Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടകംപള്ളിയെ വ്യവസായ മന്ത്രിയാക്കി മൊയ്തീന് സഹകരണം തിരിച്ചു നൽകും; ശൈലജ ടീച്ചറിന് ആരോഗ്യവും പോകും; ഗണേശിനെ ഗതാഗതം ഏൽപ്പിക്കാനും ധാരണ; മകൻ മന്ത്രിയായാൽ തന്റെ കാബിനറ്റ് പദവി പോകുമോയെന്ന് അച്ഛന് ഭയം; ഗണേശിനെ മന്ത്രിയാക്കാൻ ബാലകൃഷ്ണ പിള്ളയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തി കുടുംബാംഗങ്ങളും; സിപിഎം സമ്മേളനത്തിന് മുമ്പ് മന്ത്രിസഭയിൽ കാര്യമായ പുനഃസംഘടനയ്ക്ക് സാധ്യത; മുഖം മിനുക്കാനുറച്ച് പിണറായി; സിപിഐ മന്ത്രിമാർക്ക് മാറ്റമുണ്ടാകില്ല

കടകംപള്ളിയെ വ്യവസായ മന്ത്രിയാക്കി മൊയ്തീന് സഹകരണം തിരിച്ചു നൽകും; ശൈലജ ടീച്ചറിന് ആരോഗ്യവും പോകും; ഗണേശിനെ ഗതാഗതം ഏൽപ്പിക്കാനും ധാരണ; മകൻ മന്ത്രിയായാൽ തന്റെ കാബിനറ്റ് പദവി പോകുമോയെന്ന് അച്ഛന് ഭയം; ഗണേശിനെ മന്ത്രിയാക്കാൻ ബാലകൃഷ്ണ പിള്ളയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തി കുടുംബാംഗങ്ങളും; സിപിഎം സമ്മേളനത്തിന് മുമ്പ് മന്ത്രിസഭയിൽ കാര്യമായ പുനഃസംഘടനയ്ക്ക് സാധ്യത; മുഖം മിനുക്കാനുറച്ച് പിണറായി; സിപിഐ മന്ത്രിമാർക്ക് മാറ്റമുണ്ടാകില്ല

ബി രഘുരാജ്

തിരുവനന്തപുരം: കെബി ഗണേശ് കുമാറിനെ ഗതാഗതമന്ത്രിയാക്കാൻ സിപിഎമ്മിൽ ഏകദേശ ധാരണയായി കഴിഞ്ഞു. എന്നാൽ ഗണേശ് കുമാറിന്റെ അച്ഛനും കേരളാ കോൺഗ്രസ് ബി ചെയർമാനുമായ ആർ ബാലകൃഷ്ണപിള്ള ഇനിയും മനസ്സ് തുറന്നിട്ടില്ല. നിലവിൽ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനാണ് പിള്ള. കാബിനറ്റ് പദവിയും ഉണ്ട്. ഗണേശിനെ മന്ത്രിയാക്കുമ്പോൾ കേരളാ കോൺഗ്രസ് ബിക്കുള്ള കാബിനറ്റ് പദവികൾ രണ്ടാകും. ഇത് ഇടതുമുന്നണിയിൽ പുതിയ തർക്കങ്ങളുണ്ടാക്കും. തന്റെ കാബിനറ്റ് പദവി പുതിയ നീക്കത്തോടെ തെറിക്കുമോ എന്ന ആശങ്ക പിള്ളയ്ക്കുണ്ട്. അതിനിടെ ചില കുടുംബാഗങ്ങളും ഗണേശിനായി രംഗത്തുണ്ട്. ഗണേശിനെ മന്ത്രിയാക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കണമെന്ന് അവർ പിള്ളയോട് അഭ്യർത്ഥിക്കുമെന്നാണ് സൂചന.

ഗതാഗത വകുപ്പ് നിലവിൽ മുഖ്യമന്ത്രിയാണ് ഭരിക്കുന്നത്. കടത്തിൽ നിന്ന് കടത്തിലേക്കാണ് ആനവണ്ടിയുടെ യാത്ര. അതിനാൽ ഈ വകുപ്പ് കൈയിൽ വച്ചിരിക്കാൻ പിണറായിക്ക് താൽപ്പര്യക്കുറവുണ്ട്. എൻസിപിക്കാരായ ശശീന്ദ്രനും തോമസ് ചാണ്ടിക്കും കേസിന്റെ കുരുക്കുള്ളതുകൊണ്ട് ഉടനൊന്നും മന്ത്രിസഭയിൽ തിരിച്ചെത്താൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഗതാഗതം ഭരിച്ച് കഴിവു തെളിയില്ല ഗണേശിനെ മന്ത്രിയാക്കാനുള്ള തീരുമാനം. മന്ത്രിയെന്ന നിലയിൽ ഗണേശ് കുമാറിന്റെ മുൻകാല പ്രവർത്തനത്തോട് മലയാളിക്കും മതിപ്പാണുള്ളത്. ഇത് മന്ത്രിസഭയ്ക്ക് പുതിയ മുഖവും നൽകും. ഇതിനൊപ്പം സിപിഎം മന്ത്രിമാരുടെ വകുപ്പ് മാറ്റുന്നതും മുഖ്യമന്ത്രിയുടെ പരിഗണനയിലുണ്ട്. വ്യവസായ മന്ത്രിയായി കടകംപള്ളി സുരേന്ദ്രൻ എത്തുമെന്നാണ് സൂചന. സിപിഎമ്മുകാർക്കിടയിലെ സഹകാരിയാണ് എസി മൊയ്തീൻ. മൊയ്തീന് സഹകരണം തിരിച്ചു നൽകും.

ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കെതിരേയും നിരവധി ആരോപണങ്ങളുണ്ട്. ശൈലജയ്ക്ക് ആരോഗ്യം നഷ്ടമാകുമെന്നാണ് സൂചന. എന്നാൽ സിിപഎം സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്തു മാത്രമേ ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രി അന്തിമ നിലപാട് എടുക്കൂ. ഇപി ജയരാജനെ മന്ത്രിയായി തിരിച്ചു കൊണ്ടു വരണമെന്ന അഭിപ്രായവും സജീവമാണ്. കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ ഉയർന്ന വിവാദങ്ങളാണ് ഇതിന് കാരണം. ജയരാജനെതിരായ വ്യക്തിപൂജാ വിവാദത്തോടെ കണ്ണൂരിൽ പിണറായി പക്ഷത്തിന് ശക്തിക്ഷയം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് ഇത്. എന്നാൽ ജയരാജനെ മന്ത്രിയാക്കുന്നതിനെ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എതിർക്കുകയാണ്. അതിനിടെ മന്ത്രിസഭാ പുനഃസംഘടന ഉണ്ടായാലും സിപിഐ മന്ത്രിമാർക്ക് മാറ്റമുണ്ടാകില്ലെന്നാണ് സൂചന. വനംമന്ത്രി പി രാജുവിനെതിരെ ചില പരാതികൾ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനുണ്ട്. എങ്കിലും രാജുവിനെ മാറ്റേണ്ടതില്ലെന്നാണ് കാനത്തിന്റെ നിലപാട്.

അതിനിടെ ഈ മാസം അവസാനത്തോടെ ഇടതുമുന്നണി രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് ഒരു മുതിർന്ന നേതാവ് മറുനാടൻ മലായാളിയോട് പറഞ്ഞു. വീരേന്ദ്രുകമാറിന്റെ ജനതാദൾ ഇടതുപക്ഷത്ത് എത്തുമെന്ന് സിപിഎം വിലയിരുത്തുന്നുണ്ട്. കെ എം മാണിയെ മുന്നണിയിൽ എത്തിക്കാനും ചരടു വലികൾ സജീവം. മാണിയുടെ നിലപാട് അറിഞ്ഞാൽ സിപിഎം ചർച്ച തുടങ്ങും. ഇതോടെ വലിയ പൊട്ടിത്തെറികൾ സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാകും. ഇത് കൂടി പരിഗണിച്ചാകും പിണറായിയുടെ മന്ത്രിസഭാ പുനഃസംഘടനയെന്നാണ് മുതിർന്ന നേതാവ് മറുനാടനോട് പറഞ്ഞത്. ഈ രാഷ്ട്രീയ മാറ്റങ്ങൾക്കായി മുഖ്യമന്ത്രി കാത്തിരിക്കുകയാണെന്നാണ് നേതാവ് പങ്കുവയ്ക്കുന്ന സൂചന. അതിന് ശേഷം മാത്രമേ മന്ത്രിസഭാ പുനഃസംഘടനയിൽ വ്യക്തത വരൂ.

സിപിഎം മന്ത്രിമാരിൽ പലരുടേയും പ്രകടനത്തിൽ മുഖ്യമന്ത്രി തൃപ്തനല്ല. എന്നാൽ സമഗ്രമായ അഴിച്ചു പണിയിലൂടെ സർക്കാരിന്റെ വീഴ്ചകൾ മുഖ്യമന്ത്രി സമ്മതിച്ചുവെന്ന വിലയിരുത്തലുയരാൻ സാധ്യതയൊരുക്കും. ഈ സാഹചര്യത്തിലാണ് മുഴുവൻ മന്ത്രിമാരേയും മാറ്റാൻ പിണറായി മടിക്കുന്നതെന്നാണ് സൂചന. സിപിഎം സംസ്ഥാന സമ്മേളനത്തിൽ മന്ത്രിസഭയ്‌ക്കെതിരെ വിമർശനം ഉയരുമെന്നും മുഖ്യമന്ത്രി കണക്കുകൂട്ടുന്നു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയാണ് സഖാക്കൾക്ക് പോലും പ്രധാനമായും പരാതിയുള്ളത്. ഇത് പരിഹരിക്കുന്ന തരത്തിലാകും പുനഃസംഘടന. ഇതിലൂടെ സമ്മേളന പ്രതിനിധികൾക്കിടയിലെ വിമർശനത്തിന്റെ തോത് കുറയ്ക്കാൻ കഴിയുമെന്നാണ് പിണറായി പക്ഷത്തിന്റെ കണക്ക് കൂട്ടൽ. സമ്മേളനത്തിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ ആരും സംസാരിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം.

പാർട്ടി കൊല്ലം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിൽ ഇരുത്തി ആഭ്യന്തര വകുപ്പിന് എതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പൊലീസിന് സ്വാതന്ത്ര്യം നൽകിയിരിക്കുന്നത് അപകടമായി മാറുകയാണ്. ഭരണം ലഭിക്കുമ്പോൾ പൊലീസിനെ അഴിച്ചുവിടുന്നത് ശരിയല്ല. മൂന്നാംമുറ പോലെയുള്ള നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് അനുവദിക്കാനാവില്ല. സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കാത്തതിലും വിമർശനം. ദീൻദയാൽ ഉപാധ്യായയുടെ ശതാബ്ദി ആഘോഷ സർക്കുലറിനും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ടായി. അതേസമയം, പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ശക്തമായ മുന്നറിയിപ്പുമുണ്ടായി. പൊലീസിനെ നിർവീര്യമാക്കുന്ന പ്രവർത്തികൾ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. സ്ഥലംമാറ്റം, പോസ്റ്റിങ് എന്നിവയിൽ പാർട്ടി നേതാക്കൾ ഇടപെടരുത്. ജോലിഭാരം കുറവുള്ള സ്ഥലങ്ങളിൽ പോകാനാണ് ഉദ്യോഗസ്ഥർക്ക് താൽപര്യം. അത് അനുവദിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് സമാനമായ ശബ്ദങ്ങൾ ഇനി പാർട്ടി സമ്മേളനങ്ങളിൽ ഉയരരുതെന്ന ആഗ്രഹം പിണറായിക്കുണ്ട്.

എൻ.സി.പിയുടെ എംഎ‍ൽഎമാരായ എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും കേസുകളിൽനിന്ന് ഉടനൊന്നും മോചിതരാകാൻ ഇടയില്ലാത്ത സാഹചര്യത്തിൽ ഗണേശിനെ മന്ത്രിയാക്കുന്നതിനെ സിപിഐ എതിർക്കുന്നില്ല. എന്നാൽ കെഎം മാണിയുടെ കടന്നുവരവിനെ എതിർക്കുകയും ചെയ്യുന്നു. മാണി മുന്നണിയിലെത്തിയാൽ കേരളാ കോൺഗ്രസിന് മന്ത്രിസ്ഥാനം നൽകേണ്ടി വരും. ഇതും മുഖ്യമന്ത്രിയുടെ മനസ്സിലുള്ള കാര്യമാണ്. അത്തരമൊരു സാഹചര്യത്തിൽ സമ്പൂർണ്ണ അഴിച്ചുപണി ഉറപ്പാണ്. സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ ബാലകൃഷ്ണപിള്ള, ഗണേശ്കുമാർ എന്നിവർ ഇതുസംബന്ധിച്ചു ചർച്ചനടത്തിയിരുന്നു. കൊട്ടാരക്കര വാളകത്ത്, ബാലകൃഷ്ണപിള്ളയുടെ കീഴൂട്ട് വസതിയിലായിരുന്നു രണ്ടുമണിക്കൂറോളം നീണ്ട ചർച്ച.

ബാലകൃഷ്ണപിള്ളയുടെ ഭാര്യയും ഗണേശ്കുമാറിന്റെ മാതാവുമായ വത്സലയുടെ മരണത്തിൽ അനുശോചനമറിയിക്കാനാണു നേതാക്കൾ പോയതെന്നാണു സിപിഐ. ഭാഷ്യമെങ്കിലും ഗണേശ് മന്ത്രിയാകുന്നതിൽ എതിർപ്പില്ലെന്നു കാനം ഇരുവരെയും അറിയിച്ചു. ഗണേശ്കുമാറിനെ മന്ത്രിസഭയിലെടുത്താൽ ഗതാഗതവകുപ്പ് ഏൽപിക്കാനാണു നീക്കം. ഗണേശ്കുമാറും മാത്യു ടി. തോമസും ഗതാഗതമന്ത്രിമാരായിരിക്കേയാണു കെ.എസ്.ആർ.ടി.സി. പരുക്കില്ലാതെ ഓടിയതെന്ന അനുകൂലഘടകമാണു ഗണേശിനു വീണ്ടും മന്ത്രിസഭയിലേക്കു വഴിയൊരുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP