Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്യൂണിസം പലപ്പോഴും ഫാസിസത്തേക്കാൾ ഭീകരമാവും; മുതലാളിമാരെയും പിന്തിരിപ്പന്മാരെയും കൊന്നൊടുക്കണം എന്ന ലെനിന്റെ നയം തന്നെയാണ് അതിലും ക്രൂരമായി സ്റ്റാലിൻ നടപ്പാക്കിയത്; ബലപ്രയോഗത്തിലൂടെ തൊഴിലാളി വർഗ ഭരണകൂടം ഉണ്ടാക്കുമെന്ന മാർക്സിന്റെ ആശയമാണ് ഇതിന്റെ അടിസ്ഥാനം; മാർക്‌സിസം ശാസ്ത്ര വിരുദ്ധവുമാണ്; ചെഗുവേരയെ കൊലയാളിയെന്ന് വിളിച്ചാൽ നിഷേധിക്കാനാവില്ല; മാർക്‌സിസം ലെനിനിസത്തെ നിശിതമായി വിമർശിച്ച് പുതിയ സംവാദമുഖം തുറന്ന് വീണ്ടും സി.രവിചന്ദ്രൻ

കമ്യൂണിസം പലപ്പോഴും ഫാസിസത്തേക്കാൾ ഭീകരമാവും; മുതലാളിമാരെയും പിന്തിരിപ്പന്മാരെയും കൊന്നൊടുക്കണം എന്ന ലെനിന്റെ നയം തന്നെയാണ് അതിലും ക്രൂരമായി സ്റ്റാലിൻ നടപ്പാക്കിയത്; ബലപ്രയോഗത്തിലൂടെ തൊഴിലാളി വർഗ ഭരണകൂടം ഉണ്ടാക്കുമെന്ന മാർക്സിന്റെ ആശയമാണ് ഇതിന്റെ അടിസ്ഥാനം; മാർക്‌സിസം ശാസ്ത്ര വിരുദ്ധവുമാണ്; ചെഗുവേരയെ കൊലയാളിയെന്ന് വിളിച്ചാൽ നിഷേധിക്കാനാവില്ല; മാർക്‌സിസം ലെനിനിസത്തെ നിശിതമായി വിമർശിച്ച് പുതിയ സംവാദമുഖം തുറന്ന് വീണ്ടും സി.രവിചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരൂർ: കമ്യൂണിസം പലപ്പോഴും ഫാസിസത്തേക്കാൾ ഭീകരമാവുമെന്നും രണ്ടിലും ഒരുപാട് സമാനതകൾ കണ്ടെത്താൻ ആവുമെന്നും എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ അഭിപ്രായപ്പെട്ടു. ശാസ്ത്ര സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബലിന്റെ നേതൃത്വത്തിൽ തിരൂർ ടൗൺഹാളിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊപ്പേ(കൊതിപ്പിക്കൽ പേടിപ്പിക്കൽ) 2019 എന്ന് പേരിട്ട സെമിനാറിൽ 'ഫാസ്റ്റിസം' ( ഫാസിസം പ്ലസ് സ്റ്റാലിനിസം) എന്ന തലക്കെട്ടിൽ നടത്തിയ പ്രഭാഷണത്തിലാണ് സി രവിചന്ദ്രൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഹിറ്റ്‌ലറും സ്റ്റാലിനും ഒരുപാട് സമാനതകൾ ഉണ്ട്. ഏകാധിപത്യം, സൈനികാധിപത്യം, രാജ്യദ്രോഹികളെയും പൊതുശത്രുവിനെയും സൃഷ്ടിക്കൽ, കൂട്ടക്കൊലകൾ, രഹസ്യപ്പൊലീസ്, ശാസ്ത്രവിരുദ്ധത തുടങ്ങിയ ഒരുപാട് ഘടകങ്ങൾ. രണ്ടിനും കൃത്യമായ പ്രത്യയ ശാസ്ത്ര പിൻബലവുമുണ്ട്. പല വിദേശ ഓൺലൈൻ സൈറ്റുകളിലും കമ്യൂണിസം ഫാസിസത്തേക്കൾ ഭീകരമാണോ എന്ന രീതിയിൽ ചർച്ചകൾ നടക്കുന്നുണ്ട്. പലപ്പോഴും അതെ എന്നാണ് ഭൂരിപക്ഷ അഭിപ്രായം-സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

ഭീതിയുടെ മേലെ ഭീതി വിതച്ചാണ് സോവിയറ്റ് യൂണിയനിൽ സ്റ്റാലിൻ ആധിപത്യം ഉറപ്പിച്ചത്. സ്വന്തം പാർട്ടിയിലെ നേതാക്കളെയും സൈനിക ജനറൽമാരെയും എന്നുവേണ്ട താൻ സംശയിക്കുന്ന എന്തിനെയും ഇതുപോലെ കൊന്നൊടുക്കിയ നേതാവ് വേറെയില്ല. നിരവധി ശാസ്ത്രജ്ഞരെയും കലാകാരന്മാരെയുമാണ് സ്റ്റാലിൻ കൊല്ലുകയും നാടുകടത്തുകയും ചെയ്തത്. ഹിറ്റ്‌ലറെപ്പോലെ പ്രൊപ്പഗാൻഡ മാനേജ്‌മെന്റിൽ സ്റ്റാലിനും സാമർഥ്യം ഏറെയായിരുന്നു. റീഷ്സ്റ്റാഗ് എന്ന ജർമ്മൻ പാർലമെന്റ് മന്ദിരത്തിന് തീ കൊളുത്തി അത് കമ്യൂണിസറ്റുകളുടെ മേലേയിട്ട് അധികാരത്തിലേക്ക് നടന്നെടുത്ത ഹിറ്റ്‌ലറുടെ കുബുദ്ധി സ്റ്റാലിനും ഉണ്ടായിരുന്നു.

സ്വന്തം പാർട്ടിയിൽ തനിക്കെതിരെ സംസാരിക്കുന്നവരെ കൊല്ലിച്ച ശേഷം അവരുടെ ശവമഞ്ചങ്ങൾ എടുത്തുകൊണ്ട് യാത്ര ചെയ്യാൻ സ്റ്റാലിൻ എന്നും മുൻ പന്തിയിൽ ഉണ്ടായിരുന്നു. പാർട്ടിയിൽ ഒരുകാലത്ത് സ്റ്റാലിനേക്കാൾ പരിഗണിക്കപ്പെട്ടിരുന്ന ട്രോട്‌സ്‌കിയെ വർഷങ്ങൾ പിന്തുടർന്ന് മെക്‌സിക്കോയിൽവച്ചാണ് കൊലപ്പെടുത്തുന്നത്. പക്ഷേ കുട്ടികളെ എടുത്തുനിൽക്കുന്ന ചിത്രങ്ങളും മറ്റും വ്യാപകമായി പ്രചരിപ്പിച്ച് സ്റ്റാലിൻ തന്റെ ഇമേജ് നിലനിർത്തി. കൃത്യമായി ഫോട്ടോകൾ വെട്ടിമാറ്റി മറ്റുള്ളവരുടെ ഓർമ്മകൾ പോലും നശിപ്പിക്കാൻ സ്റ്റാലിന് കഴിഞ്ഞു.

സ്റ്റാലിൻ പൊതു ചടങ്ങുകളിൽ എത്തുമ്പോൾ തുടങ്ങുന്ന കൈയടി എപ്പോൾ നിർത്തണമെന്നതിൽ പോലും ജനത്തിന് പേടിയായിരുന്നു. കാരണം ആദ്യം കൈയടി നിർത്തുന്നവൻ ചിലപ്പോൾ സ്റ്റാലിന്റെ നോട്ടപ്പുള്ളിയാവും. അതിനാൽ ഒരു നിശ്ചിത സമയം കഴിഞ്ഞാൽ അലാറം മുഴക്കുന്ന രീതിയാണ് ഔദ്യോഗികമായി സ്വീകരിച്ചത്. ഈ അലാറം കേട്ടാൽ എല്ലാവർക്കും കൈയടി നിർത്താം. സ്റ്റാലിൻ മരിച്ചപ്പോൾ പോലും ഈ ഭീതി തുടർന്നു. ആറരക്ക് മരിച്ചിട്ടും സ്റ്റാലിന്റെ മുറിയിലേക്ക് കടന്നുനോക്കാൻ ആർക്കെങ്കിലും ധൈര്യം ഉണ്ടായത് 11 മണിയോടെയാണ്.

മതത്തെയും അടിച്ചമർത്തുകയായിരുന്നു സ്റ്റാലിന്റെ രീതി. ആ കാലഘട്ടത്തിൽ പതിനായിരക്കണക്കിന് പുരോഹിതരാണ് കൊല്ലപ്പെട്ടത്. പള്ളികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ഈ രീതിയിൽ വിശ്വാസത്തെ അടിച്ചമർത്താൻ ആവില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം മതം അവിടെ ശക്തമായി തിരുച്ചുവന്നത്. മതം സ്വയം ഒരു അധികാരകേന്ദ്രമാണ്. മറ്റൊരു അധികാര കേന്ദ്രത്തെ ഒരു സർവാധിപതിയും അംഗീകരിക്കുന്നില്ല. അതാണ് സ്റ്റാലിൻ മതത്തിനെതിരെ തിരിയാനുള്ള പ്രധാന കാരണം. അതുപോലെ ശക്തമായ ശാസ്ത്ര വിരുദ്ധതയും സ്റ്റാലിന്റെ മുഖമുദ്രയായിരുന്നു. മഹാന്മാരായ പല ശാസ്ത്രജ്ഞന്മാരെയും, ലാമർക്കിസം പോലുള്ള അശാസ്ത്രീയകാര്യങ്ങൾ അംഗീകരിച്ചില്ല എന്നതിനാൽ സ്റ്റാലിൻ നാടുകടത്തി. ഇന്നും ജനിതകശാസ്ത്രത്തിന്റെ കാര്യത്തിലും മറ്റും റഷ്യ ഏറെ പിറകിലാണ്. പിന്നെ ജനങ്ങളെ ആടുമാടുകളെപ്പോലെ പണിയെടുപ്പിച്ച് ഭൗതിക പുരോഗതി അക്കാലത്ത് നേടിയെടുക്കാൻ സോവിയറ്റ് യൂണിയനായി. ഇന്ന് ചൈന ചെയ്യുന്നത് ഏതാണ്ട് ഇങ്ങനെയാണ്.

ലെനിന്റെ ആശയങ്ങൾ സ്റ്റാലിൻ തെറ്റായി നടപ്പാക്കുകയായിരുന്നു, അതുകൊണ്ടാണ് സോവിയറ്റ് യൂണിയൻ ഏകാധിപത്യത്തിലേക്ക് പോയതെന്ന കേരളത്തിൽ മാർകിസ്റ്റ് പാർട്ടിയടക്കം ഉന്നയിക്കുന്ന ന്യായീകരണങ്ങൾ ശരിയല്ല. ലെനിന്റെ ആശയങ്ങൾ തെറ്റായല്ല സ്റ്റാലിൻ നടപ്പാക്കിയത്്. മുതലാളിമാരെയും പിന്തിരിപ്പന്മാരെയും കൊന്നൊടുക്കണം എന്നത് ലെനിന്റെ നയം തന്നെയായിരുന്നു. ലെനിന്റെ പല കത്തുകളും ഇക്കാര്യം ശരിവെക്കുന്നുണ്ട്. എന്നാൽ സ്‌ട്രോക്ക് വന്ന് രോഗക്കിടക്കയിൽ കിടക്കവെ സ്റ്റാലിൻ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നുവെന്ന് കാണിച്ച് ലെനിൻ എഴുതിയ കത്ത് സോവിയറ്റ് പാർട്ടിക്ക് കിട്ടിയതുമില്ല. അത് സ്റ്റാലിന്റെ കൈയിൽ തന്നെയാണ് എത്തിപ്പെട്ടത്. സ്റ്റാലിന് പകരം കുറച്ചുകൂടി മെച്ചപ്പെട്ട ഭരണാധികാരി ആയിരുന്നെങ്കിൽ കൂട്ടക്കൊലയുടെ ഏണ്ണത്തിൽ മാത്രമാണ് കുറവുണ്ടാവുക. ചിലപ്പോൾ സ്റ്റാലിനേക്കാൾ മോശം വ്യക്തിയുടെ കൈയിലാണ് ഭരണം പോവുന്നതെങ്കിൽ അത് ഇതിലും വലിയ ദുരന്തമായേനെ. വ്യക്തിയല്ല ഒരു ആശയം തന്നെയാണ് പ്രശ്‌നം. സ്റ്റാലിന്റെ കാരാഗൃഹത്തിൽ കിടക്കാതെ മരണം ലെനിനെ രക്ഷിക്കുകയായിരുന്നെന്ന് പിൽക്കാലത്ത് വിലയിരുത്തലുകൾ വന്നിട്ടുണ്ട്.

 

നിഷ്‌ക്കരുണംആളുകളെ കൊന്നൊടുക്കാൻ സ്റ്റാലിന് പ്രേരണയായത് ലെനിന്റെ നിർദ്ദേശങ്ങൾ തന്നെയാണെന്നും ഇതിന്റെ അടിസ്ഥാനം മാർക്സിന്റെ ആശയങ്ങൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി. മാർക്സും ഏംഗൽസും ഉണ്ടാക്കിയ സിദ്ധാന്തങ്ങളിൽ ഇതൊന്നും ഇല്ല എന്നത് മതജന്യമായ ഒരു വിശ്വാസം മാത്രമാണ്. ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കാമെന്നാണ് മാർക്‌സ് പറയുന്നത്. സർവാധിപത്യം സ്വപ്നം കാണുന്ന ഏത് പ്രസ്ഥാനത്തെയും ഭയക്കണം. മാർക്‌സിസം തൊഴിലാളി വർഗത്തിന്റെ സർവാധിപത്യത്തിനാണ്. അതുതന്നെയാണ് ലെനിൻ നടപ്പാക്കിയത്. അങ്ങനെയാണ് കുലാക്കുകൾ എന്ന് വിളിക്കുന്ന റഷ്യയിലെ പതിനായിരക്കണക്കിന് കർഷകരെ രാജ്യദ്രോഹിയെന്നും വിപ്ലവത്തിന്റെ ശത്രുക്കൾ എന്നൊക്കെ പറഞ്ഞ് അവർ കൊന്നൊടുക്കിയത്.

മാർക്സിന്റെ ആശയങ്ങൾ ഒരു വിഷ്ഫുൾ തിങ്കിങ് ആയി മാത്രമേ എടുക്കാൻ കഴിയൂ. അത് ശാസ്ത്രീയമല്ല. കാപ്പിറ്റലിസം എന്ന വാക്കുപോലും തെറ്റായാണ് മാർക്സ് ഉപയോഗിച്ചത്. കാപ്പിറ്റലിസം എന്ന വാക്കിന്റെ തെറ്റായ തർജ്ജമയാണ് മുതലാളിത്തം എന്നത്. മൂലധന വ്യവസ്ഥ എന്നോ മറ്റോയെ അതിനെ പറയാൻ കഴിയൂ. അന്നത്തെ കാലത്തെ തൊഴിലാളികളുടെ പട്ടിണിയും കഷ്ടതകളും കണ്ടുതന്നെയാണ് അദ്ദേഹം ഇത് എഴുതിയത്. പക്ഷേ ഫലത്തിൽ ഉള്ളവൻ ഇല്ലാത്തവൻ എന്ന രീതിയിൽ സമൂഹത്തെ ഭിന്നിപ്പിച്ച്, ബലപ്രയോഗത്തിലൂടെ തൊഴിലാളി വർഗ സർവാധിപത്യം നടപ്പാക്കണമെന്ന അശാസ്ത്രീയമായ ആശയമാണ് മാർകിസം മുന്നോട്ടുവെക്കുന്നത്. - സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

സ്റ്റാലിന്റെ അത്രയില്ലെങ്കിലും സമാനമായ ആരോപണം ചെഗുവേരയും നേരിടുന്നുണ്ടെന്നും സദസ്യരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ചെഗുവേരയെ കൊലയാളിയായി വിലയിരുത്തുന്നവർ ഇല്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സി രവിചന്ദ്രൻ. കേരളത്തിൽ കാൽപ്പനികനായും രക്തതാരകമായുമൊക്കെ വാഴ്‌ത്തപ്പെടുന്ന ചെഗുവേരയും അറപ്പില്ലാതെ കൊന്നിട്ടുണ്ടെന്നതാണ് ചരിത്രം. അദ്ദേഹത്തെ കൊലയാളിയെന്ന് വിളിക്കുന്നത് നിഷേധിക്കാനാവില്ല.- സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി. യുക്തിവാദികൾ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ അടിമകൾ ആവരുതെന്നും പ്രത്യയശാസ്ത്രമല്ല ശാസ്ത്രമാണ് ആധുനികകാലത്തിന് അഭികാമ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP