Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇംഗ്ലീഷ് നഗരമായ കവൻട്രിയെ ഇളക്കി മറിച്ചു ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്; ജി വേണുഗോപാലും റെജി രാമപുരവും ജിൻസ് ഗോപിനാഥും ഗ്രാമി അവാർഡ് നേടിയ വയലിനിസ്റ്റ് മനോജ് ജോർജ്ജും കാണികളെ ആവേശഭരിതരാക്കി; മറുനാടൻ കുടുംബം ബ്രിട്ടനിലെ മലയാളി പ്രതിഭകളെ ആദരിച്ചപ്പോൾ കയ്യടിയോടെ ആയിരങ്ങൾ: ഏഴു മണിക്കൂറുകളോളം നീണ്ട നൃത്ത-സംഗീത വിരുന്നിൽ മതി മറന്നു ബ്രിട്ടനിലെ മലയാളികൾ

ഇംഗ്ലീഷ് നഗരമായ കവൻട്രിയെ ഇളക്കി മറിച്ചു ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്; ജി വേണുഗോപാലും റെജി രാമപുരവും ജിൻസ് ഗോപിനാഥും ഗ്രാമി അവാർഡ് നേടിയ വയലിനിസ്റ്റ് മനോജ് ജോർജ്ജും കാണികളെ ആവേശഭരിതരാക്കി; മറുനാടൻ കുടുംബം ബ്രിട്ടനിലെ മലയാളി പ്രതിഭകളെ ആദരിച്ചപ്പോൾ കയ്യടിയോടെ ആയിരങ്ങൾ: ഏഴു മണിക്കൂറുകളോളം നീണ്ട നൃത്ത-സംഗീത വിരുന്നിൽ മതി മറന്നു ബ്രിട്ടനിലെ മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ(കവൻട്രി): ബ്രിട്ടനിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമവേദി ഒരുക്കുന്നത് മറുനാടൻ മലയാളി കുടുംബമാണ്. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ ആഭിമുഖ്യത്തിൽ ബ്രിട്ടനിലെ മലയാളികളുടെ പ്രതിഭയുടെ മാറ്റുരയ്ക്കുന്ന വേദിയിൽ ഇന്നലെ നിരവധി വനപ്രതിഭകളെ കണ്ടു. ബ്രിട്ടനിലെ മലയാളികളുടെ ഒത്തുചേരൽകൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്. കവൻട്രി പ്രശസ്തമായ വില്ലെൻഹാൾ സോഷ്യൽ ക്ലബിൽ നടന്ന പുരസ്‌ക്കാരദാന ചടങ്ങിൽ തിക്കി തിരക്കി ഒത്തുകൂടിയത് 1500ൽ അധികം മലയാളികളായിരുന്നു. പ്രശസ്ത മലയാളം പിന്നണി ഗായകൻ ജി വേണുഗോപാൽ അടക്കമുള്ളവർ പങ്കെടുത്ത പുരസ്‌ക്കാര നിശ സംഗീതസാന്ദ്രമായിരുന്നു.

ഇന്നലെയാണ് ഉച്ചയ്ക്ക് ബ്രിട്ടീഷ് സമയം ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി ഒൻപതര വരെയാണ് പുരസ്‌ക്കാര ചടങ്ങ് നടന്നത്. ഒരു മാസത്തോളം നീണ്ടു നിന്ന ഓൺലൈൻ വോട്ടെടുപ്പിൽ ന്യൂസ് പേഴ്‌സൺ പുരസ്‌കാരം, നഴ്‌സിങ് പുരസ്‌കാരം, യുവപ്രതിഭാ പുരസ്‌കാരം എന്നിങ്ങനെ മൂന്നു കാറ്റഗറികളിലായാണ് മത്സരം നടന്നത്. ജോമോൻ കുര്യാക്കോസ് ആണ് ന്യൂസ് പേഴ്‌സണായി വിജയിച്ചത്. ബിബിസിയിലെ മാസ്റ്റർ ഷെഫ് എന്ന ലോക പ്രശസ്ത പരിപാടിയിൽ പങ്കെടുത്ത വ്യക്തിയാണ് ജോമോൻ. ബെസ്റ്റ് നഴ്സിനുള്ള പുരസ്‌കാരം തേടി എത്തിയത് മാഞ്ചസ്റ്ററിലെ സീമ സൈമണായിരുന്നു. സാധാരണ നഴ്സായി ജോലിയിൽ കയറി ബാൻഡ് 8 ആയി ഉയർന്ന സീമ സൈമണ് കിട്ടിയ പുരസ്‌കാരം യുകെയിലെ മുഴുവൻ മലയാളി നഴ്സുമാർക്കുമുള്ള അംഗീകാരമായി മാറി. കനത്ത മത്സരം നടന്ന യുവപ്രതിഭ പുരസ്‌കാരം നേടിയത് ബെഡ്ഫോർഡിലെ ഡെന്ന ജോമോനായിരുന്നു.

പതിവു പോലെ തന്നെ നിറഞ്ഞു കവിഞ്ഞ സദസിൽ വച്ചാണ് പുരസ്‌കാര ദാന ചടങ്ങുകളും കലാപ്രകടനങ്ങളും അരങ്ങേറിയത്. കേരളത്തിൽ നിന്നും പ്രശസ്ത പിന്നണി ഗായകൻ ജി വേണു ഗോപാൽ, ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജ്ജ്, ഐഡിയാ സ്റ്റാർ സിംഗർ ഫെയിമുകളായ ജിൻസ് ഗോപിനാഥ്, ടീനു ടെല്ലൻസ്, കോമഡി താരം റെജി രാമപുരം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയും ചടങ്ങിൽ പങ്കെടുക്കുവാനെത്തി.

നിലയ്ക്കാത്ത ചിലമ്പൊലിയൊച്ചകളുമായി നർത്തകർ അരങ്ങു വാണപ്പോൾ ജി വേണുഗോപാലിന്റെ മഹനീയ സാന്നിധ്യത്തിൽ ഐഡിയ സ്റ്റാർ സിംഗർ ജിൻസ് ഗോപിനാഥും ടീനുവും അരങ്ങു തകർക്കുക ആയിരുന്നു. റെജി രാമപുരം എന്ന ടെലിവിഷൻ ആർട്ടിസ്റ്റാവട്ടെ അവതാരകന്റെ വേഷം കെട്ടി ഹാസ്യത്തിന്റെ നുറുങ്ങ് വെട്ടവുമായി സ്റ്റേജ് ഷോയുടെ ആദ്യം മുതൽ അവസാനം വരെ ഗംഭീരമാക്കുക ആയിരുന്നു. ചിത്രാ ലക്ഷ്മി ടീച്ചറുടെ വെൽക്കം ഡാൻസ് മുതൽ കലാഭവൻ നൈസും സംഘവും ചേർന്നു അവതരിപ്പിച്ച സംഘനൃത്തങ്ങൾ വരെ കാണികളെ പിടിച്ചിരുത്തി. ഗ്രാമി ജേതാവായ മനോജ് ജോർജിന്റെ വയലിൻ ഷോ ആയിരുന്ന മറ്റൊരു ശ്രദ്ധേയമായ പരിപാടി.

മോഹിനിയാട്ടവും ഭരത നാട്യവും തിരുവാതിരയും മുതൽ സർവ്വ കലകളും ആണ് കവൻട്രിയിലെ ഹാളിൽ ഇന്നലെ ആടി തിമർത്തത്. ഒന്നു കഴിഞ്ഞാൽ മറ്റൊന്ന് എന്ന തരത്തിലായിരുന്നു പരിപാടികൾ നടന്നത്. തുടങ്ങാൻ അൽപ്പം വൈകിയത് രാത്രി ഒൻപതര വരെ നീളാൻ കാരണമായെങ്കിലും ആരെയും ബോറടിപ്പിക്കാതെ ശബ്ദവും നിറവും സൗന്ദര്യവും ഒരുമിച്ചു ആറാടുക ആയിരുന്നു. അതിനിടയിൽ മൂന്നു സമയത്തായി മൂന്നു പ്രധാന പുരസ്‌കാരങ്ങളും രശ്മി പ്രകാശിനുള്ള ബ്രിട്ടീഷ് മലയാളി എഡിറ്റേഴ്സ് ട്രോഫിയും സമ്മാനിച്ചു.

അത്യന്തം നാടകീയത മുറ്റി നിന്ന കലാവിരുന്നായിരുന്നു അവാർഡ് നൈറ്റ്. കവൻട്രിയിലെ മേളപ്പൊലിമയുടെ ചെണ്ടമേളത്തോടു കൂടിയാണ് അവാർഡ് നൈറ്റിന് തിരശ്ശീല ഉയർന്നത്. കുട്ടികളും വനിതകളും പുരുഷന്മാരും അടക്കം അണിനിരന്ന് സ്റ്റേജിനു താഴെ, കാണികൾക്കു മുൻപിലായി ആണ് ചെണ്ടമേളം കൊട്ടിക്കയറിയത്. അവാർഡ് നൈറ്റിന്റെ ആവേശം വിളിച്ചൊതുന്നതായിരുന്നു ഈ പ്രകടനം.

തുടർന്ന് അവതാരകർ വേദിയുടെ നിയന്ത്രണം ഏറ്റെടുത്തു. കേരളത്തിലെ വേദികളിൽ കയ്യടക്കത്തോടെ കാണികളെ തനിക്കൊപ്പം നിർത്തുന്ന ചാനൽ കൊമേഡിയൻ റെജി രാമപുരം, യുകെ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയായ സുപ്രഭ മേനോൻ എന്നിവരാണ് അവാർഡ് നൈറ്റിന് ജീവൻ നൽകാൻ വേദിയിൽ എത്തിയത്.

അവാർഡ് വിതരണ ഘട്ടത്തിൽ വേറിട്ട ശബ്ദമായി അനിൽ മംഗലത്തും വേദിയിൽ എത്തിയിരുന്നു. തുടർന്ന് പ്രാർത്ഥന ഗാനം. ചുപെൺകുട്ടികളും ആൺകുട്ടികളും രണ്ടു സംഘമായി നിന്ന് ചുവപ്പം വെള്ളയും വസ്ത്രമണിഞ്ഞാണ് പ്രാർത്ഥന ഗാനം ആലപിച്ചത്. തുടർന്നാണ് 15 മിനിട്ടു മാത്രം ദൈർഘ്യമുള്ള സ്വാഗത പ്രസംഗവും ഉദ്ഘാടനവും നടന്നത്. തുടർന്ന് കലാവിസ്മയങ്ങൾക്കായി വേദി ഒരുങ്ങി.

കവൻട്രിയിലെ കുട്ടികളുടെ സെമി ക്ലാസിക്കൽ ഡാൻസാണ് ആദ്യം വേദിയിലെത്തിയത്. പിന്നാലെ, റോഷ്‌നി നിശാന്തിന്റെ മോഹിനിയാട്ടവും ജിൻസ് ഗോപിനാഥിന്റെയും പാട്ടും ചിത്ര ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള മനോഹരമായ സ്വാഗത നൃത്തവും ശ്രുതി അനിലിന്റെ ക്ലാസിക്കൽ ഡാൻസും അരങ്ങേറി.

ചെണ്ടമേളത്തിന്റെ പ്രത്യേക അവതരണമാണ് പിന്നീട് വേദിയിൽ എത്തിയത്. ഡെന്നാ ആൻ ജോമോന്റെ ഗാനാലാപനമാണ് പിന്നാലെ വേദിയിൽ എത്തി. തുടർന്ന് ടീനുവിന്റെയും സുദേവിന്റെയും ഗാനാലാപാനമാണ് വേദിയിൽ ഉയർന്നു കേട്ടത്. വയലിന്റെ മാസ്മരികത വിതറി മനോജ് ജോർജ്ജിന്റെ സംഗീത വിസ്മയം കാണികളെ ത്രസിപ്പിക്കുന്നതായിരുന്നു. തുടർന്ന് എഡിറ്റേഴ്‌സ് ട്രോഫി അവാർഡ് രശ്മി പ്രകാശിന് ജി വേണുഗോപാൽ കൈമാറി.

ഇതിനു ശേഷം ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിലെ അവാർഡ് പ്രഖ്യാപനത്തിന് തുടക്കം കുറിച്ചു. ബെസ്റ്റ് നഴ്‌സ് പുരസ്‌കാരം സീമാ സൈമണിന് കൈമാറിക്കൊണ്ടായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നാലെ യംഗ് ടാലന്റ് അവാർഡും പ്രഖ്യാപിച്ചു. ടീനുവും ജിൻസും ചേർന്നുള്ള പാട്ടാണ് പിന്നീട് അരങ്ങിലെത്തിയത്.

അവാർഡ് ദാനത്തിനു ശേഷം കലാഭവൻ നൈസിന്റെയും ടീമിന്റെയും സിനിമാറ്റിക് ഡാൻസും ടീനുവും ജിൻസും ചേർന്നുള്ള പാട്ടുകളും വേദിയിലെത്തി. കവൻട്രി ടീമിന്റെ സിനിമാറ്റിക് തീം ഡാൻസും ഇതിനിടയിൽ ആവേശം നൽകാനെത്തി. ഇതിന്റെ ആവേശം ഇരട്ടിയാക്കുവാൻ ഗ്ലോസ്റ്ററിൽ നിന്നുള്ള സിനിമാറ്റിക് സെമി അറബിക് ഡാൻസും സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നുള്ള സിനിമാറ്റിക് ഡാൻസും മഞ്ജു സുനിലിന്റെ സിനിമാറ്റിക് ഡാൻസും സ്റ്റോക്ക് ഓൺ ട്രെന്റ് ടീമിന്റെ സിനിമാറ്റിക് ഫ്യൂഷൻ ഡാൻസും കലാഭവൻ നൈസിന്റെയും ടീമിന്റെയും സിനിമാറ്റിക് ഡാൻസും ഒന്നിനു പിന്നാലെ ഒന്നായി അരങ്ങു കീഴടക്കുവാൻ എത്തി.

തുടർന്ന് പ്രേക്ഷകർ കാത്തിരുന്നത് കവൻട്രിയിൽനിന്നുള്ള തിരുവാതിര എത്തിയത്. പച്ച ബ്ലൗസും സെറ്റു സാരിയും അണിഞ്ഞ് മലയാളി മങ്കമാർ ലാസ്യ ചുവടുകൾ വച്ചപ്പോൾ കാണികളുടെ മനം നിറഞ്ഞു. തുടർന്നാണ് കാണികൾ ഏറ്റവും അധികം ആവേശത്തോടെ കാത്തിരിക്കുന്ന ന്യൂസ് പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌കാരം പ്രഖ്യാപിച്ചത്. ജോമോൻ കുര്യാക്കോസിനെ വിജയി ആയി പ്രഖ്യാപിച്ച ചടങ്ങിനു ശേഷം വിശിഷ്ടാതിഥികൾക്കായുള്ള മൊമന്റോയും അവതാരകർക്കുള്ള മൊമന്റോയും കൈമാറി.

മികച്ച സംഘാടകർക്കും തുടർന്ന് ജനീറ്റാ തോമസിന്റെ സിനിമാറ്റിക് ഡാൻസും ജിൻസ് ഗോപിനാഥിന്റെ ഒരു മെലഡി ഗാനവും കലാഭവൻ നൈസിന്റെ സിനിമാറ്റിക് ഡാൻസും അരങ്ങേറി. തുടർന്നാണ് അവാർഡ് നൈറ്റിനു കലാശക്കൊട്ടായി ജിൻസ് ഗോപിനാഥ് വേദി കയ്യേറുന്നത്. തുടർന്നങ്ങോട്ട് അവാർഡ് നൈറ്റിനെത്തിയവരെല്ലാം ഒന്നിച്ചു നൃത്തം ചെയ്തും അടിച്ചു പൊളിച്ചും മതിമറന്ന് ആഘോഷിക്കുകയായിരുന്നു. ഡാൻസ്, മ്യൂസിന് വർക്ഷോപ്പും ജിൻസ് നയിച്ച ഡിജെയും ആവേശം പൊടിപൊടിച്ചു.

ഒന്നാംതരം കലാവിരുന്നിനൊപ്പം രുചികരമായ ഭക്ഷണവും ആണ് ഒരുക്കിയത്. ഈ അപൂർവ്വമായ ജനകീയ കലാമേളയിൽ പങ്കെടുത്തവർക്കൊന്നും ഇനി ഇതു മറക്കാൻ കഴിഞ്ഞെന്നു വരില്ല. അടുത്ത വർഷവും ഇവരെല്ലാം അവാർഡ് നൈറ്റിനായി കാത്തിരുന്ന് എത്തുമെന്ന് തീർച്ചയാണ്.

ഫോട്ടോ കടപ്പാട്: സിജു സിദ്ധാർത്ഥ്, സന്തോഷ്, അജിമോൻ എടക്കര, സോണി ചാക്കോ, സന്തോഷ് ബെഞ്ചമിൻ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP