Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാണാതായതു മുതൽ ആയിരങ്ങളുടെ മനസ്സിൽ 'ലിറ്റിൽ പ്രിൻസസ്' ആയി മാറിയ ഷെറിൻ മാത്യൂസിന്റെ മൃതദേഹം ആർക്കെന്ന് വ്യക്തമാക്കാതെ കൈമാറി അധികൃതർ; കുഞ്ഞിന്റെ സംസ്‌കാരം എങ്ങനെ വേണമെന്നതിൽ കടുത്ത ആശയക്കുഴപ്പം; ഇന്ത്യയിലോ ടെക്‌സാസിലോ അന്ത്യകർമ്മങ്ങൾ എന്ന്‌ ചർച്ചചെയ്ത് സോഷ്യൽ മീഡിയയും യുഎസ് മലയാളി സമൂഹവും

കാണാതായതു മുതൽ ആയിരങ്ങളുടെ മനസ്സിൽ 'ലിറ്റിൽ പ്രിൻസസ്' ആയി മാറിയ ഷെറിൻ മാത്യൂസിന്റെ മൃതദേഹം ആർക്കെന്ന് വ്യക്തമാക്കാതെ കൈമാറി അധികൃതർ; കുഞ്ഞിന്റെ സംസ്‌കാരം എങ്ങനെ വേണമെന്നതിൽ കടുത്ത ആശയക്കുഴപ്പം; ഇന്ത്യയിലോ ടെക്‌സാസിലോ അന്ത്യകർമ്മങ്ങൾ എന്ന്‌ ചർച്ചചെയ്ത് സോഷ്യൽ മീഡിയയും യുഎസ് മലയാളി സമൂഹവും

മറുനാടൻ ഡെസ്‌ക്‌

ഡാലസ്: അമേരിക്കയിലെ ഡാലസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂന്നുവയസുകാരി ഷെറിൻ മാത്യൂസിന്റെ മൃതദേഹം ബന്ധപ്പെട്ടവർക്ക് കൈമാറിയെന്ന് അധികൃതർ വ്യക്തമാക്കിയതിന് പിന്നാലെ കുഞ്ഞിനെ അടക്കം ചെയ്യുന്നതിന്റെ കാര്യത്തെച്ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളുമായി ആയിരങ്ങൾ. മൃതദേഹം കൈമാറിയെന്ന് വ്യക്തമാക്കിയെങ്കിലും ആർക്കാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് വെളിപ്പെടുത്താൻ ഡാലസ് കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ ഓഫിസ് തയാറായില്ല. ടെക്‌സാസിൽ തന്നെ മാത്യൂസിന്റെ ബന്ധുക്കളുമുണ്ട്. എന്നാൽ ഇവർക്കാണോ കുഞ്ഞിനെ കൈമാറിയത് അതോ ഇന്ത്യൻ അധികൃതർക്കാണോ എന്ന കാര്യത്തിൽ അധികൃതർ വ്യക്തത വരുത്തിയില്ല.

ഒക്ടോബർ ഏഴിനു കാണാതായ ഷെറിന്റെ ജഡം 22 ന് ആണു കണ്ടെടുത്തത്. അഴുകിയ മൃതദേഹങ്ങൾ മണത്തു കണ്ടുപിടിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നായയാണു കലുങ്കിനടിയിൽ ജഡം കണ്ടെത്തിയത്. അയൽപക്കത്തെ എല്ലാവീടുകളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. മൃതദേഹം മണത്തു കണ്ടുപിടിക്കുന്ന നായ്ക്കൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തി. അറസ്റ്റിലായ പിതാവ് വെസ്ലി മാത്യൂസ് (37) ഇപ്പോൾ ഡാലസ് കൗണ്ടി ജയിലിലാണ്. ഇയാൾ ആത്മഹത്യ ചെയ്യാതിരിക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

കാണാതായതിന് പിന്നാലെ തന്നെ ആ കുഞ്ഞിനെ ജീവനോടെ തിരിച്ചുകിട്ടേണമെന്ന പ്രാർത്ഥനയുമായി കഴിയുകയായിരുന്നു യുഎസിലെ മലയാളി സമൂഹം ഉൾപ്പെടെ ആയിരങ്ങൾ. ഈ വാർത്ത ലോകംമുഴുവൻ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കുഞ്ഞിന് എന്തുപറ്റിയെന്ന ആകാംക്ഷയിലായി എല്ലാവരും. എന്നാൽ കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയെന്ന വിവരം സ്ഥിരീകരിച്ചതോടെ കുഞ്ഞിന്റെ അന്ത്യകർമ്മങ്ങൾ എങ്ങനെയാവുമെന്ന ചർച്ചയാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.

കുഞ്ഞിനെ അടക്കം ചെയ്യാൻ ഇന്ത്യയിൽ കൊണ്ടുപോകുമെന്നും ഹൈന്ദവ രീതിയിലാവും കുഞ്ഞിന്റെ സംസ്‌കാരച്ചടങ്ങമെന്നും ഉള്ള പ്രചരണങ്ങളും സജീവമാണ്. എന്നാൽ ഷെറിന് ഇന്ത്യയിൽ ബന്ധുക്കൾ ആരുമില്ലെന്നും കാണാതായതിന് ശേഷം കഴിഞ്ഞ 18 ദിവസമായി ആ കുഞ്ഞ് ലോകത്തെ നിരവധി പേരുടെ മകളോ സഹോദരിയോ പോലെ ആയെന്നും പറഞ്ഞാണ് ഷെറിനുവേണ്ടി പ്രാർത്ഥനയുമായി കഴിഞ്ഞ നിരവധി പേർ എത്തുന്നത്. കുടുംബാംഗങ്ങളും ബന്ധുക്കളുമായ നിരവധി പേർ ടെക്‌സാസിൽ ഉള്ളതിനാൽ അവിടെത്തന്നെ കുഞ്ഞിനെ അടക്കം ചെയ്യണമെന്ന വാദമാണ് അവിടെയുള്ള മലയാളി സമൂഹം ഉൾപ്പെടെ ഉയർത്തുന്നത്.

ഇന്ത്യയിൽ നിന്ന് ദത്തെടുക്കപ്പെട്ട കുഞ്ഞാണ് ഷെറിൻ. ബിഹാറിലെ നളന്ദയിലെ മദർ തെരേസ അനാഥ് സേവ ആശ്രമത്തിൽനിന്നു രണ്ടുവർഷം മുൻപാണ് സരസ്വതി എന്നു പേരുള്ള ബാലികയെ എറണാകുളം സ്വദേശികളായ വെസ്ലി മാത്യൂസും ഭാര്യ സിനിയും ദത്തെടുത്തത്. കുട്ടിയെ യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിൻ മാത്യൂസ് എന്നു മാറ്റുകയുമായിരുന്നു.

ഈ വിവരങ്ങളെല്ലാം ഷെറിനെ കാണാതായതു മുതൽതന്നെ ചർച്ചയാവുകയും ചെയ്തിരുന്നു. ഷെറിന്റെ മൃതദേഹം കണ്ടെടുത്ത വിവരം പുറത്തുവന്നതിന് പിന്നാലെയാണ് കുഞ്ഞിന്റെ അന്ത്യകർമ്മം എങ്ങനെവേണം, എവിടെയാവണം എന്നെല്ലാം ചർച്ചകൾ ഇപ്പോൾ തുടങ്ങിയിട്ടുള്ളത്. ഷെറിനെ കാണാതായപ്പോൾ മുതൽ തന്നെ പ്രിൻസസ് ഷെറിൻ എന്നും ലോകത്തിന്റെ പുത്രി എന്നും നമ്മുടെ കുഞ്ഞ് എന്നുമെല്ലാം പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ കുഞ്ഞിനുവേണ്ടി പ്രാർത്ഥനകൾ സജീവമായിരുന്നു.

ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കുഞ്ഞിനെ അടക്കം ചെയ്യുന്ന കാര്യത്തിലും അഭിപ്രായപ്രകടനങ്ങൾ തുടരുന്നത്. കുഞ്ഞിനെ ആർക്ക് കൈമാറിയെന്ന് അധികൃതർ വ്യക്തമാക്കാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൂടുതൽ രൂക്ഷമായ തർക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. മതസൗഹാർദ്ദപരമായ ഒരു സംസ്‌കാരമാണ് കുഞ്ഞിന് വേണ്ടതെന്ന അഭിപ്രായമാണ് ഉയരുന്നത്. മതാതീതമായ അന്ത്യകർമ്മങ്ങൾ നടത്തണമെന്ന ആവശ്യവും ഉയരുന്നു. കുഞ്ഞ് താമസിച്ചിരുന്ന റിച്ചാഡ്‌സണിലെ റസിഡന്റ് ആയ ഉമൈർ സിദ്ദിഖി എന്ന 23കാരൻ തുടങ്ങിയ ഓൺലൈൻ പെറ്റിഷനും വലിയ ചർച്ചയായി.

മാത്യൂസിന്റെ കുടുംബവുമായി ബന്ധമൊന്നും ഇല്ലാത്ത സിദ്ദിഖി കുഞ്ഞിനെ എല്ലാ മതക്കാർക്കും സ്വീകാര്യമായ രീതിയിൽ അന്ത്യകർമ്മങ്ങൾ നടത്തി അടക്കംചെയ്യണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. അയ്യായിരത്തിലേറെപ്പേർ ഇതിന് അനുകൂല നിലപാടുമായി രംഗത്തെത്തി പെറ്റിഷനിൽ ഒപ്പുവച്ചു. അത്തരത്തിൽ മൃതദേഹം കൈമാറ്റം ചെയ്യണമെന്ന വാദവും ശക്തമായി. ഇതിന് പുറമെ ഇന്ത്യയിൽ അടക്കണോ അതോ ടെക്‌സാസിൽ തന്നെ അടക്കം ചെയ്യണോ എന്ന ചർച്ചയും മറ്റൊരു വശത്ത് തുടങ്ങി.

അമേരിക്കയുടെ മകളാണെന്നും അതിനാൽ ടെക്‌സാസിൽ തന്നെ അടക്കം ചെയ്യണമെന്നുമുള്ള വാദമാണ് സജീവം. ഇത്തരം ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇന്ന് അധികൃതർ മൃതദേഹം കൈമാറിയെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ആർക്ക് കൈമാറിയെന്ന് പറയാതിരുന്നതോടെ ഇതും ചർച്ചാ വിഷയമായിട്ടുണ്ട്. മൃതദേഹം ഇന്ത്യയിലേക്ക കൊണ്ടുപോകുമെന്ന ഊഹാപോഹങ്ങളും സജീവമായിട്ടുണ്ട്. ഷെറിനെ ദത്തെടുത്ത വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട് കേന്ദ്രസർക്കാർ എന്ന വാർത്തകളും ഇതിന് ആക്കംകൂട്ടി.

സരസ്വതിയെ ദത്തെടുത്തത് നിയമപ്രകാരമോ എന്ന് അന്വേഷിച്ച് ഇന്ത്യ

ഷെറിന്റെ മരണത്തെയും ദത്തെടുക്കലിനേയും കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി സുഷമാസ്വരാജ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഷെറിനെ ദത്തെടുത്ത നടപടി സംബന്ധിച്ച അന്വേഷണം നടത്താൻ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയോടു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ശിശുക്ഷേമ മന്ത്രാലയത്തിന്റെ അംഗീകാരം ഉറപ്പാക്കിയിട്ടു മാത്രമേ ദത്തെടുക്കുന്ന കുട്ടികൾക്കു പാസ്പോർട്ട് നൽകാവൂ എന്നും സുഷമ നിർദ്ദേശിച്ചു.

ഇന്ത്യയിൽ ദത്തെടുക്കൽ നടപടികൾ നിയന്ത്രിക്കുന്ന നോഡൽ ഏജൻസിയായ ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റി ഷെറിന്റെ മരണം സംബന്ധിച്ചു വിശദാംശങ്ങൾ തേടി യുഎസ് ഏജൻസിയുമായി ബന്ധപ്പെട്ടിരുന്നു. ഷെറിനെ 2016 ജൂലൈയിൽ ദത്തെടുത്തതിനുശേഷം യുഎസ് ഏജൻസി നൽകിയ നാലു റിപ്പോർട്ടുകളിലും പുതിയ സാഹചര്യങ്ങളുമായി ഷെറിൻ പൊരുത്തപ്പെട്ടുവരുന്നുണ്ടെന്നും സുരക്ഷിതയാണെന്നും ആണ് അറിയിച്ചിരുന്നത്.

ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ടതായി തെളിഞ്ഞതുമുതൽ ബിഹാറിലെ ശിശുസംരക്ഷണ കേന്ദ്രങ്ങൾ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. കുട്ടിയെ ദത്തെടുത്തതു നടപടിക്രമങ്ങൾ പാലിച്ചാണോ എന്നതു സംബന്ധിച്ച് നാളന്ദ ജില്ലാ മജിസ്‌ട്രേട്ട് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തിൽ അന്വേഷണവും നടന്നുവരികയാണ്. അതേസമയം, കുട്ടിയെ ദത്തുനൽകിയ നാളന്ദയിലെ സ്ഥാപനം ഒന്നരമാസം മുൻപു പൂട്ടിച്ചതായി ജില്ലാ മജിസ്‌ട്രേട്ട് അറിയിച്ചിരുന്നു.

അതേസമയം, ഷെറിൻ മാത്യൂസിന്റെ മരണത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടിനായി ഇന്ത്യയിലെ ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റി യുഎസ് സെൻട്രൽ അഥോറിറ്റി ഫോർ ഹേഗ് അഡോപ്ഷന് കത്തെഴുതിയതായാണ് വിവരം. ഷെറിന്റെ യുഎസിലെ ജീവിതത്തെക്കുറിച്ച് നാലു റിപ്പോർട്ടുകൾ ഇന്ത്യയ്ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇവയെല്ലാം ഷെറിന്റെ മരണം സ്ഥിരീകരിക്കുന്നതിനു മുമ്പുള്ളതാണ്.

അന്വേഷണം തുടരുന്നു; കൂടുതൽ അറസ്റ്റിനും സാധ്യത

ടെക്സാസിൽ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ മരണത്തിൽ കൂടുതൽ പേരെ അറസ്റ്റു ചെയ്യാൻ സാധ്യതയെന്ന റിപ്പോർട്ടുകളും ഇതോടൊപ്പം പുറത്തുവന്നു. ഷെറിൻ മരിച്ചതെങ്ങനെ എന്ന കാര്യത്തിൽ പൊലീസിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലയുള്ള കലുങ്കിനടിയിൽ നേരത്തെ പൊലീസ് പരിശോധന നടത്തിയപ്പോൾ മൃതദേഹം ലഭിച്ചിരുന്നില്ല. ഇവിടെ എത്രനാളായി ജഡം കിടക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷിച്ചുവരുന്നു. നേരത്തെ പരിശോധന നടത്തിയപ്പോൾ ഒരു സൂചനയും കിട്ടാതെ മടങ്ങേണ്ടിവന്ന സ്ഥലത്തുനിന്നാണു പിന്നീടു ജഡം കണ്ടെത്താൻ പൊലീസിനു കഴിഞ്ഞത്. ഇതിന് പിന്നാലെയാണ് മൃതദേഹം ഇപ്പോൾ കൈമാറിയിട്ടുള്ളത്.

അതേസമയം, ഷെറിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മൊഴി മാറ്റിയ വെസ്ലി, കുഞ്ഞിനെ ദേഹോപദ്രവം ഏൽപിച്ചതായി പൊലീസിനോടു സമ്മതിച്ചിരുന്നു. നിർബന്ധിച്ചു പാലു നൽകിയപ്പോൾ ശ്വാസതടസ്സമുണ്ടായ ഷെറിൻ മരിച്ചെന്നു കരുതി സ്ഥലത്തുനിന്നു മാറ്റിയെന്നും പിന്നീട് കലുങ്കിനടിയിൽ ഒളിപ്പിച്ചെന്നുമായിരുന്നു മൊഴി. എന്നാൽ കുഞ്ഞിനു ശ്വാസതടസ്സമുണ്ടായപ്പോൾ നഴ്‌സായ സിനിയുടെ സഹായം തേടാത്തത് സംശയമുയർത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്.

മൊഴികളിലെ വൈരുധ്യവും കുഞ്ഞിനെ ഉപദ്രവിച്ചു എന്ന കുറ്റസമ്മതവും മൂലം വെസ്‌ലിയെ വീണ്ടും അറസ്റ്റു ചെയ്തു റിച്ചർഡ്‌സൺ സിറ്റി ജയിലിലടച്ചിരിക്കുകയാണ്. സിനിയെ ചോദ്യംചെയ്യാൻ പൊലീസ് അനുമതി തേടിയെങ്കിലും അവർ സഹകരിക്കുന്നില്ല. അതേസമയം, വെസ്ലിയുടെയും സിനിയുടെയും നാലു വയസ്സുള്ള സ്വന്തം മകൾ യുഎസ് നിയമപ്രകാരം ഇപ്പോൾ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. ഷെറിനെ കാണാതായതിന് പിന്നാലെ വീട്ടുകാർ കുഞ്ഞിനെ ഉപദ്രവിച്ചതാണോ എന്ന് കണ്ടെത്താത്ത സാഹചര്യത്തിൽ ഈ കുഞ്ഞിനേയും അമേരിക്കൻ നിയമപ്രകാരം അധികൃതർ ഏറ്റെടുത്ത് ശിശുസംരക്ഷണ വിഭാഗത്തിന് കൈമാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP