Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജിഹാദികളും സംഘികളും സഭയുടെ ശക്തിയായ സന്യാസ ഹിംസയ്ക്കായി കൈകോർത്തു; സഭാധ്വംസനത്തിന് സംഘപരിവാറിൽ നിന്നും ജിഹാദികളിൽ നിന്നും ക്വട്ടേഷൻ സ്വീകരിച്ചിട്ടുള്ള മാധ്യമങ്ങളെ അണിനിരത്തി നടത്തിയ നാടകത്തിൽ സഭ പകച്ചുപോയി; സഭാ വിരുദ്ധർ നിർബാധം മേയുന്ന സോഷ്യൽ മീഡിയയിൽ സഭയുടെ മക്കൾ സജീവമാകണം; ഫോർവേർഡ് മെസേജുകൾക്ക് പോലും മറുപടി നൽകണം; കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന് അറിയാതെ സമ്മതിച്ച് കന്യാസ്ത്രീക്കെതിരെ മെത്രാന്റെ തകർപ്പൻ ലേഖനം

ജിഹാദികളും സംഘികളും സഭയുടെ ശക്തിയായ സന്യാസ ഹിംസയ്ക്കായി കൈകോർത്തു; സഭാധ്വംസനത്തിന് സംഘപരിവാറിൽ നിന്നും ജിഹാദികളിൽ നിന്നും ക്വട്ടേഷൻ സ്വീകരിച്ചിട്ടുള്ള മാധ്യമങ്ങളെ അണിനിരത്തി നടത്തിയ നാടകത്തിൽ സഭ പകച്ചുപോയി; സഭാ വിരുദ്ധർ നിർബാധം മേയുന്ന സോഷ്യൽ മീഡിയയിൽ സഭയുടെ മക്കൾ സജീവമാകണം; ഫോർവേർഡ് മെസേജുകൾക്ക് പോലും മറുപടി നൽകണം; കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന് അറിയാതെ സമ്മതിച്ച് കന്യാസ്ത്രീക്കെതിരെ മെത്രാന്റെ തകർപ്പൻ ലേഖനം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജലന്ധർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൽ നിന്ന് കന്യാസ്ത്രീ പീഡനമേറ്റു എന്ന് ഒടുവിൽ മെത്രാനും സമ്മതിച്ചു. തലശേരി രൂപതാ ബിഷപ്പ് ജോസഫ് പാംപ്ലാനിയാണ് ഇത് സമ്മതിക്കുന്നത്. പക്ഷേ അറിയാതെ അബദ്ധത്തിൽ പറഞ്ഞതാണെന്ന് മാത്രം. ജലന്ധർ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീകൾ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് സ്നേഹധാര എന്ന മാസികയിൽ എഴുതിയ ലേഖനത്തിലാണ് കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന് അംഗീകരിക്കുന്നത്. ഇത് പുതിയ ചർച്ചകൾക്കും വഴി വയ്ക്കുന്നു. കന്യാസ്ത്രീകളെ കടന്നാക്രമിക്കുന്നതാണ് ലേഖനം. അപ്പോഴും ലേഖനം ചർച്ചയായത് അതിലെ സത്യം പറച്ചിലിലൂടെയാണ്. കന്യാസ്ത്രീയുടെ സഹപ്രവർത്തകരായ സന്യസ്തർ നടത്തിയ സമരത്തിനു പിന്നിൽ സഭാവിരുദ്ധരും ജിഹാദികളും സംഘപരിവാർ ശക്തികളുമാണെന്നാണ് കെ.സി.ബി.സി മീഡിയ കമ്മീഷൻ ചെയർമാൻ കൂടിയായ ഡോ.ജോസഫ് പാംപ്ലാനി ആരോപിക്കുന്നത്.

സമരപ്പന്തലിൽ പീഡിതയായ സഹോദരിയുടെ സഹപ്രവർത്തകരായ സന്യസ്തരെ എത്തിച്ച സഭാവിരുദ്ധരുടെ തന്ത്രം ഒരു സംഘാതനീക്കത്തിന്റെ ഭാഗമായിരുന്നു എന്ന് തിരിച്ചറിയാൻ നാം വൈകിയെന്നാണ് മെത്രാൻ ലേഖനത്തിൽ കുറിക്കുന്നത്. ഈ വരിയിൽ കന്യാസ്ത്രീ പീഡിതയായി എന്ന് മെത്രാൻ തന്നെ തുറന്ന് സമ്മതിക്കുന്നു. എന്നാൽ നീതി തേടി പോരാട്ടം നയിച്ചവരെ ആക്ഷേപിക്കുകയാണ് മെത്രാൻ. കത്തോലിക്കാ സഭയിൽ സ്ത്രീകളോടും കുട്ടികളോടും കരുതലോടെ പെരുമാറമെന്നും പൗരോഹിത്യത്തിന്റെ പീഡനത്തിന് ഇരയാകുന്നവരോട് സംരക്ഷിക്കണമെന്നുമൊക്കെ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) മാർഗരേഖ ഇറക്കിയതിനു പിന്നാലെയാണ് ഇരയ്ക്ക് വേണ്ടി നിന്നവരെ കളിയാക്കിയും ആക്ഷേപിച്ചും ലേഖനമെത്തുന്നത്.

ആലപ്പുഴ ഐ.എം.എസിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'സ്നേഹധാര' ഫെബ്രുവരി ലക്കത്തിൽ എഴുതിയ 'സന്യാസത്തിന്റെ സൗന്ദര്യം നശിപ്പിക്കുന്നവർ' എന്ന ലേഖനത്തിലാണ് കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപ്പറഞ്ഞും അവരെ പിന്തുണച്ചവരെ വർഗീയ വാദികളും സഭാവിരുദ്ധരുമായി ചിത്രീകരിച്ചിരിക്കുന്നത്. ലേഖനത്തിന്റെ രണ്ടാമത്തെ ഖണ്ഡികയിലാണ് ഇക്കാര്യം പറയുന്നത്. 'സഭയുടെ ശക്തി സന്യാസമാണെന്ന തിരിച്ചറിവിൽ നിന്ന് സന്യാസഹിംസയ്ക്കുള്ള പടപ്പുറപ്പാട് ആരംഭിച്ച വിവരം വൈകിയാണെങ്കിലും നാം തിരിച്ചറിയണം. കേരളത്തിലെ വർഗീയ ചേരിതിരിവിന്റെ വക്താക്കളായ ജിഹാദികളും സംഘികളും ഈ ലക്ഷ്യത്തിനായി കൈകോർത്തു എന്ന സത്യവും നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. സഭയുടെ ശത്രുക്കൾ കുമ്പസാരത്തിനും പൗരോഹിത്യത്തിനും സഭാസംഘടനയക്കും എതിരെ മുൻകൂട്ടി തയ്യാറാക്കിയ സമരപ്പന്തലിൽ പീഡിതയായ സഹോദരിയുടെ സഹപ്രവർത്തകരായ സന്യസ്തരെ എത്തിച്ച സഭാവിരുദ്ധരുടെ തന്ത്രം ഒരു സംഘാതനീക്കത്തിന്റെ ഭാഗമായിരുന്നു എന്ന് തിരിച്ചറിയാൻ നാം വൈകി. കത്തോലിക്കാ സഭവിരുദ്ധരുടെ സമരത്തെ സന്യസ്തരുടെ സമരമാക്കാൻ കഴിഞ്ഞതാണ് അവരുടെ വിജയം. സഭാധ്വംസനത്തിന് സംഘപരിവാറിൽ നിന്നോ ജിഹാദികളിൽ നിന്നോ ക്വട്ടേഷൻ സ്വീകരിച്ചിട്ടുള്ള ചില മുഖ്യധാരാ മാധ്യമങ്ങളെ അണിനിരത്തി നടത്തിയ നാടകത്തിൽ കേരളസഭ പകച്ചുപോയി എന്നതാണ് സത്യം. എന്നാൽ നാടകത്തിൽ നിന്ന് നാം ചില പാഠങ്ങൾ പഠിക്കേണ്ടതുണ്ട്.'' അദ്ദേഹം പറയുന്നു.

സമർപ്പിതരുടെ ആവശ്യങ്ങളും ആവലാതികളും കൂടുതൽ ഗൗരവത്തോടെ പരിഗണിക്കണം. അവരെ അടിമകളും പീഡിതരും അവമാനിതരുമായി ചിത്രീകരിച്ച് സന്യാസത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് അവസരം കൊടുക്കാതിരിക്കാൻ ബോധപൂർവ്വം പരിശ്രമിക്കണം. മദർ തെരേസാമാരായി പ്രവർത്തിക്കുന്ന സന്യാസികളെ മുഖ്യധാരയായി ആദരിക്കാൻ സഭയൊന്നാകെ മുൻകൈ എടുക്കണം. സന്യാസിനികൾ എണ്ണത്തിലല്ല ഗുണത്തിലാണ് പ്രധാനമെന്ന് പറയുന്ന അദ്ദേഹം സന്യാസത്തെ തോന്ന്യാസമാക്കി മാറ്റുന്നവർക്കെതിരെ അച്ചടക്ക നടപടികൾക്ക് ഒട്ടും അമാന്തം പാടില്ലെന്ന് അടിവരയിടുന്നു. അച്ചടക്ക നടപടികൾ സമയാസമയങ്ങളിൽ സ്വീകരിക്കാൻ അധികാരികൾ കാട്ടിയ അമാന്തമാണ് സഭയ്ക്കൊന്നാകെ അപമാനകരമായ അവസ്ഥയുണ്ടാക്കിയതെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി പറയുന്നു.

ഇനിമേൽ ഒരു കുട്ടിപോലും മഠത്തിൽ ചേരാൻ പാടില്ലെന്ന പ്രഖ്യാപനത്തോടെയാണ് സമകാലിക സന്യസ്ത സമരം താത്ക്കാലികമായി അവസാനിപ്പിച്ചിരിക്കുന്നത്. വിവേകത്താൽ വികാരത്താൽ നയിക്കപ്പെടുന്ന ഒരു മുൻ ന്യായാധിപനും മലയാള സാഹിത്യത്തിലെ അതിപ്രമുഖനായ ഒരു സാഹിത്യകാരനുമാണ് ഇതിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സന്യസ്തരുടെ ആത്മാഭിമാനത്തെ ഇവർ അടച്ചാക്ഷേപിവെന്നും സന്യാസത്തിലേക്കുള്ള കവാടത്തെ പൂട്ടി മുദ്രവയ്ക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും ബിഷപ്പ് വിമർശിക്കുന്നു. ദൈവവിളിയുടെ നീരുറവകൾ ഇത്തരം വികടത്വങ്ങളാൽ മലിനമാകാതിരിക്കാൻ സഭയൊന്നാകെ ജാഗ്രത പാലിക്കണം. വാർഡ് പ്രാർത്ഥനകളിലും കുടുംബകൂട്ടായ്കളിലും യുവജനങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ ദൈവവിളിയെ കുറിച്ച് ആത്മാർത്ഥമായ പഠനങ്ങളും വിലയിരുത്തലുകളും നടത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.

സഭാവിരുദ്ധർ നിർബാധം മേയുന്ന സോഷ്യൽ മീഡിയയിൽ സഭയുടെ മക്കൾ സജീവമാകണമെന്നും അവരുടെ നിരീക്ഷണങ്ങളിലെ നിക്ഷിപ്ത താൽപര്യങ്ങൾക്ക് ഒരു വരിയെങ്കിലും മറുപടി നൽകണമെന്നും പറയുന്നു. ഫോർവേർഡ് മെസേജുകൾ ആണെങ്കിലും അത് അയച്ചവരോട് പ്രതികരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. മാധ്യമങ്ങൾ സഭയ്ക്കെതിരായതിൽ ആശങ്കപ്പെടേണ്ടെന്നും നൂറ്റാണ്ടുകളായി സഭ ആർജ്ജിച്ച സന്യാസത്തിന്റെ പുണ്യങ്ങളെ തമസ്‌കരിക്കാൻ വഴിതെറ്റിയ ചില സന്യാസികളെ കൂട്ടുപിടിച്ച് ചില മാധ്യമങ്ങൾ നടത്തുന്ന പരിശ്രമങ്ങളിൽ പതറരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു. ഈ കാലഘട്ടങ്ങളിൽ സഭാസ്നേഹം പ്രകടമാക്കേണ്ടത് സാമൂഹിക മാധ്യമങ്ങളിൽ സഭയ്ക്കുവേണ്ടി സജീവ നിലപാടു സ്വീകരിച്ചുകൊണ്ടായിരിക്കണമെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി പറയുന്നു.

യുവാക്കളെയും കുട്ടികളെയും വഴിപിഴപ്പിക്കുന്ന സോഷ്യൽമീഡിയ ആരും ഉപയോഗിക്കരുതെന്ന് ധ്യാനഗുരുക്കന്മാർ ഉപദേശിക്കുമ്പോൾ് സോഷ്യൽ മീഡിയയിൽ സഭയുടെ മക്കൾ സജീവമാകണമെന്നും ഇക്കലാത്ത് സഭാസ്നേഹം പ്രകടമാക്കേണ്ടത് സാമൂഹിക മാധ്യമങ്ങളിലൂടെയാണെന്നുമുള്ള ബിഷപ്പ് പാംപ്ലാനിയുടെ നിലപാടും പുതിയ ചർച്ചകൾക്ക് വഴി വയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP