Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കപ്പിനും ചുണ്ടിനും ഇടയിൽ ഇക്കുറിയും സുരേന്ദ്രന് പ്രസിഡന്റ് പദവി നഷ്ടമായേക്കും; ശോഭാ സുരേന്ദ്രനും എംടി രമേശും അടക്കമുള്ള മറ്റ് പേരുകാരും പുറത്ത്; കുമ്മനത്തെ തന്നെ വീണ്ടും പ്രസിഡന്റാക്കാൻ നീക്കം സജീവം; ദേശീയ നേതൃത്വത്തിന് സുരേന്ദ്രനോട് താൽപ്പര്യമെങ്കിലും കൃഷ്ണദാസ് പക്ഷത്തിന്റെ ശക്തമായ എതിർപ്പിനൊടുവിൽ പകരക്കാരനായി കുമ്മനം എത്തിയേക്കും; നിർണ്ണായകം ആകുന്നത്‌ ആർഎസ്എസ് നിലപാട്

കപ്പിനും ചുണ്ടിനും ഇടയിൽ ഇക്കുറിയും സുരേന്ദ്രന് പ്രസിഡന്റ് പദവി നഷ്ടമായേക്കും; ശോഭാ സുരേന്ദ്രനും എംടി രമേശും അടക്കമുള്ള മറ്റ് പേരുകാരും പുറത്ത്; കുമ്മനത്തെ തന്നെ വീണ്ടും പ്രസിഡന്റാക്കാൻ നീക്കം സജീവം; ദേശീയ നേതൃത്വത്തിന് സുരേന്ദ്രനോട് താൽപ്പര്യമെങ്കിലും കൃഷ്ണദാസ് പക്ഷത്തിന്റെ ശക്തമായ എതിർപ്പിനൊടുവിൽ പകരക്കാരനായി കുമ്മനം എത്തിയേക്കും; നിർണ്ണായകം ആകുന്നത്‌ ആർഎസ്എസ് നിലപാട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് താൽപ്പര്യം. എന്നാൽ സുരേന്ദ്രനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പികെ കൃഷ്ണദാസ് പക്ഷം. എംടി രമേശിനെ വെട്ടി സുരേന്ദ്രൻ എത്തുന്നതിനെ അംഗീകരിക്കാൻ കൃഷ്ണദാസിന് കഴിയുന്നില്ല. മെഡിക്കൽ കോഴയിൽ രമേശിനെതിരെ ആരോപണം ഉയർന്നിരുന്നു. തിരുവനന്തപുരം മേയറായി സിപിഎം നേതാവ് ശ്രീകുമാർ ജയിച്ചതിന് പിന്നിലും ചില കള്ളക്കളി ആക്ഷേപമായി എത്തി. ഈ സാഹചര്യത്തിൽ രമേശിനെ എന്തു വന്നാലും പ്രസിന്റാക്കില്ലെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. ശോഭാ സുരേന്ദ്രനേയും കേരളത്തിലെ ഗ്രൂപ്പുകൾ അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ കുമ്മനം രാജശേഖരൻ വീണ്ടും ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുമെന്നാണ് സൂചന. ആർ എസ് എസിന്റെ മനസ്സും കുമ്മനത്തിനൊപ്പമാണ്.

ബിജെപി അധ്യക്ഷനായിരിക്കെയാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് കുമ്മനത്തെ മിസോറാം ഗവർണ്ണറാക്കിയത്. പിന്നീട് പി എസ് ശ്രീധരൻ പിള്ള അധ്യക്ഷനായി. അപ്പോഴും കെ സുരേന്ദ്രനെ പ്രസിഡന്റാക്കാനായിരുന്നു അമിത് ഷായുടെ താൽപ്പര്യം. പികെ കൃഷ്ണദാസിന്റെ എതിർപ്പായിരുന്നു ഇതിന് കാരണം. ഇപ്പോഴും സുരേന്ദ്രനെ അംഗീകരിക്കില്ലെന്ന് കൃഷ്ണദാസ് പറയുന്നു. ഇതോടെ വീണ്ടും ഒത്തുതീർപ്പ് സാധ്യത ബിജെപി കേന്ദ്ര നേതൃത്വം തേടി. കുമ്മനത്തെ അംഗീകരിക്കണമെന്ന സംസ്ഥാന ആർ എസ് എസിന്റെ ആവശ്യം ഗൗരവത്തോടെ തന്നെ കേന്ദ്ര നേതാക്കളും കണ്ടു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷുമായി സംസാരിക്കാൻ പോലും കേരളത്തിലെ ആർഎസ്എസ് നേതാക്കൾ തയ്യാറായില്ല. ഇതോടെ കേരളത്തിലെ ചർച്ച പോലും പ്രതിസന്ധിയിലായി. ഇതോടെയാണ് കുമ്മനം എന്ന പേരിലേക്ക് വീണ്ടും ബിജെപി ദേശീയ നേതൃത്വം എത്തുന്നത്. അപ്രതീക്ഷിത പേരുകൾ തൽകാലം പരീക്ഷിക്കില്ല.

സന്തോഷും ആർഎസ്എസ്. സംസ്ഥാന നേതൃത്വവും തമ്മിൽ രഹസ്യചർച്ച നടക്കുകയും ചെയ്തു. പാലക്കാട്ടുനടന്ന രണ്ടാംഘട്ട ചർച്ചയിൽ, കുമ്മനം രാജശേഖരനെ വീണ്ടും അധ്യക്ഷപദവിയിലേക്കു കൊണ്ടുവരണമെന്ന് ആർഎസ്എസ്. ആവശ്യപ്പെട്ടു. എന്നാൽ, കെ. സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന താത്പര്യത്തിലാണ് ദേശീയനേതൃത്വമെന്ന് സന്തോഷും അറിയിച്ചു. ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളിലടക്കം ദേശീയനേതൃത്വമാണ് തീരുമാനമെടുക്കുന്നതെന്നും ദേശീയ സെക്രട്ടറി ചൂണ്ടിക്കാട്ടി. എന്നാൽ, ദേശീയ നേതൃത്വം ഏകപക്ഷീയ തീരുമാനമെടുക്കുന്നതിനെ ആർഎസ്എസ്. എതിർത്തു. ആർഎസ്എസ്. പ്രാന്തപ്രചാരക് ഹരികൃഷ്ണൻ, സഹപ്രാന്ത പ്രചാരക് സുദർശൻ, പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണൻ എന്നിവരാണ് പാലക്കാട്ട് കൂടിക്കാഴ്ചയ്‌ക്കെത്തിയത്. തുടർന്ന് ഇക്കാര്യങ്ങൾ ചർച്ചചെയ്യാൻ കേന്ദ്രസംഘടനാ ജനറൽസെക്രട്ടറി കൊച്ചിയിലെ ആർഎസ്എസ്. ആസ്ഥാനത്തെ ബൈഠക്കിൽ പങ്കെടുക്കുമെന്ന് കുരുതിയിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.

ഉപതിരഞ്ഞെടുപ്പുകൾക്കുമുന്പ് കൊച്ചിയിൽ പ്രാഥമിക കൂടിയാലോചനകൾ നടന്നിരുന്നു. ഇതിന്റെ വിവരങ്ങൾ പുറത്തായതോടെയാണ് രണ്ടാംഘട്ട രഹസ്യചർച്ച പാലക്കാട്ടേക്കു മാറ്റിയത്. ഗ്രൂപ്പ് നേതൃത്വം തങ്ങളുടെ ആളുകളെ അധ്യക്ഷസ്ഥാനത്തേക്ക് എത്തിക്കാൻ കേന്ദ്രത്തിൽ പലവഴിക്കും സമ്മർദംചെലുത്തുന്നുണ്ട്. പി.കെ. കൃഷ്ണദാസ്, എം ടി. രമേശ്, ശോഭാസുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, സുരേഷ് ഗോപി തുടങ്ങിയവരെ അധ്യക്ഷസ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. സിനിമാ ചിത്രീകരണത്തിന്റെ തിരക്കുപറഞ്ഞ് സുരേഷ്ഗോപി ആദ്യമേ പിന്മാറി. സുരേന്ദ്രനുവേണ്ടി മുരളീധര വിഭാഗവും രമേശിനുവേണ്ടി കൃഷ്ണദാസ് പക്ഷവും ശക്തമായി രംഗത്തുണ്ട്. അവസാന നിമിഷം സമവായമെന്ന നിലയിൽ കെ.വി. ആനന്ദബോസിനെ അധ്യക്ഷസ്ഥാനത്തേക്കു കേന്ദ്രം കൊണ്ടുവെന്നേക്കുമെന്ന ചർച്ചയും പാർട്ടിക്കുള്ളിൽ കേൾക്കുന്നുണ്ട്. ഇതോടെയാണ് ആർഎസ്എസ് തങ്ങളുടെ നിലപാട് വിശദീകരിച്ചത്.

കുമ്മനം രാജശേഖരന് മാന്യമായ പരിഗണന കിട്ടണമെന്ന നിലപാടാണ് ആർഎസ്എസ്. നേതൃത്വത്തിനുള്ളത്. മുന്പ്, ആർ.എസ്.എസിനോട് ആലോചിക്കാതെയാണ് കേന്ദ്രനേതൃത്വം കുമ്മനത്തെ അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റി മിസോറം ഗവർണറാക്കിയത്. അതിൽ അന്നുമുതൽ അവർ അതൃപ്തിയിലാണ്. വട്ടിയൂർക്കാവിൽ കുമ്മനത്തെ മത്സരിപ്പിക്കണമെന്നായിരുന്നു ആർ.എസ്.എസിന്റെ ആവശ്യം. അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കുന്നില്ലെങ്കിൽ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ കൊണ്ടുവരണമെന്നും ആർഎസ്എസ്. ആവശ്യപ്പെടുന്നു. എന്നാൽ, കുമ്മനത്തെ തിരിച്ചുകൊണ്ടുവരുന്നതിൽ ദേശീയാധ്യക്ഷൻ അമിത് ഷായ്ക്കു താത്പര്യക്കുറവുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി അധ്യക്ഷ പദവിയിൽ കുമ്മനത്തിന് സാധ്യത കൂടുന്നത്. കുമ്മനത്തെ അംഗീകരിക്കാതെ ബിജെപിയുമായി സഹകരിക്കാൻ ആർഎസ്എസ് തയ്യാറാകില്ല. വട്ടിയൂർക്കാവിലെ വോട്ട് ചോർച്ചയ്ക്ക് കാരണവും പരിവാറുകാരുടെ നിസ്സഹകരണമാണ്. അതുകൊണ്ടാണ് കുമ്മനത്തെ പ്രസിഡന്റാക്കിയുള്ള ഒത്തുതീർപ്പിന് ബിജെപി കേന്ദ്ര നേതൃത്വവും ആലോചന സജീവമാക്കുന്നത്.

ഹിന്ദു ഐക്യ വേദിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറൽ സെക്രട്ടറിയുമായിരുന്നു കുമ്മനം. നിലയ്ക്കൽ പ്രക്ഷോഭം, ആറന്മുള വിമാനത്താവള വിരുദ്ധ സമരം എന്നീ വിഷയങ്ങളിൽ അദ്ദേഹം മുഖ്യസ്ഥാനം വഹിച്ചിരുന്നു. 1987ൽ സർക്കാർ സർവീസിൽ നിന്ന് രാജിവച്ച അദ്ദേഹം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഒരു മുഴുവൻ സമയ പ്രവർത്തകനായി മാറി. ബാലസദനങ്ങളുടെ മേൽനോട്ടം, വിശ്വ ഹിന്ദു പരിഷതിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയിലേയും പ്രവർത്തനങ്ങൾ എന്നിവയൊക്കെ കുമ്മനത്തെ ജനകീയനാക്കി. കേരളത്തിലെ സാഹചര്യത്തിൽ ശബരിമല അടക്കമുള്ള വിഷയങ്ങളിൽ ബിജെപിക്ക് അനുകൂലമാക്കി കാര്യങ്ങൾ മാറ്റാൻ കുമ്മനത്തിന് കഴിയുമെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. പരിവാറുകാരുടെ സഹകരണത്തിന് കുമ്മനത്തെ അംഗീകരിക്കേണ്ടതുണ്ടെന്ന് ബിജെപി ദേശീയ നേതൃത്വവും തിരിച്ചറിയുന്നു.

ഇനി അമിത് ഷായുടെ നിലപാടാകും നിർണ്ണായകം. ആർഎസ്എസ് നേതൃത്വം പങ്കുവച്ച വികാരം അമിത് ഷായെ സന്തോഷ് അറിയിക്കും. അതിന് ശേഷം വിവിധ വശങ്ങൾ ചർച്ച ചെയ്യും. എത്രയും വേഗം ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷനെ നിയോഗിക്കാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP