Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ മദ്യപ്പുഴ ഒഴുക്കാൻതന്ത്രങ്ങൾ ഒരുക്കി ബ്രിട്ടീഷ് കമ്പനി ഡിയാജിയോ; വിജയ് മല്ല്യയിൽ നിന്നും വിതരണം ഏറ്റെടുത്ത കമ്പനി കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ കയ്യിലെടുക്കുന്നത് മദ്യവും പണവും ഒഴുക്കി തന്നെ; മദ്യനയത്തിന്റെ പേരിൽ തെരുവിൽ തമ്മിലടിക്കുന്ന പ്രമുഖർക്കായി വിരുന്നു ഒരുക്കിയത് ദുബായിൽ; പാർട്ടി വൈര്യം മറന്നു നേതാക്കൾ പണത്തിനു വേണ്ടി ഒന്നിക്കുമ്പോൾ സംസ്ഥാനത്തിന് ധനനഷ്ടം സംഭവിക്കുന്ന വിചിത്ര കാഴ്ച

കേരളത്തിൽ മദ്യപ്പുഴ ഒഴുക്കാൻതന്ത്രങ്ങൾ ഒരുക്കി ബ്രിട്ടീഷ് കമ്പനി ഡിയാജിയോ; വിജയ് മല്ല്യയിൽ നിന്നും വിതരണം ഏറ്റെടുത്ത കമ്പനി കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ കയ്യിലെടുക്കുന്നത് മദ്യവും പണവും ഒഴുക്കി തന്നെ; മദ്യനയത്തിന്റെ പേരിൽ തെരുവിൽ തമ്മിലടിക്കുന്ന പ്രമുഖർക്കായി വിരുന്നു ഒരുക്കിയത് ദുബായിൽ; പാർട്ടി വൈര്യം മറന്നു നേതാക്കൾ പണത്തിനു വേണ്ടി ഒന്നിക്കുമ്പോൾ സംസ്ഥാനത്തിന് ധനനഷ്ടം സംഭവിക്കുന്ന വിചിത്ര കാഴ്ച

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: സോഷ്യൽ മീഡിയ തുറന്നാൽ മലയാളിക്ക് നൂറു നാവാണ്, മദ്യ രാജാവ് വിജയ് മല്ല്യയെ പുലഭ്യം പറയാൻ. സ്വന്തം രാജ്യത്തെ ബാങ്കുകളെ വെട്ടിച്ചു 9000 കോടി രൂപ മുക്കിയ കാട്ടുകള്ളനോടുള്ള സ്വാഭാവികമായ പ്രതികരണം എന്ന നിലയിൽ അതിൽ തെറ്റുമില്ല. എന്നാൽ ഇതേ വിജയ് മല്ല്യയെ പരവതാനി വിരിച്ചു സ്വീകരിക്കുന്നവരാണ് കേരളത്തിലെ ഇടതു, വലതു രാഷ്ട്രീയ നേതാക്കൾ എന്നത് ഭൂരിഭാഗം മലയാളികളും അറിയാതെ പോകുകയാണ്. സ്വന്തം അണികളെ തെറി വിളിക്കാൻ കയറൂരി വിട്ട് ഇതേ നേതാക്കൾ മദ്യ രാജാവിന്റെ വിരുന്നു സൽക്കാരം ആവോളം ആസ്വദിച്ച കഥകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ദുബായ് ബന്ധങ്ങളും തെറ്റായ രീതിയിൽ ഉള്ള ധനസമ്പാദന കഥകളും ചർച്ച ആയതോടെയാണ് ദുബായ് കേന്ദ്രമാക്കി കേരളത്തിലെ നേതാക്കൾ നടത്തുന്ന ബിസിനസ് ലോബ്ബിയിങ്ങിന്റെ വിശദാംശങ്ങൾ പുറത്തു വരുന്നത്. ഇത്തരം കച്ചവടങ്ങൾക്കു ഭരണ, പ്രതിപക്ഷ വത്യാസം ഇല്ലെന്നതും രസകരമായ കൗതുകമായി മാറുകയാണ്.

ഇത്തരം അവിശുദ്ധ ബന്ധങ്ങളിൽ ഏറ്റവും ഒടുവിലായി പുറത്തു വരുന്നത് കോടികൾ കൈമാറിയുന്ന മദ്യ വിൽപ്പനയുടെ കച്ചവട രഹസ്യങ്ങളിലേക്കാണ്. കേരളത്തിന് സ്വന്തമായി മദ്യ നിർമ്മാണ ശാലകൾ ഉള്ളപ്പോൾ തന്നെ വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ സ്വന്തം സ്ഥാപനം യു ബി ഗ്രൂപ്പിന്റെ ശൃംഖലക്കു കേരളത്തിലെ മദ്യ വിപണിയിൽ മേധാവിത്തം ലഭിക്കുന്നതിനുള്ള അവിശുദ്ധ ചർച്ചകൾ നടന്നത് ദുബായ് കേന്ദ്രീകരിച്ചാണ് എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. കേരളത്തിൽ ബിവറേജ് കോർപ്പറേഷന്റെയും കൺസ്യുമർ ഫെഡിന്റെയും വിൽപന കേന്ദ്രങ്ങളിൽ യുബി ഗ്രൂപ് മദ്യ ബ്രാൻഡുകൾ മാത്രമായി നിറയാൻ കാരണമെന്ത് എന്ന അന്വേഷണമാണ് ദുബായ് ചർച്ചകളിലേക്ക് വിരൽ ചൂണ്ടുന്നത്. വിജയ് മല്ല്യ ലണ്ടനിലേക്ക് ഒളിച്ചോടിയ ശേഷം യുബി ഗ്രൂപ്പിന്റെ വിതരണാവകാശം ബ്രിട്ടനിലെ ഡിയാജിയോ എന്ന കമ്പനിയാണ് സ്വന്തമാക്കിയത്.

കേരളത്തിന്റെ മദ്യാസക്തി തിരിച്ചറിഞ്ഞ ഡിയാജിയോ വിൽപന രംഗം കീഴടക്കാൻ കേരള നേതാക്കളെ കയ്യിലെടുത്തതു ദുബായിൽ എത്തിച്ചാണ്. കേരളത്തിൽ ഇത്തരം ചർച്ചകൾ നടക്കുന്നതും നേതാക്കൾക്കും പാർട്ടികൾക്കുമുള്ള വിഹിതം കൈമാറ്റം ചെയ്യപ്പെടുന്നതും ചോരാൻ ഇടയുള്ളതു കൊണ്ടാണ് ബ്രിട്ടീഷ് കമ്പനി ചർച്ചകൾക്ക് ദുബായ് ഇടത്താവളം ആക്കിയതെന്നു വ്യക്തം. ഇത്തരം ബിസിനസ് ചർച്ചകളുടെ ബിനാമികളായി കേരളത്തിലെ പ്രധാന നേതാക്കളുടെ മക്കൾ ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതും ഇവർക്കിടയിൽ രാഷ്ട്രീയം ഇല്ലാത്തതുമാണ് ഇത്തരം കച്ചവട രഹസ്യങ്ങൾ വിവാദമായി പൊതുജനത്തിന് മുന്നിൽ എത്താതിരിക്കുന്നത്. മദ്യ നയത്തിന്റെ പേരിൽ തെരുവിൽ തമ്മിലടിക്കുന്ന രാഷ്ട്രീയക്കാരുടെ നേതാക്കൾ തന്നെയാണ് ദുബായ് ഹോട്ടലിൽ നടക്കുന്ന അന്തി വിരുന്നുകളിൽ ആലിംഗന ബദ്ധരായി വിഹിതം പങ്കിടുന്നത്. ഇതിനാൽ തന്നെ ഇത്തരം കൈമാറ്റങ്ങൾ മാധ്യമങ്ങളുടെ കണ്ണിൽ പോലും എത്തുന്നുമില്ല .

വിജയ് മല്ല്യയുടെ യുബി ഗ്രൂപ്പിലേക്ക് പോകേണ്ട ലാഭ വിഹിതത്തിനായി കേരളത്തിൽ മദ്യം വിറ്റു ലാഭം കൂട്ടണ്ടതുണ്ടോ എന്ന് ഒരു രാഷ്ട്രീയ നേതാവ് പോലും ചിന്തിക്കാത്തിടത്താണ് ഇവരുടെ ഒക്കെ ആദർശ രാഷ്ട്രീയത്തിന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നത്. എന്നാൽ മല്ല്യയും ഡിയാജിയോ ഗ്രൂപ്പും തമ്മിലുള്ള കരാറിൽ വ്യവസ്ഥ ലാംഘനം ഉണ്ടാവുകയും മല്ല്യ ഡിയാജിയോ ഗ്രൂപ്പിനെയും ചതിച്ചു എന്ന ആരോപണം ലണ്ടൻ ഹൈക്കോടതിയിൽ എത്തുകയും ചെയ്തതോടെ ഡിയാജിയോ ഗ്രൂപ്പിന്റെ വിൽപന വിഹിതം മല്യക്ക് എത്തുന്നില്ല എന്നതാണ് വസ്തുത.

മാത്രമല്ല കരാർ ലംഘനം ബോധ്യപ്പെട്ടതിനാൽ മല്യ 135 മില്യൺ അമേരിക്കൻ ഡോളർ ഡിയാജിയോ ഗ്രൂപ്പിന് നൽകാൻ ലണ്ടൻ ഹൈക്കോടതി വിധിച്ചത് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ്. ഇത്തരം തർക്കങ്ങൾ കോടതിയിൽ കേസായി നിലനിൽക്കെയാണ് ബിവറേജസ് കോര്പറേഷണറെ കച്ചവടം പൂർണമായും വിദേശ കമ്പനിയുടെ കൈകളിൽ എത്തിക്കാൻ ദുബായ് കേന്ദ്രമായി ഡീൽ നടന്നത്. ഈ ചർച്ചകളുടെ വിശദംശങ്ങൾ പ്രതിപക്ഷം നിയമസഭയിൽ പോലും ഉയർത്തുന്നില്ല എന്നതും കൂട്ടുകൃഷി രാഷ്ട്രീയത്തിന്റെ വിളവെടുപ്പിലേക്കാണ് വിരൽ ചൂണ്ടുന്നത്.

അതിനിടെ ഇറക്കുമതി മദ്യത്തിനും സ്വദേശ നിർമ്മിത മദ്യത്തിനും രണ്ടു തരം നികുതി ഘടനയിലൂടെ സംസ്ഥാനത്തിന് കോടികളുടെ നഷ്ടം സംഭവിക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ട്ടം വരുത്താൻ രണ്ടു തരം നികുതി ഘടനയിലൂടെ വഴി ഒരുക്കുകയാണ് കേരളത്തിലെ സർക്കാർ എന്നതാണ് പ്രധാന ആരോപണം. ഇതേക്കുറിച്ചു ദേശീയ മാധ്യമങ്ങളിൽ പലവട്ടം വാർത്തകൾ വന്നിട്ടും കേരളത്തിലെ മാധ്യമങ്ങൾ കാര്യമായ ശ്രദ്ധ നൽകിയില്ല എന്നതും പ്രധാനമാണ്. സംസ്ഥാനത്തു വിദേശ നിർമ്മിത മദ്യത്തിന്റെ കച്ചവടം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടന്നതെന്നും ഇന്ത്യൻ നിർമ്മിത മദ്യ കമ്പനികൾ തന്നെ ആരോപണം ഉയർത്തുകയും ചെയ്തിരുന്നു.

ഡിയാജിയോ യുബി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം ഇന്ത്യയൊട്ടാകെ മദ്യ വില്പന ഉയർത്താൻ നടത്തിയ ശ്രമങ്ങൾ ഏകീകൃത സ്വഭാവം ഉള്ളവയാണ്. ബിഹാറിൽ നിതീഷ് കുമാർ മദ്യ നിരോധനം പ്രഖ്യാപിച്ചപ്പോൾ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ വരെ മദ്യ ലോബികൾ രംഗത്ത് എത്തിയിരുന്നു. അത്രയും ശക്തമായ ലോബികളുടെ കണ്ണികളായി കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ മക്കളും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. ഡിയാജിയോയുടെ കച്ചവടം കൂട്ടാൻ കേരളത്തിലെ നേതാക്കളെ സത്ലകാരത്തിനായി ദുബൈയിൽ എത്തിച്ചത് മൂന്നു മാസം മുമ്പാണ്.

വിദേശ കമ്പനികൾക്ക് അനുകൂലമായി സംസ്ഥാന സർക്കാർ നിലപാട് എടുത്തതിന്റെ നേട്ടം ആർക്കെന്നു വക്തമാകുന്നതാണ് ദുബായ് ഡീലുകൾ സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങൾ. നേതാക്കളുടെ മക്കളും മറ്റുമാണ് ഇത്തരം ഡീലുകൾ നിയന്ത്രിക്കുന്നത് എന്നതാണ് ഇപ്പോഴത്തെ പ്രധാന ആരോപണം. രാഷ്ട്രീയ പ്രേരിത ആരോപണം ഒഴിവാക്കാൻ പ്രമുഖ പാർട്ടികളുടെ നേതാക്കളുടെ മക്കൾ ചേർന്ന് രൂപീകരിച്ച അനധികൃത കൺസോർഷ്യം പോലും ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്നു എന്ന അവിശ്വസനീയ വിവരങ്ങളാണ് ബിനോയ് കോടിയേരി വിവാദത്തിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം വിവരങ്ങൾ കൂടുതലായി പൊതു സമൂഹത്തിൽ എത്താതിരിക്കാൻ എത്രയും വേഗം ബീഹാർ സ്വദേശിനിയായ യുവതി നൽകിയ കേസ് കോടതിക്ക് പുറത്തു ഒത്തുതീർക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP