Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളത്തിന് വേണ്ടി ബ്രിട്ടീഷ് സർക്കാർ കാഫോഡ് വഴി നൽകിയത് രണ്ടരക്കോടി രൂപ; ആവശ്യമെങ്കിൽ കേരളത്തെ സഹായിക്കാൻ കൂടുതൽ തുക നൽകാൻ തയ്യാറായി തെരേസ മേയുടെ ഓഫിസും ഇന്റർനാഷണൽ ഡെവലപ്മെന്റ് വകുപ്പും; ക്രിസ്ത്യൻ സംഘടനയായ കാഫോഡ് വഴി കാരിത്താസിന് ലഭിച്ച കോടികൾ ചിലവഴിക്കുന്നത് ഏതു വഴിയെന്ന് സർക്കാരിനും അറിയില്ല: ബ്രിട്ടീഷ് സർക്കാരിൽ നിന്നും ലഭിച്ച കോടികൾ സ്വന്തം നിലയ്ക്ക് ചെലവിട്ട് കഫോഡ്

കേരളത്തിന് വേണ്ടി ബ്രിട്ടീഷ് സർക്കാർ കാഫോഡ് വഴി നൽകിയത് രണ്ടരക്കോടി രൂപ; ആവശ്യമെങ്കിൽ കേരളത്തെ സഹായിക്കാൻ കൂടുതൽ തുക നൽകാൻ തയ്യാറായി തെരേസ മേയുടെ ഓഫിസും ഇന്റർനാഷണൽ ഡെവലപ്മെന്റ് വകുപ്പും; ക്രിസ്ത്യൻ സംഘടനയായ കാഫോഡ് വഴി കാരിത്താസിന് ലഭിച്ച കോടികൾ ചിലവഴിക്കുന്നത് ഏതു വഴിയെന്ന് സർക്കാരിനും അറിയില്ല: ബ്രിട്ടീഷ് സർക്കാരിൽ നിന്നും ലഭിച്ച കോടികൾ സ്വന്തം നിലയ്ക്ക് ചെലവിട്ട് കഫോഡ്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: വെള്ളപ്പൊക്ക നാശത്തിൽ നിന്നും കേരളത്തെ കൈപിടിച്ചുയർത്താൻ കൂടുതൽ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗൾഫ് നാടുകളിൽ എത്തുകയാണ്. കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശം മൂലം വിദേശ സഹായം അഭ്യർത്ഥിക്കാൻ പോലും നിർവ്വാഹമില്ലാതെയാണ് മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനം. ആകെ ആശ്വാസമാകുക ഗൾഫ് മലയാളികൾ നൽകുന്ന സഹായങ്ങൾ മാത്രമാകും. എന്നാൽ ബ്രിട്ടൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ പലവഴി കേരളത്തിനായി ഇതിനകം സഹായം നൽകിയിട്ടുണ്ടെന്നും ഇതൊന്നും സർക്കാർ അറിയാതെ ഏതാനും ഏജൻസികൾ സ്വന്തമാക്കിയെന്നുമുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.

അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനകളാണ് ഇത്തരം ഫണ്ടുകൾ കൈപ്പറ്റിയിരിക്കുന്നത്. നിയമപരമായി ഇത്തരം ഫണ്ട് ശേഖരണത്തിന് കേന്ദ്ര സർക്കാർ അനുകൂലമാണ് താനും. എന്നാൽ ആരൊക്കെ എവിടെ നിന്നൊക്കെ ഫണ്ടുകൾ ശേഖരിച്ചു എന്നറിയാൻ പോലും കേരള സർക്കാരിന് സാധിക്കാത്ത സാഹചര്യത്തിൽ ഇത്തരം ഫണ്ടുകൾ കൈപ്പറ്റിയവരോട് സർക്കാരിനോട് ഒപ്പം ചേർന്ന് നിന്നു പ്രവർത്തിക്കണം എന്ന് പോലും അഭ്യർത്ഥിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. വിദേശത്തു പറക്കാൻ മന്ത്രിമാർ കാണിക്കുന്ന ഉത്സാഹത്തിന്റെ നൂറിലൊന്നു ഇത്തരം കാര്യങ്ങൾ അന്വേഷിക്കാൻ സർക്കാർ താൽപ്പര്യം കാട്ടുന്നില്ല എന്നതും വ്യക്തമാണ്.

പ്രളയം അതിന്റെ രൂക്ഷത കാട്ടി പിൻവാങ്ങിയപ്പോൾ കേരളത്തിന് ഒറ്റയ്ക്ക് ഈ ദുരന്തം താങ്ങാൻ കഴിയില്ലെന്ന് ബോധ്യമായ സ്‌കോട്ടിഷ് മലയാളിയായ വനിതയാണ് സഹായ അഭ്യർത്ഥനയുമായി ബ്രിട്ടന്റെ മുന്നിൽ എത്തിയത്. ആ സമയത്തു കേന്ദ്ര സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച വിവാദങ്ങൾ രൂക്ഷമായിരുന്നില്ല. കത്ത് സ്വീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് സാധാരണ നടപടി ക്രമം അനുസരിച്ചു ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്റർനാഷണൽ ഡെവലപ്മെന്റിനു കൈമാറി.

തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് 24നാണു ഇന്റർനാഷണൽ ഡെവലപ്മെന്റ് വകുപ്പിൽ നിന്നും കമ്മ്യൂണിക്കേഷൻ ചുമതലയുള്ള ജെസീക്ക ഷാക് ഇതിനകം തന്നെ രണ്ടര ലക്ഷം പൗണ്ട് കാഫോഡ് എന്ന സംഘടനക്ക് കൈമാറിയതായി അറിയിക്കുന്നത്. ലോകമെമ്പാടും ക്രിസ്ത്യൻ വിശ്വാസികളെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തരാഷ്ട്ര ഏജൻസിയാണ് കാഫോഡ്. കേരളത്തിൽ കാരിത്താസ് എന്ന സംഘടനയാണ് ഇവരുടെ പങ്കാളി.

ഈ വിവരം പ്രധാനമന്ത്രിക്ക് കത്തെഴുതിയ വനിതയിൽ നിന്നും അന്ന് തന്നെ മറുനാടൻ മലയാളിക്ക് ലഭ്യമായിരുന്നെങ്കിലും കത്ത് സംബന്ധിച്ച വിശദീകരണം ലഭിക്കുന്നതിന് കഫോഡിന്റെ മറുപടിക്കായി കാത്തിരിക്കുക ആയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം സ്ഥിരീകരിച്ചു കഫോഡിൽ നിന്നും മറുപടി ലഭിക്കുന്നത്. ഈ തുക കഫോഡ് സ്വന്തം നിലയ്ക്ക് ചെലവിടാൻ ആണ് ഉദ്ദേശിക്കുന്നത് എന്നാണ് കത്തിന്റെ ചുരുക്കം.

എന്നാൽ കൂടുതൽ സഹായം നൽകാൻ തയ്യാറാണെന്ന് ഇന്റർനാഷണൽ ഡെവലപ്മെന്റ് വകുപ്പ് വ്യക്തമാക്കിയിട്ടുള്ളതിനാൽ കാഫോഡ് വീണ്ടും കൂടുതൽ തുകയ്ക്കായി സമീപിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല. കേരളത്തെ സഹായിക്കാൻ ഉള്ള ശ്രമത്തിൽ പങ്കു ചേരണമെന്ന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും ലണ്ടനിലെ പ്രമുഖ മലയാളി സംഘടനയും ആവശ്യപ്പെട്ടപ്പോൾ കഫോഡിന് തുക കൈമാറിയ വിവരമാണ് ബ്രിട്ടീഷ് സർക്കാർ ആവർത്തിക്കുന്നത്.

എന്നാൽ ബ്രിട്ടീഷ് സർക്കാരിൽ നിന്നും തുക കൈപ്പറ്റിയ സമയം തന്നെ കഫോഡ് സ്വന്തം നിലയിൽ ഓൺലൈൻ ആയി പ്രളയ ദുരിതാശ്വാസം സംബന്ധിച്ച് സഹായം സ്വീകരിക്കുന്നുണ്ടായിരുന്നു. പക്ഷെ ആ സഹായ അഭ്യർത്ഥന സംബന്ധിച്ച വിവരങ്ങളിൽ ഒരിടത്തും ബ്രിട്ടീഷ് സർക്കാരിൽ നിന്നും സഹായം കൈപ്പറ്റിയ കാര്യം സൂചിപ്പിച്ചിരുന്നുമില്ല. മാത്രമല്ല, കഫോഡ് ഇതുവരെ എത്ര തുക പിരിച്ചു എന്നോ ബ്രിട്ടീഷ് സർക്കാരിൽ നിന്നും ലഭിച്ച സഹായം കാരിത്താസ് വഴി കേരളത്തിൽ എവിടെയൊക്കെ ചിലവഴിച്ചു എന്നോ വ്യക്തമാക്കുന്നില്ല.

ഇക്കാര്യത്തിൽ വ്യക്തത തേടിയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനുമായി സഹകരിക്കാൻ ഉള്ള സാധ്യത തേടിയപ്പോഴും കാഫോഡ് സ്വന്തമായി ജീവകാരുണ്യം ചെയ്യുകയാണ് എന്നല്ലാതെ എത്ര തുക കേരളത്തിനായി കൈമാറിയെന്ന് വ്യക്തമാക്കുന്നുമില്ല. ആഫ്രിക്കയിലും മറ്റും നിരന്തരം സഹായ അഭ്യർത്ഥനകളുമായി കോടികളുടെ വിദേശ നാണ്യം കൈകാര്യം ചെയ്യുന്ന പ്രസ്ഥാനം കൂടിയാണ് കാഫോഡ്.

എന്നാൽ ഇത്തരത്തിൽ അനവധി ചാരിറ്റി സംഘടനകൾ യുകെയിൽ നിന്നും തന്നെ കേരളത്തിനായി ധനസമാഹരണം നടത്തുന്നുണ്ട്. മിൽട്ടൺ കെയ്ൻസ് കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റൊരു സംഘടനയിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ മുഴുവൻ പേരും ബ്രിട്ടീഷ് വംശജരാണ്. ഇവരും കേരളത്തിൽ എവിടെയാണ് പണം എത്തിക്കുന്നതെന്നു വെളിപ്പെടുത്തുന്നില്ല.

കൂടാതെ പ്രമുഖ അന്താരാഷ്ട്ര ഏജൻസികളായ ഓക്സഫാം, സേവ് ദി ചിൽഡ്രൻ, ക്രിസ്ത്യൻ എയ്ഡ്, സെന്റ് വിൻസന്റ് ഡി പോൾ, സേവാ യുകെ, റോട്ടറി യുകെ തുടങ്ങി ഒട്ടേറെ സംഘടനകളാണ് പണപ്പിരിവ് നടത്തിയിരിക്കുന്നത്. ഒരാഴ്ചയോളം ബിബിസി അടക്കമുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ കേരളത്തിലെ വെള്ളപ്പൊക്കത്തിന് വലിയ വാർത്ത പ്രാധാന്യം നൽകിയിരുന്നതിനാൽ ഈ സംഘടനകൾ വഴി കോടികളുടെ ധനസഹായം സ്വരൂപിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാണ്. എന്നാൽ ഇവരെയെല്ലാം ബന്ധപ്പെട്ടു സർക്കാരുമായി സഹകരിപ്പിക്കാൻ കേരളം കാര്യമായ ശ്രമമൊന്നും നടത്തിയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്.

വിദേശത്തേക്ക് പറക്കാൻ വെമ്പൽ കൊണ്ട മന്ത്രിമാർക്ക് കേരളത്തിൽ ഇരുന്നു തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നിട്ടും അത് ചെയ്യാതെ പോയതിനു കാര്യമായ വിശദീകരണവും ഉണ്ടാകാനിടയില്ല. ബ്രിട്ടനിലേതു പോലെ സർക്കാർ നേരിട്ട് നൽകിയ ധനസഹായം ജീവകാരുണ്യ ഏജൻസികളെ ഇടനിലക്കാരാക്കി കേരളത്തിന് സ്വീകരിക്കാൻ കഴിയുമായിരുന്നിട്ടും അത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കാൻ പോലും കേരളം തയ്യാറായിട്ടില്ല എന്നാണ് കഫോഡ് ഔദ്യോഗികമായി ബ്രിട്ടീഷ് മലയാളിക്ക് നൽകിയ കത്തിൽ നിന്നും അനുമാനിക്കാൻ കഴിയുന്നത്.

കാര്യങ്ങൾ നിരീക്ഷിച്ച ശേഷം ആവശ്യമാണെങ്കിൽ ഇനിയും പണം നൽകാൻ തയ്യാറാണെന്നും ഇന്റർനാഷണൽ ഡവലൊപ്മെന്റ് വ്യക്തമാക്കുമ്പോൾ പോലും അത്തരം ശ്രമം ഒന്നും നടത്താതെ വിദേശ യാത്രയുടെ പേരിലും വിവാദത്തിന്റെ വെള്ളപ്പൊക്കം സൃഷ്ടിക്കാൻ ഉള്ള വ്യഗ്രതയാണ് മുന്നിൽ നിൽക്കുന്നത്. ഇത്തരം സഹായങ്ങൾ തേടി കത്തെഴുതിയാൽ പോലും പണം കേരളത്തിൽ എത്തും എന്നിരിക്കെ അതിനൊന്നും മിനക്കെടാൻ ആരും തയാറാകുന്നില്ല എന്നുകൂടിയാണ് ഇപ്പോൾ വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP