Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടി ഗ്രാമത്തിലെ പാറമടയ്ക്ക് എതിരെ സമരത്തിന് ബിജെപി: കൊതിക്കെറുവെന്ന് ആരോപിച്ച് പാറമട ലോബിക്ക് സംരക്ഷണമൊരുക്കി സിപിഎം: സമരത്തിന് നേതൃത്വം നൽകുന്നത് സിപിഎം വിട്ട മുൻ ലോക്കൽ സെക്രട്ടറി: അടൂർ താലൂക്ക് പാറമട-മണ്ണു മാഫിയയുടെ ഗൾഫ്!

പാർട്ടി ഗ്രാമത്തിലെ പാറമടയ്ക്ക് എതിരെ സമരത്തിന് ബിജെപി: കൊതിക്കെറുവെന്ന് ആരോപിച്ച് പാറമട ലോബിക്ക് സംരക്ഷണമൊരുക്കി സിപിഎം: സമരത്തിന് നേതൃത്വം നൽകുന്നത് സിപിഎം വിട്ട മുൻ ലോക്കൽ സെക്രട്ടറി: അടൂർ താലൂക്ക് പാറമട-മണ്ണു മാഫിയയുടെ ഗൾഫ്!

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അടൂർ താലൂക്ക് എന്നാൽ ഖനന മാഫിയയുടെ ഗൾഫ് ആണ്. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഇവിടെ നിന്ന് കുഴിച്ച് എടുക്കുന്നു. അതു കൊണ്ട് തന്നെ ഈ മേഖലയിൽ പോസ്റ്റിങ് കിട്ടാൻ പൊലീസ്, റവന്യൂ വകുപ്പുകളിൽ ഇടിയാണ്. സിപിഎമ്മിന്റെ ജില്ലാ നേതാക്കളിൽ ഏറെയും ഇവിടെ നിന്നുള്ളവരായതിനാലും ലോബികൾക്ക് ഇവരുടെ സഹായമുള്ളതിനാലും ആർക്കും ആരെയും പേടിക്കേണ്ട. എന്നാൽ ഇപ്പോഴിതാ സിപിഎം കോട്ടയിൽ കടന്നു കയറി പാറ ഖനനത്തിന് എതിരേ പ്രതിരോധം തീർത്തിരിക്കുകയാണ് ബിജെപി.

ഏനാദിമംഗലം പഞ്ചായത്തിൽ നിരപ്പൻപാറയിൽ ക്വാറിക്ക് നീക്കം നടക്കുന്നതറിഞ്ഞാണ് ബിജെപി പ്രവർത്തകർ സമരസമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. ഇതറിഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകർ നിരപ്പൻപാറയിൽ കൊടികുത്തി. പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും വിശദീകരണവുമായി ഫേസ്‌ബുക്കിൽ തൽസമയമെത്തി. മറ്റ് ക്വാറികൾക്കെതിരെ മൗനം പാലിക്കുന്ന ബിജെപി സമരവുമായി നിരപ്പൻപാറയിൽ എത്തിയതിൽ ദുരൂഹത ഉളവാക്കുന്നതായും പഞ്ചായത്തിൽ നാല് പാറമടകൾക്കേ അനുമതി നൽകിയിട്ടുള്ളൂ എന്നും പ്രസിഡന്റ് പ്രീത രമേശും വാർഡ് മെമ്പറും പറഞ്ഞു.

ഇതോടെ സ്‌കിന്നർപുരം എസ്റ്റേറ്റിൽ ഏഴിൽപ്പരം ക്വാറികൾ ആരംഭിക്കാനുള്ള നീക്കമാണ് നാട്ടുകാർക്ക് മുന്നിൽ മറനീക്കിയത്. സ്‌കിന്നർപുരം എസ്റ്റേറ്റിലെ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തിയശേഷം മാത്രമേ പാറമടയ്ക്ക് ലൈസൻസ് നൽകാവു എന്ന മുൻ ജില്ലാ കലക്ടർ പി വേണുഗോപാലിന്റെ ഉത്തരവ് നിലനിൽക്കുകയാണ്. സിപിഎം കുന്നിട മുൻ ലോക്കൽ സെക്രട്ടറിയായിരുന്ന അനിൽ സികെ ബൊക്കാറോ അടങ്ങുന്ന നാട്ടുകാർ ഹൈക്കോടതിയിൽ പൊതു താൽപര്യഹർജിയും കോടതിയുടെ പരിഗണനയിലാണ്.

ഇതിനിടെയാണ് വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ നാല് ക്വാറികൾക്ക് പഞ്ചായത്ത് ലൈസൻസ് നൽകിയത്. ഇതു സംബന്ധിച്ച് അനിൽ ഫെയ്സ് ബുക്കിൽ കുറിച്ചത് ഇങ്ങനെ: ഏനാദിമംഗലത്തും കുന്നിടപ്രദേശങ്ങളിലേയും നെൽപ്പാടങ്ങൾ നികത്തുന്നതിനെതിരെ ലോക്കൽ കമ്മറ്റി സെക്രട്ടറിയായും കമ്മറ്റി അംഗമായിരിക്കുമ്പോഴും പാർട്ടി തീരുമാനപ്രകാരം പ്രവർത്തകരോടൊപ്പം കൊടികുത്തിയ സ്ഥലത്ത് ഇന്ന് വൻ കെട്ടിടങ്ങളാണ്. കുത്തിയ കൊടികൾ ഇളക്കി മാറ്റി എങ്ങനെ ഇവിടെ വൻകിട കെട്ടിടങ്ങൾ വന്നു. ഇനി നികത്താൻ ഏനദിമംഗലത്ത് നെൽവയലുകൾ ഇല്ല കുന്നുകൾ മുഴുവൻ ടിപ്പർ ലോറിയിൽ കയറി നാടുനീങ്ങി. ഇനി ആകെയുള്ളത് പാറയാണ് അതിൽ കൈ വച്ചിരിക്കുകയാണ്.

അതിന് കൂട്ട് ചില രാഷ്ട്രീയ നേതാക്കളും അതും കൂടി തീർന്നാൽ ഇവിടെ ശവപ്പറമ്പാകും. കലഞ്ഞൂരിന് സമമാകും ഏനാദിമംഗലം പഞ്ചായത്ത്. കുടിവെള്ളത്തിനായി ജനം നെട്ടോട്ടം ഓടുന്ന കാലം വിദൂരമല്ല. ഇനിയെങ്കിലും ഈ കച്ചവടം അവസാനിപ്പിക്കണം. പണ്ട് ഫ്ലെക്സ് വച്ചും കൊടികുത്തിയും തടഞ്ഞും കൃഷി നഷ്ടമാണെന്നു പറഞ്ഞ് മുന്നൂറും നാനൂറും രൂപയ്ക്ക് നിങ്ങൾ വാങ്ങിക്കൂട്ടിയ നെൽവയലുകൾ മണ്ണടിച്ച് വിറ്റ് സമ്പാദിച്ചു കൂട്ടിയത് കോടികളല്ലേ ? അതിൽ ഭാഗമായതിൽ ഓർത്ത് ഞാൻ ഇന്ന് ദുഃഖിക്കുന്നു. നിങ്ങൾക്ക് ഓഡിയിലും, ബെൻസിലും കറങ്ങാനും സമ്പാദിക്കാനും എന്തിന് വരും തലമുറയെയും നാടിനെയും നശിപ്പിക്കുന്നു. എന്ന് ഫെയ്സ് ബുക്കിൽ ഇപ്പേൾ ബിജെപി പ്രവർത്തകനായ ബൊക്കാറോ തൽസമയം തുറന്നടിച്ചു.

പുതിയതായി പ്രവർത്തനം ആരംഭിക്കുവാനായി ക്വാറി അസോസിയേഷൻ ജില്ലാ പ്രസിഡന്റിന്റെ കിൻഫ്രാ വ്യവസായ പാർക്കിലും മൗണ്ട് സിയോൺ മെഡിക്കൽ കോളജിന് സമീപം ഭരണകക്ഷിയിൽപ്പെട്ട യുവജന സംഘടനാ നേതാവിന് ഷെയറുള്ള ക്വാറിക്കും നാനാജാതി മതസ്ഥരും ആരാധനയ്ക്കായി എത്തുന്ന ജില്ലയിലെ പ്രമുഖ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമായ മരുതിമൂട് സെന്റ് ജൂഡ് പള്ളിക്കു സമീപത്തായും ലൂക്കോസ് മുക്കിൽ പട്ടികജാതി കോളനിയോടു ചേർന്ന് നെടുമൺ ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ജില്ലാ പരിസ്ഥിതി ആഘാത പഠന നിർണയ അഥോറിറ്റിയിൽ അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.

തേപ്പുപാറ എസ്എപി തോട്ടത്തിലും കൈനഗിരിയിലും സ്‌കിന്നർപുരത്ത് വിവിധ ഭാഗങ്ങളിലായി ഒരു ഡസനോളം ക്വാറികൾക്കുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി റവന്യൂ അധികൃതർ പറഞ്ഞു.2014ൽ കുന്നിടയിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ട ക്വാറിദുരന്തത്തിൽ പൊലീസ് പ്രതിചർക്കപ്പെട്ട പട്ടാഴി സ്വദേശിയായ ബിജെപി പ്രവർത്തകൻ ഖനനത്തിനായി പാട്ടത്തിനെടുത്ത ഭൂമിയാണ് നിരപ്പൻപാറ. പാട്ടക്കാലാവധി കഴിഞ്ഞതിനാൽ വസ്തു ഉടമ മറ്റെരു വ്യക്തിക്ക് ഖനനത്തിനായി ഈ ഭൂമി നൽകി. ഇതേ തുടർന്ന് നടന്ന കുടിപ്പകയാണ് സമരത്തിലേക്ക് നയിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഏനാദിമംഗലത്ത് ക്വാറി പ്രവർത്തനത്തിന് എല്ലാവിധ സഹായങ്ങളും ചെയ്യുന്നത് ജില്ലയിലെ ഒരു മുതിർന്ന നേതാവിന്റെ അനുയായികളും കോൺഗ്രസ് വിട്ടു സിപിഎമ്മിൽ ചേക്കേറിയ ത്രിതല പഞ്ചായത്ത് അംഗമാണന്ന് ബിജെപി നേതൃത്വം കുറ്റപ്പെടുത്തി.ഇതോടെ സിപി എം അണികളിൽ ഭിന്നത രൂക്ഷമായി. വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ജില്ലാ ഭരണകൂടംഇടപെട്ട് ഏനാദിമംഗലം പഞ്ചായത്തിൽ ഇനി ഒരു പാറമടകൾക്കും അനുമതി നൽകരുതെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP