Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്‌ളാറ്റിൽ നിന്നുള്ള കക്കൂസ് മാലിന്യം സമീപത്തെ കിണറുകളിലേക്ക്; ദിവസേന 200 ലിറ്റർ വെള്ളം നൽകണമെന്ന നിബന്ധനയും ഉടമ പാലിച്ചില്ല; കെട്ടിട നിർമ്മാണ ചട്ടവും പൂർണ്ണമായും ലംഘിച്ചു; കുന്ദമംഗലത്ത് ഇരുപതോളം കുടുംബങ്ങൾ കുടിവെള്ളം  കിട്ടാതെ ദുരിതത്തിൽ

ഫ്‌ളാറ്റിൽ നിന്നുള്ള കക്കൂസ് മാലിന്യം സമീപത്തെ കിണറുകളിലേക്ക്; ദിവസേന 200 ലിറ്റർ വെള്ളം നൽകണമെന്ന നിബന്ധനയും ഉടമ പാലിച്ചില്ല; കെട്ടിട നിർമ്മാണ ചട്ടവും പൂർണ്ണമായും ലംഘിച്ചു; കുന്ദമംഗലത്ത് ഇരുപതോളം കുടുംബങ്ങൾ കുടിവെള്ളം  കിട്ടാതെ ദുരിതത്തിൽ

ജാസിം മൊയ്ദീൻ

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ ചെത്തുക്കടവ് അംഗനവാടിക്ക് സമീപം ഫ്ളാറ്റിലെ കക്കൂസ് മാലിന്യം സമീപത്തെ കിണറുകളിലേക്ക് പരന്ന് നിരവധി കുടുംബങ്ങളുടെ കുടിവെള്ളം നിലച്ചു. ഒരു മാസം മുമ്പാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിൽ നിന്ന് കക്കൂസ് മാലിന്യം സമീപ പ്രദേശങ്ങളിലെ കിണറുകളിലേക്ക് പരന്നൊഴുകിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് അധികൃതർ ഫ്ളാറ്റിന് സറ്റോപ്പ് മെമോ നൽകിയിരുന്നു. അന്ന് ഇരുന്നൂറോളം ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ളാറ്റിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളെ മാറ്റിപാർപ്പിച്ചെങ്കിലും അപ്പോഴേക്കും സമീപത്ത് വീടുകളിലെ കിണറുകളിലെല്ലാം കക്കൂസ് മാലിന്യം പരന്നു തുടങ്ങിയിരുന്നു.

ഇതോടെ ഈ കിണറുകളെല്ലാ ഉപോയഗശൂന്യമാവുകയും ചെയ്തു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കുന്ദമംഗലം പൊലീസ് ഇടപ്പെട്ട് കിണറിലെ വെള്ളം മലിനമായ ഇരുപതോളം കുടുംബങ്ങൾക്ക് ഫ്ളാറ്റുടമയോട് ദിവസേന 200 ലിറ്റർ വെള്ളം നൽകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും കുറച്ച് ദിവസങ്ങൾ മാത്രമാണ് വീട്ടുകാർക്ക് ഈ വിധത്തിൽ വെള്ളം ലഭിച്ചിട്ടുള്ളത്. ഇപ്പോൾ അത് ആർക്കും തന്നെ ഫ്‌ളാറ്റുടമ വെള്ളം നൽകുന്നില്ല. മഴക്കാലമായതോടെ മാലിന്യം കൂടുതൽ ഭാഗത്ത് വ്യാപിക്കുകയും സമീപ പ്രദേശങ്ങളിലെല്ലാം ചെറുപുഴയിൽ നിന്ന് വെള്ളം കയറുകയും ചെയ്തതോടെ സമീപത്തെ കിണറുകളെല്ലാം മലിനമായിരിക്കുകയാണ്.

മൂന്ന് നിലകളിലായി 18 ഫ്ളാറ്റുകളാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്. കെട്ടിട നിർമ്മാണ ചട്ടം പൂർണ്ണമായും ലംഘിച്ചാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. സമീപത്തെ കിണറുകളിൽ ഇ-കോളി, കോളിഫാം ബാക്ടീരിയയുടെ അളവ് വർദ്ധിക്കുന്നതായി സി.ഡബ്ലിയു.ആർ.ഡി.എമ്മിൽ നടത്തിയ പരിശോധന റിപ്പോർട്ട് തെളിയിക്കുന്നു ഇപ്പോഴത്തെ പരിശോധനയിൽ കോളിഫാം ബാക്ടീരിയയുടെ അളവ് ഒമ്പതിനായിരത്തിന് മുകളിലാണ്.

ഈ വെള്ളം കുടിച്ചാൽ അതിമാരകമായ രോഗം പിടിപ്പെടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ തന്നെ പറയുന്നു. എന്നാൽ ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി ജില്ല കലക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും ഫ്ളാറ്റിലെ മാലിന്യം നീക്കം ചെയ്യാൻ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ ലോറിയിൽ വെള്ളമെത്തിച്ചാണ് ഇപ്പോൾ ജീവിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായി നിൽക്കുന്ന മാലിന്യം നീക്കം ചെയ്ത് ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

ഫ്‌ളാറ്റിപ്പോൾ അടച്ചിട്ടിരിക്കുകയാണ്. പ്രദേശത്തെ മണ്ണിന്റെ ഘടനയനുസരിച്ച് എത് രീതിയിലുള്ള മാലിന്യ സംസ്‌കരണ സംവിധാനമൊരുക്കിയാലും കിണറുകളിലേക്ക് ഇത് മാലിന്യമൊഴുകാൻ സാധ്യതയുണ്ടെന്ന് കുന്ദമംഗലം ഹെൽത്ത് ഇൻസ്‌പെക്ടർ സിപി സുരേഷ് ബാബു മറുനാടനോട് പറഞ്ഞു. ഇത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. ആയതിനാൽ ഈ കെട്ടിടത്തെ താമസത്തിനല്ലാതെ വേറെന്തെങ്കിലും കാര്യങ്ങൾക്കായി ഉപയോഗിക്കുകയും, നലവിൽ മലിനമാക്കപ്പെട്ട കിണറുകൾ ശുദ്ധീകരിച്ചു നൽകുകയുമാണ് പോംവഴിയെന്നും അദ്ദേഹം പറയുന്നു. അതോടൊപ്പം ഫ്‌ളാറ്റിലെ ടാങ്കുകളിൽ ഇപ്പോഴുള്ള മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടതുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP