Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചപ്പാത്തി കച്ചവടം പൊളിഞ്ഞപ്പോൾ മന്ത്രവാദം തുടങ്ങി; നിഴൽരൂപത്തിൽ ജിന്ന് വന്ന് ചികിൽസാവിധി ഓതി മടങ്ങിയെന്ന് നാട്ടിൽ പാട്ടാക്കി ആളെ കൂട്ടി; അറബി വാക്കുകൾ എഴുതിയ മുട്ടയിൽ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ബ്ലാക്ക് മാജിക്ക് കാട്ടി; മണ്ണെണ്ണ പെട്രോളായപ്പോൾ ഷമീനയുടെ ജീവൻ പോയി; കുറ്റാടിയിലെ നജ്മയെന്ന തട്ടിപ്പുകാരിയുടെ കഥ ഇങ്ങനെ

ചപ്പാത്തി കച്ചവടം പൊളിഞ്ഞപ്പോൾ മന്ത്രവാദം തുടങ്ങി; നിഴൽരൂപത്തിൽ ജിന്ന് വന്ന് ചികിൽസാവിധി ഓതി മടങ്ങിയെന്ന് നാട്ടിൽ പാട്ടാക്കി ആളെ കൂട്ടി; അറബി വാക്കുകൾ എഴുതിയ മുട്ടയിൽ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ബ്ലാക്ക് മാജിക്ക് കാട്ടി; മണ്ണെണ്ണ പെട്രോളായപ്പോൾ ഷമീനയുടെ ജീവൻ പോയി; കുറ്റാടിയിലെ നജ്മയെന്ന തട്ടിപ്പുകാരിയുടെ കഥ ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: എത്ര തന്നെ അനുഭവങ്ങൾ ഉണ്ടായാലും അന്ധവിശ്വാസികൾ ഒരുപാഠവും പഠിക്കുന്നതിന് കോഴിക്കോട് നാദാപുരത്തുനിന്ന് ഇതാ പുതിയ ഉദാഹരണം കൂടി. അഞ്ചുബാങ്കുവിളി കേൾക്കുന്നതിനുമുമ്പ് നവജാതശിശുവിന് മുലപ്പാൽ കൊടുക്കരുതെന്ന വിവാദ 'ഫത്വയുടെ'പേരിൽ ജയിലിലായ കോഴിക്കോട്ടെ കളൻതോട് തങ്ങളുടെ വാർത്തയുടെ മഷിയുണങ്ങും മുമ്പാണ് അതേജില്ലയിൽനിന്ന് പുതിയ വിശ്വാസതട്ടിപ്പിന്റെ വാർത്ത പുറത്തുവന്നിരിക്കുന്നത്.

രണ്ടാം വിവാഹം നടക്കുന്നതിനായി നടത്തിയ ജിന്ന് ചികിത്സയിൽ കോഴിമുട്ടയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുന്നതിനിടെ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു മരിച്ചത്. കോഴിക്കോട് വേളയിൽ സ്വദേശിനി എംപി ഷമീനയാണ് മരിച്ചത്. സംഭവത്തിൽ മന്ത്രവാദിനി കുറ്റ്യാടി അടുക്കത്ത് സ്വദേശി തൂവ്വോട്ട് പൊയ്യിൽ നജ്മ(35)യെയാണ് നാദാപുരം ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. പൊള്ളലേറ്റ സംഭവം പുറത്തുവന്നപ്പോൾ തന്നെ ഇവരെ പൊലീസ് പിടികൂടിയിരുന്നു. ഇന്ന് പുലർച്ചെയാണ് ആശുപത്രയിൽ ഷമീന മരിച്ചത്. കൊലപാതക ശ്രമം, ബോധപൂർവം പരിക്കേൽപ്പിക്കൽ, തെളിവുകൾ നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് നജ്മക്കെതിരെ നാദാപുരം പൊലീസ് ആദ്യം കേസെടുത്തത്. ഷമീന മരിച്ചതോടെ കൊലപാതക കുറ്റവും വരും.

കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് വെള്ളയിൽ പുതിയ കടവിൽ ലൈല മൻസിലിൽ ഷമീനക്ക് ജിന്ന് ചികിത്സക്കിടെ പെട്രോളിൽനിന്ന് തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റത്. തീപിടിത്തമുണ്ടായ ഉടൻ അടുക്കളയിലും മറ്റുമുണ്ടായിരുന്ന വെള്ളം യുവതിയുടെ ദേഹത്തൊഴിച്ചാണ് തീ കെടുത്തിയതെന്ന് നജ്മ പൊലീസിനോട് പറഞ്ഞു. വിവാഹം ഉടൻ നടക്കുന്നതിനും മാനസിക അസ്വാസ്ഥ്യവിടുതലിനും യുവതിയുടെ സഹോദരന്റെ കൂടെയാണ് ഷമീന എത്തിയതെന്നും കർമത്തിനിടെ പെട്രോളിന്റെ കുപ്പി തട്ടിമറിഞ്ഞ് തീ പിടിക്കുകയായിരുന്നുവെന്നും നജ്മ മൊഴി നൽകി. പൊള്ളലേറ്റ ഷമീനയെ ആശുപത്രിയിൽ കൊണ്ട് പോയതിനുശേഷം തീപിടിത്തമുണ്ടായ മുറി പൂർണമായി കഴുകി വൃത്തിയാക്കുകയും മുറിയിലെ ചുമരുകൾ വെള്ളപൂശുകയും ചെയ്തിരുന്നു. ദേഹത്തുണ്ടായിരുന്ന കത്തിയ വസ്ത്രങ്ങൾ നീക്കംചെയ്ത ശേഷം വീടിന്റെ പിൻഭാഗത്തെ പറമ്പിലിട്ട് കത്തിക്കുകയും ചെയ്തു.

ചൊവ്വാഴ്ച ഉച്ചയോടെ പ്രതിയെ വീട്ടിലത്തെിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കർമത്തിനുപയോഗിച്ച സാധന സാമഗ്രികളും ചികിത്സക്കിടെ യുവതിയെ ഇരുത്തിയ കത്തിയ കസേരയും വസ്ത്രങ്ങളുടെ കത്തിയ അവശിഷ്ടങ്ങളും മന്ത്രവാദിനിയുടെ വീട്ടിൽനിന്ന് പൊലീസ് പരിശോധനക്കിടെ കണ്ടത്തെുയിരുന്നു. ഒരു അപസർപ്പക കഥയിലെ നായികയെപ്പോലെയാണ് നാട്ടുകാർ നജ്മയുടെ ജീവിതകഥപറയുന്നത്. ചപ്പാത്തി കച്ചവടം നടത്തി ഉപജീവന മാർഗം നടത്തിയിരുന്ന കുറ്റ്യാടി അടുക്കത്തെ തൂവ്വോട്ട് പൊയിൽ നജ്മ കച്ചവടംപൊളിഞ്ഞതോടെയാണ് ജിന്ന് ചികിത്സയെന്ന ആശയത്തിലേക്ക് തിരിഞ്ഞത്. മൂന്നു വർഷം മുമ്പ് കുറ്റ്യാടി ഭാഗങ്ങളിൽ മകളെ ഉപയോഗിച്ച് ജിന്ന് ചികിത്സ നടത്തുന്നതിനിടെ നാട്ടുകാർ ഓടിച്ചുവിട്ട നജ്മ പിന്നീട് പുറമേരിയിലത്തെി സ്വന്തമായി ഇതേ ചികിത്സ നടത്തുകയായിരുന്നു.

മകൾക്ക് പ്രായപൂർത്തിയായെന്നും ഇനി ജിന്ന് അവളുടെ ശരീരത്തിൽ പ്രവേശിക്കില്ലെന്നും സിദ്ധി തനിക്ക് കൈവരിച്ചതായും മകളെ തേടി വീട്ടിലത്തെുന്നവരോട് നജ്മ വെളിപ്പെടുത്തിയാണ് ആഭിചാര ക്രിയകൾ ആരംഭിക്കുന്നത്. സൂക്തങ്ങൾ ഉച്ചത്തിലും ഈണത്തിലും ചൊല്ലി അടുത്തത്തെുന്നവരെ തന്റെ വരുതിയിലാക്കിയതിനു ശേഷമാണ് കർമങ്ങൾ തുടങ്ങുക. ചട്ടിയിൽ പാലയില, ഇലഞ്ഞി ഇല, മഞ്ഞപൊടി, സാമ്പ്രാണി തുടങ്ങിയവയിട്ട് പുകച്ചാണ് സൂക്തങ്ങൾ ഉരുവിടുക. ഇതിനുശേഷം പാത്രത്തിന് മുകളിലായി അറബി വാക്കുകളെഴുതിയ മുട്ടവച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തും. മുട്ടപൊട്ടുന്നതോടെ എല്ലാ ദോഷങ്ങളും അകന്നതായി പറഞ്ഞ് വീട്ടിലത്തെിയവരെ പറഞ്ഞയക്കുകയാണ് പതിവ്. പലരും പാതിരാത്രിയിലും മറ്റുമാണ് എത്താറ്.

ഉദ്ദേശിച്ച കാര്യം സാധിച്ചവർ വിലപിടിപ്പുള്ള സാധനങ്ങളും മറ്റും പാരിതോഷികമായി നൽകിയതായി ഇവർ പൊലീസിനോട് വ്യക്തമാക്കി. തനിക്ക് ജിന്ന് ചികിത്സക്കുള്ള ഉപദേശം ലഭിച്ചത് ഒരുനാൾ പുലർച്ചെ നമസ്‌കരിച്ചുകൊണ്ടിരിക്കെയാണെന്നാണ് ഇവർ തട്ടിവിടുക. ഒരുനാൾ നമസ്‌കാര സമയത്ത് വലിയൊരു കാറ്റ് അടിക്കുകയും നിഴൽരൂപത്തിൽ ജിന്ന് പ്രത്യക്ഷപ്പെടുകയും ജീവിക്കാൻ നിനക്ക് ജിന്ന് ചികിത്സയാണ് നല്ലതെന്ന് ഓതി മടങ്ങുകയായിരുന്നെന്നും നജ്മ നാട്ടുകാരെ വിശ്വസിപ്പിച്ചു.

യുവതിക്ക് പൊള്ളലേൽക്കാനിടയായത് സാധാരണയായി ഉപയോഗിക്കുന്ന മണ്ണെണ്ണക്ക് പകരം പെട്രോൾ ഉപയോഗിച്ചതാണെന്നും കൈയബദ്ധം പറ്റിയതാണെന്നും ഇവർ പറഞ്ഞു. മാഹി പൂഴിത്തലയിലുള്ള ബന്ധുവീടിനടുത്തുള്ളർ മുഖേനയാണ് ഷമീന പുറമേരിയിലത്തെുന്നത്. ഇവർക്ക് നജ്മയുമായുള്ള ബന്ധം പൊലീസ് അന്വേഷിച്ചുവരുകയാണ്. പ്രത്യേക ഏജന്റുമാർ ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടോ എന്നും അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ കെണിയിൽ അകപ്പെട്ടവർ നിരവധി ഉണ്ടെങ്കിലും മാനഹാനി കാരണം പുറത്തുപറയാത്തതാണെന്നാണ് പൊലീസിന്റെ നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP