Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെപി യോഹന്നാൻ കെസിസിയിൽ അംഗത്വം നേടിയത് യാക്കോബായ സഭയുമായി ഒത്തുകളിച്ചോ? യോഹന്നാൻ ബിഷപ്പല്ല, വെറുമൊരു ആൽമായൻ; ഒരുകാരണവശാലും ബിലീവേഴ്‌സ് ചർച്ചിനെ കേരള ചർച്ചസ് കൗൺസിലിൽ ഉൾപ്പെടുത്താനാകില്ലെന്നും സിഎസ്‌ഐ; ബിഷപ്പായി വാഴിച്ചതിന് സഭയുടെ അംഗീകാരമില്ല; ക്രൈസ്തവ സഭകളുടെ പൊതുവേദിയായ കെസിസി പിളർപ്പിലേക്ക്

കെപി യോഹന്നാൻ കെസിസിയിൽ അംഗത്വം നേടിയത് യാക്കോബായ സഭയുമായി ഒത്തുകളിച്ചോ? യോഹന്നാൻ ബിഷപ്പല്ല, വെറുമൊരു ആൽമായൻ; ഒരുകാരണവശാലും ബിലീവേഴ്‌സ് ചർച്ചിനെ കേരള ചർച്ചസ് കൗൺസിലിൽ ഉൾപ്പെടുത്താനാകില്ലെന്നും സിഎസ്‌ഐ; ബിഷപ്പായി വാഴിച്ചതിന് സഭയുടെ അംഗീകാരമില്ല; ക്രൈസ്തവ സഭകളുടെ പൊതുവേദിയായ കെസിസി പിളർപ്പിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: ബിലീവേഴ്‌സ് ചർച്ചിനെയും അതിന്റെ തലവനായ ബിഷപ്പ് കെപി യോഹന്നാനെയും ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യയിലെ പുരാതന സഭകളിൽ ഒന്നായ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ(സിഎസ്‌ഐ). യോഹന്നാൻ നേതൃത്വം കൊടുക്കുന്ന ബിലീവേഴ്‌സ് ചർച്ചിന് കേരള ചർച്ചസ് കൗൺസിലിൽ(കെസിസി) അംഗമാക്കിയതിൽ പ്രതിഷേധിച്ചാണ് സിഎസ്‌ഐ സഭ കെസിസിയിൽനിന്ന് വിട്ടു നിൽക്കുന്നത്.

സംസ്ഥാനത്തെ കത്തോലിക്കാ ഇതര സഭകളുടെ കൂട്ടായ്മയാണ് കേരള ചർച്ചസ് കൗൺസിൽ. ഇത്തരമൊരു സഭകളുടെ പൊതുവേദിയിൽ എപ്പിസ്‌കോപ്പൽ വിശ്വാസപ്രമാണത്തിൽ ഉൾപ്പെടാത്ത വ്യക്തിയെയും അയാൾ നേതൃത്വം കൊടുക്കുന്ന സഭയെയും ഒരു കാരണവശാലും അംഗമാക്കാൻ പാടില്ലെന്നാണ് സിഎസ്‌ഐ സഭയുടെ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മന്റെ നിലപാട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഭയായ സിഎസ്‌ഐ സഭയുടെ തലവനാണ് ബിഷപ്പ് തോമസ് കെ. ഉമ്മൻ.

'കെപി യോഹന്നാൻ ബിഷപ്പോ പുരോഹിതനോ അല്ല. അദ്ദേഹത്തെ ഞങ്ങൾ ബിഷപ്പായി ഒരിക്കലും അംഗീകരിക്കില്ല. അയാൾ വെറുമൊരു ആൽമായൻ മാത്രമാണ്. ഞങ്ങളുടെ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ട് ഇത്തരമൊരു വ്യക്തിയെയും അയാളുടെ സഭയെയും കെസിസിയിൽ അംഗമാക്കിയത് ഒരു കാരണവശാലും അംഗീകരിക്കില്ല. കെസിസിയുടെ ഏകപക്ഷീയമായ നിലപാടിൽ പ്രതിഷേധിച്ചാണ് ഞങ്ങൾ കൗൺസിലിൽനിന്ന് വിട്ടു നിൽക്കുന്നത്.' ബിഷപ്പ് തോമസ് കെ. ഉമ്മൻ പറയുന്നു.

സംസ്ഥാനത്തു പ്രവർത്തിക്കുന്ന ഏതാണ്ട് 15 സഭകളും 25-ൽ അധികം ക്രൈസ്തവ സംഘടനകളും ഉൾപ്പെടുന്നതാണ് കെസിസി. മൂന്നുവർഷം കൂടുമ്പോഴാണ് ജനറൽ അസംബ്ലി ചേർന്ന് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ അടൂരിൽ ചേർന്ന കെസിസിയുടെ വാർഷിക സമ്മേളനത്തിൽ വച്ചാണ് ബിലീവേഴ്‌സ് ചർച്ചിനെ കെസിസിയിൽ ഉൾപ്പെടുത്തിയതെന്നാണ് കെപി യോഹന്നാന്റെയും കൂട്ടരുടെയും വാദം.

2003 ഫെബ്രുവരി ആറിന് തിരുവല്ലയിൽ നടന്ന ഒരു ചടങ്ങിൽ വച്ചാണ് അക്കാലത്തെ സിഎസ്‌ഐ മോഡറേറ്റർ ബിഷപ്പ് കെ.ജെ സാമുവൽ ആണ് കെ.പി യോഹന്നാനെ ബിഷപ്പായി വാഴിച്ചത്. ആ വർഷം ഒക്ടോബറിൽ നടന്ന സിഎസ്‌ഐ സഭയുടെ സിനഡിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി കെ.ജെ സാമുവലിന്റെയും കൂട്ടരുടെയും തീരുമാനത്തെ തള്ളിപ്പറയുകയും അന്നു കൈക്കൊണ്ട തീരുമാനം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. സിഎസ്‌ഐ സഭയുടെ ഉന്നതാധികാര സമിതിയായ സിനഡ് എക്‌സിക്യൂട്ടീവ് അക്കാലത്തെ മോഡറേറ്റർ ആയിരുന്ന ബിഷപ്പ് കെ.ജെ സാമുവേലിനെ ബിലീവേഴ്‌സ് ചർച്ചിലെ കെപി യോഹന്നാനെ ബിഷപ്പായി വാഴിക്കാൻ അനുമതി നൽകിയിരുന്നില്ല. സഭയുടെ അനുമതിയില്ലാതെ ഒരു ആൽമായനെ യാതൊരുമാനദണ്ഡങ്ങളും പാലിക്കാതെ ബിഷപ്പായി വാഴിച്ചത് ക്രൈസ്തവവിശ്വാസങ്ങൾക്ക് എതിരാണെന്നാണ് ബിഷപ്പ് തോമസ് കെ ഉമ്മന്റെ നിലപാട്. സിഎസ്‌ഐ സഭ ഒരിക്കൽപ്പോലും ഇത്തരമൊരാളെ ബിഷപ്പായി അംഗീകരിക്കുന്നില്ല. യോഹന്നാനെ ബിഷപ്പായി വാഴിച്ച ചടങ്ങിൽ പങ്കെടുത്ത കെ.ജെ സാമുവേലിനെതിരെ സിഎസ്‌ഐ സഭയ്ക്കുള്ളിൽനിന്നു തന്നെ അഴിമതി ആരോപണം ഉന്നയിക്കപ്പെടുകയും രണ്ടാംവട്ടം മോഡറേറ്ററായി മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

കെപി യോഹന്നാനുമായി അടുത്തബന്ധം പുലർത്തുന്ന യാക്കോബായാ സഭയുടെ ബിഷപ്പായ ഗീവർഗീസ് മാർ കൂറിലോസാണ് കെസിസിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്. ഈ സ്വാധീനം ഉപയോഗിച്ചാണ് കെസിസിയിൽ ബിലീവേഴ്‌സ് ചർച്ച് കടന്നു കൂടിയതെന്നാണ് ആക്ഷേപം. കെപി യോഹന്നാനെയും അദ്ദേഹത്തിന്റെ സഭയെയും സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ സഭകളോ ബിഷപ്പുമാരോ പൊതുവേദികളിൽ അടുപ്പിക്കാറില്ല.

ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൺവെൻഷനായ മാരാമൺ കൺവെൻഷനു പോലും കെപി യോഹന്നാനെ മാർത്തോമ്മാ സഭ ക്ഷണിക്കാറില്ല. കഴിഞ്ഞ തവണ ക്ഷണമൊന്നുമില്ലാതെ യോഹന്നാൻ കൺവെൻഷനിൽ കാഴ്ചക്കാരനായി എത്തിയതുപോലും മാർത്തോമ്മ സഭയ്ക്കുള്ളിൽ വൻവിവാദമുണ്ടാക്കിയിരുന്നു. പണം വാരിയെറിഞ്ഞ് ബിലീവേഴ്‌സ് ചർച്ചിന്റെ നാമമാത്രമായ പ്രവർത്തനങ്ങളെപ്പറ്റി പത്രങ്ങളിൽ പരസ്യം കൊടുക്കുന്നത് കെ.പി യോഹന്നാൻ പതിവാക്കിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP