Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കറുത്ത സ്റ്റിക്കർ ഡിജിപിയുടെ വീട്ടിന് തൊട്ടടുത്തുമെത്തി; പൊലീസ് വാക്കു കേട്ട് ഭയന്ന് കുഴഞ്ഞ് വീണ് മരിച്ചത് ബെഹ്‌റയുടെ അയൽക്കാരി; സ്റ്റിക്കർ ഒട്ടിപ്പുകാരെ പിടികൂടാൻ ഷാഡോ സംഘം ഇറങ്ങിയിട്ടും ചെറു തെളിവ് പോലും കണ്ടെത്താനാവാതെ പൊലീസ്; തിരുവനന്തപുരത്ത് ഡെപ്യൂട്ടി മേയറുടെ വീട്ടിലും സ്റ്റിക്കർ; കേരളം മുഴുവൻ ബ്ലാക് സ്റ്റിക്കർ ഭീതിയിൽ

കറുത്ത സ്റ്റിക്കർ ഡിജിപിയുടെ വീട്ടിന് തൊട്ടടുത്തുമെത്തി; പൊലീസ് വാക്കു കേട്ട് ഭയന്ന് കുഴഞ്ഞ് വീണ് മരിച്ചത് ബെഹ്‌റയുടെ അയൽക്കാരി; സ്റ്റിക്കർ ഒട്ടിപ്പുകാരെ പിടികൂടാൻ ഷാഡോ സംഘം ഇറങ്ങിയിട്ടും ചെറു തെളിവ് പോലും കണ്ടെത്താനാവാതെ പൊലീസ്; തിരുവനന്തപുരത്ത് ഡെപ്യൂട്ടി മേയറുടെ വീട്ടിലും സ്റ്റിക്കർ; കേരളം മുഴുവൻ ബ്ലാക് സ്റ്റിക്കർ ഭീതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പകലും രാത്രിയും പൊലീസിന്റെ കർശന നിരീക്ഷണം എല്ലായിടത്തുമുണ്ട്. സ്റ്റിക്കറുകൾ പതിച്ച ഓരോ സംഭവങ്ങളും പ്രത്യേകം പരിശോധിക്കും. പബ്ലിസിറ്റി നൽകി കള്ളന്മാർ മോഷണത്തിനിറങ്ങില്ല. സാമൂഹ്യവിരുദ്ധരെയാണ് സംശയം. സ്റ്റിക്കറൊട്ടിപ്പുകാരെ പിടികൂടും-ഇതാണ് പൊലീസ് ആവർത്തിക്കുന്നത്. ആശങ്ക വേണ്ടെ്ന്നും പറയുന്നു. പക്ഷേ കേരളത്തിൽ അങ്ങോളമിങ്ങോളം കറുത്ത സ്റ്റിക്കറുകൾ ഇപ്പോഴും പ്രത്യക്ഷപ്പെടുന്നു.

കറുത്ത സ്റ്റിക്കർ കണ്ടാലുടൻ ലോക്കൽ പൊലീസിനെ വീട്ടുകാർ കാര്യമറിയിക്കും. ഇവർ വന്ന് പരിശോധന നടത്തും. അതിന് ശേഷം അതീവ ജാഗ്രതയിൽ കഴിയണമെന്ന നിർദ്ദേശവും ഉപദേശവും നൽകും. അതിന് അപ്പുറത്തേക്ക് ഒന്നും പറയാൻ അവർക്കില്ല. പക്ഷേ ഇത് കേട്ടാൽ വീട്ടുകാർ ഭയചകിതരാകും. എന്തും സംഭവിക്കാമെന്ന മുന്നറിയിപ്പാണ് വീട്ടുകാരെ വെട്ടിലാക്കുന്നത്. ഇങ്ങനെ തിരുവനന്തപുരത്ത് കുറവൻ കോണത്ത് ബ്ലാക് സ്റ്റിക്കർ പതിച്ച വീട്ടിലെ മുത്തശ്ശി ഭയന്ന് തളർന്ന് മരിച്ചതായും റിപ്പോർട്ടുണ്ട്. ഈ വീട്ടിൽ രണ്ട് വയസ്സുള്ള കുട്ടിയുണ്ടത്രേ. ഇതാണ് മുത്തശ്ശിയുടെ രക്ത സമ്മർദ്ദം കൂട്ടിയത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വീടിന് അടുത്താണ് വയോധിക മിരിച്ചത്. കുഞ്ഞമ്മ ആന്റണിയാണ് പൊലീസിന്റെ വാക്കുകൾ കേട്ട് രക്തസമ്മർദ്ദം ഉയർന്ന് മരിച്ചത്. ഇങ്ങനെ ഭീതി പടർത്തി കറുത്ത സ്റ്റിക്കർ പ്രചരിക്കുകയാണ്.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഇത് പ്രത്യക്ഷപ്പെടുന്നു. സിസിടിവി ക്യാമറാ വിൽപ്പനക്കാരുടെ തന്ത്രമാണെന്ന് പൊലീസിലെ ചിലർ പറയുന്നു. ബ്ലൂവെയിലിന് സമാനമായ പുതിയ കമ്പ്യൂട്ടർ ഗെയിമാകാം വില്ലനെന്ന് കരുതുന്നവരും ഉണ്ട്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ, മോഷ്ടാക്കൾ ഇങ്ങനെ എല്ലാം സംശയങ്ങൾ. ഇത് ദൂരീകരിക്കാൻ പൊലീസിന് കഴിയാത്തതാണ് ഇതിന് കാരണം. ഇതിനിടെ മുഖ്യമന്ത്രിയുടെ പ്രസ്താവനയെത്തി. എല്ലാം തട്ടിപ്പുകാരുടെ ഇടപെടൽ. ആശങ്കയില്ലെന്നും. പക്ഷേ പൊലീസിൽ കറുത്ത സ്റ്റിക്കർ പരാതി എത്തിയാൽ അവർ പറയുന്നത് കേട്ട് കുഴഞ്ഞു വീണ് മരിക്കേണ്ട അവസ്ഥയും. അങ്ങനെ സമ്പൂർണ്ണ ആശയക്കുഴപ്പമാണ് എങ്ങും.

ഒട്ടിക്കുന്നവരെ കണ്ടെത്താൻ ഷാഡോ പൊലീസും

ബ്‌ളാക്ക് സ്റ്റിക്കർ സംഘത്തെ പിടിക്കാൻ ഷാഡോ പൊലീസുൾപ്പെട്ട ടീമുകളെ കേരളത്തിലുടനീളം നിയോഗിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ നിർണായകമായ യാതൊരു സൂചനകളും പൊലീസിന് ഇതുവരെ ശേഖരിക്കാനായില്ല. സ്റ്റിക്കറുകളിൽ ചിലത് ഗ്‌ളാസുകൾ കൂട്ടിമുട്ടി പൊട്ടാതിരിക്കാൻ കമ്പനികൾ പതിക്കുന്നവയാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ മറ്റുള്ളവയുടെ കാര്യം ശാസ്ത്രീയ പരിശോധനകൾക്കുശേഷമേ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിഞ്ഞ സ്റ്റിക്കളുടെ നിറവും ആകൃതിയും സമാനമായതും വ്യാപകമായി ഇവ പ്രത്യക്ഷപ്പെട്ടതും സംഭവത്തിന് പിന്നിൽ ചില ദുരൂഹതകൾക്ക് ഇടയാക്കിയിട്ടുണ്ട്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളും അന്യ സംസ്ഥാന മോഷ്ടാക്കളുമാണ് സംഭവത്തിന് പിന്നിലെന്ന പ്രചാരണം ശക്തമാണെങ്കിലും പൊലീസ് അത് സ്ഥിരീകരിക്കുന്നില്ല. ജനങ്ങളിൽ അനാവശ്യഭീതി സൃഷ്ടിക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമങ്ങളാകാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സ്റ്റിക്കറുകൾ കാണപ്പെട്ട വീടുകളിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളും ചില സ്ഥലങ്ങളിൽനിന്ന് കണ്ടെത്തിയ സിസി ടിവി ദൃശ്യങ്ങളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. പട്രോളിംഗും രഹസ്യനിരീക്ഷണവും ശക്തമാക്കിയതോടെ ഇന്ന് സ്റ്റിക്കറുകൾ പതിച്ചെന്ന പരാതികളുടെ എണ്ണം കുറഞ്ഞു. അപ്പോഴും പരാതി പൂർണ്ണമായും തീരുന്നില്ല.

അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ, നാടോടി സംഘങ്ങൾ, ഇതരസംസ്ഥാന തൊഴിലാളികൾഎന്നിവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ജനങ്ങൾ ഭീതിയിലാകേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും സംശയകരമായ സാഹചര്യത്തിൽ കാണപ്പെടുന്നവരെ സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ പൊലീസിനെ അറിയിക്കണമെന്നും സിറ്റി പൊലീസ് കമ്മിഷണർ അഭ്യർത്ഥിച്ചു.

ഡെപ്യൂട്ടി മേയർക്കും രക്ഷയില്ല

തിരുവനന്തപുരത്ത് ഡെപ്യൂട്ടി മേയർ രാഖി രവികുമാറിന്റെ വീട്ടിലടക്കം കറുത്ത സ്റ്റിക്കർ' പ്രത്യക്ഷപ്പെട്ടു. ഇതോടെ നാട്ടുകാർ ഉണ്ടാക്കി പറയുന്നത് അല്ലെന്ന് പൊലീസിന് ബോധ്യം വരികയും ചെയ്തു. സംശയകരമായ സാഹചര്യത്തിൽ കാണുന്ന ഇതര സംസ്ഥാനക്കാരെയടക്കം പിടികൂടാൻ ഷാഡോ പൊലീസിന്റെ 10 സംഘങ്ങളെ നഗരത്തിൽ വിന്യസിച്ചു. തിരുവനന്തപുരത്ത് കൺട്രോൾ റൂം അസി. കമ്മിഷണർ വി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക ദൗത്യം.

തിരുവനന്തപുരത്ത് ഡെപ്യൂട്ടി മേയറുടേതടക്കം 25 വീടുകളിൽ സ്റ്റിക്കർ പതിച്ചതായി ഇന്നലെ പൊലീസിന് പരാതി ലഭിച്ചു. കുറവൻകോണം, നേമം, മണ്ണാമ്മൂല, ബാലരാമപുരം, പേട്ട, കല്ലുംമൂട്, കല്ലറ, മുതുവിള, കുറിഞ്ചിലക്കാട്, പാങ്ങോട്, പാലോട്, ഇലവുപാലം, കുശവൂർ, കുന്നുകുഴി, വിഴിഞ്ഞം, കരുമം എന്നിവിടങ്ങളിലെ വീടുകളിലാണ് സ്റ്റിക്കർ കണ്ടത്. കരുമം അന്തിവിളക്ക് റോഡിൽ ഷാജിമോഹൻ, നേമത്തുകോണം സിന്ധു, വാഴവിള പറയ്‌ക്കോട് ഉണ്ണിക്കൃഷ്ണൻ, വാഴവിള തോപ്പ്മുക്കിലെ പ്രവീൺ, ഫാർമസി കോളജിന് സമീപം താമസിക്കുന്ന ഷംനാദ് എന്നിവരുടെ വീടുകളിലാണ് സ്റ്റിക്കർ പതിച്ചിരുന്നത്. ഷാജിമോഹന്റെ വീടിന് സമീപത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ജനാലകളിലും സ്റ്റിക്കർ പ്രത്യക്ഷപ്പെട്ടു.

നിർമ്മാണത്തിലിരിക്കുന്ന വീടുകളിലെ ജനൽചില്ലുകളിലുള്ളത് കടകളിൽ നിന്ന് പതിച്ച സ്റ്റിക്കറുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗ്ലാസുകൾ കൂട്ടിയിടിക്കാതിരിക്കാനാണ് ഇവ ഒട്ടിച്ചത്. പഴയ വീടുകളിൽ പുതുതായി ഒട്ടിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. എല്ലാ സ്റ്റേഷനുകളിലും ഒരു ബൈക്ക് പട്രോൾ അധികം നൽകാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ബൈക്കുകളിൽ ഷാഡോ സംഘത്തിന്റെ രാത്രിപട്രോളും ഉണ്ടാകും. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും നിരീക്ഷണം ശക്തമാക്കും.

തിരുട്ടു ഗ്രാമക്കാരുടെ തന്ത്രമോ? മാവോയിസ്റ്റുകളോ?

സംഭവത്തിന് പിന്നിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും തമിഴ്‌നാട് കൊള്ളസംഘങ്ങളുടെ പങ്ക് തള്ളുന്നില്ല. സമാനരീതിയിൽ മോഷണം നടത്തുന്ന സംഘങ്ങളുടെ സാന്നിദ്ധ്യം തലസ്ഥാനത്തുണ്ട്.

എം.ജി റോഡിലെ ജുവലറിയിൽ നിന്ന് ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ 12 ലക്ഷം രൂപ തട്ടിയെടുത്തത് തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ തിരുട്ടുഗ്രാമക്കാരായിരുന്നു. പകൽ ചൂലുവിൽക്കാനെന്ന വ്യാജേന വീടുകൾ നോക്കിവച്ച് രാത്രി മോഷണം നടത്തുന്ന കമ്പത്തെ നരിക്കുറുമ്പ സംഘവും തിരുനെൽവേലിയിലെ പനവടലിചത്രം സംഘങ്ങളും തലസ്ഥാനത്തുണ്ട്. ബാങ്ക് കൊള്ള ഹരമാക്കിയ കടലൂർ അയ്യനാർ സംഘത്തെയും തലസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്.

ഡെപ്യൂട്ടി മേയർ രാഖി രവികുമാറിന്റെ നന്തൻകോട്ടെ വീടിന്റെ മുകൾനിലയിലെ അടുക്കളയുടെ ജനാലയിലും സ്റ്റെയർകെയ്‌സിന്റെ വശത്തുമായാണ് കറുത്ത സ്റ്റിക്കറുകൾ കണ്ടത്. വീടിനടുത്തെ പേരമരത്തിൽ കയറിയാവണം സ്റ്റിക്കറൊട്ടിച്ചതെന്നാണ് സംശയം. എന്നാൽ മരത്തിൽ കയറിയിലും ഇത്രയും ഉയരത്തിൽ സ്റ്റിക്കർ പതിക്കാനാവില്ലെന്ന് പൊലീസ് പറയുന്നു. ആറുവർഷം മുമ്പാണ് വീട് വാങ്ങിയതെന്ന് രാഖി രവികുമാർ പറഞ്ഞു. പൊലീസെത്തി സ്റ്റിക്കറുകൾ മാറ്റി.

തമിഴ്‌നാട്ടിൽ ഇതേ മാതൃകയിൽ തുടർച്ചയായി കവർച്ചകൾ നടന്നതിനാൽ പൊലീസ് ജാഗ്രതയിലാണ്. സ്റ്റിക്കർ പതിക്കുന്നത് കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘമാണെന്നും മാവോയിസ്റ്റുകളാണെന്നുമുള്ള പ്രചാരണം വ്യാജമാണ് '

പത്തനംതിട്ടക്കാർക്ക് സംശയം സിസിടിവിക്കാരെ

പത്തനംതിട്ടയിലും അജ്ഞാതസംഘം വീടുകളിൽ കറുത്ത സ്റ്റിക്കർ പതിപ്പിച്ച് ഭീതി ഉയർത്തുകയാണ്. അടയാളപ്പെടുത്തിയ ശേഷം മോഷണം നടത്താനാണെന്ന പ്രചാരണം ചൂഷണം ചെയ്തുകൊണ്ടും മറ്റൊരു സംഘം. സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിച്ച വാർത്തകൾ കണ്ട് ജനം ഭീതിയിലായത് മുതലെടുക്കാനും ചിലർ ശ്രമിക്കുന്നു.

ജില്ലയിൽ പലയിടങ്ങളിലും വീടുകളിൽ കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള സ്റ്റിക്കർ പതിച്ചിരുന്നു. വലഞ്ചുഴി, കൊടുന്തറ, പെരിങ്ങമല, ഊന്നുകൽ എന്നിവടങ്ങളിൽ വീടുകളിൽ ഇത്തരം സംഭവമുണ്ടായി. പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിൽ നാല് വീടുകളിൽ പൊലീസ് പരിശോധന നടത്തി. സംസ്ഥാനത്താകെ 'ബ്ലാക്ക് സ്റ്റിക്കർ' ഭീതി പ്രചരിച്ചതോടെ പൊലീസ് പരാതിക്കാരുടെ വീടുകളിലെല്ലാം പരിശോധന നടത്തുന്നുണ്ട്.

'ബ്ലാക്ക് സ്റ്റിക്കർ' ഭീതിയെ ചൂഷണം ചെയ്തുകൊണ്ട് വീട്ടുടമയെ കബളിപ്പിക്കാൻ ചിലർ ചെയ്യുന്ന കള്ളക്കള്ളിയാണ് സംഭവമെന്നാണ് സംശയം. ഇതിനിടെ സിസിടിവി ക്യാമറ കമ്പനികളുടെ കച്ചവട തന്ത്രമാണ് ഇതിന് പിന്നിലെന്ന് വിശ്വസനീയ കേന്ദ്രങ്ങളിൽനിന്ന് അറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP