Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വകാര്യ ബസ് ഉടമകളുടെ വക്കീൽ ജഡ്ജി ആയപ്പോൾ മുതലാളിമാർ തടിച്ചുകൊഴുത്തു; റിട്ടയർ ചെയ്തപ്പോൾ ഫെയർ റിവിഷൻ ചെയർമാനായി വീണ്ടും സഹായം: ഡീസൽ വില ഇടിഞ്ഞിട്ടും നിരക്കു കുറയ്ക്കാത്തതിന്റെ പിന്നിലെ കളികൾ ഇങ്ങനെയൊക്കെ

സ്വകാര്യ ബസ് ഉടമകളുടെ വക്കീൽ ജഡ്ജി ആയപ്പോൾ മുതലാളിമാർ തടിച്ചുകൊഴുത്തു; റിട്ടയർ ചെയ്തപ്പോൾ ഫെയർ റിവിഷൻ ചെയർമാനായി വീണ്ടും സഹായം: ഡീസൽ വില ഇടിഞ്ഞിട്ടും നിരക്കു കുറയ്ക്കാത്തതിന്റെ പിന്നിലെ കളികൾ ഇങ്ങനെയൊക്കെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സാധാരണക്കാരനു പ്രയോജനമുള്ള കാര്യങ്ങളൊന്നും ചെയ്യാൻ സർക്കാരിനു മാത്രമല്ല, സർക്കാർ നിയോഗിക്കുന്ന വിവിധ കമ്മിഷനുകൾക്കുമില്ല എന്നതു വ്യക്തമാക്കുകയാണ് ബസ് നിരക്കിനെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച എം രാമചന്ദ്രൻ കമ്മിഷൻ. ജഡ്ജിമാരുടെ വ്യക്തി താൽപര്യങ്ങൾ കോടതിവിധിയെ സ്വാധീനിക്കാറുണ്ടെന്ന ആക്ഷേപം നിലനിൽക്കെ, റിട്ടയർ ചെയ്താലും ഇവരുടെ മാനസികാവസ്ഥ മാറില്ലെന്നുതന്നെയാണ് ബസ് ഫെയർ റിവിഷൻ കമ്മിഷന്റെ നിലപാടുകൾ ചൂണ്ടിക്കാട്ടുന്നത്.

പെട്രോൾ, ഡീസൽ വിലകൾ അടിക്കടി കുറയുന്നത് സ്ഥിരമായ പ്രതിഭാസമാണെന്ന് ഉറപ്പില്ലാത്തതിനാൽ ബസ്, ടാക്‌സി നിരക്കുകളിൽ ഒരു രൂപ പോലും കുറയ്‌ക്കേണ്ടെന്നാണ് ജസ്റ്റിസ് എം രാമചന്ദ്രൻ ചെയർമാനായ ഫെയർ റിവിഷൻ കമ്മിഷന്റെ നിലപാട്. ഇതു സംബന്ധിച്ച റിപ്പോർട്ട് ഈ മാസം അവസാനം സർക്കാരിന് സമർപ്പിക്കാനൊരുങ്ങുകയാണ് കമ്മിഷൻ.

ഡീസൽവില ഏറെ താഴ്ന്നിട്ടും യാത്രാനിരക്ക് കുറയ്ക്കാൻ തയ്യാറാകാതെ സ്വകാര്യ ബസ് ഉടമകളുടെയും ഗതാഗത വകുപ്പിന്റെയും നിലപാടിൽ ജനങ്ങൾക്കിടയിൽ അമർഷം പുകയുമ്പോഴും ചാർജ്ജ് കുറയ്ക്കാതിരിക്കാൻ തിരുവഞ്ചൂർ കാരണമായി ചൂണ്ടിക്കാട്ടുന്നത് റിട്ട. ജസ്റ്റിസ് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ റിപ്പോർട്ടിനെയാണ്. ബസ് ഉടമകൾക്ക് തീർത്തും അനുകൂലമാണ് ഈ റിപ്പോർട്ടെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നതാണ്.

വിവിധ തലങ്ങളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ നിലവിലുള്ള നിരക്കുകൾ സഹിക്കുന്നതായിരിക്കും അഭികാമ്യമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്റെ നിലപാട്. നിലവിലുള്ള സാഹചര്യത്തിൽ നിരക്ക് കുറയ്‌ക്കേണ്ടതില്ലെന്നും ജസ്റ്റിസ് രാമചന്ദ്രൻ സൂചിപ്പിക്കുന്നു.

വക്കീലായിരുന്നപ്പോൾ സ്വകാര്യ ബസ് ഉടമകളുടെ കേസുകളായിരുന്നു ഇദ്ദേഹം വാദിച്ചിരുന്നത്. ജഡ്ജിയായപ്പോൾ വന്ന വിധികളെല്ലാം ബസുടമകളെ സഹായിക്കുന്ന തരത്തിലായിരുന്നു. ഹൈക്കോടതിയിൽ നിന്നും റിട്ടയർ ചെയ്ത വേളയിൽ ഇദ്ദേഹത്തെ തന്നെ ബസ് ഗതാഗത മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാനുള്ള കമ്മിറ്റി ചെയർമാനായും നിയോഗിച്ചത് സ്വകാര്യ ബസുടമകൾക്കു വീണ്ടും തടിച്ചു കൊഴുക്കാനുള്ള അവസരമാണ് ഉണ്ടാക്കിയത്. ഇദ്ദേഹം നൽകിയ റിപ്പോർട്ടുകളാണ് കെഎസ്ആർടിസിയുടെ നിലനിൽപ്പിനെ പോലും അപകടത്തിലാക്കുന്നതെന്ന വിധത്തിലേക്ക് എത്തിച്ചതെന്നും ആക്ഷേപം ഉയർന്നിരുന്നു.

എണ്ണവില കുറയുന്ന സാഹചര്യത്തിൽ ബസ് ചാർജ്, ഓട്ടോ, ടാക്‌സി നിരക്കുകൾ കുറയ്ക്കുന്ന കാര്യം പരിശോധിക്കാൻ കഴിഞ്ഞ ജനുവരിയിലാണ് സർക്കാർ കമ്മിഷനോട് നിർദ്ദേശിച്ചത്. ജസ്റ്റിസ് എം രാമചന്ദ്രന് പുറമേ നാട്പാക് എൻജിനിയർ ടി. ഇളങ്കോവൻ, പ്രൊഫ. എ.ബി. പ്രകാശ്. ട്രാൻസ്‌പോർട്ട് കമ്മിഷണർ ആർ. ശ്രീലേഖ എന്നിവരാണ് മറ്റ് അംഗങ്ങൾ. എ.ബി. പ്രകാശ് കേന്ദ്ര സർവീസിലേക്ക് പോകുന്നതിനാൽ ഒഴിവ് നികത്തുന്ന മുറയ്ക്കായിരിക്കും കമ്മിഷൻ യോഗം ചേർന്ന് അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.

നിരക്കിൽ ഒരു രൂപ കുറച്ചാൽ പോലും ആയിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുമെന്ന ബസ് ഉടമകളുടെ വാദമാണ് കമ്മിഷൻ മുഖവിലയ്‌ക്കെടുത്തത്. നിരക്കുവർധനയുടെ പേരിൽ സാധാരണക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളൊന്നും കണക്കിലെടുക്കാൻ കമ്മിഷൻ തയ്യാറായില്ല എന്നുവേണം കരുതാൻ.

ഓരോ യാത്രക്കാരനും ഓരോ രൂപ എടുക്കുന്നതിനാൽ അത് വലിയ ബാദ്ധ്യതയാകില്ലെന്നാണു വാദഗതി. വേതന വർദ്ധന ആവശ്യപ്പെട്ട് ഈമാസം 25 ന് തൊഴിലാളികൾ സമരം പ്രഖ്യാപിച്ചിരിക്കുന്നതും നിരക്കു കുറയ്ക്കാതിരിക്കുന്നതിനുള്ള കള്ളക്കളിയുടെ ഭാഗമാണെന്നും വിലയിരുത്തലുണ്ട്. നിരക്കുവർധന ആവശ്യപ്പെട്ടതു നിരക്കു കുറയ്ക്കുന്നതു ഒഴിവാക്കാൻ വേണ്ടിയാണ്.

പാസഞ്ചേഴ്‌സ് അസോസിയേഷൻ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവ നിരക്ക് കുറയ്ക്കണമെന്ന് സിറ്റിംഗിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും അതു പരിഗണിച്ചില്ല. കോൺഗ്രസ് അനുകൂല ബസുടമാ സംഘടന നിരക്ക് കുറയ്‌ക്കേണ്ടെന്നും വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടണമെന്നും കമ്മിഷനിൽ എഴുതി നൽകിയിട്ടുണ്ടെന്നാണു വിവരം.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയുന്നത് സ്ഥിരം പ്രതിഭാസമാണെന്ന് ഉറപ്പില്ലെന്ന വാദഗതിക്കൊപ്പം നിരക്കു കുറയ്ക്കാതിരിക്കാനായി പറയുന്ന കാരണങ്ങൾ ഇതൊക്കെയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില മാത്രമാണ് കുറഞ്ഞത്. മൊത്തത്തിലുള്ള ചെലവിൽ കാര്യമായ കുറവു വന്നിട്ടില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറഞ്ഞതോടെ വാഹന ഉടമകൾക്ക് എട്ടു ശതമാനത്തിൽ താഴെയാണ് ചെലവ് കുറഞ്ഞത്. പത്തു ശതമാനത്തിൽ താഴെ ചെലവു കുറഞ്ഞാൽ മാത്രം നിരക്ക് കുറയ്ക്കുന്നത് പരിഗണിച്ചാൽ മതി. മറ്റ് സംസ്ഥാനങ്ങളിലും നിരക്ക് കുറച്ചിട്ടില്ല എന്ന വസ്തുതയും നിരക്കു കുറയ്ക്കാതിരിക്കാൻ പരിഗണിച്ചുവെന്ന വാദമാണ് കമ്മിഷന്റേത്.

സ്വകാര്യ ബസ് ഉടമകളുടെ വക്കീലായിരുന്ന ആളിൽ നിന്നും നീതി ലഭിക്കുമെന്ന ചോദ്യമാണ് സാധാരണക്കാർ ഉയർത്തുന്നത്. സ്വകാര്യ ബസുകളെ സഹായിക്കാൻ എടുക്കുന്ന ഓരോ തീരൂമാനവും കെഎസ്ആർടിസിയെ കൂടുതൽ ദുർബലമാക്കുമെന്നതും വസ്തുതയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP