Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപി പ്രസിഡന്റാകാൻ അമിത് ഷാ പരിഗണിക്കുന്നത് സുരേന്ദ്രനെ തന്നെ; അതിശക്തമായ എതിർപ്പുയർത്തി ഗോപാലൻകുട്ടി മാസ്റ്റർ; എംടി രമേശിന് പകരം എഎൻ രാധാകൃഷ്ണനെ ഉയർത്തി പുതുതന്ത്രവുമായി കൃഷ്ണദാസ് പക്ഷം; വി മുരളീധരനെ വീണ്ടും അധ്യക്ഷനാക്കാനും സാധ്യത; ആർഎസ്എസ് നേതാവ് പുരുഷോത്തമനെ പ്രസിഡന്റാക്കാൻ മംഗളം സിഇഒ അജിത് കുമാറിന്റെ നേതൃത്വത്തിൽ കാമ്പൈനും

ബിജെപി പ്രസിഡന്റാകാൻ അമിത് ഷാ പരിഗണിക്കുന്നത് സുരേന്ദ്രനെ തന്നെ; അതിശക്തമായ എതിർപ്പുയർത്തി ഗോപാലൻകുട്ടി മാസ്റ്റർ; എംടി രമേശിന് പകരം എഎൻ രാധാകൃഷ്ണനെ ഉയർത്തി പുതുതന്ത്രവുമായി കൃഷ്ണദാസ് പക്ഷം; വി മുരളീധരനെ വീണ്ടും അധ്യക്ഷനാക്കാനും സാധ്യത; ആർഎസ്എസ് നേതാവ് പുരുഷോത്തമനെ പ്രസിഡന്റാക്കാൻ മംഗളം സിഇഒ അജിത് കുമാറിന്റെ നേതൃത്വത്തിൽ കാമ്പൈനും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുമ്മനം രാജശേഖരന്റെ പകരക്കാരനെ കണ്ടെത്താനാവാതെ ബിജെപി ദേശീയ നേതൃത്വം. കെ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാക്കാനാണ് ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് താൽപ്പര്യം. എന്നാൽ ആർഎസ്എസ് പ്രാന്തകാര്യവാഹായ ഗോപാലൻകുട്ടി മാസ്റ്റർ ഈ നീക്കത്തെ എതിർക്കുകയാണ്. നിലവിൽ ജില്ലാ പ്രസിഡന്റുമാരിൽ മുൻതൂക്കം പികെ കൃഷ്ണദാസ് പക്ഷത്തിനാണ്. ഇതുപയോഗിച്ചും സുരേന്ദ്രനെ ഒഴിവാക്കാൻ നീക്കം സജീവമാണ്. ഈ സാഹചര്യത്തിൽ പല ഗ്രൂപ്പുകളായി തിരിഞ്ഞു പ്രസിഡന്റ് സ്ഥാനത്തിനായി പരസ്പരം പോരടിച്ചുനിൽക്കുന്ന സംസ്ഥാന ബിജെപി നേതൃത്വത്തിനു മുന്നിൽ ചർച്ചയ്‌ക്കെത്തുന്നത് പാർട്ടി കേരള ചുമതല വഹിക്കുന്ന ദേശീയ സെക്രട്ടറി എച്ച്. രാജ, നളിൻകുമാർ കാട്ടീൽ എംപി, ആർഎസ്എസ് സഹ സർകാര്യവാഹ് കൃഷ്ണഗോപാൽ (യുപി) എന്നിവരാണ്.

ഇതിൽ ആർഎസ്എസ് സഹ സർകാര്യവാഹ് കൃഷ്ണഗോപാൽ എത്തുന്നുവെന്നത് ഏറെ നിർണ്ണായകമാണ്. കേരളത്തിലെ ബിജെപി പ്രശ്‌നങ്ങളിൽ സാധാരണ ആർഎസ്എസ് ദേശീയ നേതൃത്വം ഇടപെടാറില്ല. എന്നാൽ ഗോപാലൻകുട്ടി മാസ്റ്ററുടെ ഇടപെടൽ അതിരുകടക്കുന്നുവെന്ന് ബിജെപിയിൽ ഒരു പക്ഷത്തിന് പരാതിയുണ്ട്. ഇതാണ് ബിജെപിയിലെ ഗ്രൂപ്പിസത്തിന് കാരണമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഗോപാലൻ കുട്ടി മാസ്റ്ററുടെ ഇടപെടൽ നിയന്ത്രിക്കാനാണ് കൃഷ്ണ ഗോപാലിന്റെ വരവ്. കെ സുരേന്ദ്രനാകും നിലവിലെ സാഹചര്യത്തിൽ മികച്ച പ്രസിഡന്റ് എന്ന വികാരമാണ് ദേശീയ നേതൃത്വത്തിനുള്ളത്. എന്നാൽ സുരേന്ദ്രനെ ഒഴിവാക്കാൻ പല പേരുകൾ ചർച്ചയാക്കുകയാണ് കൃഷ്ണദാസ് പക്ഷം. എംടി രമേശ് പ്രസിഡന്റാകില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

എച്ച്. രാജയുടെ അധ്യക്ഷതയിൽ രാവിലെ കോർ കമ്മിറ്റിയും തുടർന്ന് സംസ്ഥാന നേതാക്കളുമായി ചർച്ചയുമാണ് തീരുമാനിച്ചിരിക്കുന്നത്. കോർ കമ്മിറ്റിയിൽ ഒ. രാജഗോപാൽ, സി.കെ. പത്മനാഭൻ, പി.എസ്. ശ്രീധരൻപിള്ള, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, എം ടി. രമേശ്, ശോഭാ സുരേന്ദ്രൻ, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശ് എന്നിവരാണ് ഇപ്പോൾ അംഗങ്ങൾ. രമേശിനെ ഒഴിവാക്കിയതോടെ നേതൃത്വത്തിലെ രണ്ടു വിഭാഗങ്ങളുടെ പ്രതിനിധികളായി എ.എൻ. രാധാകൃഷ്ണനും കെ. സുരേന്ദ്രനുമാണ് സാധ്യതാ പട്ടികയിലുള്ളത്. ഒത്തുതീർപ്പ് സാധ്യതയിൽ ജന്മഭൂമി എംഡിയും ആർഎസ്എസ് സഹപ്രാന്ത്കാര്യവാഹകുമായ എം. രാധാകൃഷ്ണന്റെ പേരും ഉയർന്നിട്ടുണ്ട്. ഗ്രൂപ്പുകളിൽ ഉൾപ്പെടാത്ത വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്റെ പേരും പരിഗണിക്കുന്നു. ഇതിൽ എം രാധാകൃഷ്ണന് വ്യക്തിപരമായി ബിജെപിയിൽ എത്തുന്നതിനോട് താൽപ്പര്യമില്ല. ഇതിനിടെ ദേശീയ തലത്തിൽ പ്രവർത്തിച്ച ആർഎസ്എസ് നേതാവായ പുരുഷോത്തമന് വേണ്ടി സോഷ്യൽ മീഡിയയിൽ കാമ്പൈൻ തുടങ്ങിയിട്ടുണ്ട്.

മോദിയുമായുള്ള പുരുഷോത്തമന്റെ അടുപ്പം വിവരിക്കുന്ന കുറിപ്പുകളാണ് ഗ്രൂപ്പുകളിലേക്ക് പ്രവഹിക്കുന്നത്. മംഗളം സിഇഒ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് പുരുഷോത്തമന് വേണ്ടി ചരടു വലികൾ. ആസമിലും മേഘാലയയിലും മിസോറാമിലും മധ്യപ്രദേശിലും ആർഎസ്എസ് പ്രചാരകനായിരുന്നു പുരുഷോത്തമൻ. പുതിയ പ്രസിഡന്റാകാൻ പുരുഷോത്തമനാണ് യോഗ്യനെന്ന നിലയിലാണ് പ്രചരണം. ഇതിനിടെ അപ്രതീക്ഷിത സമവായ സ്ഥാനാർത്ഥിയായി വി മുരളീധരനെ വീണ്ടും ബിജെപിയുടെ അധ്യക്ഷനാക്കാൻ സാധ്യത ഏറെയാണ്. രാജ്യസഭാ എംപി കൂടിയായ മുരളീധരനെ പ്രസിഡന്റാക്കണമെന്ന അഭിപ്രായവും ബിജെപിയിൽ രൂപപ്പെട്ട് വരുന്നുണ്ട്. കെ സുരേന്ദ്രനെ വെട്ടിവീഴ്‌ത്താനുള്ള കൃഷ്ണദാസ് പക്ഷത്തിന്റെ നീക്കത്തെ തകർക്കാൻ കേന്ദ്ര നേതൃത്വം ഇത്തരമൊരു നിർദ്ദേശം അവതരിപ്പിച്ചേക്കും.

സംഘടനാപരമായി 2019 ജനുവരിയിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്. കുമ്മനം രാജശേഖരൻ ഗവർണറായി പോയ ഒഴിവിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതെങ്കിലും പുതിയ ആൾ മൂന്നു വർഷത്തേക്കു തുടർന്നേക്കും. ഇന്ന് കൊച്ചിയിൽ തീരുമാനമെടുത്താലും പ്രഖ്യാപനം ഡൽഹിയിലേ ഉണ്ടാകൂവെന്നാണ് അറിയുന്നത്. അതേസമയം, വി. മുരളീധരൻ തിരഞ്ഞെടുക്കപ്പെട്ട വർഷം എറണാകുളത്തു ചേർന്ന സംസ്ഥാന നേതാക്കളുടെ യോഗത്തിനുശേഷം ദേശീയ ജനറൽ സെക്രട്ടറി അനന്തകുമാർ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് സമാനമായി ഇന്ന് തന്നെ കൊച്ചിയിൽ പ്രഖ്യാപനം വരാനും സാധ്യത ഏറെയാണ്. കേരളത്തിലെ ബിജെപിയിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് യോജ്യനായ ആളെയാണ് കേന്ദ്ര നേതൃത്വം പരിഗണിക്കുന്നത്. ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിക്കാൻ കെ സുരേന്ദ്രന് കഴിയുമെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ. എന്നാൽ സുരേന്ദ്രനെ അധ്യക്ഷനാക്കാൻ ആർഎസ്എസ് സംസ്ഥാന നേതൃത്വം അനുകൂല നിലപാടല്ല സ്വീകരിച്ചത്.

എം ടി. രമേശിനെയോ പി.കെ. കൃഷ്ണദാസിനെയോ നിയമിക്കണമെന്ന പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാടിനൊപ്പമായിരുന്നു ആർഎസ്എസ്. ഇരുവരെയും കേന്ദ്ര നേതൃത്വത്തിനു താൽപര്യമില്ലാത്തതു ശക്തമായ അഭിപ്രായ ഭിന്നതയിലേക്കു കാര്യങ്ങളെത്തിച്ചു. രാഷ്ട്രീയത്തിൽ പരിചയവും സംഘടനയെ നയിക്കാൻ കഴിവുമുള്ള ഒരാൾ നേതൃതലത്തിലേക്കു വരണമെന്ന നിബന്ധനയാണു കേന്ദ്ര ബിജെപി നേതൃത്വം മുന്നോട്ടുവച്ചത്. ബിജെപി അധ്യക്ഷനെന്ന നിലയിൽ കുമ്മനം രാജശേഖരൻ പരാജയമായെന്നാണു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാന സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ വീണുകിട്ടിയിട്ടും അതു ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞില്ലെന്ന അഭിപ്രായവും കേന്ദ്രത്തിനുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പു വരുന്ന സാഹചര്യത്തിൽ ടീമിനെ മൊത്തം അഴിച്ചുപണിയാൻ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറെടുക്കുന്നതിനിടെയാണ് ആർഎസ്എസ് സംസ്ഥാന നേതൃത്വം എതിർപ്പുമായി രംഗത്തെത്തിയത്. അധ്യക്ഷ സ്ഥാനത്തേക്കു പുതിയ ആളെ തീരുമാനിക്കുമ്പോൾ തങ്ങളുടെ നിർദ്ദേശം പരിഗണിക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. എം ടി. രമേശോ സുരേന്ദ്രനോ അധ്യക്ഷ സ്ഥാനത്തേക്കു വന്നാൽ ഉണ്ടാകാനിടയുള്ള ഗ്രൂപ്പ് വഴക്കുകളും കേന്ദ്ര ബിജെപി നേതൃത്വം പരിഗണിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP