Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യാജ രസീതിൽ പണപ്പിരിവ്; ബിജെപിയിൽ പകപോക്കൽ; മർദനമേറ്റ മയ്യന്നൂർ ബൂത്ത് പ്രസിഡന്റ് ടി. ശശികുമാറിനെ സ്ഥാനത്തുനിന്ന് നീക്കി; ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചകേസിലും പാർട്ടിക്കാർ അറസ്റ്റിൽ: അഴിമതിക്കഥകളിൽ മനം മടുത്ത് അണികൾ

വ്യാജ രസീതിൽ പണപ്പിരിവ്; ബിജെപിയിൽ പകപോക്കൽ; മർദനമേറ്റ മയ്യന്നൂർ ബൂത്ത് പ്രസിഡന്റ് ടി. ശശികുമാറിനെ സ്ഥാനത്തുനിന്ന് നീക്കി; ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചകേസിലും പാർട്ടിക്കാർ അറസ്റ്റിൽ: അഴിമതിക്കഥകളിൽ മനം മടുത്ത് അണികൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: ഓരോദിവസസവും ഓരോ അഴിമതികഥകൾ പുറത്തുവരുക. മലബാറിലെ ബിജെപി നേതൃത്വത്തിന്റെ സമകാലീന അവസ്ഥയാണിത്. എന്നിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ പരാതിക്കാരെ പുറത്താക്കുകയാണ് ബിജെപി ചെയ്യുന്നത്. ഏറ്റവും ഒടുവിലായി ബിജെപി ദേശീയ കൗൺസിലിനോടനുബന്ധിച്ച് ധനസമാഹരണത്തിന് വ്യാജ രസീത് ഉപയോഗിച്ച സംഭവം പുറത്തറിയിച്ചതിന്റെ പേരിൽ മർദനമേറ്റ മയ്യന്നൂർ ബൂത്ത് പ്രസിഡന്റ് ടി. ശശികുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയിരിക്കയാണ്. ഔദ്യോഗിക രസീത് വ്യാജമാണെന്നു പ്രചരിപ്പിച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന കുറ്റം ആരോപിച്ചാണ് നടപടി. ശശികുമാറിന്റെ പ്രവൃത്തി പാർട്ടിക്ക് ദോഷംചെയ്‌തെന്ന് ബിജെപി. കുറ്റ്യാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.പി. മുരളി അറിയിച്ചു.

ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ് കോളജ് അദ്ധ്യാപകനാണ് ശശികുമാർ. കോളജിൽനിന്ന് സംഭാവന വാങ്ങിയതിന്റെ രസീത് മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നിൽ ശശികുമാറാണെന്നാണ് ബിജെപിയിലെ ഒരു വിഭാഗം പറയുന്നത്. എന്നാൽ, പാർട്ടിയെ പ്രതിസന്ധിയിലാക്കിയത് വ്യാജ രസീത് ഉപയോഗിച്ചവരാണെന്ന് മറുവിഭാഗം പറയുന്നു. പാർട്ടി പ്രവർത്തകർ പരസ്പരം ആരോപണമുന്നയിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. ഇത് നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. പ്രശ്‌നപരിഹാരത്തിനായി സംസ്ഥാന നേതൃത്വത്തിലെ ചിലർ ശ്രമംനടത്തുന്നുണ്ട്. രസീത് ചോർന്ന വഴി അന്വേഷിക്കാൻ എം.എച്ച്.ഇ.എസ് കോളജിലെത്തിയ ബിജെപി നേതാക്കൾ ശശികുമാറിനെ മർദിച്ചിരുന്നു. സംഭവത്തിൽ പയ്യോളി പൊലീസ് കേസെടുത്തിട്ടുണ്ട്്.

അതിനടെ വ്യാജ അപകട കഥയുണ്ടാക്കി കേസ് കൊടുക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ബിജെപി പേരാമ്പ്ര പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉൾപ്പെടെ അഞ്ചുപ്രവർത്തകർ പേരാമ്പ്രയിൽ പിടിയിലായതും പാർട്ടിക്ക് നാണക്കേടായി. കല്ലോട് മൂശാരി കണ്ടി ശ്യാം, ആലക്കാട്ട് മീത്തൽ ഷാലു എന്ന ജിതിൻ ലാൽ, കൊളോറത്ത് ഷാജു, തച്ചറത്ത് കണ്ടി താഴെ പ്രസൂൺ, പടിഞ്ഞാറയിൽ പ്രദീപ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയുന്ന നാലുപേരെ കൂടി പ്രതിചേർത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: 'ബുധനാഴ്ച വൈകീട്ട് 6.30 ഓടെ പേരാമ്പ്ര വർഷ ടാക്കീസിനു സമീപം ശ്യാമിന്റെ ഓട്ടോയും കൊഴുക്കല്ലൂർ സ്വദേശി മാനക്കൽ ഷംസീറിന്റെ കാറും തമ്മിൽ സൈഡ് കൊടുക്കുമ്പോൾ ഉരസിയിരുന്നു. ഇതിനെതുടർന്ന് ശ്യാം, ഷംസീർ മർദിച്ചെന്നും ഓട്ടോയുടെ ഗ്ലാസ് തല്ലിത്തകർത്തെന്നും ആരോപിച്ച് രാത്രി പേരാമ്പ്ര സ്‌റ്റേഷനിൽ പരാതി നൽകി.

ഗ്ലാസ് ഇല്ലാത്ത ഓട്ടോയും ഹാജരാക്കിയിരുന്നു. തുടർന്ന് വ്യാഴാഴ്ച ശ്യാം വീണ്ടും സ്‌റ്റേഷനിലെത്തി പ്രശ്നം പുറമെ മധ്യസ്ഥചർച്ചയിലൂടെ പരിഹരിച്ചെന്ന് പറഞ്ഞു. എന്നാൽ, കുറച്ചുകഴിഞ്ഞപ്പോൾ ഷംസീർ സ്‌റ്റേഷനിൽ ഹാജരായി തന്നെ ശ്യാം ഉൾപ്പെടെയുള്ള സംഘം ഭീഷണിപ്പെടുത്തിയും മർദിച്ചും 70,000 രൂപ നഷ്ടപരിഹാരം നൽകാനുള്ള എഗ്രിമെന്റ് എഴുതിച്ചെന്ന് പരാതി നൽകി. പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാത്രിയാണ് ഷംസീറിനെ പേരാമ്പ്ര പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയത്. പത്തോളം പേർ റൂമിലുണ്ടായിരുന്നു. റൂം അടച്ചിട്ട് ഭീഷണിപ്പെടുത്തി ശ്യാമിന് 70,000 രൂപ നഷ്ടപരിഹാരം നൽകാൻ കരാറുണ്ടാക്കുകയായിരുന്നത്രെ. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ശ്യാമിന്റെ പരാതി വ്യാജമാണെന്ന് മനസ്സിലായി. ഓട്ടോയുടെ ഗ്ലാസ് മറ്റൊരു വീട്ടിൽ അഴിച്ചുവെച്ചത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എഗ്രിമെന്റ് പേപ്പറും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം ബിജെപി കുറ്റ്യാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇടക്കുഴി മനോജിന്റെ 'രാജിനാടകം' ബിജെപിയിൽ വൻ വിവാദമായിരുന്നു. പാർട്ടിസ്ഥാനം രാജിവെച്ച് ജില്ല പ്രസിഡന്റ് ടി.പി. ജയചന്ദ്രന് വ്യാഴാഴ്ച രാവിലെ ഇദ്ദേഹം കത്തയക്കുകയായിരുന്നു. എന്നാൽ, 'പാർട്ടി നേതാക്കളുടെ സമ്മർദത്തെ' തുടർന്ന് രാജി പിൻവലിച്ചതായി വൈകീട്ടോടെ ഇദ്ദേഹം അറിക്കയായിരുന്നു.
വ്യാജ രസീതുണ്ടാക്കി പണംപിരിച്ച സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതെന്നാണ് രാവിലെ മനോജ് പറഞ്ഞത്.

ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ് കോളജിൽനിന്ന് 20,000 രൂപ പിരിച്ചതിന്റെ രസീത് കാണിച്ചാണ് വ്യാജ രസീതിൽ പണപ്പിരിവ് നടന്നതിന്റെ വാർത്ത മാധ്യമങ്ങളിൽ വന്നത്. സംസ്ഥാന കമ്മിറ്റി അംഗം മുഖേന ലഭിച്ച രസീത് ബുക്ക് ഉപയോഗിച്ച് താനടക്കമുള്ള നിയോജക മണ്ഡലം ഭാരവാഹികളാണ് കോളജിൽനിന്ന് പണം പിരിച്ചത്. സംഭവത്തിൽ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തിടത്തോളം കാലം താനടക്കമുള്ളവർ ആരോപണവിധേയരാണ്. വർഷങ്ങളായി പൊതുരംഗത്തുള്ള തങ്ങളെ ആളുകൾ അഴിമതിക്കാരായി കാണുന്ന അവസ്ഥയാണിപ്പോഴുള്ളത്. ഇത് പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

കേന്ദ്ര നേതൃത്വംതന്നെ നേരിട്ട് അന്വേഷണം നടത്താന്മാത്രം ഗൗരവമുള്ള വ്യാജരസീത് വിഷയത്തിൽ ജില്ല, സംസ്ഥാന നേതൃത്വം കാര്യമായി ഇടപെടാത്തതിനെ തുടർന്ന് നിയോജക മണ്ഡലം കമ്മിറ്റി പ്രാഥമികാന്വേഷണം നടത്തുകയും റിപ്പോർട്ട് സംസ്ഥാന സംഘടന സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട് പാർട്ടി ചർച്ചക്കുപോലും എടുക്കാത്തത് ജില്ലയിലെ പ്രാദേശിക നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP