Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാമിനെ എതിർക്കുന്നവരെ മുഴുവൻ ഇസ്ലാമോഫോബുകളായി ചാപ്പയടിക്കാൻ ആഗോളതലത്തിൽ ആസൂത്രിത നീക്കം; ഇസ്ലാമിനെ വിമർശിച്ചതിന്റെ പേരിൽ ഡോക്കിൻസിനെയും ഒരു വിഭാഗം മാധ്യമങ്ങൾ പ്രതിസ്ഥാനത്തു നിർത്തുന്നു; 'ഈസ് ഡോക്കിൻസ് ഡിസ്ട്രോയിങ്ങ് ഹിസ് റെപ്യൂട്ടേഷൻ' എന്ന പേരിൽ ഗാർഡിയനിൽ പോലും ലേഖനം വരുന്നു; പക്ഷേ അദ്ദേഹം കടുകുമണിപോലും അഭിപ്രായം മാറ്റിയിട്ടില്ല; ഭീകരർക്ക് മതമില്ലെന്ന വാദം പൊള്ളയാണ്; മതം തന്നെയാണ് ഭീകരത; ചിന്തകൾക്ക് തീപിടിപ്പിച്ച് വീണ്ടും സി. രവിചന്ദ്രൻ

ഇസ്ലാമിനെ എതിർക്കുന്നവരെ മുഴുവൻ ഇസ്ലാമോഫോബുകളായി ചാപ്പയടിക്കാൻ ആഗോളതലത്തിൽ ആസൂത്രിത നീക്കം; ഇസ്ലാമിനെ വിമർശിച്ചതിന്റെ പേരിൽ ഡോക്കിൻസിനെയും ഒരു വിഭാഗം മാധ്യമങ്ങൾ പ്രതിസ്ഥാനത്തു നിർത്തുന്നു; 'ഈസ് ഡോക്കിൻസ് ഡിസ്ട്രോയിങ്ങ് ഹിസ് റെപ്യൂട്ടേഷൻ' എന്ന പേരിൽ ഗാർഡിയനിൽ പോലും ലേഖനം വരുന്നു; പക്ഷേ അദ്ദേഹം കടുകുമണിപോലും അഭിപ്രായം മാറ്റിയിട്ടില്ല; ഭീകരർക്ക് മതമില്ലെന്ന വാദം പൊള്ളയാണ്; മതം തന്നെയാണ് ഭീകരത; ചിന്തകൾക്ക് തീപിടിപ്പിച്ച് വീണ്ടും സി. രവിചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഇസ്ലാമിനെ എതിർക്കുന്നവരെ മുഴുവൻ ഇസ്ലാമോഫോബുകളായി ചാപ്പയടിക്കാനുള്ള നീക്കം ആഗോളതലത്തിൽ തന്നെ ആസൂത്രിതമായി നടക്കുന്നുണ്ടെന്ന് പ്രശസ്ത എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ അഭിപ്രായപ്പെട്ടു. ക്രിസ്ത്യാനിറ്റിയെ രൂക്ഷമായി വിമർശിച്ചപ്പോൾ പാശ്ചാത്യലോകത്ത് ഉണ്ടാകാത്ത അതി രൂക്ഷമായ വിമർശനമാണ്, ഇസ്ലാമിനെ വിമർശിച്ചതിന്റെ പേരിൽ പ്രമുഖ എഴുത്തുകാരനും പരിണാമ ശാസ്ത്രജ്ഞനും ജീവിച്ചിരിക്കുന്ന ഏറ്റവും പ്രശ്സതനായ സ്വതന്ത്ര ചിന്തകനുമായ റിച്ചാർഡ് ഡോക്കിൻസിനുനേരെവരെ ഉണ്ടായത്.

ഒരു ഇടതുപക്ഷ പത്രമായ ദി ഗാർഡിയൻപോലും 'ഈസ് ഡോക്കിൻസ് ഡിസ്ട്രോയിങ്ങ് ഹിസ് റെപ്യൂട്ടേഷൻ' എന്നപേരിൽ ലേഖനമെഴുതുകയാണ്.- കരുനാഗപ്പള്ളി വിജയഹാളിൽ 'നാസ്തികനായ ദൈവം' എന്ന പുസ്തകത്തിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് എസ്സൻസ് ഗ്ലോബൽ കൊല്ലം യൂണിറ്റ് സംഘടിപ്പിച്ച 'സൺറൈസ് 19' എന്ന ശാസ്ത്ര- സ്വതന്ത്രാചിന്താ സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

ഗോഡ് ഡെല്യൂഷൻ എന്ന തന്റെ വിഖ്യാതമായ പുസ്തകത്തിൽ ഡോക്കിൻസ് ക്രിസ്റ്റാനിറ്റിയെ കുറിച്ചാണ് കൂടുതൽ വിമർശിക്കുന്നത്. താൻ ആ മതത്തിൽ ജനിച്ചതിനാൽ അതിനെ കുറിച്ച് കൂടുതൽ അറിയാമെന്നായിരുന്നു ഡോക്കിൻസ് പറയാറുള്ളത്. എന്നാൽ വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഇസ്ലാമിനെ കാര്യമായി വിമർശിക്കുന്നത്. അതും പ്രഭാഷണങ്ങളിലൂടെയല്ല. ട്വീറ്റുകളിലൂടെയാണ്. മനുഷ്യൻ കണ്ടെത്തിയ തിന്മകളിൽവെച്ച് ഏറ്റവും വലുതാണെന്ന് ഇസ്ലാം എന്ന് ട്വീറ്റ് ചെയ്തതിന് അദ്ദേഹത്തെ ഇസ്ലാമോഫോബിയ ബാധിച്ചയാളാക്കി മാറ്റുകയാണ് ഇവർ ചെയ്തത്.

മറ്റു മതങ്ങളിലെ പൊട്ടത്തരങ്ങൾ പറയുമ്പോൾ കൈയടി, സ്വന്തം മതത്തിലെ അബദ്ധവും അക്രമസാധ്യതയും പറഞ്ഞാൽ കടുത്ത വിമർശനം. ഇതാണ് ഇസ്ലാമിന്റെ പൊതുരീതി. ഇരവാദമടക്കമുള്ള ഇവരുടെ രീതികൾക്കനുസരിച്ച് പരുവപ്പെട്ട കുറേ മാധ്യമങ്ങളും പാശ്ചാത്യ ലോകത്തുണ്ട്. ഗാർഡിയൻ പോലൊരു പത്രത്തിൽ വന്ന വാർത്തകൾ അതിന്റെ സൂചനകളാണ്. പക്ഷേ റിച്ചാർഡ് ഡോക്കിൻസ് ഈ ബഹളങ്ങളൊന്നും കേട്ടിട്ടും തന്റെ നിലപാടിൽ കടുകുമണി മാറ്റാൻ തയ്യാറായിട്ടില്ല.

രണ്ടുവർഷം മുമ്പ് വന്ന ഒരു സ്ട്രോക്കിനെ തുടർന്ന് വിശ്രമിക്കുന്ന അദ്ദേഹം ആരോഗ്യ സ്ഥിതി വീണ്ടെടുത്തു വരികയാണ്. നല്ലതുചെയ്യാൻ ശ്രമിക്കുന്ന മനുഷ്യനെപ്പോലും തെറ്റിലേക്ക് നയിക്കുകയാണ് മതം ചെയ്യുക എന്നാണ് അദ്ദേഹം അവസാനമായി കൊടുത്ത അഭിമുഖത്തിലും എടുത്തു പറയുന്നത്.- രവി ചന്ദ്രൻ ചൂണ്ടിക്കാട്ടി.

ന്യൂസിലാൻഡ് വെടിവെപ്പിന് ഉത്തരവാദികൾ സ്വതന്ത്ര ചിന്തകരോ ?

'കേരളത്തിലും സമാനമായ അവസ്ഥയാണ് നില നിൽക്കുന്നത്. ഈയിടെ ന്യൂസിലാൻഡിലെ മുസ്ലിം പള്ളിയിൽ വെടിവെപ്പുണ്ടായപ്പോൾ ഇവിടുത്തെ പ്രമുഖനായ ഒരു ഇസ്ലാമിക പണ്ഡിതൻ റിച്ചാർഡ് ഡോക്കിൻസ്, സാം ഹാരിസ്, രവിചന്ദ്രൻ എന്നിവരൊക്കെയാണ് ഇതിന് ഉത്തരവാദികൾ എന്നും അവർ ഇസ്ലാമോഫോബിയ വളർത്തിയതിന്റെ പരിണത ഫലമാണ് ഇതെന്നുമാണ് ഒരു മാസികയിൽ എഴുതിയത്. ഇത് അദ്ദേഹം എനിക്ക് മെയിലായും അയച്ചു തന്നിട്ടുണ്ട്. ഈ രീതിയിലാണ് പ്രചാരണം നടക്കുന്നത്. എന്നാൽ സത്യമെന്താണ്. ഒരു സാധനത്തോട് പേടി തോന്നുക എന്നത് ഒരു വ്യക്തിയുടെ തീരുമാന പ്രകാരമല്ല. നിങ്ങൾക്ക് പാമ്പിനെ കണ്ടാൽ പേടി തോനുന്നത് നിങ്ങളുടെ തീരുമാന പ്രകാരം ഉണ്ടാകുന്നതല്ല. പേടിക്കില്ല എന്ന് ധരിച്ചാലും പേടിയുണ്ടാവും.

അതുതന്നെയാണ് ഇസ്ലാമിന്റെ കാര്യത്തിലും. മുമ്പ് ഒരു സംവാദത്തിൽ ക്രിസ്ത്യാനിറ്റിയെ വിമർശിക്കുന്ന രീതിയിൽ, എന്തുകൊണ്ടാണ് ഇസ്ലാമിനെ വിമർശിക്കാത്തത് എന്ന ചോദ്യത്തിന് പേടിച്ചിട്ടാണ് എന്നുതന്നെയായിരുന്നു ഡോക്കിൻസിന്റെ മറുപടി. ആരെങ്കിലും ഒന്നിനെ പേടിക്കുന്നുണ്ടെങ്കിൽ അത് അവരുടെ കുഴപ്പമല്ല. ഭീകരതക്ക് മതമില്ല എന്ന് പറയുന്നതൊക്കെ വെറും തൊലിപ്പുറമെയുള്ളു. ഭീകരർക്ക് ശരിക്കും മതം മാത്രമേയുള്ളൂ. മതത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അവർ അക്കമിട്ട് നടപ്പാക്കുന്നത്. ആധുനിക സമൂഹത്തിൽ നാം മതത്തെ നേർപ്പിച്ച് ഉപയോഗിക്കുന്നതുകൊണ്ട് മാത്രമാണ് ഭീകരത അറിയാത്തത്.

സ്വന്തം മതത്തിനുവേണ്ടി കൊല്ലപ്പെട്ടാൽ സ്വർഗം കിട്ടുമെന്ന ചിന്ത തന്നെയാണ് ശ്രീലങ്കയിൽ ചാവേറാവാൻ ഭീകരരെ സഹായിച്ചത്. ന്യൂസിലാൻഡിൽ വെടിവെപ്പ് ഉണ്ടായപ്പോൾ ഉണ്ടായ വലിയ ബഹളങ്ങളൊന്നും ശ്രീലങ്കയിൽ വെടിവെപ്പുണ്ടായപ്പോൾ നവ മാധ്യമങ്ങളിൽ കണ്ടില്ല. കൊല്ലപ്പെട്ടവന്റെ മതം നോക്കി പ്രവർത്തിക്കുന്ന കണ്ണുനീർ ഗ്രന്ഥികൾ ഉള്ള മനുഷ്യരോട് സഹതാപം മാത്രമേയുള്ളൂ. എന്നാൽ നാസ്തികർക്ക് ലോകത്ത് ആര് കൊല്ലപ്പെട്ടാലും, എപ്പോൾ മനുഷ്യൻ വീണുപോയാലും അവനനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കഴിയും - രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

മതം ചക്കര, വർഗീയത ആപത്ത് എന്ന വാദവും ശരിയല്ല

എന്നാൽ മതം ചക്കരയാണ് വർഗീയതയാണ് ആപത്ത് എന്നതും വികലവാദമാണ്. ഓരോ ദൈവവും ആവശ്യപ്പെടുന്നത് എന്നെ മാത്രം ആരാധിക്കാനാണ്. മതത്തിന്റെ ഉപോൽപ്പന്നം തന്നെയാണ് വർഗീയത. ഇത് മനസ്സിലാക്കാതെയാണ് ചിലർ ആചാരങ്ങൾ പരിഷ്‌ക്കരിക്കപ്പെട്ടാൽ പുരോഗമനമായി എന്ന് കരുതുന്നത്. മതത്തിന്റെ കോർ ബിലീഫിൽ തൊടാത്ത ആചാരങ്ങൾ മാറ്റാൻ അവർ സമ്മതിക്കും. ഉദാഹരണമായി അമ്പലത്തിൽ സിസിടിവി വെക്കുന്നതോ, നോട്ടെണ്ണുന്ന മെഷീൻ വെക്കുന്നതോ, സ്വൈപ്പിങ്ങ് ഏർപ്പെടുന്നതിനെക്കുറിച്ചോ, റോപ്്വേ വരുന്നതോ ഒക്കെ വിശ്വാസികൾ സമ്മതിക്കും.

പക്ഷേ ശബരിമലയിലെ സ്ത്രീ പ്രവേശമൊക്കെ കോർ ബിലീഫിൽ വരുന്ന കാര്യമാണ്. അപ്പോൾ വിവരം അറിയും. ശബരിമലയുടെ പേരിൽ നടന്ന സമരങ്ങളിൽ ആ രീതിയിൽ നോക്കുമ്പോൾ അത്ഭുതം ഒന്നുമില്ല. യഥാർഥത്തിൽ നവോത്ഥാനം നടന്നിട്ടില്ലാത്ത സമൂഹത്തിലാണ് നാം ജീവിക്കുന്നത്. കേരളത്തിൽ നടന്നത് മത പരിഷക്കരണം മാത്രമാണ്. മത പരിഷ്്ക്കരണത്തിൽ മതത്തെ എങ്ങനെ പൊടിയിട്ട് രക്ഷിച്ചെടുത്ത് അടുത്ത തലമുറയിലേക്ക് കടത്തിവിടാം എന്നതുമാത്രമാണ് നടക്കുന്നത്. - സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

ഒരു വർഗത്തിനുവേണ്ടി നിലനിൽക്കുന്നതും വർഗീയത തന്നെ

ഏതെങ്കിലും ഒരു വർഗത്തിനുവേണ്ടി നിലനിൽക്കുന്നതും വർഗീയയായി പരിഗണിക്കാമെന്നും തൊഴിലാളി വർഗ സർവാധിപത്യം സ്വപ്നം കാണുന്ന പ്രസ്ഥാനങ്ങൾ ആധുനിക ജനാധിപത്യത്തിന് യോജിക്കാത്തവർ ആണെന്നും, പ്രഭാഷണത്തിനുശേഷം സദസ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെ രവിചന്ദ്രൻ വ്യക്തമാക്കി. എല്ലാതരത്തിലുള്ള സർവാധിപത്യ വാദങ്ങളും എതിർക്കപ്പെടേണ്ടതാണ്. അത് മതങ്ങൾ ചെയ്താലും രാഷ്ട്രീയ പാർട്ടികൾ ചെയ്താലും ആധുനികതക്കും ജനാധിപത്യത്തിനും എതിരാണ്.

കാപ്പിറ്റലിസം എന്ന വാക്കിന്റെ ശരിയായ തർജ്ജമയല്ല മുതലാളിത്തം. മൂലധനം എന്ന അർഥത്തിലാണ് കാപ്പിറ്റൽ എന്ന വാക്ക് ഉപയോഗിക്കേണ്ടത്. അത് ഒരു മോശം പദമല്ല. നിങ്ങളുടെ ബുദ്ധിയും ആരോഗ്യവും മറ്റു കഴിവുകളുമൊക്കെ നിങ്ങളുടെ കാപ്പിറ്റൽ തന്നെയാണ്. അതിനുപകരം മുതലാളി-തൊഴിലാളി എന്ന വിഭജനം ഉണ്ടാക്കുന്ന പ്രത്യയശാസ്ത്രങ്ങളൊന്നും ആധുനികതക്ക് നിരക്കുന്നതല്ല. ഇങ്ങനെ പറയുന്നത് അരാഷ്ട്രീയ വാദമാണെന്നാണ് പലരുടെയും ധാരണം. രാഷ്ട്രീയ പ്രവർത്തനം എന്നാൽ ജാഥയും മുദ്രാവാക്യം വിളിയും ബൂത്തുപിടുത്തവും മാത്രമല്ല.

സമൂഹത്തിലേക്ക് ശാസ്ത്രത്തിന്റെയും യുക്തിയുടെയും കിരണങ്ങൾ കടത്തിവിടുന്ന പ്രവർത്തനങ്ങളും കൃത്യമായ രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ 'മിത്ത് ഓഫ് പേർസിക്യൂഷൻ' എന്ന വിഷയത്തിൽ പോബ്സൻ ആന്റണി പ്രഭാഷണം നടത്തി. റിച്ചാർഡ് ഡോക്കിൻസിന്റെ ഗോഡ് ഡെല്യൂഷൻ എന്ന പുസ്തകത്തിന്റെ സ്വതന്ത്ര വ്യാഖ്യാനമായ 'നാസ്തികനായ ദൈവം' പുസ്തകത്തിന്റെ പത്താം വാർഷികത്തോടുനുബന്ധിച്ചാണ് ചടങ്ങ് നടന്നത്.

ഗ്രന്ഥ കർത്താവായ സി.രവിചന്ദ്രനുള്ള എസ്സൻസിന്റെ ഉപഹാരവും ഭാരവാഹികൾ ചടങ്ങിൽ കൈമാറി. നാസ്തികനായ ദൈവം പുസ്തകം സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് ഡോ. അഗസ്റ്റ്സ് മോറിസ് രവിചന്ദ്രന് ഉപഹാരം സമ്മാനിച്ച ശേഷം സംസാരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP