Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെന്നൈ, മധുര, ഈറോഡ്, മംഗളൂരു, ബെംഗളൂരു, പുതുച്ചേരി എന്നിവിടങ്ങളിലേക്കു രേഖകളില്ലാതെ സമാന്തര സർവീസ് നടത്തുന്നത് അനേകം ബസുകൾ; അപകട സാധ്യത കൂട്ടി പാചകവാതക സിലിണ്ടറും കടത്തുന്നു; മിക്ക വാഹനങ്ങളും ഓടുന്നത് പെർമിറ്റ് അനുവദിച്ച ഭാഗങ്ങളിലൂടെയല്ലെന്നും വ്യക്തം; ഡ്രൈവർമാരിൽ നിന്ന് ലഹരി ഉൽപന്നങ്ങളും പിടികൂടി അധികൃതർ; 5000 പിഴ ചട്ടത്തിൽ നിയമ ലംഘനം തുടർന്ന് അന്തർ സംസ്ഥാന ബസുകൾ; വിവാദം ആളിക്കത്തിയിട്ടും കുലുക്കമില്ലാതെ കല്ലട സുരേഷും മുതലാളിമാരും

ചെന്നൈ, മധുര, ഈറോഡ്, മംഗളൂരു, ബെംഗളൂരു, പുതുച്ചേരി എന്നിവിടങ്ങളിലേക്കു രേഖകളില്ലാതെ സമാന്തര സർവീസ് നടത്തുന്നത് അനേകം ബസുകൾ; അപകട സാധ്യത കൂട്ടി പാചകവാതക സിലിണ്ടറും കടത്തുന്നു; മിക്ക വാഹനങ്ങളും ഓടുന്നത് പെർമിറ്റ് അനുവദിച്ച ഭാഗങ്ങളിലൂടെയല്ലെന്നും വ്യക്തം; ഡ്രൈവർമാരിൽ നിന്ന് ലഹരി ഉൽപന്നങ്ങളും പിടികൂടി അധികൃതർ; 5000 പിഴ ചട്ടത്തിൽ നിയമ ലംഘനം തുടർന്ന് അന്തർ സംസ്ഥാന ബസുകൾ; വിവാദം ആളിക്കത്തിയിട്ടും കുലുക്കമില്ലാതെ കല്ലട സുരേഷും മുതലാളിമാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ്' എന്ന പേരിൽ മോട്ടർ വാഹന വകുപ്പ് ഇന്നും സംസ്ഥാനത്തുടനീളം പരിശോധന തുടരുന്നു. അന്തർ സംസ്ഥാന ബസുകളെ രാത്രിയിലും പരിശോധിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 259 ബസുകൾക്കെതിരെ കേസ് എടുക്കുകയും ചെയ്തു.. ചേർത്തലയിൽ കല്ലടയുടെ രണ്ടെണ്ണമടക്കം 12 ബസുകൾ പിടിച്ചെടുത്തു. വിവിധ സ്ഥലങ്ങളിലായി പരിശോധനകളിൽ 3.74 ലക്ഷം രൂപ പിഴ ചുമത്തി. ലൈസൻസില്ലാത്ത 46 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി.

കല്ലട സുരേഷ് ബസിൽ യാത്രക്കാരെ മർദ്ദിച്ചത് പുറം ലോകത്ത് എത്തിയതോടെയാണ് വിഷയം വിവാദമായത്. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന തുടങ്ങിയത്. കോൺട്രാക്ട് കാര്യേജ് ലൈസൻസിന്റെ മറവിൽ സ്റ്റേജ് കാര്യേജ് സർവീസ് നടത്തിയെന്നതാണു കണ്ടെത്തിയ പ്രധാന നിയമലംഘനം. കോൺട്രാക്ട് കാര്യേജ് ലൈസൻസിൽ ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ നിന്ന് ആളെ കയറ്റാൻ പാടില്ല. ചരക്കു കൊണ്ടുപോകുന്നിനും വിലക്കുണ്ട്. എന്നാൽ പരമാവധി 5000 രൂപ പിഴ ഈടാക്കാൻ മാത്രമാണു വ്യവസ്ഥയുള്ളത്. ഈ പഴുതുപയോഗിച്ച് ചരക്ക് ഇപ്പോഴും കൊണ്ടു പോകുന്നു. എന്നാൽ ഒരിക്കൽ പിഴ അടച്ച ശേഷം ചരക്കുമായി ഇവ വീണ്ടും സർവീസ് നടത്തിയാൽ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറയുന്നു.

കോട്ടയം ജില്ലയിലൂടെ കടന്നു പോകുന്ന സ്റ്റേജ് കാരിയേജ് ബസുകളിൽ മോട്ടോർ വാഹന വകുപ്പു പരിശോധന നടത്തി. ബൂധനാഴ്ച രാത്രി ആരംഭിച്ച പരിശോധന ഇന്നലെ വൈകിട്ടു വരെ നീണ്ടു. കുമളി ചെക് പോസ്റ്റ് വഴി പോയ സുരേഷ് കല്ലട ഗ്രൂപ്പിന്റെ 6 ബസുകൾക്ക് 5000 രൂപ വീതം പിഴ ചുമത്തി. കൊല്ലത്ത് ക്രമക്കേടു കണ്ടെത്തിയ ബസുകൾ 6; 25,000 രൂപ പിഴ ഈടാക്കി. ചേർത്തലയിൽ 8 ടൂറിസ്റ്റ് ബസുകളും 4 സംസ്ഥാനാന്തര ബസുകളുമാണു പിടിച്ചെടുത്തത്. കെഎസ്ആർടിസിക്കു സമാന്തരമായി ചെന്നൈ, മധുര, ഈറോഡ്, മംഗളൂരു, ബെംഗളൂരു, പുതുച്ചേരി എന്നിവിടങ്ങളിലേക്കു രേഖകളില്ലാതെ സർവീസ് നടത്തിയ ബസുകളാണിവ. നിരോധിത എയർ ഹോണുകളും ഗാർഹിക പാചകവാതക സിലിണ്ടറുകളും വരെ കണ്ടെത്തി. കേരളത്തിൽ ഉടനീളം പരിശോധന നടക്കുകയാണ്.

വാളയാർ ടോൾ പ്ലാസയ്ക്കു സമീപം രാത്രി നടത്തിയ പരിശോധനയിൽ മാത്രം പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച 119 ബസുകൾ പിടിച്ചു. 26 എണ്ണത്തിൽ നിന്ന് 1.30 ലക്ഷം രൂപ പിഴ ഈടാക്കി. എറണാകുളം ആർടിഒയുടെ പരിധിയിൽ ലൈസൻസ് ഇല്ലാത്ത 45 ബുക്കിങ് ഏജൻസി ഓഫിസുകൾക്കു നോട്ടിസ് നൽകി. 11 ബസുകൾക്കെതിരെ കേസെടുക്കുകയും 35,000 രൂപ പിഴ ചുമത്തുകയും ചെയ്തു. തിരുവല്ലയിൽ ആറും പത്തനംതിട്ട, അടൂർ, പന്തളം എന്നിവിടങ്ങളിൽ ഒന്നു വീതവും ബസുകൾക്കെതിരെ നടപടിയെടുത്തു. പത്തനംതിട്ടയിൽ അഞ്ചും അടൂരിൽ നാലും ബുക്കിങ് ഓഫിസുകൾക്ക് നോട്ടിസ് നൽകി. ലൈസൻസ് 3 ദിവസത്തിനകം ഹാജരാക്കിയില്ലെങ്കിൽ അടച്ചുപൂട്ടേണ്ടിവരും.

മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ 4 സംഘങ്ങളായി നടത്തിയ പരിശോധനയിൽ പെർമിറ്റ് അനുവദിച്ച ഭാഗങ്ങളിലൂടെയല്ല മിക്ക ബസുകളും സഞ്ചരിക്കുന്നതെന്നു വ്യക്തമായി. ഡ്രൈവർമാരിൽ നിന്ന് ലഹരി ഉൽപന്നങ്ങളും പിടികൂടി. ജില്ലയിലേക്കുള്ള സർവീസുകളും ജില്ലയിൽ നിന്നുള്ള സർവീസുകളും പരിശോധിക്കുന്നുണ്ട്. ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവരുടെ പെരുമാറ്റത്തെക്കുറിച്ച് യാത്രക്കാരിൽനിന്ന് ചോദിച്ചറിഞ്ഞു. മോശമായി പെരുമാറിയ നിരവധി ബസ് ജീവനക്കാരെ താക്കീത് നൽകി വിട്ടയച്ചു. വരും ദിവസങ്ങളിലും ദേശീയപാതയിൽ ശക്തമായ പരിശോധന തുടരുംു. പാലിയേക്കര ടോൾ പ്ലാസയിൽ ദിവസവും വാഹനപരിശോധന നടത്തും. പൊലീസും റോഡ് ട്രാൻസ്പോർട്ട് എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തുക.

പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച അടൂർ--ബംഗളൂരു കല്ലട ബസിനെതിരെ കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. സാധാരണ റൂട്ട് ബസുകളിൽ ടിക്കറ്റ് നൽകി ആളുകളെ കയറ്റുന്നതുപോലെ പണം ഈടാക്കി ആളുകളെ കയറ്റിയത് കണ്ടെത്തിയതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ഇത് പെർമിറ്റ് ലംഘനമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ 5000 രൂപ പിഴ അടക്കാൻ നിർദ്ദേശിച്ചതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. ബസ് ഓപറേറ്റർമാക്ക് ലൈസൻസ്ഡ് ഏജന്റ് ഫോർ പബ്ലിക്ക് ട്രാൻസ്‌പോർട്ട്(എൽഎപിടി) എന്ന പ്രത്യേക ലൈസൻസ് എടുക്കണമെന്നുകാട്ടി മോട്ടോർ വാഹനവകുപ്പ് നോട്ടീസും നൽകിയിട്ടുണ്ട്.

നിയമലംഘനം നടത്തുന്ന അന്തർസംസ്ഥാന സ്വകാര്യ ബസ് സർവീസുകൾ കണ്ടെത്താനുള്ള ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സിൽ ബുധനാഴ്ചവരെ രജിസ്റ്റർ ചെയ്തത് 259 കേസുകൾ. 3.74 ലക്ഷം രൂപ പിഴ ഈടാക്കിയതായും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പൊലീസ് സഹകരണത്തോടെ മോട്ടോർ വാഹന വകുപ്പാണ് പരിശോധന നടത്തുന്നത്. 9 ചെക്‌പോസ്റ്റുകളിൽ പരിശോധന നടത്തി. ചരക്ക് കടത്തിയ മൂന്ന് ബസുകൾക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. എൽഎപിടി ലൈസൻസില്ലാതെ പ്രവർത്തിച്ച 46 ടിക്കറ്റ്ബുക്കിങ് എജൻസികൾക്ക് നോട്ടീസ് നൽകി. ഒരാഴ്ചക്കുള്ളിൽ മതിയായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ഈ ഏജൻസികൾ അടച്ചുപൂട്ടും.

അന്തർസംസ്ഥാന ബസുകൾ റദ്ദാക്കരുതെന്ന് കെഎസ്ആർടിസിക്ക് കർശനനിർദ്ദേശം നൽകി. റദ്ദാക്കേണ്ടിവന്നാൽ പകരം ബസ് ലഭ്യമാക്കണം. വാടകയ്ക്ക് ഓടുന്ന എല്ലാ ബസുകളും ഇപ്പോൾ ലഭ്യമല്ല. കേടായ ബസുകൾക്ക് പകരം ബസുകൾ നൽകിയില്ലെങ്കിൽ വാടക ബസ് കരാർ റദ്ദാക്കുമെന്ന് മഹാവോയേജ് കമ്പനിക്ക് നോട്ടീസ് നൽകിയതായും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP