Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാതിരിയോട് കൊലപ്പെടുത്തിയത് ജനകീയ നേതാവിനെ; വീട്ടിൽ കയറിക്കൊന്ന പയ്യന്നൂരിലെ സി കെ രാമചന്ദ്രനും നാട്ടുകാരുടെ പ്രിയങ്കരൻ; 'സമാധാനാ പ്രേമികളേയും' ഇരകളാകി കണ്ണൂരിൽ രാഷ്ട്രീയ കൊലപാതക പോര്

പാതിരിയോട് കൊലപ്പെടുത്തിയത് ജനകീയ നേതാവിനെ; വീട്ടിൽ കയറിക്കൊന്ന പയ്യന്നൂരിലെ സി കെ രാമചന്ദ്രനും നാട്ടുകാരുടെ പ്രിയങ്കരൻ; 'സമാധാനാ പ്രേമികളേയും' ഇരകളാകി കണ്ണൂരിൽ രാഷ്ട്രീയ കൊലപാതക പോര്

രഞ്ജിത് ബാബു

കണ്ണൂർ: പ്രതികളെത്തേടിയുള്ള ആർ.എസ്. എസ് -ബിജെപി.യുടേയും സിപിഐ.(എം.) ന്റേയും അക്രമങ്ങൾ വഴിമാറുന്നു. പാർട്ടിയിലെ അനുഭാവിയോ പ്രാദേശിക ഭാരവാഹിയോ ആയവർ എതിരാളികളുടെ അക്രമത്തിൽ കൊല്ലപ്പെടുന്നതും പരിക്കേൽക്കുന്നതും ജില്ലയിൽ പതിവാകുകയാണ്. എന്നാൽ ഇത്തരം അക്രമങ്ങളിൽ ഇരുപക്ഷത്തും കൊല്ലപ്പെടുന്നവരിൽ ജനപ്രിയ നേതാക്കളും ഉണ്ടെന്നത് കൂടുതൽ പ്രശ്നങ്ങൾക്കേ വഴിവെക്കൂ. അത്തരമൊരു കൊലപാതകമാണ് കഴിഞ്ഞ ദിവസം പാതിരിയാട് വാളാങ്കിച്ചാലിൽ നടന്നത്. സിപിഐ.(എം.) പടുവിലായി ലോക്കൽ കമ്മിറ്റി അംഗം കുഴിച്ചാലിൽ മോഹനന്റെ കൊലപാതകത്തിൽ കക്ഷി ഭേദമെന്യേ നാട്ടുകാരിൽ ഞെട്ടലുണ്ടാക്കിയിരുന്നു.

കാരണം പാതിരിയാട് പ്രദേശത്തെ ജനകീയനായ പൊതു പ്രവർത്തകനാണ് മോഹനനൻ. നാട്ടിലെ ജനങ്ങളുടെ സുഖ ദുഃഖങ്ങളിൽ അവരോടൊപ്പം നിൽക്കുന്ന പ്രവർത്തകൻ. പതിമൂന്നാം വയസ്സിൽ ബീഡി തൊഴിലാളിയായിരുന്നപ്പോൾ നാട്ടുകാരോടൊപ്പം സാമൂഹ്യ സേവനം ആരംഭിച്ചയാളാണ് മോഹനൻ. ആ ബന്ധം തുടർന്നുള്ള ജനകീയ പ്രവർത്തനത്തിന് സജീവമാക്കി. ദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ടിലും പ്രശ്നങ്ങളിലും ഇടപെടുന്നതു വഴി രാഷ്ട്രീയത്തിന്റെ അതിർ വരമ്പിനപ്പുറം മോഹനനെ ജനങ്ങൾ സമീപിക്കുമായിരുന്നു. എന്നും കർമ്മനിരതനായ മോഹനൻ അടുത്ത കാലത്താണ് കള്ളുഷാപ്പിലെ ജോലിക്കാരനായി വന്നത്.

മോഹനനെ വധിക്കുക എന്ന ലക്ഷ്യത്തോടെ കാറിലെത്തിയ അഞ്ചംഗ സംഘമാണ് ഷാപ്പിൽ കയറി കൊലപ്പെടുത്തിയത്. തലയിലും ശരീരമാസകലവും വെട്ടേറ്റാണ് മരണം. ഇതിനു സമാന രീതിയിലാണ് രണ്ടു മാസം മുമ്പ് പയ്യന്നൂരിലെ ബിജെപി. പ്രവർത്തകനായിരുന്ന സി.കെ രാമചന്ദ്രന്റേയും കൊലപാതകം. ബിജെപി. പ്രവർത്തകനെങ്കിലും പയ്യന്നൂരിലെ സാമൂഹ്യ പ്രശ്നങ്ങളിൽ കക്ഷി ഭേദമെന്യേ ഇടപെടുന്ന വ്യക്തിയായിരുന്നു രാമചന്ദ്രൻ. ബി.എം.എസിന്റെ മേഖലാ പ്രസിഡണ്ടു കൂടിയായിരുന്ന അദ്ദേഹം തൊഴിലാളിപ്രവർത്തകനെന്ന നിലയിൽ മറ്റ് പ്രസ്ഥാനങ്ങളോടും സഹകരിച്ചിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളി പ്രവർത്തനവുമായി ബന്ധപ്പെട്ടായിരുന്നു രാമചന്ദ്രൻ ജനകീയനായത്. നാട്ടിലും രാഷ്ട്രീയ പക്ഷമില്ലാതെ ജനങ്ങൾക്കിടയിൽ നല്ല സ്വാധീനമുണ്ടായിരുന്നു. അങ്ങനെയുള്ള രാമചന്ദ്രനെ ഒരു സംഘം അക്രമികൾ വീട്ടിൽ കയറി വന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇത്തരം നേതാക്കളുടെ അഭാവം രാഷ്ട്രീയ രംഗത്ത് ക്രിമിനൽ വൽക്കരണത്തിന് കാരണമാവുമെന്ന സൂചനയാണ് നൽകുന്നത്.

മിതവാദികളായ രാഷ്ട്രീയ പ്രവർത്തകരാണ് ഈ രണ്ടു സംഭവങ്ങളിലൂടേയും നഷ്ടപ്പെട്ടത്. പ്രത്യയ ശാസ്ത്ര പരമായി മാത്രം ഭിന്നതയുണ്ടെങ്കിലും വ്യക്തിപരമായ ഭിന്നത പാടില്ലെന്ന് ആശയക്കാരായിരുന്നു. ഇരുവരും. നിരപരാധികളായവരെ അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സമീപനം വർഷങ്ങൾക്കു മുമ്പ് തന്നെ കണ്ണൂർ ജില്ലയിൽ തുടക്കം കുറിച്ചിരുന്നു. എന്നാൽ അല്പം ഇടവേളയിൽ അത്തരം സംഭവങ്ങൾ ആവർത്തിക്കാറില്ലായിരുന്നു. സമീപകാലത്ത് പയ്യന്നൂരിലും കഴിഞ്ഞ ദിവസം കൂത്തുപറമ്പിനടുത്ത പടുവിലായിയിലും ആപൽക്കരമായി ഇത് ആവർത്തിക്കപ്പെട്ടിരിക്കയാണ്. ഏതെങ്കിലും രാഷ്ു്ട്രീയ വിശ്വാസത്തിന്റെ പേരിൽ നിരപരാധികളെ കൊന്നൊടുക്കുന്ന അവസ്ഥക്ക് ആരും പരിഹാരം നിർദ്ദേശിക്കുന്നുമില്ല. വർഷങ്ങൾക്കു മുമ്പ് കൂടാളിയിലെ അനീഷ് വധവും ആളുമാറി ചെയ്യപ്പെട്ടതാണ്. തലശ്ശേരി പാനൂർ മേഖലയിൽ മത്സ്യ വിതരണക്കാരനും പാൽക്കാരനും പത്ര വിതരണക്കാരനും പാർട്ടി അനുഭാവിയായതുകൊണ്ടു മാത്രം കൊല ചെയ്യപ്പെട്ടിരുന്നു. ഇവരാരും ഒരക്രമത്തിനും കോപ്പു കൂട്ടിയവരല്ല.

ജീവിതായോധനവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടവരായിരുന്നു. ഇത്തരം സംഭവങ്ങൽ ഇനിയും ആവർത്തിക്കാതിരിക്കാൻ ശ്രമിക്കേണ്ടത് സിപിഐ.(എം.)ഉം ബി.ജെ. പി.യുമാണ്. കേരളവും കേന്ദ്രവും ഭരിക്കുന്ന കക്ഷികൾ എന്നനിലയിൽ ഉത്തരവാദിത്വം പാലിക്കാനുള്ള ബാധ്യതയും അവർ പാലിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP