Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിൻഫ്രയിൽ പത്തേക്കർ അനുവദിച്ചത് ആറു വർഷത്തിനുള്ളിൽ എംബിഎയും എൽഎൽബിയും പിഎച്ച്ഡിയും നേടിയ കോലിയക്കോടന്റെ മകൻ; അനുകൂല നിയമോപദേശം നൽകിയത് കോലിയക്കോടിന്റെ ശേഷക്കാരനും; നിർണ്ണായക ഫയൽ നിയമ സെക്രട്ടറിയെ പോലും കാണിക്കാതെ രഹസ്യമാക്കിയും വച്ചു; വിദേശത്തേക്ക് മദ്യം കയറ്റുമതിക്ക് തയ്യാറെടുക്കുന്ന ശ്രീചക്ര പ്രവർത്തിക്കുന്നത് പെരുമ്പാവൂരിലെ ഒറ്റമുറിയിലും! ബ്രൂവറിയിൽ നിറയുന്നത് കള്ളക്കളികൾ തന്നെ; പിണറായിയും കോലിയക്കോടന്മാരും കുടുങ്ങുമ്പോൾ

കിൻഫ്രയിൽ പത്തേക്കർ അനുവദിച്ചത് ആറു വർഷത്തിനുള്ളിൽ എംബിഎയും എൽഎൽബിയും പിഎച്ച്ഡിയും നേടിയ കോലിയക്കോടന്റെ മകൻ; അനുകൂല നിയമോപദേശം നൽകിയത് കോലിയക്കോടിന്റെ ശേഷക്കാരനും; നിർണ്ണായക ഫയൽ നിയമ സെക്രട്ടറിയെ പോലും കാണിക്കാതെ രഹസ്യമാക്കിയും വച്ചു; വിദേശത്തേക്ക് മദ്യം കയറ്റുമതിക്ക് തയ്യാറെടുക്കുന്ന ശ്രീചക്ര പ്രവർത്തിക്കുന്നത് പെരുമ്പാവൂരിലെ ഒറ്റമുറിയിലും! ബ്രൂവറിയിൽ നിറയുന്നത് കള്ളക്കളികൾ തന്നെ; പിണറായിയും കോലിയക്കോടന്മാരും കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബ്രൂവറി ചലഞ്ചിൽ സർക്കാർ തീരുമാനം എടുത്തത് നിയമ സെക്രട്ടറി ബിജി ഹരീന്ദ്രനാഥിന്റെ ഉപദേശം തേടാതെ. 1999ൽ ബ്രൂവറിയും ഡിസ്റ്റ്‌ലറിയും അനുവദിക്കുന്നതിനെതിരെ വിനോദ് റായി പുറപ്പെടുവിച്ച ഉത്തരവുണ്ടായിരുന്നു. അത് മറികടക്കണമെങ്കിൽ നിയമസെക്രട്ടറിയുടെ നിയമോപദേശവും മന്ത്രിസഭയുടെ തീരുമാനവും അനിവാര്യമാണ്. എന്നാൽ പുറത്തറിയാതിരിക്കാൻ ഈ ഫയൽ നിയമ സെക്രട്ടറിക്ക് പോലും നൽകിയില്ല. നിയമ സെക്രട്ടറി നിരാകരണ കുറിപ്പെഴുതിയാൽ ഉള്ള പ്രശ്‌നം തിരിച്ചറിഞ്ഞായിരുന്നു ഇത്. എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രമാണ് ഈ ഇടപാടിൽ പങ്കാളിയായത്. അതിനിടെ ബ്രൂവറിയിൽ മുഖ്യമന്ത്രിക്ക് നിയമോപദേശം നൽകിയത് മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായ ഡോ എൻകെ ജയകുമാറാണ്. സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരി പുത്രനാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകനായ ജയകുമാർ. കോലിയക്കോടിന്റെ മകനാണ് അലക്‌സ് മാളിയേക്കലിന് കിൻഫ്രയിൽ പത്തേക്കർ ഭൂമി നൽകാമെന്ന റിപ്പോർട്ട് നൽകിയത്. ഇതോടെ ബ്യൂവറി ചലഞ്ചിൽ കോലിയക്കോടിന്റെ കുടുംബവും വിവാദത്തിലാവുകയാണ്.

പുതിയ ഡിസ്റ്റിലറിക്ക് അനുമതി നൽകേണ്ടതില്ലെന്ന് ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ 1999ൽ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. പിന്നീട് അപേക്ഷകൾ വന്നപ്പോൾ 2008ൽ വി എസ്.അച്യുതാനന്ദൻ സർക്കാരിന്റെ നിലപാടും ഇതുതന്നെയായിരുന്നു. ഇതാണ് ഇ്തവണ പിണറായി സർക്കാർ മറികടന്നത്. അതിനിടെ 2003ൽ എകെ ആന്റണി സർക്കാർ മദ്യ നിർമ്മാണ ശാല അനുവദിച്ചെന്ന വാദവും പൊളിഞ്ഞു. ഇതിന് പിന്നാലെയാണ് എക്സൈസ് കമ്മീഷണറുടെ എതിർപ്പ് സംബന്ധിച്ച വിരവങ്ങളും പുറത്തു വന്നത്.ഡിസ്റ്റിലറി അനുവദിക്കരുതെന്ന എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിന്റെ അഭിപ്രായം മറികടന്നാണു തൃശൂരിൽ ശ്രീചക്ര കമ്പനിക്കു സംസ്ഥാന സർക്കാർ അനുമതി നൽകിയതെന്നു വ്യക്തമായി. അപേക്ഷ പരിശോധനയ്ക്കായി എക്സൈസ് കമ്മിഷണർക്ക് അയച്ചിരുന്നു. ഡിസ്റ്റിലറി ആവശ്യമില്ലെന്നു മുൻപു രണ്ടുതവണ സർക്കാർ തീരുമാനം എടുത്തിട്ടുണ്ടെന്നാണു ഋഷിരാജ് സിങ് അതിൽ രേഖപ്പെടുത്തിയത്.

ബീയർ നിർമ്മാണശാല അനുവദിക്കുന്നതിനെ അനുകൂലിച്ച കമ്മിഷണർ അതിനു സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നു ഫയലിൽ രേഖപ്പെടുത്തി. എന്നാൽ നയപരമായ തീരുമാനമൊന്നും എടുക്കാതെ തന്നെ അനുമതി നൽകുകയാണ് ചെയ്തത്. നിയമ സെക്രട്ടറിയുടെ പോലും അംഗീകാരത്തിന് ഫയൽ അയച്ചില്ല. മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. അങ്ങനെ എല്ലാ അർത്ഥത്തിലും രഹസ്യ സ്വഭാവം കാത്തു. ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ബജറ്റ്, സർക്കാരിന്റെ മദ്യനയം എന്നിവയിലൊന്നും പറഞ്ഞിട്ടില്ല. അബ്കാരി നിയമം ഉണ്ടെങ്കിലും വർഷാവർഷമുള്ള സർക്കാരിന്റെ മദ്യനയമാണ് ആ മേഖലയ്ക്കു ബാധകമാകുന്നത്. ഈ സാഹചര്യത്തിലാണ് ജയകുമാറിന്റെ നിയമോപദേശം വിവാദങ്ങൾക്ക് ഇടനൽകുന്നത്. കോലിയക്കോട് കുടുംബത്തിലെ രണ്ട് പേരുകൾ അങ്ങനെ ബ്രൂവറിയിൽ വിവാദത്തിൽ പെടുകയും ചെയ്യുന്നു. സിപിഎമ്മിലെ മുതിർന്ന നേതാവിന്റെ മകനും ഈ ഇടപാടിൽ പങ്കുണ്ടെന്നാണ് ഉയരുന്ന മറ്റൊരു വാദം.

വ്യവസായ വകുപ്പിലെ സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ നിയമനങ്ങൾ ഏറെ വിവാദമായിരുന്നു. വ്യവസായ മന്ത്രി ഇപിജയരാജന്റെ ബന്ധുവും പികെ ശ്രീമതി ടീച്ചറുടെ മകനുമായി സുധീർ നമ്പ്യാരുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡി സ്ഥാനത്തെ നിയമനമാണ് വിവാദത്തിന് പുതു തലം നൽകിയത്. ഇതിനിടെയിൽ സിപിഎം നേതാക്കളിൽ ചിലരുടെ പേരുകളും വാർത്തയായി. ഇതിൽ സുധീർ നമ്പ്യാരുടെ പദവി മുഖ്യമന്ത്രി ഇടെപെട്ട് ഒഴിവാക്കുകയും ചെയ്തു. എന്നാൽ കോലിയക്കോടിന്റെ കുടുംബത്തിലുള്ളവർക്ക് ഒന്നും സംഭവിച്ചില്ല. അതിനിടെ കോലിയക്കോടിന്റെ മകന്റെ യോഗ്യതകൾ വീണ്ടും വിവാദങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്യുന്നു. ബ്രൂവറിക്ക് ഭൂമി അനുവദിച്ച നടപടിയിൽ ആരോപണവിധേയനായ കിൻഫ്ര ജനറൽ മാനേജർ (പ്രോജക്ട്‌സ്) ടി.ഉണ്ണിക്കൃഷ്ണൻ നിയമനം നേടിയതു തന്നെ വ്യാജരേഖയുടെ അടിസ്ഥാനത്തിലെന്ന് ആരോപണം. 1999ൽ ബിടെക് പാസായ ഉണ്ണിക്കൃഷ്ണൻ, 2002ൽ കിൻഫ്രയിൽ അസിസ്റ്റന്റ് മാനേജരായി ജോലി നേടിയത് 1996ൽ ബിരുദം പൂർത്തിയാക്കിയെന്നു വ്യാജ വിവരം നൽകിയാണെന്നാണു രേഖകൾ. സിപിഎം സംസ്ഥാന സമിതി അംഗവും മുൻ വാമനപുരം എംഎൽഎയുമായ കോലിയക്കോട് കൃഷ്ണൻ നായരുടെ മകനാണ് ഉണ്ണിക്കൃഷ്ണൻ എന്നത് വിവാദങ്ങൾക്ക് പുതിയ മുഖം നൽകുന്നത്.

ബിടെക് പാസായത് 1996ൽ എന്ന് ഉണ്ണിക്കൃഷ്ണൻ എഴുതി നൽകിയ രേഖ. ഉണ്ണിക്കൃഷ്ണൻ ബിടെക് പാസായത് 1998 ജൂണിലും '99 ജനുവരിയിലുമായി നടന്ന പരീക്ഷകളിലെന്നു വ്യക്തമാക്കുന്ന ബിരുദ സർട്ടിഫിക്കറ്റ്. അപേക്ഷയ്‌ക്കൊപ്പം ഇതു സമർപ്പിച്ചത് ഉണ്ണിക്കൃഷ്ണൻ തന്നെ. അസിസ്റ്റന്റ് മാനേജർ (സിവിൽ) തസ്തികയിലേക്ക് 2001 ഒക്ടോബർ 22നു കിൻഫ്ര പത്രപ്പരസ്യം നൽകി. സിവിൽ എൻജിനീയറിങ് ബിരുദവും 5 വർഷം പ്രവൃത്തിപരിചയവും യോഗ്യത. റിക്രൂട്‌മെന്റ് നടത്തിയതു കിറ്റ്‌കോ. 5 വർഷം പ്രവൃത്തിപരിചയത്തിന് ഏതാനും മാസത്തെ കുറവുള്ളവർ വരെ ഒഴിവാക്കപ്പെട്ടു. ഉണ്ണിക്കൃഷ്ണനു നിയമനം ലഭിച്ചു. 2002വരെ ഉണ്ണികൃഷ്ണന് എഞ്ചിനിയറിങ് മാത്രമായിരുന്നു യോഗ്യത. ആറു കൊല്ലം കൊണ്ട് എംബിഎയും എൽഎൽബിയും പിഎച്ച്ഡിയും പാസായി. ഇടതു സർക്കാരിന്റെ കാലത്ത്, 2007 നവംബറിൽ ഉണ്ണിക്കൃഷ്ണനു ഡപ്യൂട്ടി മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചു. 9 10 വർഷം പ്രവൃത്തിപരിചയമുള്ളവരെയാണു ഡപ്യൂട്ടി മാനേജരായി നിയമിക്കുകയെന്നിരിക്കെ, ആദ്യത്തെ തെറ്റായ വിവരത്തിന്റെ ആനുകൂല്യം അപ്പോഴും ലഭിച്ചു. മാനേജർ തസ്തികയിലേക്കു 2008 ജൂൺ നാലിനു കിൻഫ്ര പരസ്യം നൽകി. നിർദ്ദേശിച്ച യോഗ്യത ഇങ്ങനെ: സിവിൽ / ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം, എംബിഎ അല്ലെങ്കിൽ നിയമബിരുദം അഭികാമ്യം, 10 വർഷം പ്രവൃത്തിപരിചയം. ഡപ്യൂട്ടി മാനേജരായി ഒരു വർഷത്തിനകം, 2008 നവംബറിൽ ഉണ്ണിക്കൃഷ്ണൻ മാനേജർ (ടെക്‌നിക്കൽ) ആയി.

പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ 2016 ജൂലൈ 4ന്, ഉണ്ണിക്കൃഷ്ണനു കിൻഫ്ര രാജ്യാന്തര അപ്പാരൽ പാർക്കിന്റെ മാനേജിങ് ഡയറക്ടറുടെ അധികച്ചുമതല ലഭിച്ചു. ഓഗസ്റ്റ് 6നു കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിന്റെ ജനറൽ മാനേജരുടെ (പ്രോജക്ട്‌സ്) അധികച്ചുമതല ലഭിച്ചു. കഴിഞ്ഞ വർഷം മധ്യത്തോടെ ജനറൽ മാനേജർ തസ്തികയിൽ സ്ഥിരപ്പെട്ടു. ഇതെല്ലാം വീണ്ടും വിവാദത്തിന് ഇട നൽകുകയാണ്. വിജിലൻസിന്റെ ദ്രുത പരിശോധനയിലും ഇതെല്ലാം കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷണം മാത്രം നടന്നില്ല. ഇത്തരത്തിലൊരു ഉദ്യോഗസ്ഥനാണ് ബ്രൂവറി ചലഞ്ചിൽ അകപ്പെടുന്നത്. ഇതിനൊപ്പമാണ് കോലിയക്കോടിന്റെ സഹോദരി മകനായ ജയകുമാറാണ് നിയമോപദേശം നൽകിയതെന്ന വാദവും ഉയരുന്നത്. ഇതോടെ ഈ കുടുംബം ആകെ വിവാദത്തിലാവുകയാണ്.

1998 സെപ്റ്റംബർ 28നാണ് ബ്രൂവറിക്ക് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അന്നത്തെ നികുതി വകുപ്പ് സെക്രട്ടറി നടരാജനാണ് ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത്. ബ്രൂവറിക്ക് അനുമതി നൽകിക്കഴിഞ്ഞാൽ പിന്നീടുഉള്ളതെല്ലാം സാങ്കേതിക കാര്യങ്ങളാണ്. നായനാരുടെ കാലത്ത്, 98 ൽ കൊടുത്ത അനുമതി അനുസരിച്ചുള്ള ലൈസൻസാണ് 2003ൽ നൽകിയത്. അത് നൽകാൻ കമ്മീഷണർ ബാധ്യസ്ഥനാണ്. അതായത് 1008ൽ നിയമ സെക്രട്ടറി അനുവദിച്ചു. എന്നാൽ ഇപ്പോൾ നിയമ സെക്രട്ടറി അറിഞ്ഞതു പോലുമില്ല. ഇതാണ് വിവാദത്തിന് പുതിയ തലം നൽകുന്നത്. തൃശൂരിൽ ഡിസ്റ്റിലറിക്കു ശ്രീചക്ര കമ്പനിക്ക് അനുമതി നൽകിയതു നിയമാനുസൃത പരിശോധനകൾ പോലുമില്ലാതെയെന്നും വ്യക്തമാണ്.. എക്സൈസിന്റെ ജില്ലാ മേധാവിയായ ഡപ്യൂട്ടി കമ്മിഷണർക്കു വിശദ പദ്ധതിരേഖ സഹിതം അപേക്ഷ നൽകണമെന്നാണു വ്യവസ്ഥ. എത്ര ഏക്കർ, അതിന്റെ വില്ലേജ്/ സർവേ വിവരങ്ങൾ, കരം അടച്ച രസീത്, ജലവൈദ്യുതി ലഭ്യത, തദ്ദേശസ്ഥാപന ലൈസൻസ്, പരിസ്ഥിതിവകുപ്പിന്റെ നിരാക്ഷേപപത്രം എന്നിവ പദ്ധതിരേഖയിൽ വേണം. ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ സ്ഥലപരിശോധന നടക്കണം. ഇതൊന്നും ശ്രീചക്ര പാലിച്ചതുമില്ല. ഇതും ഇടത് സർക്കാരിനെ വിവാദത്തിൽ നിർത്തുകയാണ്.

കേരളത്തിന്റെ വിദേശമദ്യത്തിന് പുറംരാജ്യങ്ങളിൽ ആവശ്യക്കാരേറെയുണ്ടെന്ന് കാണിച്ച് നൽകിയ അപേക്ഷയിലാണ് ശ്രീചക്ര ഡിസ്റ്റലറീസിന് അനുമതി നൽകിയത്. സംസ്ഥാനത്തെ വെള്ളം നല്ല വിദേശമദ്യമുണ്ടാക്കാൻ അനുയോജ്യമാണെന്ന അപേക്ഷയിലെ പരാമർശം എക്‌സൈസും അംഗീകരിച്ചു. അതിനിടെ ഈ ശ്രീ ചക്ര ഡിസ്റ്റലറീസിന്റെ നിലവിലെ ഓഫീസ് പെരുമ്പവൂരിലെ ഒറ്റമുറി കടയിലാണെന്നും വ്യക്തമായി. ഇതോടെ അപേക്ഷിച്ച കമ്പനികളുടെ കരുത്ത് പോലും തിരിച്ചറിയാതെയാണ് ഡിസ്റ്റ്‌ലറികൾ അനുവദിച്ചതെന്നും വ്യക്തമായി. ഇതും ആരോപണങ്ങൾക്ക് പുതു മാനം നൽകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP