Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുവാദമില്ലാതെ പലരും വീട്ടിൽ ഇടിച്ചുകയറി വന്നുതാമസിച്ചു; കമ്പ്യൂട്ടറും ലോക്ക് ബോക്സും മൊബൈലും പെൻഡ്രൈവും ബലമായി കൈക്കലാക്കി; രജിസ്ട്രാർ ഓഫീസിൽ പലരേഖകളിലും ബ്ലാങ്ക് ചെക്കുകളിലും സ്റ്റാമ്പ് പേപ്പറുകളിലും ഒപ്പുവെപ്പിച്ചു; മകനെയും തന്നെയും തട്ടിക്കളയുമെന്ന് ഭീഷണി മുഴക്കി; ബിറ്റ്‌കോയിൻ കേസിൽ അബ്ദുൽ ഷുക്കൂറിനെ ഡെറാഡൂണിലേക്ക് തട്ടിക്കൊണ്ടുപോയത് പ്രമുഖരുടെ അറിവോടെ; ഡിജിപിക്ക് പരാതി നൽകി അമ്മ സക്കീന

അനുവാദമില്ലാതെ പലരും വീട്ടിൽ ഇടിച്ചുകയറി വന്നുതാമസിച്ചു; കമ്പ്യൂട്ടറും ലോക്ക് ബോക്സും മൊബൈലും പെൻഡ്രൈവും ബലമായി കൈക്കലാക്കി; രജിസ്ട്രാർ ഓഫീസിൽ പലരേഖകളിലും ബ്ലാങ്ക് ചെക്കുകളിലും സ്റ്റാമ്പ് പേപ്പറുകളിലും  ഒപ്പുവെപ്പിച്ചു; മകനെയും തന്നെയും തട്ടിക്കളയുമെന്ന് ഭീഷണി മുഴക്കി; ബിറ്റ്‌കോയിൻ കേസിൽ അബ്ദുൽ ഷുക്കൂറിനെ ഡെറാഡൂണിലേക്ക് തട്ടിക്കൊണ്ടുപോയത് പ്രമുഖരുടെ അറിവോടെ; ഡിജിപിക്ക് പരാതി നൽകി അമ്മ സക്കീന

ജംഷാദ് മലപ്പുറം

മലപ്പുറം: ബിറ്റ്‌കോയിൻ കേസിൽ തന്റെ മകനെ കേരളത്തിലെ പല പ്രമുഖ വ്യക്തികളുടെയും അറിവോടെയാണ് ഡെറാഡൂണിലേക്ക് തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതുമെന്നും ക്രൂരമായി കൊലചെയ്യപ്പെട്ട മലപ്പുറംപുലാമന്തോൾ സ്വദേശി അബ്ദുൽ ഷുക്കൂറിന്റെ (25) മാതാവ് സക്കീന. മാസങ്ങളായി പലരും വീട്ടിൽവന്നു ഭീഷണിപ്പെടുത്തി. അനുവാദമില്ലാതെ പലരും വീട്ടിൽവന്നു താമസിക്കുകയും എന്നെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും സക്കീന സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറഞ്ഞു.

പലരും വീട്ടിൽവന്ന് താമസിച്ച് ബിസിനസ്സുമായി ബന്ധപ്പെട്ട പലരേഖകളും, കമ്പ്യൂട്ടർ, ലോക്ക് ബോക്സ്, മൊബൈൽ ഫോൺ, പെൻഡ്രൈവ് തുടങ്ങിയവ ബലമായി എടുത്തുകൊണ്ടുപോയതായും ബ്ലാങ്ക് ചെക്കുകളിലും സ്റ്റാമ്പ് പേപ്പറുകളിലും ഒപ്പിടുവിക്കുകയും ഷുക്കൂറിനെ ബലമായി പിടിച്ചുകൊണ്ടുപോയി രജിസ്ട്രാർ ഓഫീസിൽ കൊണ്ടുപോയി പലരേഖകളിലും ഒപ്പിടുവിച്ചുവെന്നും ഡിജിപിക്ക് മാതാവ് സക്കീന നൽകിയ പരാതിയിൽ പറയുന്നു.

ഭീഷണി ഭയന്നാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും വീട്ടിൽ വന്നവരും തട്ടിക്കൊണ്ടുപോയതും മലയാളികളാണെന്നും സക്കീന പരാതിയിൽ പറയുന്നു. ഇതിനാൽ കേസ് കേരളാ പൊലീസ് ഏറ്റെടുക്കണമെന്നും മാതാവ് അഭ്യർത്ഥിച്ചു. ഡറാഡൂണിൽവെച്ചു നടക്കുന്ന അന്വേഷണം കാര്യക്ഷമമാകില്ലെന്ന് താൻ പുർണമായും വിശ്വസിക്കുന്നുവെന്നും മാതാവ് പറഞ്ഞു. വിഷയത്തിൽ കേരളാ പൊലീസ് സമഗ്രമായ അന്വേഷണം നടത്തിയ ഡറാഡൂൺ പൊലീസിനുവേണ്ട സഹായ സഹകരണങ്ങൾ ചെയ്തുകൊടുക്കണമെന്നും യഥാർഥ കുറ്റവാളികളെ കണ്ടെത്തണമെന്നും അവർക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നതായും സക്കീന പരാതിയിൽ ബോധിപ്പിച്ചു.

അതേ സമയം സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ നാട്ടുകാരുടെ നേതൃത്വത്തിൽ ആരംഭിച്ച പുലാമന്തോൾ ആക്ഷൻ കൗൺസിൽ ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീമിന് പരാതി നൽകി. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എസ് പിയെ കണ്ട് പരാതി നൽകിയത്. അബ്ദുൽ ശുക്കൂറിന്റെ ഫോൺ വിവരങ്ങളും ഓൺലൈൻ ഇടപാടുകളെയും കുറിച്ച് വിശദമായി ഭാരവാഹികൾ എസ്‌പിക്ക് കൈമാറി. തുടർന്ന് എസ് പി സൈബർ സെൽ വിദഗ്ധരുടെ സഹായം തേടി. ഇവരുടെ സാന്നിധ്യത്തിൽ ആക്ഷൻ കൗൺസിൽ സംഘം കൂടുതൽ കാര്യങ്ങളും സംശയങ്ങളും വിവരിച്ചു. വൈകീട്ട് 3.30 വരെ എസ് പിയുമായി സംഘം ചർച്ച നടത്തി. പരാതിയിൽ അനുകൂല നിലപാടാണ് ജില്ലാപൊലീസ് മേധാവി സ്വീകരിച്ചത്. വിഷയത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കി സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും ഇതിന് പിന്നിലെ ദുരുഹതയും പുറത്തുക്കൊണ്ടു വരണമെന്ന് ആക്ഷൻ കൗൺസിൽ രക്ഷാധികാരി വി പി മുഹമ്മദ് ഹനീഫ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 28നാണ് (ബുധനാഴ്ച) ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വെച്ച് കൊലപ്പെട്ടത്. കേരളത്തിലെ നിക്ഷേപകരിൽ നിന്നുള്ള പണം ഉപയോഗിച്ച് 485 കോടി രൂപയുടെ ബിറ്റ്കോയിൻ ഇടപാട് നടത്തിയ ശൃംഖലയിലെ കണ്ണിയായിരുന്നു ഷുക്കൂർ. ഇതിൽ അഞ്ച് പേർ അറസ്റ്റിലാണ്. ബിറ്റ്കോയിൻ ഇടപാടിലെ നിക്ഷേപത്തിന് ഉയർന്ന മുല്യവർധന വാഗ്ദാനം ചെയ്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ തുക ശേഖരിച്ചിരുന്നെന്നാണ് ഡെറാഡൂൺ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഡെറാഡൂണിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വടക്കൻ പാലൂർ മേലേപീടിയേക്കൽ സ്വദേശി അബ്ദുൾ ഷുക്കൂറിനെ 485 കോടിയുടെ ബിറ്റ് കോയിൻ പാസ്സ്വേർഡ് സ്വന്തമാക്കാനുള്ള ശ്രമത്തിനിടയിൽ കൂട്ടുകാർ കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് വർഷമായി ബിറ്റ്കോയിൻ ട്രേഡിംഗിൽ ഏർപ്പെട്ടിരുന്ന ഇദ്ദേഹം 'ബിറ്റ്ജാക്സ്.ബി.ടി.സി', 'ബി.ടി.സി.ബിറ്റ്.ഷുകൂർ' എന്നീ രണ്ട് ട്രേഡിങ്ങ് എക്സ്ചേഞ്ചുകൾ നടത്തിയിരുന്നു.കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ 10 പേരെ ഷുക്കൂറിന്റെ അടുത്ത സഹായിയും പ്രധാന പ്രതിയായ അർഷാദ്, സിഹാബ്, മുനീഫ്, യാസിൻ, സുഫൈൽ മിഖ്താർ, അഫ്താബ് മുഹമ്മദ്, ഫാരിസ് മംനൂൺ, അരവിന്ദ് സി, അൻസിഫ് അലി എന്നിവരാന്നു തിരിച്ചറിഞ്ഞിട്ടുണ്ട് .വെർച്വൽ കറൻസിയുടെ വ്യാപാരത്തിൽ 10 പേരിൽ നാലുപേരും ഷുകൂറിന്റെ പ്രധാന ടീമിൽ പെട്ടവരാണെന്നും ബിറ്റ്കോയിനിൽ പണം നിക്ഷേപിക്കാൻ നിരവധി ആളുകളെ ഇവർക്ക് കീഴിൽ നിയമിച്ചിരുന്നെന്നും അവിടുത്തെ പൊലീസ് പറഞ്ഞു. മൊത്തം നിക്ഷേപം ഏകദേശം 485 കോടി രൂപയാണ്.

ഒരു വർഷം മുമ്പ് ബിറ്റ്കോയിന്റെ മൂല്യം കുറയാൻ തുടങ്ങുന്നതുവരെ ബിസിനസ്സ് നന്നായി നടക്കുകയായിരുന്നു. ഷുകൂറിനും നഷ്ടം സംഭവിക്കാൻ തുടങ്ങി, നിക്ഷേപകരും അവരുടെ പണം എവിടെയാണെന്ന് ചോദിക്കാൻ തുടങ്ങി. കൊലയാളികളിലൊരാളായ യാസിൻ ഡെറാഡൂണിലെ ഒരു കോളേജിൽ പഠിക്കുകയായിരുന്നു. നിക്ഷേപകരുടെ സമ്മർദത്തിൽ നിന്ന് രക്ഷപ്പെടാനായി ഓഗസ്റ്റ് 12 ന് ഷുകൂറും മറ്റ് ഒമ്പത് പേരും കേരളത്തിൽ നിന്ന് പലായനം ചെയ്തു. തന്റെ ബിറ്റ്കോയിൻ ട്രേഡിങ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും ഉടൻ തന്നെ സ്വന്തം ക്രിപ്റ്റോകറൻസി ആരംഭിക്കുമെന്നും ശുഖൂർ ആശിക്കിനോട് പറഞ്ഞിരുന്നു. പുതിയ വെർച്വൽ കറൻസിയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ നിന്ന് നിക്ഷേപകരുടെ പണം തിരികെ നൽകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു, എസ്എസ്‌പി ജോഷി പറഞ്ഞു. നൂറുകണക്കിന് കോടി രൂപയുടെ ബിറ്റ്കോയിനുകൾ ഇപ്പോഴും ഷുക്കൂറിനുണ്ടെന്നും അത് ട്രേഡ് അക്കൗണ്ടുകൾക്കായി എൻക്യാഷ് ചെയ്യുന്നതിനായി പാസ്വേഡ് സ്വന്തമാക്കാൻ ആഷിക് പദ്ധതിയിടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നു.

ഡെറാഡൂണിലെ യാസിൻ വാടകയ്‌ക്കെടുത്ത താമസസ്ഥലത്ത്, ആളുകൾ ഷുക്കൂറിനെ ഒരു കസേരയിൽ കെട്ടിയിട്ട് ഓഗസ്റ്റ് 26 മുതൽ ഓഗസ്റ്റ് 28 വരെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ഡെറാ ഡൺ നഗരത്തിലെ പൊലീസ് സൂപ്രണ്ട് ശ്വേത ചൗബെ പറയുന്നു. പീഡിപ്പിച്ചിട്ടും പാസ്വേഡ് ഷുക്കൂറിൽ നിന്നും നേടുന്നതിൽ അവർ പരാജയപ്പെട്ടു. ഓഗസ്റ്റ് 28 ന്, അദ്ദേഹത്തിന്റെ നില വഷളായപ്പോൾ, അദ്ദേഹത്തിന്റെ മരണത്തോടെ ഭീമമായ തുക നഷ്ടപ്പെടുമെന്ന് അവർ പരിഭ്രാന്തരായി. അവരിൽ അഞ്ചുപേർ പിന്നീട് അറസ്റ്റിലായവർ ഷുക്കൂറിനെ ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിക്കുകയായിരുന്നു.

അഞ്ചുപേരും ആശുപത്രി പരിസരത്ത് നിന്ന് മുങ്ങുകയും , ഷുക്കൂറിന്റെ മൃതദേഹം കാറിൽ പാർക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച് ഡൽഹിയിലേക്ക് ഒരു ബസിൽ യാത്ര ചെയ്യുകയുമായിരുന്നു . ബുധനാഴ്ച അർദ്ധരാത്രിയോടെ ആശുപത്രി അധികൃതരിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചു. കാറിലെ ഒരു ഡയറിയിൽ നിന്ന് ഷുക്കൂറിന്റെ ഐഡന്റിറ്റിയെക്കുറിച്ചും കേരള വിലാസത്തെക്കുറിച്ചും അറിഞ്ഞ ശേഷം അവർ കേരള പൊലീസിനെ അറിയിച്ചു, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ശുക്കൂറിനെ ആശുപത്രിയിലെത്തിച്ച അഞ്ച് പേരെ വ്യാഴാഴ്ച പിടികൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP