Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സീറ്റുകൾക്ക് അനുസൃതമായി മാത്രമേ യാത്രക്കാരെ കയറ്റൂ; നിന്നുള്ള യാത്ര അനുവദിക്കില്ല; ബസ് ടെർമിനലുകളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും യാത്രക്കാർക്ക് കൈകഴുകാൻ സൗകര്യം ഒരുക്കുകയും വേണം; ആരോഗ്യ സേതു ആപ്പുമായി ബസുകൾ ഓടി തുടങ്ങി; കേരളം കോവിഡിനൊപ്പം ജില്ലകൾക്ക് അപ്പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ

സീറ്റുകൾക്ക് അനുസൃതമായി മാത്രമേ യാത്രക്കാരെ കയറ്റൂ; നിന്നുള്ള യാത്ര അനുവദിക്കില്ല; ബസ് ടെർമിനലുകളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും യാത്രക്കാർക്ക് കൈകഴുകാൻ സൗകര്യം ഒരുക്കുകയും വേണം; ആരോഗ്യ സേതു ആപ്പുമായി ബസുകൾ ഓടി തുടങ്ങി; കേരളം കോവിഡിനൊപ്പം ജില്ലകൾക്ക് അപ്പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ടു ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി. ഫാസ്റ്റ്, ഓർഡിനറി ബസുകൾ ഓടിത്തുടങ്ങി. രാവിലെ അഞ്ചുമുതൽ രാത്രി ഒമ്പതുവരെയാണ് യാത്രാനുമതി. സ്വകാര്യബസുകളും ഇതേ രീതിയിൽ രണ്ടുജില്ലകളിലേക്ക് ഓടുന്നുണ്ട്. സാമൂഹികാകലം പാലിക്കുന്നതിന് യാത്രക്കാരെ കുറച്ചതുകാരണമുള്ള നഷ്ടം നികത്താൻ ടിക്കറ്റ് നിരക്ക് കൂട്ടിയത് റദ്ദാക്കി. അതായത് കേരളം പൂർണ്ണ തോതിൽ സജീവമാകുകയാണ്. കണ്ടെയ്ന്മെന്റ് സോണുകളിൽനിന്ന് യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ല. ആരോഗ്യവകുപ്പ് ജീവനക്കാരുൾപ്പെടെ അവശ്യസർവീസുകളിലുള്ളവർക്ക് ഈ നിയന്ത്രണം ബാധകമല്ല.

സീറ്റുകൾക്ക് അനുസൃതമായി മാത്രമേ യാത്രക്കാരെ കയറ്റൂ. നിന്നുള്ള യാത്ര അനുവദിക്കില്ല. രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒരാളെമാത്രം അനുവദിച്ചിരുന്നത് അവസാനിപ്പിക്കും. 3പ്ലസ് ടു എന്ന സീറ്റിങ് ക്രമമാണ് ഫാസ്റ്റുകളിൽ. ഒരു സീറ്റിൽ മൂന്ന് യാത്രക്കാർ അടുത്തിരിക്കേണ്ടിവരും. ഇത് രോഗ്യവ്യാപനമുണ്ടാക്കുമെന്ന ആശങ്കയുണ്ട്. 1037 ഫാസ്റ്റ് പാസഞ്ചറുകളും 2,190 ഓർഡിനറി ബസുകളും ബുധനാഴ്ച ഓടി തുടങ്ങി. ജില്ലാ അതിർത്തികളിൽനിന്ന് ആരംഭിക്കുന്ന ഓർഡിനറി ബസുകൾ അടുത്ത ജില്ലകളിലേക്ക് സർവീസ് നടത്തും. നേരത്തേ ജില്ലകളിൽ മാത്രമായി യാത്ര നിയന്ത്രിച്ചിരുന്നതിനാൽ ഇവ ഓടിയിരുന്നില്ല.

ഷെഡ്യൂൾ പുനഃക്രമീകരണത്തിന്റെ ഭാഗമായി ഫാസ്റ്റുകളെ രണ്ട് ജില്ലകളിൽ ഓടുന്ന വിധത്തിൽ നേരത്തേ ക്രമീകരിച്ചിരുന്നു. ഈ റൂട്ടുകളാണ് പുനരാരംഭിക്കുന്നത്. സൂപ്പർഫാസ്റ്റ്, ഡീലക്‌സ് എന്നിവയില്ല. ലോക്ഡൗൺ ഇളവുകൾക്ക് അനുസൃതമായി ഇവ ഓടിത്തുടങ്ങും. ഡ്രൈവർമാർക്കും യാത്രക്കാർക്കും മാർഗനിർദേശവുമായി ഗതാഗതവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.. ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവരിൽ രോഗബാധ കൂടുതലായി കണ്ടെത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. യാത്രക്കാർ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം. യാത്രക്കാർക്കുള്ള നിർദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ ബസ് ടിക്കറ്റിനൊപ്പം നൽകണം. ബസിലും ബസ് ടെർമിനലിലും കൊറോണ മുൻകരുതൽ സംബന്ധിച്ച അനൗൺസ്മെന്റ് നടത്തണം. ഇതരസംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും എത്തുന്നവർക്ക് തെർമൽ സ്‌ക്രീനിങ് നടത്തി രോഗലക്ഷണങ്ങളില്ലാത്തവരെയാണ് ബസുകളിൽ കയറ്റേണ്ടത്.

ബസ് ടെർമിനലുകളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും യാത്രക്കാർക്ക് കൈകഴുകാൻ സൗകര്യം ഒരുക്കുകയും വേണം. ടെർമിനലുകൾ പതിവായി അണുവിമുക്തമാക്കണം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സതേടണം. രോഗബാധിതരെ ആംബുലൻസിൽ ആശുപത്രികളിൽ എത്തിക്കണം. ഡ്രൈവർമാർ, കണ്ടക്ടർമാർ, ശുചീകരണത്തൊഴിലാളികൾ, സഹായികൾ എന്നിവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ടാക്‌സികളിൽ മുൻസീറ്റിൽ ആരെയും ഇരിക്കാൻ അനുവദിക്കരുത്. യാത്രക്കാരുടെ ലഗേജോ മറ്റ് വസ്തുക്കളോ ഡ്രൈവർമാർ കൈകാര്യം ചെയ്യരുത്. ചെയ്യാനിടവന്നാൽ കൈകൾ ഉടൻതന്നെ വൃത്തിയാക്കണം. കൂടുതൽ യാത്രക്കാരുമായി പോകുന്ന വാഹനങ്ങളിൽ പോളികാർബൺ ഷീറ്റ് പോലെയുള്ളവ ഉപയോഗിച്ച് ഡ്രൈവറുടെ കാബിൻ വേർതിരിക്കണം. വാഹനങ്ങളിൽ എ.സി.ഉപയോഗിക്കാൻ പാടില്ല.

യാത്രക്കാർ വാഹനത്തിൽ കയറുംമുൻപ് ഡ്രൈവർ സാനിറ്റൈസർ നൽകണം. വാഹനങ്ങൾക്കുള്ളിൽ ഭക്ഷണം കഴിക്കാൻ അനുവദിക്കരുത്. യാത്രക്കാരുമായി ഹസ്തദാനമോ ആലിംഗനമോ പാടില്ല. ഓരോദിവസവും വാഹനത്തിൽ കയറുന്ന യാത്രക്കാരുടെ പേര്, സ്ഥലം, ഫോൺനമ്പർ എന്നിവ ഡ്രൈവർമാർ രേഖപ്പെടുത്തിവയ്ക്കണം. ഓരോ യാത്ര കഴിയുമ്പോഴും വാഹനം അണുവിമുക്തമാക്കണം. യാത്രക്കാർ മാസ്‌ക്, സാനിറ്റൈസർ എന്നിവ കരുതണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP