Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടുറോഡിൽ തല്ലിക്കൊന്ന സംഭവം വർഗീയലഹളയാക്കി മാറ്റി മുതലെടുക്കാൻ ശ്രമം ആരംഭിച്ചു; നിയമം കൈയിലെടുക്കാൻ രംഗത്തെത്തിയവരെ പൊലീസ് വിരട്ടിയോടിച്ചു; ഓരോ മുക്കിലും മൂലയിലും സേനയെ ഇറക്കി നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കി പൊലീസ്; അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് എസ്‌പി

നടുറോഡിൽ തല്ലിക്കൊന്ന സംഭവം വർഗീയലഹളയാക്കി മാറ്റി മുതലെടുക്കാൻ ശ്രമം ആരംഭിച്ചു; നിയമം കൈയിലെടുക്കാൻ രംഗത്തെത്തിയവരെ പൊലീസ് വിരട്ടിയോടിച്ചു; ഓരോ മുക്കിലും മൂലയിലും സേനയെ ഇറക്കി നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കി പൊലീസ്; അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് എസ്‌പി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ്റിങ്ങലിലെ വക്കത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വർഗ്ഗീയത കൂട്ടിക്കുഴച്ച് മുതലെടുപ്പിന് ശ്രമം. അതിക്രൂരമായി യുവാവിനെ അടിച്ചു കൊന്നത് വർഗ്ഗീയ ചേരിതിരിവ് മൂലമാണെന്ന് വരുത്താനാണ് ശ്രമം. പൊലീസും വർഗ്ഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. രണ്ടു പ്രദേശങ്ങളിലുള്ളവർ തമ്മിൽ നാളുകളായി നിലനിൽക്കുന്ന പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന പൊലീസിന്റെ വിശദീകരണമാണ് സംശയത്തിന് ഇടനൽകുന്നത്.

ഒരു വർഷം മുൻപ് വക്കത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയുടെ വാലിൽ പിടിച്ചതിന് അക്രമിസംഘത്തിലെ ചിലരുമായി ഷബീറും ഉണ്ണിക്കൃഷ്ണനും മറ്റ് രണ്ട് സുഹൃത്തുക്കളും വഴക്കിട്ടിരുന്നു. അന്ന് പൊലീസ് കേസെടുക്കുകയും ഇരു സംഘങ്ങളെയും രമ്യതയിലാക്കുകയും ചെയ്തു. എന്നാൽ അതിനുശേഷവും പലപ്പോഴും ഇവർ തമ്മിൽ വഴക്കിട്ടിരുന്നു. രണ്ടുദിവസം മുൻപ് അക്രമിസംഘത്തിലെ ഒരാളുടെ വീട്ടിൽ ഷബീറും സംഘവും കല്ലെറിയുകയും ചെയ്തു. ഇതാണ് കൊലപാതകത്തിന് കാരണം. എന്നാൽ ക്ഷേത്രത്തിലുണ്ടായ പ്രശ്‌നവുമായി ബന്ധപ്പെടുത്തി കൊലപാതകത്തെ വർഗ്ഗീയവൽക്കരിക്കാനാണ് നീക്കം. ഇത് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റേയും ശ്രദ്ധയിൽപ്പെട്ടുകഴിഞ്ഞു. ഇക്കാര്യം അവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോക്കൽ പൊലീസിനോട് വിവരങ്ങൾ നൽകുമ്പോൾ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞു.

കേസിലെ പ്രധാന പ്രതി വക്കം സ്വദേശി വിനായകിനെ പൊലീസ് പിടികൂടിയിട്ടുണ്ട്്. യുവാവിനെ മർദിച്ച ശേഷം ജില്ല വിട്ട സംഘത്തിന്റെ മൊബൈൽ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് വിനായകിനെ കുടുക്കിയത്. മറ്റ് മൂന്ന് പേർക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ചയാണ് ബൈക്കിലെത്തിയ വക്കം മണക്കാട് വീട്ടിൽ ഷെബീർ, സുഹൃത്ത് ഉണ്ണിക്കൃഷ്ണൻ എന്നിവരെ പട്ടാപ്പകൽ നടുറോഡിൽ തടഞ്ഞുനിർത്തി നാലംഗസംഘം ക്രൂരമായി മർദ്ദിച്ചത്. ഇതിലെങ്ങനെ വർഗ്ഗീയത വരുമെന്നാണ് നാട്ടുകാരുടെ ചോദ്യം. ഷെബീറിനേയും ഉണ്ണികൃഷ്ണനേയും തല്ലിചതച്ചത് വ്യക്തിപരമായ വൈരാഗ്യം കാരണമാണ്. ഷെബീറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഉണ്ണികൃഷ്ണന് പരിക്കേറ്റത്. ഈ സാഹചര്യത്തിൽ വർഗ്ഗീയ ലഹളാ തിയറി ബോധപൂർവ്വം ഉയർത്തുന്നതാണെന്നാണ് ആക്ഷേപം.

തോപ്പിക്കവിളാകം റെയിൽവേ ഗേറ്റിന് സമീപമായിരുന്നു സംഭവം. തലക്കും ശരീരത്തിനും ക്രൂരമർദനമേറ്റ ഷെബീർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച മരണമടഞ്ഞു. ഉണ്ണിക്കൃഷ്ണൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അതായതുകൊലക്കേസിലെ മുഖ്യ സാക്ഷി ഉണ്ണികൃഷ്ണനാണ്. ഇതൊക്കം മറച്ചുവച്ച് പ്രശ്‌നങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കാനാണ് നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങളേ അവശേഷിക്കുന്നുള്ളൂ. ഇത് മനസ്സിലാക്കിയാണ് ഈ കള്ളക്കളികളൊക്കെ. നിലവിൽ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന വിവാദ വിഷയങ്ങൾ മാറ്റി മറിക്കാൻ വർഗ്ഗീയ സംഘർഷത്തിന്റെ ആവശ്യം ചില കേന്ദ്രങ്ങൾക്കുണ്ട്. ഇത് തന്നെയാണ് ആറ്റിങ്ങലിൽ ഭീതി ജനകമായ അന്തരീക്ഷം ഉണ്ടാക്കുന്നത്.

മരിച്ചത് മുസ്ലിം സമുദായക്കാരനാണ്. ഇതാണ് ഉയർത്തിക്കാട്ടുന്നത്. എന്നാൽ കൂടെ മാരകമായി പരിക്കേറ്റത് ഉണ്ണികൃഷ്ണനാണെന്ന് മറച്ചു വയ്ക്കുകയും ചെയ്യുന്നു. അക്രമത്തിന് നേതൃത്വം കൊടുത്തവരും ഷെബീറും സുഹൃത്തുക്കളായിരുന്നു. അതിനിടെ തുടങ്ങിയ പ്രശ്‌നങ്ങളാണ് അടിപടിയിലേക്കും വൈരാഗ്യത്തിലേക്കും കാര്യങ്ങളെത്തിച്ചത്. ഇതുകൊലപാതകവുമായി. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡയിയിൽ ചർച്ചയായതോടെ പലവിധ പ്രചരണങ്ങളുണ്ടായി. ഇതോടെ ഒരു പ്രദേശം മുഴുവൻ ഭീതിയിലുമായി. പൊലീസുകാരെ സ്ഥലത്ത് വൻതോതിൽ നിയോഗിച്ചതോടെ ആശങ്കകളും കൂടി. ഇതിനിടെ സംഭവത്തിനു കാരണക്കാരായ യുവാക്കളെത്തേടി ഒരുസംഘം വക്കത്തും പരിസരപ്രദേശങ്ങളിലും സംഘടിതരായി തിരച്ചിലാരംഭിച്ചെന്ന ആഭ്യൂഹവും സജീവമായി.

വക്കം ദൈവപ്പുര ഭാഗത്ത് ആയുധങ്ങളുമായി ഒരുസംഘമെത്തി പ്രതിയെന്നു സംശയിക്കുന്ന യുവാവിന്റെ വീടിനു നേർക്ക് അക്രമമഴിച്ചുവിടാൻ ശ്രമിച്ചു. വർഗ്ഗീയമായി സംഘടിച്ചെത്തിയവരാണ് ഇവരെന്നാണ് പ്രചരണം. ഇതോടെ മറുവിഭാഗം കരുതലിലായെന്നും പറയുന്നു. ഇത്തരം പ്രചരണങ്ങളിലൂടെ വർഗ്ഗീയത ആളിക്കത്തിക്കാനാണ് ശ്രമം. അതിനിടെ അഭ്യൂഹങ്ങളിൽ കുടുങ്ങരുതെന്നും ആക്രമണത്തിന് ഒരുങ്ങുന്നവരെപ്പറ്റി വിവരം ലഭിച്ചാലുടൻ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.   രണ്ടാഴ്ച മുൻപ്, കേസന്വേഷിക്കാനെത്തിയ കടയ്ക്കാവൂർ എസ്‌ഐയെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെയും നാട്ടുകാർ നോക്കിനിൽക്കെ യുവാവ് ഗുരുതരമായി വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിന്റെ ഭീതി മാറും മുൻപാണ് പുതിയ സംഭവം.

കേസിലെ പ്രധാന പ്രതികളും സഹോദരങ്ങളുമായ വക്കം ഉടക്കുവിളാകത്ത് വീട്ടിൽ പ്രസന്നന്റെ മക്കളായ സന്തോഷ്, സതീഷ് , ഇവരുടെ സുഹൃത്തുക്കളായ അണയിൽ ഈച്ചംവിളാകത്ത് കുമാറിന്റെ മകൻ കിരൺ, ഭാഗവതർ മുക്ക് പുതിയവീട്ടിൽ ആദർശ്, തുണ്ടത്തിൽ വീട്ടിൽ മോനിക്കുട്ടൻ എന്നിവരെ പൊലീസ് അന്വേഷിച്ചുവരികയാണ്. ആക്രമണ ദൃശ്യങ്ങൾ നാട്ടുകാരിലൊരാൾ മൊബൈലിൽ ചിത്രീകരിച്ച് വാട്ട്‌സ് ആപ്പിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു. ദൃശ്യമാദ്ധ്യമങ്ങളിൽ ആക്രമണ രംഗങ്ങൾ കണ്ടിട്ടും മുന്നൊരുക്കങ്ങൾ പൊലീസ് എടുത്തില്ല. ഇതാണ് തുടക്കത്തിൽ ഈ മേഖലയിൽ സംഘർഷാവസ്ഥയുണ്ടാക്കിയത്. അതിനെ വർഗ്ഗീയമായി ചിത്രീകരിക്കാനാണ് നീക്കം. എന്നാൽ പൊലീസ് സാന്നിധ്യം ശക്തമായതോടെ ഈ സാഹചര്യം മാറി. എന്നിട്ടും വർഗ്ഗീയമായി ചിത്രീകരിച്ച് മുതലെടുപ്പിനാണ് ശ്രമം.

വാട്ട്‌സ് ആപ്പ് വഴിയുള്ള ദൃശ്യങ്ങളെ തുടർന്ന് കേസിലെ പ്രതികളെ ഉടൻ പിടികൂടാൻ ഡി.ജി.പി നിർദ്ദേശിച്ചതനുസരിച്ച് ഐജി. മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിൽ റൂറൽ എസ്‌പി ഷെഫിൻ അഹമ്മദ്, ഡിവൈ.എസ്‌പി പ്രതാപൻനായർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഞായറാഴ്ച വൈകുന്നേരം യുവാക്കൾ ക്രൂരമായ ആക്രമണത്തിന് വിധേയരായ വിവരം നാട്ടുകാർ പൊലീസിനെ അറിയിച്ചെങ്കിലും അരമണിക്കൂർ കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. പഞ്ചായത്തംഗം വിഷ്ണുവാണ് 108 ആംബുലൻസ് വിളിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ ഷബീർ മരണപ്പെട്ടശേഷമാണ് സംഭവത്തെപ്പറ്റി അന്വേഷിക്കാനും മൊഴിയെടുക്കാനും പൊലീസ് തയ്യാറായത്. ഷബീറിന്റെ മരണമൊഴി രേഖപ്പെടുത്താൻ കഴിയാതെ പോയതുൾപ്പെടെ പൊലീസിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണുണ്ടായിട്ടുള്ളത്.

ആലംകോട്ടെ മത്സ്യമൊത്തക്കച്ചവട കേന്ദ്രത്തിൽ കമ്മിഷൻ ഏജന്റാണ് മരിച്ച ഷബീർ. സക്കീർ ഹുസൈൻ പിതാവും നസീമ മാതാവുമാണ്. ഷെമീർ, ഷജീർ എന്നിവർ സഹോദരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP