Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീൻപത്മയുടെ പേരിൽ സഹോദരൻ എഴുതി വെച്ച ധന നിശ്ചയാധാരം റദ്ദാക്കണമെന്ന കേസിൽ കേഡൽ ജിൻസൺരാജയെ എക്‌സ് പാർട്ടിയാക്കി കോടതി; ചാത്തൻ സേവയുടെ പേരിൽ അച്ഛനും അമ്മയുമടക്കം 4 പേരെ കൊലപ്പെടുത്തിയ മകന് ഒരു സ്വത്തും ലഭിക്കുകയുമില്ല; എക്‌സ് പാർട്ടിയായി വിധിച്ചത് ജയിൽ സൂപ്രണ്ട് പ്രതിയെ ഹാജരാക്കാത്തതിനാൽ; വാദി ഭാഗം മാത്രം കേട്ട് വിധിക്ക് മാറ്റി കോടതി

ജീൻപത്മയുടെ പേരിൽ സഹോദരൻ എഴുതി വെച്ച ധന നിശ്ചയാധാരം റദ്ദാക്കണമെന്ന കേസിൽ കേഡൽ ജിൻസൺരാജയെ എക്‌സ് പാർട്ടിയാക്കി കോടതി; ചാത്തൻ സേവയുടെ പേരിൽ അച്ഛനും അമ്മയുമടക്കം 4 പേരെ കൊലപ്പെടുത്തിയ മകന് ഒരു സ്വത്തും ലഭിക്കുകയുമില്ല; എക്‌സ് പാർട്ടിയായി വിധിച്ചത് ജയിൽ സൂപ്രണ്ട് പ്രതിയെ ഹാജരാക്കാത്തതിനാൽ; വാദി ഭാഗം മാത്രം കേട്ട് വിധിക്ക് മാറ്റി കോടതി

പി നാഗരാജ്‌

തിരുവനന്തപുരം: ക്ലിഫ് ഹൗസിന് സമീപം നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിൽ അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ കൊലപ്പെടുത്തിയ പ്രതിയായ മകൻ കേഡൽ ജിൻസൻ രാജയെ തിരുവനന്തപുരം പ്രിൻസിപ്പൽ മുൻസിഫ് കോടതി എക്‌സ് പാർട്ടിയാക്കി ഉത്തരവിട്ടു. കോടതിയിൽ നിന്നും അയച്ച സമൻസ് കേഡൽ ജയിൽ സൂപ്രണ്ട് മുഖേന കൈപ്പറ്റിയിട്ടും പ്രതിയെ സൂപ്രണ്ട് ഹാജരാക്കാത്തതിനാലാണ് വാദി ഭാഗം മാത്രം കേട്ട കോടതി പ്രതിയെ എക്‌സ് പാർട്ടിയാക്കി ഉത്തരവിട്ട് വിധി പറയാനായി മാറ്റിയത്.

കൊല്ലപ്പെട്ട കേഡലിന്റെ മാതാവ് ഡോ. ജീൻ പത്മയുടെ പേർക്ക് അവിവാഹിതനായ സഹോദരൻ ജോസ് സുന്ദരം എഴുതി വച്ച ധന നിശ്ചയാധാരം സഹോദരി കൊല്ലപ്പെട്ടതിനാൽ ആധാരം അസ്ഥിരപ്പെടുത്തി തന്റെ പേർക്കാക്കി പുനഃസ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് സഹോദരൻ ജോസ് സമർപ്പിച്ച സിവിൽ കേസിലാണ് കോടതി ഉത്തരവ് . സഹോദരൻ അവിവാഹിതനായതിനാൽ തലസ്ഥാന നഗരിയിൽ തന്റെ പേർക്കുള്ള ഏഴ് സെന്റ് പുരയിടവും വീടും തന്നെ സ്‌നേഹിച്ചും ശുശ്രൂഷിച്ചും കഴിയുന്ന സഹോദരിക്ക് തന്നോടുള്ള ആശ്രിതവത്സല്യം പ്രതിഫലമാക്കിയും ഭാവി നന്മക്ക് വേണ്ടിയും ധന നിശ്ചയാധാരം സബ്ബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്ററാക്കി നൽകിയിരുന്നുതനിക്ക് പ്രതിമാസം പതിനയ്യായിരം രൂപ വീതം ജീവനാംശച്ചെലവ് സഹോദരി തരണമെന്ന ഒരു കരാറും ഉണ്ടാക്കി. ഹിന്ദു നിയമപ്രകാരം മാതൃ - പിതൃ ഹത്യ ചെയ്യുന്നവർക്ക് സ്വത്തുക്കളിൽ പിന്തുടർച്ച അവകാശം ലഭിക്കില്ല. അതിനാൽ കൂടിയാണ് കേഡലിനെ പ്രതിയാക്കി ജോസ് കേസ് ഫയൽ ചെയ്തത്. ധനാഢ്യരും എസ്റ്റേറ്റ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കോടികൾ വില മതിക്കുന്ന ഭൂസ്വത്തുക്കൾ ഉള്ള ഡോക്ടർ ദമ്പതികളുടെ സ്വത്തു വകകൾ മുഴുവനും കേഡലിന്റെ പിതാവ് ഡോ. രാജ തങ്കത്തിന്റെ സഹോദങ്ങളും കുടുംബവുമാണ് ഇപ്പോൾ അനുഭവിച്ചു വരുന്നത്. 

2017 ഏപ്രിൽ 5 ബുധനാഴ്ചയ്ക്കും 8 ശനിയാഴ്ചക്കും ഇടയ്ക്കുള്ള ദിനങ്ങളിലായി കുടുംബത്തിലെ ഒരംഗത്തെ പോലും ബാക്കി വെക്കാതെ കേഡൽ കൊടും ക്രൂരകൃത്യം ചെയ്തുവെന്നാണ് കേസ്. തന്റെ പിതാവ് തിരുവനന്തപുരം ഗവ. ജനറൽ ആശുപത്രി ഡോ. രാജ തങ്കം , മാതാവ് ഡോ. ജീൻ പത്മ , മകൾ ഡോ. കരോലിൻ , ഡോ. ജീൻപത്മയുടെ ബന്ധു ലളിത എന്നിവരെ മൃഗീയമായി കൊലപ്പെടുത്തിയെന്നാണ് കേസ്.നാലു പേരെയും കൊല്ലപ്പെട്ട നിലയിൽ വീട്ടിലെ ഒന്നാം നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. മുറിക്കുള്ളിൽ നിന്ന് 3 പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ലളിതയുടെ മൃതദേഹത്തിലും പൊള്ളലേറ്റിരുന്നു. ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു.

കേഡൽ വിദേശ രാജ്യത്ത് എം.ബി.ബി.എസ് പഠനത്തിനായി പോയ വേളയിൽ വിദേശത്ത് വച്ച് ചെകുത്താൻ സേവ പഠിച്ചതായും ശരീരത്തിൽ നിന്ന് ആത്മാവ് വേർപെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കാനായി വ്യക്തമായ പദ്ധതിയോടെ കൊലപാതകം നടത്തിയെന്നാണ് പൊലീസ് കേസ്. കൂടാതെ താൻ പഠനം പൂർത്തിയാക്കാത്തതിന് മാതാപിതാക്കൾ നിരന്തരം വഴക്കു പറയുന്നതിലും സഹോദരി എം.ബി.ബി.എസ് പാസ്സായതിനെച്ചൊല്ലി തന്നെ കളിയാക്കുകയും ശകാരിക്കുകയും ചെയ്തതിൽ വച്ചുള്ള വൈരാഗ്യവും വിരോധ കാരണമായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്.

കൃത്യ വീട്ടിൽ നിന്ന് തുണി , ഇരുമ്പുകമ്പി , പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ഒരു മനുഷ്യ രൂപവും പകുതി കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കേഡൽ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാവരും തീപ്പിടുത്തത്തിൽ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വം ഡമ്മി കത്തിച്ചതായും പൊലീസ് റിപ്പോർട്ടുണ്ട്.ഡോക്ടറും ഭാര്യയും മകളും കേഡലിനോടൊപ്പം പുറത്ത് പോയിട്ട് ബുധനാഴ്ച ഉച്ചക്ക് തിര്യെ വന്ന് മുകളിലത്തെ നിലയിലേക്ക് കയറിപ്പോകുന്നത് കണ്ടതായി വീട്ടു ജോലിക്കാരി രഞ്ജിതം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഉച്ച ഭക്ഷണം താൻ മേശയിൽ വിളമ്പി വച്ചെങ്കിലും ആരും കഴിച്ചില്ല.

മുകളിലത്തെ നിലയിലേക്ക് പോയവരിൽ പിതാവ് രാജ തങ്കം അൽപം കഴിഞ്ഞ് താഴേക്ക് വന്നു. മേശപ്പുറത്ത് നിന്ന് കുറച്ചു ഭക്ഷണം എടുത്ത് മുകളിലേക്ക് കൊണ്ടുപോയി. മകൾക്കാണ് ഭക്ഷണം കൊണ്ടു പോകുന്നതെന്ന് പറഞ്ഞു. പിന്നീട് ഇവർ മൂന്നു പേരും താഴേക്ക് വന്നിട്ടില്ല. ജോലിക്കാർക്ക് മുകളിലത്തെ നിലയിൽ പ്രവേശനമില്ല. ബുധനാഴ്ച വൈകുന്നേരം കേഡൽ താഴേക്ക് വന്ന് പെട്ടന്ന് മുകളിലേക്ക് പോയി. അച്ഛനും അമ്മയും സഹോദരിയും കോവളത്ത് പോയതായി കേഡൽ സന്ധ്യക്ക് പറഞ്ഞതായാണ് രഞ്ജിതത്തിന്റെ മൊഴി. ഈ സമയം ബന്ധു ലളിത താഴത്തെ നിലയിലുണ്ടായിരുന്നു.

രണ്ടു ദിവസം വീട്ടുകാരെ കാണാതായതോടെ കേഡലിനോട് വീണ്ടും രഞ്ജിതം ചോദിച്ചപ്പോൾ ഊട്ടിയിലും കന്യാകുമാരിയിലുമൊക്കെ യാണെന്നാണ് കേഡൽ പറഞ്ഞത്. വെള്ളിയാഴ്ച വൈകിട്ടോടെ ലളിതയെയും കാണാതാവുകയായിരുന്നു.വീട്ടിലിരുന്ന് വീഡിയോ ഗെയിമുകളുണ്ടാക്കുകയായിരുന്നു കേഡലിന്റെ പ്രധാന വിനോദമെന്ന് അമ്മാവൻ ജോസ് പൊലീസിന് മൊഴി നൽകിയിരുന്നു. അവ വിദേശ
കമ്പനികൾക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം. ഗെയിമുകളുടെ പണിപ്പുരയിൽ ഇയാൾ ദിവസങ്ങളോളം കമ്പ്യൂട്ടറിന് മുന്നിലിരിക്കുക പതിവാണ്. തന്റെ ലക്ഷ്യം ഉടൻ കൈവരിക്കുമെന്നും അതിലൂടെ ലക്ഷങ്ങളുടെ സമ്പാദ്യം വന്നു ചേരുമെന്നും ഇയാൾ ജോസിനെ അറിയിച്ചു. ശനിയാഴ്ച രാവിലെ ജോസിനെ കാണാൻ കേഡൽ എത്തി. പതിനായിരം രൂപ തന്നതിന് ശേഷമാണ് കേഡൽ മടങ്ങിയതെന്നും ജോസിന്റെ മൊഴിയിലുണ്ട്.

അതേ സമയം കേഡൽ ക്രിമിനൽ കേസ് വിചാരണ നേരിടാനുള്ള മാനസിക അവസ്ഥയിലല്ലെന്ന മെഡിക്കൽ റിപ്പോർട്ടുണ്ട്. കേഡൽ ശ്വാസകോശ സംബന്ധമായ രോഗത്താൽ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്. കോടതി നടപടികൾ മനസ്സിലാക്കാൻ പ്രാപ്തനല്ലാത്ത മാനസിക നില തെറ്റിയ വ്യക്തിയെ കേസ് വിചാരണ ചെയ്യാൻ പാടില്ലായെന്നതാണ് നിലവിലെ ചട്ടം. നിജ സ്ഥിതി അറിയാനാണ് മെഡിക്കൽ റിപ്പോർട്ട് കോടതി വിളിച്ചു വരുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP