Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിയാട്രിസിന്റെ കണ്ണീരിന്റെ വേദന തിരിച്ചറിഞ്ഞ് ഹൈക്കോടതി; നാരങ്ങാ വെള്ളവും ജ്യൂസും ബിസ്‌ക്കറ്റും വലിച്ചെറിഞ്ഞ പൊലീസ് നടപടിയിൽ ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ അന്വേഷണം; ഇടപെടലിന് കാരണം മറുനാടൻ വാർത്തയെന്ന് വിശദീകരിച്ച് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖിന്റെ വിധിപ്രസ്താവം; വിശദീകരണം നൽകാൻ സിഐയോട് നേരിട്ടെത്താനും നിർദ്ദേശം; മ്യൂസിയത്തെ 'ജനമൈത്രി പൊലീസിന്റെ' ക്രൂരതയിൽ നീതി പീഠം വീണ്ടും ഇടപെടുമ്പോൾ

ബിയാട്രിസിന്റെ കണ്ണീരിന്റെ വേദന തിരിച്ചറിഞ്ഞ് ഹൈക്കോടതി; നാരങ്ങാ വെള്ളവും ജ്യൂസും ബിസ്‌ക്കറ്റും വലിച്ചെറിഞ്ഞ പൊലീസ് നടപടിയിൽ ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ അന്വേഷണം; ഇടപെടലിന് കാരണം മറുനാടൻ വാർത്തയെന്ന് വിശദീകരിച്ച് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖിന്റെ വിധിപ്രസ്താവം; വിശദീകരണം നൽകാൻ സിഐയോട് നേരിട്ടെത്താനും നിർദ്ദേശം; മ്യൂസിയത്തെ 'ജനമൈത്രി പൊലീസിന്റെ' ക്രൂരതയിൽ നീതി പീഠം വീണ്ടും ഇടപെടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോർപറേഷൻ സ്വയം തൊഴിൽ പദ്ധതി പ്രകാരം ബാങ്ക് വായ്പയിൽ അനുവദിച്ച പെട്ടിക്കട തുറക്കാൻ അനുവദിക്കാതെ മ്യൂസിയം പൊലീസിന്റെ ക്രൂരതയിൽ ഹൈക്കോടതി ഇടപെടൽ. ഭർത്താക്കന്മാർ ഉപേക്ഷിച്ച് പോയതിനാൽ ജീവിതം മുന്നോട്ടു പോകാൻ വഴിയില്ലാതെ ബുദ്ധിമുട്ടുന്ന മൂന്നു സഹോദരിമാരിൽ ഒരാളോടാണ് മ്യൂസിയം പൊലീസിന്റെ ക്രൂരത തുടരുന്നത്. ഇവർക്ക് ആകെയുള്ള അവലംബം ഈ കടയാണ്. മ്യൂസിയം പൊലീസ് തടസം സൃഷ്ടിക്കുന്നതിനാൽ മൂന്നു മാസം മുൻപ് തുടങ്ങിയ കട ഇവർക്ക് തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ മറുനാടൻ വാർത്തയാക്കിയിരുന്നു. ഈ വാർത്തയാണ് ഹൈക്കോടതിയുടെ ഇടപെടലിന് കാരണം. മറുനാടൻ വാർത്തയുടെ അടിസ്ഥാനത്തിൽ മ്യൂസിയം സ്റ്റേഷൻ ഓഫീസറോട് 17 നു കോടതിയിൽ നേരിട്ടു ഹാജരാകാൻ ഹൈക്കോടതി ഉത്തരവ് ഇട്ടു. കേരള ലീഗൽ സർവീസ് സൊസൈറ്റി സംഭവം അന്വേഷിക്കാനും നിർദ്ദേശം നൽകി.

കരകുളം സ്വദേശി ബിയാട്രിസിന് വേണ്ടി അഡ്വക്കേറ്റ് ജിതിൻദാസാണ് മറുനാടൻ വാർത്ത ഉൾപ്പെടെ വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നത്. മ്യൂസിയം പൊലീസിനെതിരായ കോടതി അലക്ഷ്യ ഹർജിയായിരുന്നു ഇത്. കോടതി ഉത്തരവിട്ടും പൊലീസ് നടപ്പാക്കുന്നില്ലെന്നായിരുന്നു പരാതി. ഈ ഹർജിയിലാണ് അടിയന്തരമായി ഹൈക്കോടതി ഇടപെടുന്നത്. മറുനാടൻ വാർത്തയെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാനാണ് ഹൈക്കോടതി നിർദ്ദേശം. ഇത് സംബന്ധിച്ച വീഡിയോകളുണ്ടെങ്കിൽ അത് ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റീസ് മുഹമ്മദ് മുഷ്താഖിന്റേതാണ് നിർണ്ണായക ഉത്തരവ്. ഇതോടെ കോടതി വിധി നടപ്പാകാനുള്ള സാധ്യതയാണ് തെളിയുന്നത്.

കോർപറേഷൻ സഹായത്തോടെ തുടങ്ങിയ കട മ്യൂസിയം പൊലീസ് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കാത്ത സ്ഥിതിയിൽ തങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ബിയാട്രീസിന്റെ നിസ്സഹായാവസ്ഥയാണ് മറുനാടൻ ഉയർത്തിയത്. പൊലീസ് സൃഷ്ടിക്കുന്ന തടസം മാറ്റി കട തുറന്നാൽ തന്നെ കടയ്ക്ക് മുൻപിൽ എന്തെങ്കിലും തടസം സൃഷ്ടിക്കപ്പെടും. അങ്ങിനെ കച്ചവടം തന്നെ നടക്കാത്ത അവസ്ഥയാണ്. ഒരു നിവൃത്തിയില്ലാത്ത തങ്ങളോടു എന്തിനാണ് പൊലീസ് ഈ ക്രൂരത കാണിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം. മ്യൂസിയം പൊലീസ് കട തുറക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് സഹോദരിമാരുടെ ദുരിതം മനസിലാക്കി ഫീസില്ലാതെ തന്നെ വാദിച്ച് ജിതൻ ദാസ് എന്ന അഭിഭാഷകനാണ് ഇവർക്ക് ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങി നൽകുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് പതിച്ച് കട തുറന്നതിനെ തുടർന്ന് പിറ്റേന്ന് ഈ നോട്ടീസ് നശിപ്പിച്ച നിലയിലും കാണപ്പെട്ടു.

ദിവസവും കട തുറക്കാൻ വന്നാൽ കട തുറക്കാൻ കഴിയാത്ത അവസ്ഥയാണ് എന്നാണു കടയുടമയായ ബിയാട്രീസ് പറയുന്നത്. പൊലീസ് പിടിച്ച ഓട്ടോയോ അല്ലെങ്കിൽ വേറെ ഏതെങ്കിലും ഓട്ടോകളോ അല്ലെങ്കിൽ ബൈക്കോ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്യിപ്പിക്കും. ആർക്ക് എങ്കിലും പണം നൽകി വേണം ഈ ഓട്ടോ താത്ക്കാലത്തേക്ക് രാവിലെ ഈ കടയ്ക്ക് മുന്നിൽ നിന്നും മാറ്റാൻ. ഇങ്ങിനെ കട തുറന്നാൽ തന്നെ പൊലീസ് സ്ഥലത്തെത്തും. ആര് പറഞ്ഞു കട തുറക്കാൻ. കട അടയ്ക്ക് എന്ന് ആജ്ഞാപിച്ച് നാശം വരുത്തിവയ്ക്കും. ഒരു ദിവസം ബിയാട്രീസിന്റെ പ്രായം ചെന്ന മാതാവ് കടയിൽ ഇരുന്ന സമയം പൊലീസ് എത്തി സാധനങ്ങൾ മുഴുവൻ പുറത്തെക്കെറിഞ്ഞു നശിപ്പിച്ചു എന്നാണ് ബിയാട്രീസ് പറയുന്നത്. മാതാവ് ഇരുന്ന കസേര ഒടിച്ച് ദൂരെക്കളയുകയും ചെയ്തു. ഹൈക്കോടതിയുടെ ഉത്തരവ് തന്നെ നിലനിൽക്കുന്ന അവസ്ഥയിൽ എന്തുകൊണ്ടാണ് പൊലീസ് ഈ ഉത്തരവ് മാനിക്കാത്തതെന്നാണ് ബിയാട്രീസ് ചോദിക്കുന്നത്.

മ്യൂസിയം പൊലീസിന്റെ അനുമതിയോടെ സ്റ്റേഷന്റെ തൊട്ടടുത്ത് സ്ഥാപിച്ച പെട്ടിക്കടയ്ക്ക് നേരെയാണ് പൊലീസിന്റെ അപ്രഖ്യാപിത നിരോധനം തുടരുന്നത്. ജീവിക്കാൻ നിവൃത്തിയില്ലാത്തവർക്ക് കോർപറേഷൻ പദ്ധതി പ്രകാരമാണ് 50000 രൂപ വായ്പ കിട്ടുന്നത്. ഇതിൽ 30000 രൂപ തിരിച്ചടച്ചാൽ മതി. 20000 സബ്സിഡി. കട തുറക്കാനോ കച്ചവടം നടത്താനോ കഴിയാത്തതിനാൽ ഇപ്പോൾ ലോൺ തുക പോലും ബിയാട്രീസിനു അടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. ദുരിതത്തിൽ നീങ്ങുന്ന ഇവരുടെ ജീവിതം മ്യൂസിയം പൊലീസിന്റെ ക്രൂരത മൂലം കൂടുതൽ ദുരിതത്തിലേക്കാണ് നീങ്ങുന്നത്.

താത്കാലിക അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ ജോലി ചെയ്യുകയാണ് ബിയാട്രീസ് ചെയ്യുന്നത്. ഏതെങ്കിലും ഓഫീസിൽ നിന്ന് വിളിച്ചാൽ ജോലിക്ക് പോകും. വിളിച്ചില്ലെങ്കിൽ ജോലിയില്ല. ഈ ഘട്ടത്തിലാണ് കോർപറേഷൻ പദ്ധതി പ്രകാരം സ്വയം തൊഴിൽ വായ്പ ലഭിക്കുന്നത്. മൂന്നു പെൺകുട്ടികളാണ് ഉള്ളത്. മൂന്നു പേരെയും ഭർത്താക്കന്മാർ ഉപേക്ഷിച്ചതാണ്. ആണുങ്ങൾ ആരും കുടുംബത്തിലില്ല. വളരെ കഷ്ടപ്പെട്ടാണ് കഴിയുന്നത്. ഈ ഘട്ടത്തിലാണ് കോർപ്പറേഷൻ ഓഫീസിൽ നിന്ന് വായ്പ ലഭിക്കുന്നത്. 50000 രൂപയാണ് ലഭിച്ചത്. 30000 രൂപ തിരിച്ചടച്ചാൽ മതി. 20000 രൂപ സബ്സിഡി. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്നാണ് വായ്പ ലഭിച്ചത്. പെട്ടിക്കടയ്ക്കാണ് ലോൺ ലഭിച്ചത്. മ്യുസിയം സ്റ്റേഷന് സമീപം കട വയ്ക്കാനാണ് തീരുമാനിച്ചത്. മ്യൂസിയം സ്റ്റേഷന്റെ അനുമതിയും തേടിയിരുന്നു. അത് പ്രകാരമാണ് സ്റ്റേഷന്റെ തൊട്ടടുത്ത് കട വയ്ക്കുന്നത്. മ്യൂസിയം സ്റ്റെഷന്റെ പാർക്കിംഗിന് അടുത്താണ് കട.

പാർക്കിംഗിന് കട ഭീഷണിയല്ല. അതിനും അപ്പുറത്താണ് കട സ്ഥാപിച്ചത്. അനുമതി ചോദിച്ചപ്പോൾ കോർപറേഷൻ വകയാണ്. നിങ്ങൾ കട വയ്ക്കുകയോ കച്ചവടം നടത്തുകയോ എന്ത് വേണമെങ്കിലും ചെയ്യൂ എന്നാണ് കട വയ്ക്കുമ്പോൾ പൊലീസ് പറഞ്ഞത്. പക്ഷെ പിന്നീടുള്ള പ്രവർത്തി തുലോം കടകവിരുദ്ധമായിരുന്നു. കട തുറന്നപ്പോൾ പക്ഷെ പൊലീസിന്റെ വിധം മാറി. നാരങ്ങവെള്ളം, ജ്യൂസ്, ബിസ്‌ക്കറ്റ് എന്നിവയാണ് വെച്ചിരിക്കുന്നത്. കട തുറന്നപ്പോൾ കട എടുത്തുമാറ്റണം എന്നാണ് പൊലീസിന്റെ ആവശ്യം. മാതാവ് കടയിൽ ഇരുന്ന സമയത്ത് സാധനങ്ങൾ എല്ലാം പൊലീസ് വലിച്ചുവാരി ദൂരെക്കളഞ്ഞു. കസേര അടക്കം വലിച്ചെറിഞ്ഞു. പിന്നീടാണ് അഭിഭാഷകന്റെ അടുത്ത് എത്തുന്നത്. കോടതിയിൽ നിന്ന് നീതി കിട്ടിയിട്ടും പൊലീസുകാർ കട തുറക്കാൻ സമ്മതിച്ചില്ലെന്നതാണ് ഇപ്പോഴത്തെ കോടതി ഇടപെടലിലേക്ക് കാര്യങ്ങളെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP