളേജിലെ കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യഘട്ടപരിശോധനയിൽ കുഴപ്പങ്ങൾ ഒന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ ഇന്ന് രണ്ടാംഘട്ടപരിശോധനകളും നടത്തിയിരുന്നു. ഇതിലും കുഴപ്പങ്ങളൊന്നുമില്ലെന്ന് കണ്ടെത്തുകയായിരുന്നു. നേരത്തെതന്നെ മുന്നറിയിപ്പ് ലഭിച്ചതിനാൽ വിദഗ്ധ ഡോക്ടർമാരുടെ സംഘം ആശുപത്രിയിൽ സജ്ജമായിരുന്നു.

അതേസമയം പാല കോടതിയിൽ നിന്നും ജാമ്യം തേടാനുള്ള ശ്രമത്തിലാണ് ബിഷപ്പിന്റെ അഭിഭാഷകർ. ബിഷപ്പിനെ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസ് ആവശ്യത്തെ എതിർക്കാനാണ് അഭിഭാഷകരുടെ നീക്കം. ബിഷപ്പിനെ തെളിവെടുപ്പിന് കൊണ്ടുപോകേണ്ട കാര്യമില്ലെന്നാണ് പ്രതിഭാഘം അഭിഭാഷകൻ പറയുന്നത്. അതേസമയം ബിഷപ്പിന്റെ അറസ്റ്റ് ദൈവം നൽകിയ നീതിയാണെന്നാണ് കന്യാസ്ത്രീയുടെ സഹോദരി പ്രതികരിച്ചത്. അന്വേഷണ സംഘത്തിന് നന്ദിയും പറഞ്ഞു അവർ.

അതേസമയം ബിഷപ്പിന് ജാമ്യം നൽകരുതെന്ന് ഇരയായ് കന്യാസത്രീയുടെ സഹോദരൻ ആവശ്യപ്പെട്ടു. ജാമ്യം നൽകിയാൽ സാക്ഷികളെ ബിഷപ്പ് സ്വാധീനിക്കുമെന്നും ഇതിന്റെ തെളിവാണ് നേരത്തെ ഒരു അച്ചൻ നിലപാട് മാറ്റിയതെന്നും സഹോദരൻ പറഞ്ഞു. ഫ്രാങ്കോയെ മൂന്ന് ദിവസത്ത കസ്റ്റഡിയിൽ കിട്ടാൻനാകും പൊലീസ് കോടതിയിൽ അപേക്ഷ നൽകുക. കൂടുതൽ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങാട് മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയിൽ ആവശ്യപ്പെടുക.

ഇന്നലെ കൊച്ചിയിൽനിന്ന് കൊണ്ടുവരുമ്പോഴാണ് ബിഷപ്പിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിഷപ്പിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ആറു മണിക്കൂർ നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശം നൽകുകയായിരുന്നു. ഇന്ന് രാവിലെ ബിഷപ്പിന് ഹൃദയാഘാതമുണ്ടോ എന്ന പരിശോധന നടത്തിയ ശേഷമാണ് പ്രശ്‌നമൊന്നും ഇല്ലെന്ന് കണ്ടെത്തിയത്.

നേരത്തെ, ബിഷപ്പിനെ തൃപ്പൂണിത്തുറയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ ഉയർന്ന രക്തസമ്മർദം കണ്ടിരുന്നു. ഇസിജിയിൽ നേരിയ വ്യതിയാനം കണ്ടിരുന്നു. അതുകൊണ്ട് ഇന്നും വീണ്ടും പരിശോധന നടത്തും. ബിഷപ്പിന്റെ നെഞ്ചുവേദനയോടെ അന്വേഷണ സംഘവും പ്രതിരോധത്തിലായിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിന്റെ കടലാസ് ജോലികൾ അവസാനിച്ചതോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. നിയമവിരുദ്ധമായി തടങ്കലിൽ വെക്കൽ, പ്രകൃതി വിരുദ്ധ ലൈംഗികബന്ധം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ചോദ്യം ചെയ്യലിൽ കേസിന് ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങൾ ലഭിച്ചു. തന്റെ ഭാഗം വിശദീകരിക്കുന്നതിന് ആവശ്യമായ സമയം ബിഷപ്പിന് നൽകിയിരുന്നു. അറസ്റ്റിന്റെ കാര്യത്തിൽ ബോധപൂർവമായ താമസമുണ്ടായിട്ടില്ല. ബിഷപ് കുറ്റം സമ്മതിച്ചോ ഇല്ലയോ എന്ന കാര്യം ഇപ്പോൾ പറയാനാവില്ല. രാത്രി കോട്ടയം പൊലീസ് ക്ലബിലേക്കാണ് കൊണ്ടുപോകുന്നത്. സമയം ലഭിച്ചാൽ അവിടെ വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്ച രാവിലെ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. രണ്ടു മാസമായി നടന്ന വിശദ അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഗൂഢാലോചനയാണെന്ന വാദത്തിൽ ആദ്യം മുതൽ ഉറച്ചു നിൽക്കുകയായിരുന്നു ഫ്രാങ്കോ. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനം ഇത് ഖണ്ഡിക്കാനായി. അറസ്റ്റ് സംബന്ധിച്ച് ഒരു സംശയവുമുണ്ടായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുമായി പലരീതിയിലുള്ള ചർച്ചകൾ ഫോണിലൂടെയും നേരിട്ടും ആവശ്യമായി വന്നപ്പോഴൊക്കെ നടത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഒരുമിച്ച് പരിഗണിച്ചാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നും എസ്‌പി വ്യക്തമാക്കി.

ഇന്നലെ പൊലീസ് ക്ലബ്ബിൽ എത്തിച്ച് ബിഷപ്പിന് താമസസൗകര്യം ഒരുക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഇവിടെ വെച്ച് ചോദ്യം ചെയ്യാനും പദ്ധതിയുണ്ടായിരുന്നു. ക്ലബിൽ താമസത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണു ഇന്നലെ രാത്രി തെള്ളകം പിന്നിട്ടപ്പോൾ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചു വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വാഹന വ്യൂഹം തിരിച്ചു വിട്ടു. ഏഴു വാഹനങ്ങളിലായി വൻ പൊലീസ് സംഘമാണ് ബിഷപ്പിനൊപ്പമുണ്ടായിരുന്നത്. വൈക്കം ഡിവൈഎസ്‌പിയുടെ ജീപ്പിലാണ് ബിഷപ്പ് യാത്ര ചെയ്തിരുന്നത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ വൈദ്യ പരിശോധനയിൽ ബിഷപ്പിന് ഇസിജിയിൽ വ്യതിയാനവും രക്താതിസമ്മർദ്ദവും കണ്ടെത്തിയിരുന്നനു. ഇതേ തുടർന്നു തൃപ്പൂണിത്തുറയിലെ ഡോക്ടർ ഹൃദ്രോഗ വിദഗ്ധന്റെ പരിശോധന വേണമെന്ന് നിർദ്ദേശിച്ചു.

തുടർ യാത്രയിലാണു ബിഷപ്പ് ദേഹാസ്വാസ്ഥ്യമുണ്ടെന്നു പൊലീസിനെ അറിയിച്ചത്. ഉടനെ തന്നെ കോട്ടയം മെഡിക്കൽ കോളജിലേക്കു പോവുകയായിരുന്നു. അവിടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആദ്യഘട്ട പരിശോധനയ്ക്കു ശേഷം കാർഡിയോളജി വിഭാഗത്തിൽ ഇസിജിയും മറ്റു പരിശോധനകളും നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP