Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ആറുമാസത്തിനിടയിൽ രാഷ്ട്രീയമായി കൊല്ലപ്പെടുന്നത് നാലു പേർ; ബിജെപിയുടെ പരാതി ഗൗരവത്തോടെ എടുത്ത് കേന്ദ്രസർക്കാർ; കൊലപാതകങ്ങൾ എല്ലാം കൂടി സിബിഐയെ ഏൽപ്പിക്കാൻ സമ്മർദ്ദം; സന്തോഷിന്റെത് ഏഴു മാസത്തിനിടെയിലെ കണ്ണൂരിലെ എട്ടാമത്തെ രാഷ്ട്രീയ പകപോക്കൽ

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ആറുമാസത്തിനിടയിൽ രാഷ്ട്രീയമായി കൊല്ലപ്പെടുന്നത് നാലു പേർ; ബിജെപിയുടെ പരാതി ഗൗരവത്തോടെ എടുത്ത് കേന്ദ്രസർക്കാർ; കൊലപാതകങ്ങൾ എല്ലാം കൂടി സിബിഐയെ ഏൽപ്പിക്കാൻ സമ്മർദ്ദം; സന്തോഷിന്റെത് ഏഴു മാസത്തിനിടെയിലെ കണ്ണൂരിലെ എട്ടാമത്തെ രാഷ്ട്രീയ പകപോക്കൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പിണറായി വിജയിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ അധികാരമേറ്റതിനുശേഷം കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലിഞ്ഞത് ഏട്ട് ജീവനുകളാണ്. നൂറിലേറെ ആക്രമണക്കേസുകളും ഈ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. രാഷ്ട്രീയ കൊലപാതകങ്ങളിൽ നാലെണ്ണം നടന്നത് മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലും. അതിൽ മൂന്ന് പേർ ബിജെപിക്കാർ. പൊലീസിൽ നിന്ന് നീതി ലഭിക്കുന്നുമില്ല. ഈ സാഹചര്യത്തിൽ ബിജെപിക്കാരുടെ സുരക്ഷ ഒരുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നിലപാട്. ബിജെപിക്കാർ കൊല്ലപ്പെടുന്ന കേസുകളിലൊന്നും പ്രതികൾ പിടിക്കപ്പെടുന്നില്ല. അതിനാൽ കേസുകളെല്ലാം സി ബി ഐയെ കൊണ്ട് അന്വേഷിക്കണമെന്നാണ് ബിജെപിയുടെ നിലപാട്. ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗൗരവത്തോടെ കാണുകയാണ്.

ബിജെപിക്കാരെ ആക്രമിച്ചാൽ കർണ്ണാടകയിൽ സിപിഐ(എം) നേതാക്കൾക്ക് ഓടേണ്ടി വരുമെന്ന് ബിജെപി നേതാവ് നളിൻകുമാർ കട്ടിൽ പറഞ്ഞിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ആണ്ടല്ലൂരിൽ സന്തോഷിനെ കൊലപ്പെടുത്തിയത്. വ്യക്തമായ പദ്ധതിയോടെ സിപിഐ(എം) ആസുത്രണം ചെയ്തതാണ് ഇത്. ആരെന്തു പറഞ്ഞാലും കണ്ണൂരിൽ ബിജെപിക്കാരെ ജീവിക്കാൻ അനുവദിക്കില്ലെന്നാണ് സിപിഐ(എം) പക്ഷം അധികാരത്തിന്റെ തണലിൽ നടത്തുന്ന ഈ നീക്കം അംഗീകരിക്കാനാവില്ല. അതുകൊണ്ട് കൂടിയാണ് കേന്ദ്ര ഇടപെടൽ ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം സംഘടനാ പ്രവർത്തനം സുഗമമാകില്ലെന്നും അഭിപ്രായമുയരുന്നു.

ഇടതുപക്ഷത്തിന്റെ വിജയാഹ്ലാദത്തിനിടെ പിണറായിക്ക് സമീപത്തുവച്ചാണ് സിപിഐ(എം) പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ടത്. പിന്നീട് പിണറായി മേഖലയിൽ വ്യാപകമായ സംഘർഷവും ആക്രമണങ്ങളും അരങ്ങേറി. പയ്യന്നൂരിൽ ഡിവൈഎഫ്ഐ നേതാവ് ധൻരാജിനെ വെട്ടിക്കൊലപ്പെടുത്തി അരമണിക്കൂറിനുള്ളിൽ കുന്നരുവിൽ ബിജെപി പ്രവർത്തകൻ രാമചന്ദ്രൻ വെട്ടേറ്റു മരിച്ചു. തില്ലങ്കേരിയിൽ ഡിവൈഎഫ്ഐ നേതാക്കൾ സഞ്ചരിച്ച കാറിനുനേരെ ബോംബാക്രമണം നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ആർഎസ്എസ് നേതാവ് ബിനീഷ് കൊല്ലപ്പെട്ടു. ചെറുവാഞ്ചേരിയിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് ആർഎസ്എസ് പ്രവർത്തകനായ ദീക്ഷിതുകൊല്ലപ്പെട്ടു. 

പാതിരിയാട് പട്ടാപ്പകൽ ഷാപ്പിലെത്തിയ സംഘം സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം മോഹനനെ വെട്ടിക്കൊന്നു. മോഹനന്റെ സംസ്‌കാരം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ബിജെപി പ്രവർത്തകനായ രമിത്തിനെ പിണറായിയിൽ കൊലപ്പെടുത്തി. ഈ പട്ടികയിലേക്കാണ് ആണ്ടല്ലൂരിലെ സന്തോഷിന്റെ കൊലപാതകവുമെത്തുന്നത്. രമിത്തിന്റെ കൊലയ്ക്ക് ശേഷം സർവ്വ കക്ഷി സമാധാന യോഗം കണ്ണൂരിൽ ചേർന്നിരുന്നു. ഇതുമായി ബിജെപി സഹകരിച്ചില്ല. ഒടുവിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചു. ഇതിൽ കുമ്മനം രാജശേഖരൻ തന്നെ പങ്കെടുത്തു. ഈ യോഗ തീരുമാനങ്ങൾക്ക് വിരുദ്ധമയാവയാണ് കണ്ണൂരിൽ നടക്കുന്നതെന്നാണ് ആക്ഷേപം.

കണ്ണൂരിൽ സമാധാനം സ്ഥാപിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. അത് അവർ ചെയ്യുന്നില്ല. സർവ്വ കക്ഷിയോഗം വിളിച്ച് അത്തരമൊരു സാഹചര്യം പോലും സൃഷ്ടിക്കുന്നില്ല. നേതാക്കൾ പോര് വിളിച്ച് അണികളെ തെരുവിലിറക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി ചാനൽ ചർച്ചകളിൽ സിപിഐ(എം)-ബിജെപി നേതാക്കളെത്തുന്നു. സഹതപിച്ച് നേട്ടമുണ്ടാക്കാൻ കോൺഗ്രസും. അതിനപ്പുറത്തേക്ക് നേതാക്കളുടെ സൗഹൃദം അവിടെ വളരുന്നു. കണ്ണൂരിൽ അണികൾ തമ്മിൽ വാളെടുത്ത് പോരടിക്കുകയും വെട്ടിമരിക്കുകയും ചെയ്യുന്നു. ലോക്കൽ പ്രവർത്തകർക്ക് അപ്പുറം ആരും കൊല്ലപ്പെടുന്നില്ല. മരിച്ച് വീഴുന്നത് സാധാരണ അണികൾ മാത്രമാണ്. കൂലിവേലക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും. കണ്ണൂരിലെ പ്രത്യേക സമൂദായ അംഗങ്ങൾ മാത്രമാണ് കൊലക്കത്തിക്ക് ഇരയാകുന്നതെന്നതും ചർച്ചയാകേണ്ടതാണ്.

2008ൽ നടന്ന നീണ്ട കൊലപാതക പരമ്പരകൾക്കുശേഷം കണ്ണൂർ ജില്ല പൊതുവെ ശാന്തമായിരുന്നു. അതിനുശേഷവും കൊലപാതകങ്ങളും അക്രമങ്ങളും ഉണ്ടായിട്ടില്ല എന്നല്ല. അതൊന്നും ജില്ലയിലെ സമാധാനാന്തരീക്ഷത്ത ദോഷകരമായി ബാധിച്ചിരുന്നില്ല. 2010 ൽ മാഹിയിൽ രണ്ട് ബിജെപി പ്രവർത്തകർ പട്ടാപ്പകൽ കൊലചെയ്യപ്പെട്ട സംഭവവും, പാനൂരിൽ ബിജെപി മണ്ഡലം കമ്മിറ്റിയംഗമായ അഡ്വ.വത്സരാജ് കുറുപ്പിന്റേതുൾപ്പെടെയുള്ള കൊലപാതകങ്ങളുമെല്ലാം ഇതിനിടയിലുണ്ടായിട്ടുണ്ട്. എന്നാൽ ഈ സംഭവങ്ങളൊന്നും ആളിക്കത്തിയില്ല. സിപിഎമ്മിന്റെ പ്രവർത്തകരും കൊല്ലപ്പെട്ടു. അപ്പോഴും എണ്ണം നോക്കി കൊലയിലേക്ക് കാര്യങ്ങളെത്തിയില്ല. നീണ്ട ഇടവേളയ്ക്കുശേഷം കണ്ണൂർ വീണ്ടും സംഘർഷ രാഷ്ട്രീയത്തിലേക്ക് വലിച്ചെറിയപ്പെടുകയും സമാധാനാന്തരീക്ഷം ചോദ്യംചെയ്യപ്പെടുകയും ചെയ്തത് ഇടത് സർക്കാർ അധികാരമേറ്റതോടെയാണ്.

സംഘർഷങ്ങൾ തുടരുമ്പോഴും പൊലീസിന് കാര്യമായി ഇടപെടാൻ കഴിയുന്നില്ലെന്ന ആരോപണം വ്യാപകമാണ്. കൊലക്കേസ് പ്രതികളെ പോലും പൊലീസിന് പിടിക്കാനാകുന്നില്ല. സിപിഎമ്മും ആർഎസ്എസും കരുത്തുകാട്ടാൻ മുഖാമുഖം നിൽക്കുന്നതാണ് ഇതിന് കാരണം. പിണറായി സർക്കാർ അധികാരത്തിലുള്ളതിനാൽ ഉടൻ തിരിച്ചടിയെന്നാണ് സിപിഐ(എം) സമീപനം. കേന്ദ്രത്തിലെ മോദി സർക്കാർ എല്ലാം ശരിയാക്കുമെന്ന വിശ്വാസത്തിൽ സംഘപരിവാരും ചോരയ്ക്ക് ചോരകൊണ്ട് മറപടി നൽകുന്നു. അങ്ങനെ കണ്ണൂർ തിളയ്ക്കുകയാണ്.

ഇടത് സർക്കാർ അധികാരത്തിലെത്തിയ ശേഷം പിണറായിയുടെ മണ്ഡലം ധർമ്മടത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ഇങ്ങനെ

രവീന്ദ്രൻ കൊല്ലപ്പെട്ടത് പിണറായിയുടെ വിജയാഹ്ലാദത്തിനിടെ

പിണറായി വിജയന്റെ ധർമ്മടത്തെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ബോംബ് പൊട്ടി സിപിഐ(എം) പ്രവർത്തകൻ എരുവട്ടി സ്വദേശി രവീന്ദ്രൻ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് സിപിഐഎമ്മിന്റെ ഔദ്യോഗിക വിശദീകരണമിതാണ്. ഇതായിരുന്നു ഇടത് ഭരണമാറ്റത്തിന് ശേഷമുള്ള കണ്ണൂരിലെ ആദ്യ കൊലപാതകവും. വിജയാഹ്ലാദ പ്രകടനത്തിനിടയിലേക്ക് ആർ.എസ്.എസുകാർ ബോംബ് എറിഞ്ഞതിനെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച രവീന്ദ്രനെ അക്രമികൾ പിന്തുടർന്ന് വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സിപിഐ(എം) ആരോപിച്ചത്. എന്നാൽ സിപിഐ(എം) പ്രവർത്തകനായ രവീന്ദ്രനെ ബോംബെറിഞ്ഞ് കൊന്നത് ആർഎസ്എസ് അല്ലെന്ന് ബിജെപിയും പറഞ്ഞു. സിപിഐ(എം) പ്രവർത്തകന്റെ കയ്യിലുണ്ടായിരുന്ന ബോംബ് അവിചാരിതമായി പൊട്ടിയതു കൊണ്ടാണ് പ്രവർത്തകൻ മരിച്ചതെന്നായിരുന്നു അവരുടെ വാദം.

സിപിഎമ്മിന്റെ വിജയാഹ്ലാദം നടക്കുന്ന വേളയിൽ ആ പരിസരത്ത് കമ്മ്യൂണിസ്റ്റുകാരല്ലാതെ മറ്റാരുമുണ്ടായിരുന്നില്ലു. സിപിഎമ്മുകാർ റോഡ് നിറഞ്ഞ് പ്രകടനം നടത്തുകയായിരുന്നു. മറ്റാർക്ക് നേരേ ഉപയോഗിക്കാനായി സിപിഐ(എം) കരുതിയിരുന്ന ബോംബാണ് അവരുടെ കയ്യിലിരുന്ന് തന്നെ പൊട്ടിയതെന്നുംബിജെപി ആരോപിച്ചു. കോൺഗ്രസ് നേതാവ് കെ സുധാകരനും ഇത് തന്നെയാണ് പറഞ്ഞത്.

ജനകീയ നേതാവിനെ കൊന്നത് ജോലിയെടുക്കുന്ന ഷാപ്പിലിച്ച് തുരുതുരാ വെട്ടി

വീണ്ടും പിണറായിയിൽ കൊല നടന്നു. ഇത്തവണയും സിപിഐ(എം) നേതാവാണ് കൊല്ലപ്പെട്ടത്. പാതിരിയാട് പട്ടാപ്പകൽ ഷാപ്പിലെത്തിയ സംഘം സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം മോഹനനെ വെട്ടിക്കൊന്നു. ജനകീയ നേതാവായിരുന്നു മോഹനൻ. വാളാങ്കിച്ചാൽ ബ്രാഞ്ച് സെക്രട്ടറി കുഴിച്ചാലിൽ മോഹനൻ (52) വെട്ടേറ്റുമരിച്ച സംഭവത്തിൽ ഏഴു ആർഎസ്എസ്സുകാർക്കെതിരെ കേസുമെടുത്തു. ദേഹമാസകലം വെട്ടേറ്റ മോഹനനെ ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്പത്തിരണ്ടുകാരനായ മോഹനനെ അദ്ദേഹം ജോലിചെയ്തിരുന്ന കള്ളുഷാപ്പിൽ കയറിയാണ് സായുധരായ അക്രമിസംഘം വെട്ടിനുറുക്കിയത്. ആഴത്തിലുള്ള 30-40 മുറിവ് മോഹനന്റെ ശരീരത്തിലേൽപ്പിച്ചു.

'വെള്ളിയാഴ്ച ഷാപ്പ് അവധിയായതിനാൽ നടപ്പാലത്തിന്റെ കോൺക്രീറ്റ് പൂർത്തിയാക്കണം.' മോഹനൻ മുമ്പേ എല്ലാവർക്കും വാക്കു കൊടുത്തതാണ്. പ്രദേശത്തെ നൂറുകണക്കിനാളുകൾ ഉപയോഗിക്കുന്നതാണ് കനാൽ പരിസരത്തെ നടപ്പാലം. വൈകിയാൽ നാട്ടുകാർ പ്രയാസപ്പെടും. രാവിലെമുതൽ വലുപ്പച്ചെറുപ്പമില്ലാതെ നാട് ഒന്നിച്ചു. മോഹനന്റെ വാക്കിന് നാട്ടുകാർ ഏറെ പ്രാധാന്യം നൽകിയിരുന്നു. ഞായറാഴ്ച മോഹനൻ വീട്ടിലെത്തുമ്പോൾ ഏറെ വൈകിയിരുന്നു. കുറച്ചു ദിവസങ്ങളായുള്ള തിരക്കാണ്്. ഗ്രാമസഭയുടെയും മറ്റുമായി ഏറെ കാര്യങ്ങളുണ്ട്. അടുത്ത ഞായറാഴ്ച ഗ്രാമസഭ നിശ്ചയിച്ചിട്ടുണ്ട്. മുഴുവൻ വീടുകളുടെയും പ്രാതിനിധ്യം ഉറപ്പാക്കണം. ശ്രദ്ധക്കുറവുകൊണ്ട് ആർക്കും ഒരു ആനുകൂല്യവും നഷ്ടപ്പെടരുതെന്ന് വാർഡ് വികസനസമിതി കൺവീനർകൂടിയായ മോഹനന് നിർബന്ധമുണ്ട്. വികസനപ്രവർത്തനങ്ങളും മുടങ്ങരുത്. അത് പ്രവർത്തകരെ നിരന്തരം ഓർമിപ്പിക്കും. 20 വർഷത്തിലേറെയായി ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിക്കുന്ന മോഹനന് പ്രദേശത്തെ കൊച്ചുകുട്ടികൾപോലും സുപരിചിതർ.

ഭരണപരമായ പദവികൾ വഹിക്കുന്നില്ലെങ്കിലും വാളാങ്കിച്ചാലിൽ അത്തരം കാര്യങ്ങളിലെല്ലാം മോഹനന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടാകും. പഞ്ചായത്തുമായോ പാർട്ടിയുമായോ ബന്ധപ്പെട്ട പരിപാടികൾ ഒരു വീടും ഒഴിയാതെ അറിയിക്കണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. വികസനപ്രവർത്തനങ്ങളിൽ മാത്രമല്ല, പ്രദേശത്തെ വീട്ടുകാർക്ക് ഒരു ചടങ്ങിനും ഒഴിവാക്കാനാവാത്ത പേരായി മോഹനൻ മാറിയതിന്റെ കാരണവും മറ്റൊന്നല്ല. ലാളിത്യത്തോടെയുള്ള ജീവിതം. അതുകൊണ്ട് തന്നെ മോഹനന്റെ കൊലയിൽ സിപിഐ(എം) തിളച്ചു മറിഞ്ഞു.

മോഹനന്റെ ചോരയ്ക്ക് പകമെടുത്തത് രമിത്തിനെ

പിണറായിയിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകനായ രമിത്തിനെ കൊന്ന് സിപിഐ(എം) പ്രതികാരം വീട്ടി. രാഷ്ട്രീയ പ്രതികാരത്തിൽ 14 വർഷത്തെ ഇടവേളയിൽ അച്ഛനും മകനും കൊല ചെയ്യപ്പെട്ടു എന്ന കാര്യം പരിഗണിക്കുമ്പോഴാണ് ഇവിടുത്തെ കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരത എത്രത്തോളമുണ്ടെന്ന് വ്യക്തമാകുക. 2002ൽ യാത്രകാരുമായി ബസ് ഡ്രൈവ് ചെയ്യവെ ഒരുസംഘം സിപിഐ(എം) പ്രവർത്തകർ ബസ്സിൽ കയറി കൊല ചെയ്ത ചാവശ്ശേരിയിലെ ഉത്തമന്റെ മകനാണ് പിണറായിൽ വച്ച് കൊല്ലപ്പെട്ട രമിത്ത്. രമിത്തിന്റെ മാതാവിന്റെ വീട് പിണറായിയിലാണ്. ഉത്തമൻ മരിച്ച ശേഷം താമസം പിണറായിയിലാണ്. രാവിലെ ഓലയമ്പലത്തെ പെട്രോൾ പമ്പിനടുത്തെ ബസ്സ്റ്റോപ്പിൽ ബസ്സ് കാത്ത് നിൽക്കവെയാണ് ഒരു സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രമിത്ത് അരമണിക്കൂറോളം റോഡിൽ കിടന്നു. ആരും തിരിഞ്ഞു നോക്കാതെ കിടന്നതോടെയാണ് ജീവൻ പൊലിഞ്ഞത്.

എതിരാളികളുടെ പാർട്ടി ഗ്രാമമാണിത്. അതുകൊണ്ട് തന്നെയാണ് അധികമാരും രമിത്തിനെ സഹായിക്കാൻ എത്താത്തതും. ഒടുവിൽ എക്സൈസ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുമ്പ് ബസ് ഡ്രൈവറായിരുന്ന ഉത്തമനെ ബസ് ഓടിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തിയത്. തലശേരിയിൽ നിന്ന് ഇരിട്ടിയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിന് നേരെ ബോംബെറിഞ്ഞ ശേഷമായിരുന്ന കൊല നടത്തിയത്. തലശേരി മേഖലയിൽ ബിജെപി-സിപിഐഎം സംഘർഷം ശക്തമായ സമയത്താണ് അന്ന് കൊലപാതകം നടന്നതും. ഉത്തമന്റെ കൊലപാതകത്തെ തുടർന്ന് ചാവശ്ശേരി - ഉളിയിൽ - തില്ലങ്കേരി മേഖലകളിൽ തുടർആക്രമണങ്ങളുമുണ്ടായി. ഉത്തമന്റെ സംസ്‌കാര ചടങ്ങിന് നേരെയും അന്ന് ആക്രമണമുണ്ടായി. ര

മിത്തിന്റെ അച്ഛൻ ഉത്തമന്റെ മൃതദേഹം സംസ്‌ക്കാരത്തിന് കൊണ്ട് പോകുമ്പോൾ അനുഗമിച്ച ജീപ്പിന് നേരെ ചിലർ ബോംബെറിയുകയായിരുന്നു. അന്ന് ജീപ്പ് യാത്രക്കാരിയായ അമ്മുഅമ്മയും ഡ്രൈവർ ഷെഫീക്കും കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഏറ്റവും ദുഃഖകരമായ കാര്യം യാതൊരു രാഷ്ട്രീയ ബന്ധവും ഇല്ലാത്ത ഹതഭാഗ്യരായിരുന്നു കൊല്ലപ്പെട്ടവർ എന്നതായിരുന്നു. ഉത്തമൻ വധക്കേസിൽ പിന്നീട് പൊലീസ് അന്വേഷണം നടന്നെങ്കിലും പതിവുപോലെ കേസ് എങ്ങുമെത്തിയില്ല. രാഷ്ട്രീയവിരോധം കാരണം പ്രതികൾ ഉത്തമനെ കൊലപ്പെടുത്തി എന്നായിരുന്നു കേസിലുണ്ടായിരുന്നത് 22 പ്രതികളായിരുന്നു. എന്നാൽ വിചാരണാ വേളയിൽ തന്നെ പ്രതികളെ വെറുതേവിട്ടു.

സന്തോഷിന്റെ ജീവനെടുത്തത് ബ്രണ്ണൻ കോളേജിലെ വിവേകാന്ദ ജയന്തി തർക്കം

രമിത്തിന്റെ കൊലയ്ക്ക് ശേഷം ഏറെ സമാധാന ശ്രമം ഉണ്ടായി. എല്ലാം നേരെയായെന്ന തോന്നലുമുണ്ടായി. ഇതിനിടെയാണ് മാസങ്ങൾക്ക് ശേഷം ധർമ്മടത്ത് ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചത്.

അണ്ടല്ലൂർ മുല്ലപ്രം ക്ഷേത്രത്തിന് സമീപത്തെ ചോമന്റവിടെ വീട്ടിൽ എഴുത്താൻ സന്തോഷ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30ഓടെയാണ് ആയുധങ്ങളുമായത്തെിയ ഒരുസംഘം വീട്ടിലത്തെി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടൻ തലശ്ശേരിയിലെ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ധർമടം പഞ്ചായത്തിലേക്ക് സന്തോഷ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

ആർ.എസ്. പ്രവർത്തകൻ കൂടിയായിരുന്നു സന്തോഷ്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ വിവേകാന്ദ ജയന്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ., എ.ബി.വി.പി. സംഘർഷം ഉടലെടുത്തിരുന്നു. ഈ അക്രമങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ വിവേകാന്ദ ജയന്തി ആഘോഷവുമായി സന്തോഷ് നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. സിപിഎമ്മുകാരാണ് സന്തോഷിനെ കൊല ചെയ്തതെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആരോപിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP