Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പനാമ കപ്പൽ ഇന്ത്യൻ അതിർത്തിയിലെത്തിയത് അനുമതിയില്ലാതെ? ബോട്ട് ഇടിച്ചുതകർത്ത ശേഷം നിർത്താതെ പോയ കപ്പലിലെ കപ്പിത്താനെതിരേ മനപ്പൂർവമല്ലാത്ത നരഹത്യക്കു കേസ്; കാണാതായ മൂന്നു തൊഴിലാളികളുടേയും മൃതദേഹങ്ങൾ കണ്ടെത്തി; 'അംബറിനെ' കുടുക്കിയത് റഡാർ സഹായത്താൽ

പനാമ കപ്പൽ ഇന്ത്യൻ അതിർത്തിയിലെത്തിയത് അനുമതിയില്ലാതെ? ബോട്ട് ഇടിച്ചുതകർത്ത ശേഷം നിർത്താതെ പോയ കപ്പലിലെ കപ്പിത്താനെതിരേ മനപ്പൂർവമല്ലാത്ത നരഹത്യക്കു കേസ്; കാണാതായ മൂന്നു തൊഴിലാളികളുടേയും മൃതദേഹങ്ങൾ കണ്ടെത്തി; 'അംബറിനെ' കുടുക്കിയത് റഡാർ സഹായത്താൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിനെ വിദേശ കപ്പൽ ഇടിച്ചുതകർത്ത സംഭവത്തിൽ വിദേശകപ്പൽ ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചതിൽ അവ്യക്ത തുടരുന്നു. കപ്പലിലെ ജീവനക്കാരെ പൊലീസും കോസ്റ്റ് ഗാർഡും വിശദമായി ചോദ്യം ചെയ്യും. അതിനിടെ സംഭവത്തിൽ കോസ്റ്റ്ഗാർഡിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി മേഴ്സികുട്ടിയമ്മ അറിയിച്ചു.

അപകടമുണ്ടാക്കിയ കപ്പൽ അതിവേഗം കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞത് കോസ്റ്റ്ഗാർഡിന്റെ ജാഗ്രതകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. കടൽക്കൊലക്കേസിലെ വീഴ്ചകൾ മനസ്സിലാക്കിയാണ് പൊലീസും കോസ്റ്റ് ഗാർഡും നീങ്ങുന്നത്. നാവിക സേനയുടെ റഡാറിന്റെ സഹായത്തോടെയാണ് വിദേശ കപ്പൽ പൊലീസ് കണ്ടെത്തിയത്.

ബോട്ടിൽ കപ്പലിടിച്ച് കാണാതായ തൊഴിലാളികളിൽ മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കുളച്ചിൽ സ്വദേശി തമ്പിദുരൈയുടെയും അസം സ്വദേശികളായ രണ്ടുപേരുടെ മൃതദേഹങ്ങളുമാണ് ലഭിച്ചത്. നാവികസേനയും തീരസംരക്ഷണസേനയും മൽസ്യത്തൊഴിലാളികളുമാണ് തിരിച്ചിൽ നടത്തിയത്.

അതിനിടെ ബോട്ട് ഇടിച്ചുതകർത്ത വിദേശ കപ്പലിന്റെ കപ്പിത്താനെതിരേ നരഹത്യക്കു കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി. മാരിടൈം നിയമപ്രകാരമുള്ള കുറ്റങ്ങളാണ് വിദേശ കപ്പലിനെതിര ചുമത്തുന്നത്. അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന മറ്റു 11 പേരെ മറ്റൊരു മത്സ്യബന്ധന ബോട്ടിൽ എത്തിയവരാണ് രക്ഷപ്പെടുത്തിയത്. അപകടം ഉണ്ടായിട്ടും കപ്പൽ നിർത്താതെ പോയി. അതുകൊണ്ട് കൂടിയാണ് നരഹത്യയ്ക്ക് കേസ് എടുക്കാൻ കൊച്ചി പൊലീസ് തീരുമാനിക്കുന്നത്.

പുലർച്ചെ അപകടമുണ്ടായപ്പോൾ മറ്റൊരു ബോട്ട് ഇവർക്ക് സമീപം ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് എത്തിയ ഈ ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ മൽസ്യബന്ധന ബോട്ട് പൂർണമായും തകർന്നു. രക്ഷപ്പെടുത്തിയ 11 പേരെ ഫോർട്ട് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

പനാമയിൽ രജിസ്റ്റർ ചെയ്ത ആംബർ എന്ന കപ്പലാണ് കൊച്ചിയിൽനിന്നു മത്സ്യബന്ധനത്തിനുപോയ കാർമൽ മാതാ എന്ന ബോട്ടിനെ ഇടിച്ചുതകർത്തത്. ഇടിച്ചശേഷം കപ്പൽ നിർത്താതെ പോയി. അപകടമുണ്ടാക്കിയ കപ്പൽ കോസ്റ്റ്ഗാർഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലക്ഷദ്വീപ്-മിനിക്കോയ് കപ്പൽ ചാലിനടുത്താണ് കസ്റ്റഡിയിലെടുത്ത ഈ കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. പുതുവൈപ്പിനിൽനിന്നു 12 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം.

തോപ്പുംപടിയിൽനിന്ന് രണ്ട് ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പുറപ്പെട്ട കാർമൽ മാത എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് നങ്കൂരമിട്ട് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് കപ്പൽ ഇടിച്ചത്. മത്സ്യബന്ധന ബോട്ട് പൂർണമായും തകർന്നു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബോട്ടിൽ ഇടിച്ച കപ്പൽ ലൈറ്റുകൾ ഓഫാക്കി അപകടസ്ഥലത്തുനിന്ന് കടന്നുവെന്ന് പരിക്കേറ്റ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തൊട്ടടുത്ത് ഉണ്ടായിരുന്ന സെന്റ് ആന്റണീസ് എന്ന മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. നേവിയും കോസ്റ്റുഗാർഡും രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തിയിരുന്നു.

2012 ഫെബ്രുവരി 15-ന് കേരളത്തിലെ കൊല്ലം ജില്ലയിലെ നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ രണ്ട് ഇന്ത്യാക്കാർ ഇന്ത്യൻ സമുദ്രത്തിൽ വെടിയേറ്റു മരിച്ച സംഭവത്തിന് സമാനമാണ് ഇതും. എന്റിക ലെക്സി എന്ന ഇറ്റാലിയൻ കപ്പലിൽ നിന്നുമാണ് വെടിയേറ്റ് മലയാളിയായ കൊല്ലം മൂദാക്കര ഡെറിക് വില്ലയിൽ വാലന്റൈൻ, തമിഴ്‌നാട്, കന്യാകുമാരിയിലെ ഇരയിമ്മാൻതുറ കോവിൽ വിളാകത്ത് അജീഷ് പിങ്കു എന്നിവർ കൊല്ലപ്പെട്ടത്.

കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് കൊലക്കേസ് സംബന്ധിച്ച കേസ് സമർപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കു മുമ്പാകെ ഇറ്റാലിയൻ നാവികരെയും തങ്ങളുടെ ആയുധങ്ങളും കൊണ്ടുവരില്ലെന്നായിരുന്നു ഇറ്റലിയുടെ ആദ്യത്തെ നിലപാട്. എന്നാൽ ഇറ്റലിക്ക് പിന്നീട് ആ നിലപാടു മാറ്റുകയും പ്രതികളുടെ വിചാരണ ഇന്ത്യൻ നിയമമനുസരിച്ച് ഇന്ത്യയിൽതന്നെ നടത്തണം എന്ന ആവശ്യത്തിനു വഴങ്ങുകയും ചെയ്തു. എന്നാൽ ഈ കേസിൽ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. ഈ പിഴവ് ഈ കേസിൽ ഉണ്ടാകാതിരിക്കാനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP