Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ നിയമഭേദഗതിക്കെതിരായ കേരള നിയമസഭയുടെ പ്രമേയം പാർലമെന്റിന്റെ പരമാധികാരത്തിന് എതിര്; ബിജെപി നേതാവിന്റെ പരാതി രാജ്യസഭാ അവകാശ സമിതി പരിഗണിക്കുക വെള്ളിയാഴ്‌ച്ച; സമിതി അംഗം കൂടിയായ ജി.വി.എൽ നരസിംഹ റാവു എംപിയുടെ പരാതിയിൽ പിണറായിക്ക് പണികിട്ടുമോ? അവകാശ ലംഘന നോട്ടീസ് പരിഗണിക്കുന്ന സമിതിയിലും ബിജെപിക്ക് വ്യക്തമായ മേൽക്കൈ

പൗരത്വ നിയമഭേദഗതിക്കെതിരായ കേരള നിയമസഭയുടെ പ്രമേയം പാർലമെന്റിന്റെ പരമാധികാരത്തിന് എതിര്; ബിജെപി നേതാവിന്റെ പരാതി രാജ്യസഭാ അവകാശ സമിതി പരിഗണിക്കുക വെള്ളിയാഴ്‌ച്ച; സമിതി അംഗം കൂടിയായ ജി.വി.എൽ നരസിംഹ റാവു എംപിയുടെ പരാതിയിൽ പിണറായിക്ക് പണികിട്ടുമോ? അവകാശ ലംഘന നോട്ടീസ് പരിഗണിക്കുന്ന സമിതിയിലും ബിജെപിക്ക് വ്യക്തമായ മേൽക്കൈ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയ സംഭവത്തിൽ രാജ്യസഭ അവകാശ സമിതി നടപടി സ്വീകരിച്ചേക്കുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ബിജെപി നേതാവ് നൽകിയ അവകാശ ലംഘന നോട്ടീസ് രാജ്യസഭ അവകാശ സമിതി വെള്ളിയാഴ്ച ചർച്ച ചെയ്തേക്കും എന്നാണ് റിപ്പോർട്ടുകൾ. ബിജെപി നേതാവും രാജ്യസഭാ അവകാശ സമിതി അംഗവുമായ ജി വി എൽ നരസിംഹ റാവു എംപിയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. ബിജെപിക്ക് ഭൂരിപക്ഷമുള്ള അവകാശ സമിതി, നിയമസഭയുടെ പ്രമേയത്തിന് എതിരെ നടപടി സ്വീകരിച്ചേക്കുമെന്നാണ് യുഎൻഐ റിപ്പോർട്ട്.

കേരള മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം പാർലമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്ന് കാട്ടിയാണ് നരസിംഹ റാവു നോട്ടീസ് നൽകിയത്. നിയമസഭാ പ്രമേയം ഭരണപരമായ ആശയക്കുഴപ്പത്തിനിടയാക്കും. ഇത് പാർലമെന്റിന്റെ അവകാശം ഹനിക്കുന്നതാണെന്നും നോട്ടീസിൽ പറയുന്നുണ്ട്

രാജ്യസഭ ഡെപ്യൂട്ടി സ്പീക്കർ ഹരിവംശ് നാരായൺ സിങ് അധ്യക്ഷനായ സമിതിയിൽ ആകെയുള്ള പത്ത് അംഗങ്ങളിൽ നാല് പേർ ബിജെപി അംഗങ്ങളാണ്. എൻഡിഎ സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ ഒരംഗവും കോൺഗ്രസിന്റെ രണ്ടംഗങ്ങളും ഡിഎംകെയുടെയും ബിജെഡിയുടെ ഒന്നുവീതം അംഗങ്ങളും സമിതിയിലുണ്ട്. പരാതി നൽകിയ ബിജെപി എംപി നരസിംഹ റാവുവും സമിതിയിൽ അംഗമാണ്. വിഷയം സമിതി ഉറപ്പായും പരിഗണിക്കുമെന്ന് നരസിംഹ റാവു പറഞ്ഞു. സമിതിയിലെ അംഗമെന്ന നിലയിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് കേരളാ നിയമസഭ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118 പ്രകാരം സർക്കാർ പ്രമേയമായിട്ടായിരുന്നു അവതരണം. കോൺഗ്രസ് എംഎൽഎ വി.ഡി സതീശനും പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതേ വിഷയത്തിൽ സർക്കാർ തന്നെ പ്രമേയം അവതരിപ്പിക്കുന്നതിനാൽ അനുമതി നൽകിയില്ല. ബിജെപി. എംഎൽഎ ഒ.രാജഗോപാൽ ചർച്ചാ വേളയിൽ എതിർപ്പു പറഞ്ഞെങ്കിലും സഭ പാസാക്കിയപ്പോൾ മൗനം പാലിച്ചു. ചുരുക്കത്തിൽ ഒറ്റക്കെട്ടായി പ്രമേയം പാസാക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്.

വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തേയും സംസ്‌കാരത്തേയും ഉൾക്കൊണ്ടുകൊണ്ട് രൂപപ്പെട്ടതാണ് ഇന്ത്യൻ ദേശീയത. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കപ്പെടുമ്പോൾ മത-രാഷ്ട്ര സമീപനമാണ് അതിൽ ഉൾചേർന്നിരിക്കുന്നത്. ഇത് ഭരണഘടന മുന്നോട്ട് വെക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന് കടകവിരുദ്ധമായതിനാൽ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ല. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളിൽ ഉയർന്ന് വരുന്ന ആശങ്കകൾ കണക്കിലെടുത്തുകൊണ്ട് പൗരത്വം നൽകുന്നതിൽ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴി വെക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകർക്കുന്നതുമായ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി.

ദേശീയപൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ എതിർപ്പുകൾ ഇല്ലാതെ പാസാക്കിയ പ്രമേയം ദേശീയ തലത്തിൽ വലിയ ചർച്ച ആകുകയാണ്. കേരളത്തിന്റെ മാതൃക പിന്തുടരാൻ മറ്റ് സംസ്ഥാനങ്ങൾ തയ്യാറാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അതേസമയം കേരളത്തിന്റെ നീക്കം പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധം നേരിടുന്ന കേന്ദ്രസർക്കാറിനും തലവേദന ആയിരിക്കയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരളാ സർക്കാരിനെ അഭിനന്ദിച്ച് കൂടുതൽപ്പേർ രംഗത്തുവന്നിരുന്നു. പ്രമേയം പാസാക്കിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നതായി സ്റ്റാലിൻ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഡിഎംകെ അധ്യക്ഷനു പിറകെ മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് ആരിഫ് നസീം ഖാനാണ് കേരളാ സർക്കാരിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരും ഇത്തരത്തിൽ പ്രമേയം പാസാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താ ഏജൻസിയായ എ.എൻ.ഐയോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'കേരളാ സർക്കാരിന്റെ ഈ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാർ അടക്കം എല്ലാ സംസ്ഥാന സർക്കാരുകളും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടണം,' അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത് ധിക്കാരപരമായ സമീപനം ആണെന്നാണ് പ്രമേയത്തോടുള്ള കേന്ദ്രസർക്കാറിന്റെ പ്രതികരണം. പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പസാക്കിയ കേരള നിയമസഭയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തു വന്നിട്ടുണ്ട്. കേരളം ഭരണഘടനക്കെതിരെ നീങ്ങുന്നു എന്നാണ് ബിജെപി ദേശീയ തലത്തിൽ പ്രചരിപ്പിക്കുന്നത്. ഭരണഘടനയെയും പാർലമെന്റിനെയും അവഹേളിക്കുന്നതാണ് കേരള നിയമസഭയുടെ പ്രവൃത്തിയെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയും ബിജെപി നേതാവുമായ മുഖ്താർ അബ്ബാസ് നഖ്വി ആരോപിച്ചു. പാർലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും ചുമതലകൾ ഭരണഘടന വ്യക്തമായി നിർവചിച്ചിട്ടുണ്ട്. ഭരണഘടന തൊട്ട് സത്യം ചെയ്ത ആളുകൾ തന്നെ അതിനെ ഇല്ലാതാക്കുന്നത് തീർത്തും ഉത്തരവാദിത്തരഹിതമായ പ്രവൃത്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതാണ്. അതിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് ഭരണഘടനയെ മാത്രമല്ല പാർലമെന്റിനെയും അവഹേളിക്കലാണ്- നഖ്വി പറഞ്ഞു. അതേസമയം അരാജകത്വത്തിനു വഴിവയ്ക്കുന്നതാണ് കേരള നിയമസഭയുടെ നടപടിയെന്ന് ബിജെപി നേതാവ് ഗോപാൽ കൃഷ്ണ അഗർവാൾ പ്രതികരിച്ചു. തീർത്തും തെറ്റായതും ഭരണഘടന വിരുദ്ധവുമായ പ്രവൃത്തിയാണ് കേരള നിയമസഭയുടേത്. പാർലമെന്റ് പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച ഒരു നിയമത്തിനെതിരെ നിയമസഭയ്ക്ക് എങ്ങനെ പ്രമേയം കൊണ്ടുവരാനാവും? അത് അരാജകത്വത്തിനാണ് വഴിവയ്ക്കുക. ഭരണഘടനയാണ് പരമം എന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഓർക്കണമെന്ന് അഗർവാൾ പ്രതികരിച്ചു.

അതിനിടെ നരസിംഹ റാവുവിന്റെ നടപടിക്ക് എതിരെ പ്രതിപക്ഷ നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. രാജ്യസഭ അംഗമെന്ന നിലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത റാവുവിന് ഉണ്ടെന്ന് കോൺഗ്രസ് അംഗം ടി എസ് തുൾസി അഭിപ്രായപ്പെട്ടു. കേന്ദ്ര നിയമങ്ങളിൽ ഉൾപ്പെടെ അഭിപ്രായം രേഖപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചു. ചൊവ്വാഴ്ചയാണ് പൗരത്വ നിയമഭേദഗതിക്ക് എതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചിരുന്നു. ബിജെപി അംഗമായ ഒ രാജഗോപാലിന്റെ വിയോജിപ്പോടെയാണ് പ്രമേയം പാസാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP